Image

നേഴ്‌സുമാര്‍, കാവല്‍ മാലാഖമാരാണ്, അവരാണ് ശരിക്കുള്ള ഹീറോകള്‍ (ജോര്‍ജ് തുമ്പയില്‍)

Published on 09 May, 2020
നേഴ്‌സുമാര്‍, കാവല്‍ മാലാഖമാരാണ്, അവരാണ് ശരിക്കുള്ള ഹീറോകള്‍ (ജോര്‍ജ് തുമ്പയില്‍)
ന്യൂജേഴ്‌സി: കോവിഡ് കാലത്ത് രാജ്യത്തെ ഏറ്റവും വലിയ ഹീറോകളായി മാറിയത് നഴ്‌സുമാരും ആരോഗ്യ പരിപാലന വിദഗ്ധരുമാണ്. അവരെ ദൈവത്തെ പോലെ കണ്ടാണു പലരും ആരാധിച്ചത്. ആരോഗ്യപരിപാലന മേഖലയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അഭിനന്ദനമര്‍ഹിക്കുന്നു. പ്രത്യേകിച്ച് ഈ നേഴ്‌സിങ് വാരാചരണ സയമത്ത്.

'വളരെ നീണ്ട ഷിഫ്റ്റുകള്‍, ജീവനക്കാരുടെ കുറവ്, നിര്‍ണായക ഉപകരണങ്ങളുടെ അഭാവം, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ (പിപിഇ) കുറവ് എന്നിവ ഉണ്ടായിരുന്നിട്ടും, നഴ്സുമാര്‍ കോവിഡ് രോഗികളെ പരിചരിക്കുന്നതില്‍ മുന്നില്‍ തന്നെ നിന്നു. ഒരു ദിവസം പോലും അവധിയെടുക്കാതെയായിരുന്നു അവരുടെ ഈ ദൗത്യം.' ന്യൂജേഴ്സിയിലും പെന്‍സില്‍വേനിയയിലും അയ്യായിരത്തോളം നഴ്സുമാരെയും സാങ്കേതികവിദ്യക്കാരെയും പ്രതിനിധീകരിക്കുന്ന പ്രൊഫഷണല്‍ ഹെല്‍ത്ത് കെയര്‍ യൂണിയനായ ജെനെസോ ഡിസ്ട്രിക്റ്റ് കൗണ്‍സിലിന്റ പ്രസിഡന്റ് എല്‍ഫ്രീഡ ജോണ്‍സണ്‍ പറഞ്ഞു.

മെയ് 6 മുതല്‍ 12 വരെയാണ് നേഴ്സസ് വാരാചരണം. എല്ലാവര്‍ഷവും നേഴ്‌സുമാരുടെ സേവനത്തെക്കുറിച്ച് ഈസയമത്ത് ഓര്‍ക്കാറുണ്ടെങ്കിലും കോവിഡ് കാലത്ത് അവരുടെ വില അമൂല്യമായി. അവര്‍ മാലാഖമാരെ പോലെയാണ് പലേടത്തും പരിഗണിക്കപ്പെട്ടത്. അതു കൊണ്ടു തന്നെ ഈ കോവിഡ് കാലത്ത് നേഴ്‌സിങ് വാരാചരണത്തിന് ഏറെ പ്രസക്തിയുണ്ട്. മറ്റ് പൊതുജനാരോഗ്യ അത്യാഹിതങ്ങളില്‍ നിന്ന് ഈ അവസ്ഥ അല്‍പം വ്യത്യസ്തമാണെങ്കിലും നഴ്സുമാരുടെ പങ്ക് ഒന്നുതന്നെയാണെന്ന് 42 വര്‍ഷത്തെ നഴ്സിംഗ് വിദഗ്ധനായ മോന ഹാര്‍ട്ടില്‍ പറഞ്ഞു. 'കോവിഡ് ഇത്ര ആശങ്കപ്പെടുത്തുമ്പോള്‍ സ്വാഭാവികമായും മുന്‍നിരയില്‍ നില്‍ക്കുന്നവരെന്ന നിലയില്‍ ഞങ്ങളും ഭയപ്പെടുന്നു, പക്ഷേ, അതൊന്നമോര്‍ക്കാതെ എല്ലാവരും തങ്ങളുടെ ജോലി ചെയ്യുകയും രോഗികളെ പരിചരിക്കുകയും ചെയ്യുന്നു. എല്ലാ രാത്രിയും വീട്ടിലെത്തുമ്പോള്‍, ഞങ്ങള്‍ കുഴപ്പത്തിലാണെന്ന് അറിയാം, കാത്തുരക്ഷിക്കുന്നതിന് ദൈവത്തിന് നന്ദി പറയുന്നു,' ലീഹായ് വാലി പോക്കണോ മെഡിക്കല്‍ സെന്ററിലെ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ നഴ്സും പാസായിക്കിലെ സെന്റ് മേരീസ് ജനറല്‍ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലെ നഴ്സായ പാം തവാരോണ്‍ കഴിഞ്ഞമാസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇവര്‍ക്ക് പിന്നീട് കോവിഡ് ബാധിച്ചു, എന്നാല്‍ സുഖം പ്രാപിച്ചുകഴിഞ്ഞാല്‍ തുടര്‍ന്നും ജോലിയിലേക്ക് മടങ്ങാന്‍ പ്രതിജ്ഞാബദ്ധയാണെന്നായിരുന്നു തവാരോണ്‍ പറഞ്ഞത്. 'ഞങ്ങളെല്ലാവരും അസുഖം ഭയന്ന് തിരിഞ്ഞുനടന്നാല്‍ ഈ രോഗികളെ ആരു സംരക്ഷിക്കും? അവരുടെ കുടുംബങ്ങള്‍ക്ക് ഈയവസ്ഥയില്‍ ആശുപത്രിയില്‍ കൂടെ നില്‍ക്കാന്‍ കഴിയില്ല. ഈ രോഗികളെ കാണുമ്പോള്‍ വളരെയധികം സങ്കടമുണ്ട്, ചിലത് ഭയാനകമാണ്.' വെസ്റ്റ് മില്‍ഫോര്‍ഡ് നിവാസിയായ തവാരോണ്‍ പറഞ്ഞു.
19 വര്‍ഷമായി ഹോം കെയര്‍ നേഴ്‌സിങ്ങില്‍ ജോലി ചെയ്തു വരുന്ന മോളി തോമസ്, പാന്‍ഡെമിക് സമയത്ത് വീട്ടില്‍ തന്നെ പരിചരണം നല്‍കുന്നത് രോഗികള്‍ക്ക് വളരെ ഗുണകരമാണെന്ന് ചൂണ്ടിക്കാട്ടി. 'ഇത് മെഡിക്കല്‍ നില വിലയിരുത്തുന്നതിനേക്കാള്‍ പ്രയോജനകരമായിരിക്കും. അവര്‍ക്ക് രോഗാവസ്ഥയില്‍ ഒറ്റപ്പെടല്‍ താങ്ങാനാവില്ല. അതു കൊണ്ടു തന്നെ ഈ കോവിഡ് കാലത്ത് അവര്‍ കാണുന്ന ഒരേയൊരു സൗഹൃദ മുഖം നേഴ്‌സുമാരുടേതാണ്.' എഡിസനിലുള്ള അനീഷ് കുമാര്‍ പറഞ്ഞു.

സീഡര്‍ ഗ്രോവ് നഴ്‌സിംഗ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററിലെ 22 വര്‍ഷത്തെ നഴ്‌സിംഗ് വെറ്ററന്‍ ലിന്‍ ക്രോസിന് വയോജന രോഗികളില്‍ ഭയവും ഒറ്റപ്പെടലും ലഘൂകരിക്കുക എന്നതിനു മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെടുന്നു. 'രോഗികളായ കൂടുതല്‍ പേര്‍ക്ക് വിഷാദരോഗം വരുന്നത് കണ്ടു. അവരുടെ ആത്മവിശ്വാസം നിലനിര്‍ത്താന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ ശ്രമിക്കുന്നു. കുടുംബവുമായി ചേര്‍ന്നു പോവാന്‍ അവരെ സഹായിക്കുക, അവരുടെ മുറികളില്‍ സംഗീതം നല്‍കുക, അവരുടെ വാതിലുകളില്‍ നിന്ന് ഗെയിമുകള്‍ കളിക്കുക ... അടിസ്ഥാനപരമായി, കഴിയുന്നത്ര അവരുമായി സംവദിക്കാന്‍ ശ്രമിക്കുന്നു,' മോണ്ട്‌വില്‍ നിവാസിയായ മോഹന്‍ ചെറിയാന്‍ പറഞ്ഞു.
രോഗികളെ പരിചരിക്കുന്നത് പലപ്പോഴും വെല്ലുവിളിയാകുന്നത് ഈ സാഹചര്യത്തിലാണ്. അത്തരമൊരു അവസരത്തില്‍ നേഴ്‌സിങ് ജോലിയുടെ വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദവും വെല്ലുവിളികളും കൈകാര്യം ചെയ്യുകയും പ്രധാനമാണ്. അവരുടെ കുടുംബങ്ങളില്‍ നിന്നുള്ള പിന്തുണ, സഹ നഴ്‌സുമാരുമായുള്ള ഐക്യദാര്‍ഢ്യം എന്നിവയ്ക്കു പുറമേ അവരുടെ ആവശ്യങ്ങള്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നു. ഈഘട്ടത്തില്‍ അവരുടെ എല്ലാ ആവശ്യങ്ങളും മാനേജുമെന്റും സംസ്ഥാന, ഫെഡറല്‍ നിയമനിര്‍മ്മാതാക്കളും കേള്‍ക്കുന്നു.

'പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുമ്പോള്‍ പിപിഇ ഒരു വലിയ പ്രശ്‌നമാണ്. കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ ക്വാറന്റൈനിലേക്കോ, അസുഖ അവധിക്ക് പോകാനോ അനുവദിക്കണം. ആ സമയത്തും ജോലി ചെയ്യുന്നവരുണ്ട്. വിശ്രമമില്ലാതെയാണ് പലരുടെയും ജോലി. അതു കൊണ്ടു തന്നെ കൂടുതല് ഷിഫ്റ്റുകള്ക്കിടയില് ഇടവേള ഉറപ്പാക്കണം. സമ്മര്‍ദ്ദങ്ങളെ ലഘൂകരിക്കുന്നതിന് നഴ്സുമാര്‍ക്ക് കൗണ്‍സിലിംഗ് പോലുള്ള സേവനങ്ങള്‍ ആവശ്യമാണ്, അതിനു കഴിഞ്ഞാല്‍ ശാരീരികമായും വൈകാരികമായും ആരോഗ്യത്തോടെ അവര്‍ക്കു ജോലി തുടരാന്‍ കഴിയും.' ജെനസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡഗ്ലസ് പ്ലാക്ക പറഞ്ഞു.

'നഴ്സുമാര്‍ ശരിക്കും ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട്, ഒപ്പം എണ്ണത്തില്‍ ശക്തി ഉണ്ടെന്ന് മനസ്സിലാക്കുകയും വേണം. നമുക്ക് ലോകത്ത് ഒരു മാറ്റം വരുത്താന്‍ കഴിയും, പക്ഷേ നമ്മള്‍ പരസ്പരം സഹകരിക്കണം. നാം നേഴ്‌സുമാരാണ്. ഇതാണ് നമ്മുടെ ജോലി, ഇതു നമ്മള്‍ സ്വയം തിരഞ്ഞെടുത്തതാണ്. നടക്കുന്നത്, ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെയാണെന്ന് ഈ കോവിഡ് കാലത്ത് നാം തിരിച്ചറിയുകയും ചെയ്യുന്നു.' സെന്റ് മേരീസ് ജെഎന്‍എസ്ഒ പ്രാദേശിക പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന കാത്‌റിന്‍ തെരേസ പറഞ്ഞു. പകര്‍ച്ചവ്യാധിയുടെ സമയത്ത് നഴ്‌സുമാര്‍ക്കുള്ള പിന്തുണ പലരെയും അത്ഭുതപ്പെടുത്തി. തങ്ങളാണ് യുദ്ധമുഖത്തെ മുന്നണി പോരാളികളെന്നു തിരിച്ചറിഞ്ഞതോടെ, അവരില്‍ പലരും മാനുഷികവും ദൈവികവുമായ പ്രവര്‍ത്തനങ്ങളാണ് ഒരേസമയം കാഴ്ചവച്ചത്. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഒട്ടേറെ മലയാളികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. അവരുടെ കൂട്ടായ പ്രവര്‍ത്തനമായിരുന്നു കോവിഡിനെ വരുതിയിലാക്കാന്‍ അമേരിക്കയെ സഹായിച്ചതെന്നു പറയാതെ വയ്യ. ആത്മാര്‍പ്പണത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും സമര്‍പ്പണമായിരുന്നു നിങ്ങളുടെ ജോലി. എല്ലാവര്‍ക്കും ഒരു ബിഗ് സല്യൂട്ട്!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക