Image

ഈ ഇളം തളിർപ്പുകളെ നോക്കൂ: മീരാ കൃഷ്ണൻകുട്ടി, ചെന്നൈ

Published on 09 May, 2020
ഈ ഇളം തളിർപ്പുകളെ നോക്കൂ: മീരാ കൃഷ്ണൻകുട്ടി, ചെന്നൈ
(പ്രശസ്ത പത്രപ്രവർത്തക മീര കൃഷ്ണൻകുട്ടി ചെന്നൈയിൽ നിന്നും എഴുതുന്നു...)

ഇത് അടച്ചിരുപ്പിന്റെ  രണ്ടാം  ഘട്ടം .തളപ്പ് ഇപ്പോളൊരു    ശീലമായി. 
 
തുടക്കത്തിൽ വല്ലാത്തൊരു  ഞെട്ടലായിരുന്നു.പെട്ടെന്നാരോ  ചങ്ങലക്കിട്ടത് പോലെ !
നിയന്ത്രണ ഘോഷണങ്ങൾ  പേടിപ്പെടുത്തി .

സ്തംഭിച്ചു നിന്ന  വീടകം .
ആരും  വരേണ്ട , ആരുമൊട്ടു പുറത്തേക്കും  പോകേണ്ട  എന്ന ശാസനയോടെ  , ഹൈ റിസ്കിന്റെ ഓർമപ്പെടുത്തലുമായി അടഞ്ഞുകിടന്ന  മുൻവാതിൽ .
ലക്ഷ്മണരേഖയെ അനുസരിച്ചുകൊണ്ട്    അകത്തിരുപ്പായ  ശ്രീമാനും ശ്രീമതിയും !

വിശിഷ്ടാതിഥികളായി വല്ലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നത്  കുടിവെള്ളക്കാരൻ  മണിയനോ  ,പഴക്കാരനോ  , കാവലാളനായ നേപ്പാളിയോ  , ' തൊട്ടയലത്തെ 'മുരുകൻ സ്റ്റോറി'ലെ  പയ്യനോ  മാത്രം .

അവരെ  സ്വീകരിക്കാൻ , കിണ്ടിവെള്ളത്തിനു  പകരം  സാനിടൈസറും കൈയിലെടുത്ത്‌ കാത്തിരുന്ന  അന്തേവാസികൾ .

വല്ലതും ഒരു  രണ്ടു വാക്ക്   ലോഗ്യം  പറയാനുള്ള  ചെറിയ മോഹം  പോലും അടക്കി ,  വന്നവരെ  പെട്ടെന്നു യാത്രയാക്കേണ്ടതായ  
ഗതികേടുമായി!

പതുക്കെപ്പതുക്കെ  
ലോക്ക്  ഡൌൺ സമ്മാനിച്ച നിശ്ശബ്ദതയുടെ   ഇടവേളകളുമായും  , ഒന്നും  ചെയ്യാനില്ല , എന്നാൽ എന്തൊക്കെയോ ചെയ്യാനുണ്ടല്ലോ  എന്ന  വിഭ്രാന്തിയുമായും, വർത്തമാനപത്രങ്ങളിലെയും ,
ടെലിവിഷനിലെയും കൊറോണ കണക്കുകളുടെ അലർച്ചകളുമായും, വീട്ടു സഹായിയുടെ അഭാവത്തിൽ  നിരന്തരം കുമിഞ്ഞു കൊണ്ടിരുന്ന  ഗൃഹ ജോലികളുമായും  , അടുക്കളഷെൽഫുകൾ ഒഴിയുന്നുണ്ടോ,  'മുരുകൻസ്റ്റോറി'ൽ സ്റ്റോക്കില്ലാതെ  വരുമോ  എന്ന പരിഭ്രാന്തിയുമായും  , മൂന്നുനേരവും അടുക്കളസിങ്കിൽ കലപിലകൂട്ടിയിരുന്ന  പാത്രങ്ങളുമായും,  പൊരുത്തപ്പെടാൻ പഠിച്ചു. 
'പൊരുത്തപ്പെടലുകളല്ലെ, ജീവിത വിജയത്തിന്റെ  രഹസ്യം' എന്നു  പരസ്പരം സമാധാനിപ്പിക്കാനും  മറന്നില്ല .


"സൂക്ഷിക്കണേ ,എല്ലാം  ഓക്കേ യല്ലേ ,പ്രശ്നമൊന്നൂല്ല്യല്ലോ ...?.
മാസ്ക്കിടാതെ വാതിൽ  തുറക്കരുതേ.... ..സാധനങ്ങളൊക്കെ സ്റ്റോക്  ഉണ്ടല്ലോ  അല്ലെ ...ഓൺ ലൈനിൽ  ഓർഡർ  ചെയ്യണോ? പറയണേ .... "!

അതി രാവിലെയും സന്ധ്യക്കും വന്നെത്തുന്ന  വിളികൾ . ..!അച്ഛനമ്മമാരെ കുറിച്ചുള്ള ആശങ്കയും ഭീതിയും ആധിയും മറച്ചു പിടിച്ചു കൊണ്ടുള്ള , മക്കളുടെ 
സമാധാനപ്പെടുത്തലുകൾ. സ്നേഹക്കരുതലിന്റെ  ഈ ശബ്ദങ്ങളായിരുന്നു  ഞങ്ങളുടെ  
 ധൈര്യത്തിന്റെയും  മനസ്സമാധാനത്തിന്റെയും  ആധാരമായത് !    

  തുടർന്നെത്തിയിരുന്നത് ഇന്ത്യക്കകത്തും    പുറത്തുമുള്ള പ്രിയജനങ്ങളുടെ വിളികൾ,സമാന സന്ദേശങ്ങൾ.....

 കരുതലിന്റെ ഓർമ്മപ്പെടുത്തലായ മറുവിളികൾ  മിന്നൽ വേഗത്തിൽ  ഞങ്ങളും  കൈമാറി വന്നു . 

സത്യത്തിൽ വർഷങ്ങളായി സമ്പർക്കമില്ലാതിരുന്ന നിരവധി  ബന്ധുക്കളെയും സ്നേഹിതരെയും പോലും  മനസ്സു  കൊണ്ടടുപ്പിക്കാൻ കൊറോണ നിമിത്തമായി,  എന്നു പറയാതെ  വയ്യ .

അങ്ങിനെ രാവിലെയും  സന്ധ്യക്കും 
മൊബൈൽ  എന്ന  ബഹുമുഖപ്രതിഭ   അങ്ങോട്ടും  ഇങ്ങോട്ടു മുള്ള മനോയാത്രക്കാരുടെ  തിരക്കേറിയ  പാലമായി മാറി.  അതേസമയം അതിനെ  ചൂടാവാതെ 
  സൂക്ഷിക്കാനും  ഞങ്ങൾ മുൻകരുതലുകൾ എടുത്തുവന്നു.  മരുന്നിനുപോലും   ഒരു 'ടെക്കി '
വൈദ്യരെ  കിട്ടാത്ത കാലത്ത്‌,  അതെങ്ങാനും സ്വയം  ബ്രേക്ക് ഡൌൺ  പ്രഖ്യാപിച്ചാൽ അതോടെ  തീർന്നില്ലേ, 
പിന്നെ  സകലതും  ! 

മൊബൈലിനെ  മാത്രമല്ല,  വീട്ടിലെ  മറ്റുചിലതാരങ്ങളേയും    പ്രത്യേകമായ    പരിഗണനകൾ നൽകി  ലാളിക്കേണ്ടതുണ്ടായിരുന്നു.   അതിൽ വാഷിങ് മെഷീനും , മിക്സിയും ഫ്രിഡ്‌ജും,  അടങ്ങുന്ന  ചെറിയൊരു യന്ത്രനിര തന്നെ അടങ്ങി. 
ഓരോന്നിന്റെയും    ക്രമംതെറ്റാതെയുള്ള   നാഡി മിടിപ്പുകൾ  , ഞങ്ങളുടെ  ശമനതാളങ്ങളായിരുന്നു.  മനുഷ്യന്റെ  എന്നപോലെതന്നെ യന്ത്രങ്ങളുടെ ആരോഗ്യവും അതിപ്രധാനമെന്ന്  അങ്ങിനെ കൊറോണക്കാലം ഞങ്ങളെ    പഠിപ്പിച്ചു. 

അതുപോലെതന്നെ 
നിത്യോപയോഗസാധനങ്ങളുടെ , ഉറ്റബന്ധങ്ങളുടെ ,വീടിന്റെ , വീട്ടിലെ  ശാന്തതയുടെ,  പഴയ  ജീവിത ദർശനങ്ങളുടെ , ഇങ്ങിനെ ഓരോന്നിന്റെയും വില  യും  മനസ്സിലാക്കി. 
മിതത്വം പണ്ടേ ശീലമായിരുന്നെങ്കിലും അതൊന്നു കൂടി  കർക്കശമാക്കാനും കൊറോണ  അനുശാസിച്ചു ..

അവനവന് അവനവൻ  മാത്രം,  ആശ്രയത്വം ഒരുകാലത്തും ഉതകില്ല, എന്ന പഴമക്കാരുടെ തത്വവും അതോർമ്മിപ്പിച്ചു .

ജീവിത ശൈലിയും രുചികളും  വരെ പഴമകളുടെ പാതയിലായി .
മൊളോഷ്യവും , ചമ്മന്തിയും മോരു കറിയും 
 മുളകുവറുത്തപുളിയും, നാവിനു 
പ്രിയപ്പെട്ട രസയിനങ്ങളായി .

പഴയ പുസ്തകങ്ങളോടായി  പുതിയ  താത്പര്യം.  ജീവിത സംഘർഷങ്ങളുടെ കഥ പറയുന്ന, 'പാവങ്ങൾ' ,ആതുരസേവനത്തിന്റെ മഹത്വം എടുത്തുകാട്ടുന്ന 'സിറ്റാഡൽ ', 'ഡോ ഷിവാഗോ',  അതിജീവനത്തിന്റെ മാതൃക  കാട്ടിത്തരുന്ന ,'ഗോൺ  വിത്ത്  ദി വിൻഡ് ',
 ഇച്ഛാശക്തിയുണ്ടെങ്കിൽ മരപ്പാവ വിചാരിച്ചാലും  മനുഷ്യനാവാം,  എന്നു പറഞ്ഞുതരുന്ന  'പിനോക്കിയോ', ഇവയൊക്കെയും  അക്കൂട്ടത്തിൽ പെട്ടിരുന്നു .

കാറ്റിനും  വെളിച്ചത്തിനും ചെറിയ  ബാൽക്കണിയും ടെറസ്സും തന്നെ ധാരാളം എന്നു മനസ്സിലാക്കിയതും ,  ഇക്കാലത്താണ്.

വിദൂരങ്ങളിൽ പെട്ടുപോയ കുടുബാംഗങ്ങളെ  കുറിച്ചുള്ള  ആശങ്കയിൽ  മനസ്സ് തളരുമ്പോൾ,    മാനത്ത് ഒഴുകിനീങ്ങുന്ന മേഘക്കൂട്ടങ്ങൾ  ചൂണ്ടി കാട്ടി , 
'നോക്കു ,ഒന്നും നിശ്ചലമാകുന്നില്ല. ഇതും നീങ്ങും.എല്ലാം  തെളിയും.  "
എന്ന് ടെറസ്സ് 
സമാധാനിപ്പിച്ചു  .
 തണുത്ത  കാറ്റിൽ  ചുടുമനസ്സിനെ  കുളിർപ്പിച്ചു.  തൊട്ടടുത്ത  ടെറസ്സുകളിലെ കുട്ടികളുടെ പാട്ടും  കളികളും  കാട്ടി  രസിപ്പിച്ചു .

ബാൽക്കണിയാവട്ടെ ,എന്നും  രാവിലെ 
മഞ്ഞക്കസവിന്റെ പരവതാനി  വിരിച്ച്‌   സ്വീകരിച്ചു. 
വിജനവും മൂകവുമായ  നിരത്ത്  കാണിച്ച്  , ഇങ്ങിനെയും  ഒരു ജീവിതമുണ്ടെന്ന് പറഞ്ഞു തന്നു. 
തൊട്ട വളപ്പിലെ, പച്ചയിൽ പൊതിഞ്ഞ്   പടർന്നുപന്തലിച്ചു  നിൽക്കുന്ന  തേന്മാവിലെ  , കുല കുലയായി തൂങ്ങിക്കിടന്ന  പച്ചയും ചിനച്ചതും പഴുത്തതുമായുള്ള  മാങ്ങകൾ കാണിച്ച് ,
ഏറെ സന്തോഷിപ്പിച്ചു   .

മരം കയറി മാങ്ങ  പറിക്കാൻ  ആളെകിട്ടാത്തതു കൊണ്ട് അണ്ണാർകൊട്ടന്മാരും കിളിക്കൂട്ടങ്ങളും സർവാധികാരികളായി  വിലസുന്നതും കാട്ടിത്തന്നു. 

 കൗതുകത്തോടെ ശ്രദ്ധിച്ച    ഞങ്ങളെ നോക്കി,  അത്യാർത്തി  കാണിക്കാതെ മാങ്ങ  തിന്നുമ്പോൾ , അവരുടെ പുഞ്ചിരിയിൽ 
"ഇനി  ഞങ്ങളുടെ  ഊഴം" , എന്ന ഭാവം  ! 

ബാൽക്കണിയിലെ  ചെടികൾ ,  ചട്ടികളുടെ വട്ടത്തിനപ്പുറത്തേക്കും ഇളകി  യാടികൊണ്ട്,  തലോടി രസിപ്പിച്ചു. 

  ഈയടുത്ത കാലം വരെ   , ചട്ടി മണ്ണിലെ   സിമന്റു പൊടിയിൽ പുതഞ്ഞ്, തളർന്നു 
പതിഞ്ഞു കിടന്നിരുന്ന കൊച്ചു വെറ്റിലക്കൊടി ,  അതിജീവനത്തിന്റെ അടയാളമായി  തിരിനീട്ടിനിന്നിരുന്നത്    ശ്രദ്ധയിൽ  പെട്ടപ്പോൾ , അത്ഭുതം തോന്നി .
കുനിഞ്ഞൊന്നു തൊടാൻ നോക്കി .
പച്ചത്തലപ്പപ്പോൾ  മെല്ലെ തൊട്ടുഴിഞ്ഞു മന്ത്രിച്ചു.  
"എന്നെ  നോക്കു  , എനിക്കാകാമെങ്കിൽ, എന്തുകൊണ്ട് മനുഷ്യനാകില്ല !  മനസ്സുണ്ടെങ്കിൽ  ഏതു  കോറോണയെയും  തോൽപ്പിക്കാം . ഒറ്റക്കെട്ടായി നിന്ന് പ്രതിരോധം പിഴക്കാതെ 
പയറ്റുക.  ജയം  ഉറപ്പ് "!

Join WhatsApp News
Rajesh Rajan 2020-05-10 02:36:36
Got the opportunity to read only today Meera aunty.... very nice!! You are right, this period really has made us Look at life in a new perspective 😀
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക