Image

സ്‌തനാര്‍ബുദം: ധനസമാഹരണത്തിന്‌ കൂട്ടയോട്ടവുമായി ടോജോ

ജോണ്‍ കൊടിയന്‍ Published on 13 July, 2011
സ്‌തനാര്‍ബുദം: ധനസമാഹരണത്തിന്‌ കൂട്ടയോട്ടവുമായി ടോജോ
കാലിഫോര്‍ണിയ: അമേരിക്കയില്‍ സ്‌തനാര്‍ബുദത്തിന്റെ ഗവേഷണത്തിനും സ്‌തനാര്‍ബുദ പരിശോധനയ്‌ക്കും സ്‌തനാര്‍ബുദ രോഗികളുടെ ചികില്‍സയ്‌ക്കുമായി പ്രതിഫലേച്‌ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന അവോണ്‍ (AVON) ഫൗണ്ടേഷന്‍ 700 മില്യന്‍ ഡോളര്‍ മുതല്‍ 800 മില്യന്‍ ഡോളര്‍ വരെ ലോകത്തെമ്പാടുമുള്ള ആശുപത്രികള്‍ക്കും ഗവേഷണസ്‌ഥാപനങ്ങള്‍ക്കും മറ്റു സംഘടനകള്‍ക്കും സംഭാവനയായി നല്‍കിവരുന്നു. സ്‌ത്രീകളുടെ ഉന്നമനത്തിനായി 1955ല്‍ സ്‌ഥാപിതമായ ഈ സംഘടന സ്‌തനാര്‍ബുദം തുടച്ചുനീക്കുവാനുള്ള പ്രയത്‌നത്തിലാണ്‌.

ഇതിനു വേണ്ടിയുള്ള പണം സ്വരൂപിക്കുവാന്‍ അമേരിക്കയിലെ വിവിധ നഗരങ്ങളിലെ പാതുജനങ്ങളെ പങ്കെടുപ്പിച്ച്‌ ബ്രെസ്‌റ്റ്‌ കാന്‍സര്‍ വോക്‌സ്‌ (Breast Cancer Walks) വര്‍ഷം തോറും നടത്തുന്നു. ഇതില്‍ പങ്കെടുക്കുന്നവര്‍ സംഭാവനകളിലൂടെയും മറ്റു വഴികളിലൂടെയും ചുരുങ്ങിയത്‌ 1800 ഡോളര്‍ എങ്കിലും സമാഹരിക്കേണ്ടതാണ്‌. ഇങ്ങനെ സമാഹരിക്കുന്ന പണമാണ്‌ അവോണ്‍ ഫൗണ്ടേഷന്‍ സംഭാവനയായി ആശുപത്രികള്‍ക്കും ഗവേഷണസ്‌ഥാപനങ്ങള്‍ക്കും മറ്റു സംഘടനകള്‍ക്കുമായി നല്‍കുന്നത്‌.

2011 ജൂലൈ ഒന്‍പത്‌, പത്ത്‌ തീയതികളില്‍ കലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന 24 മൈല്‍ ബ്രെസ്‌റ്റ്‌ കാന്‍സര്‍ വോക്കില്‍ വടക്കന്‍ കലിഫോര്‍ണിയയിലെ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്തേണ്‍ കലിഫോര്‍ണിയ (മങ്ക) പങ്കെടുത്തു. മങ്ക പ്രസിഡന്റ്‌ ടോജോ തോമസ്‌ മൂവായിരത്തില്‍ പരം ഡോളര്‍ ഇതിനുവേണ്ടി സംഭാവനയായി സുഹൃത്തുക്കളില്‍ നിന്നും സമാഹരിക്കുകയും 24 മൈല്‍ ദൂരം വിജയകരമായി ഒറ്റയടിക്ക്‌ നടക്കുകയും ചെയ്‌തു.

ടോജോയെ പ്രോല്‍സാഹിപ്പിക്കുവാന്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും മങ്ക പ്രതിനിധികളും ഉള്‍പ്പെടെ നിരവധി പേര്‍ പാതയുടെ വശങ്ങളില്‍ തടിച്ച്‌ കൂടിയിരുന്നു. മലയാളി അസോസിയേഷന്‍ ഇനിയും സാമൂഹിക ബോധവല്‍കരണത്തിനുള്ള പരിപാടികളില്‍ കൂടുതലായി പങ്കെടുക്കുമെന്ന്‌ മങ്ക സെക്രട്ടറി റീനു ചെറിയാന്‍, ബോര്‍ഡ്‌ അംഗം ജോണ്‍ കൊടിയന്‍ എന്നിവര്‍ പറഞ്ഞു.

സ്‌തനാര്‍ബുദത്തിന്‌ ഇരയായിക്കൊണ്ടിരിക്കുന്ന തന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മറ്റു പലരുടെയും അവസ്‌ഥയ്‌ക്ക്‌ പരിഹാരം കാണണമെന്നുള്ള ആഗ്രഹമാണ്‌ 24 മൈല്‍ ദൂരം ഒറ്റയടിക്ക്‌ നടന്നുതീര്‍ക്കാന്‍ പ്രചോദനമായതെന്ന്‌ ടോജോ തോമസ്‌ പറഞ്ഞു. ഈ രോഗകാരണത്തിന്റെ ഗവേഷണത്തിനും രോഗികളുടെ ചികില്‍സയ്‌ക്കുമായി സംഭാവന നല്‍കിയവരോട്‌ ടോജോ തോമസ്‌ നന്ദി അറിയിച്ചു.
സ്‌തനാര്‍ബുദം: ധനസമാഹരണത്തിന്‌ കൂട്ടയോട്ടവുമായി ടോജോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക