Image

കൊറോണ വ്യാപനം സമൂഹത്തിലെ ദാരിദ്ര്യവും വിവേചനവും വെളിവാക്കുന്നു (വെള്ളാശേരി ജോസഫ്)

Published on 09 May, 2020
കൊറോണ വ്യാപനം സമൂഹത്തിലെ ദാരിദ്ര്യവും വിവേചനവും വെളിവാക്കുന്നു (വെള്ളാശേരി ജോസഫ്)
പത്രങ്ങളായ പത്രങ്ങളിലും, സോഷ്യൽ മീഡിയയിലും മഹാരാഷ്ട്രയിലെ 'ജൽനയിൽ' 16 മൈഗ്രൻറ്റ് ലേബറേഴ്സ് ഗുഡ്‌സ് ട്രെയിൻ പാഞ്ഞുകയറി കൊല്ലപ്പെട്ടത് ചർച്ചയാകുകയാണ്. ഇത്തരം കാര്യങ്ങൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത് ഒരു സാമൂഹ്യ മാറ്റത്തിന് ഇന്ത്യയിൽ തുടക്കമിടുമോ? സത്യത്തിൽ മഹാരാഷ്ട്രയിൽ മാത്രമല്ല; ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും നൂറും, ആയിരക്കണക്കിന് കിലോമീറ്ററുകളും നടക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾ വീണു മരിക്കുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. നേരത്തേ ഛത്തിസ്ഗറിലെ ബിജാപ്പൂരിലേക്ക് തെലുങ്കാനയിൽ നിന്ന് 3 ദിവസം നടന്ന 12 വയസുകാരിയായ ഒരു പെൺകുട്ടി വീടെത്തുന്നതിന് 11 കിലോമീറ്ററുകൾക്കിപ്പുറം വീണുമരിച്ച വാർത്തയും പത്രങ്ങളിൽ വന്നിരുന്നു. തെലുങ്കാനയിലെ മുളക്പാടത്ത് ജോലി ചെയ്ത 12 വയസുകാരി എന്തിന് കൊടും കാടുകളിലൂടെ 3 ദിവസം ആഹാരവും, വെള്ളവുമില്ലാതെ നടക്കണം എന്ന് ചോദിക്കുമ്പോഴാണ് ഇന്നത്തെ ഇന്ത്യയിൽ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിത്യാസം മനസിലാക്കേണ്ടത്.

ദരിദ്രൻ നൂറുകണക്കിനും, ആയിരക്കണക്കിനും കിലോമീറ്ററുകൾ നടക്കുമ്പോഴും നമ്മുടെ സർക്കാരുകൾ മധ്യവർഗ താല്പര്യങ്ങൾ സംരക്ഷിക്കുന്നത് വിചിത്രമായി തോന്നാം. പക്ഷെ അത്തരം സാമൂഹ്യ-സാമ്പത്തിക വൈജാത്യങ്ങൾ വളരെയധികം ഉള്ള നാടാണ് ഇൻഡ്യാ മഹാരാജ്യം. ആ വൈജാത്യങ്ങൾ ഉള്ളതുകൊണ്ട് തന്നെയാണ് രാജസ്ഥാനിലെ 'കോട്ടയിൽ' നിന്ന് 150 ലക്ഷ്വറി ബസുകളിൽ എൻട്രൻസ് പരീക്ഷക്ക് പരിശീലനം നേടുവാൻ പോയ വിദ്യാർത്ഥികളെ ഉത്തർപ്രദേശിൽ ഒരു കേടും കൂടാതെ എത്തിച്ചത്. വിദ്യാർത്ഥികൾക്ക് വേണ്ടി 'സ്പെഷ്യൽ പെർമിഷൻ' കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ കാലത്ത് അനുവദിച്ചു; രാജസ്ഥാൻ-ഉത്തർപ്രദേശ് സർക്കാരുകളും വിദ്യാർത്ഥികളെ നാട്ടിൽ മടങ്ങിയെത്തിക്കാൻ വേണ്ട എല്ലാ സഹായ സഹകരണങ്ങളും ചെയ്തുകൊടുത്തു. പക്ഷെ ഇത്തരം ഒരു സഹായ സഹകരണവും സ്വാതന്ത്ര്യം കിട്ടി 73 വർഷങ്ങൾ കഴിഞ്ഞിട്ടും അസംഘടിത മേഖലയിലെ അന്യ സംസ്ഥാന തൊഴിലാളികൾക്ക് ആശിക്കാൻ ആവില്ല.

പണ്ടത്തെ വസൂരി കഥകൾക്ക് സമാനമാണ് ഇന്നത്തെ കൊറോണയുടെ വ്യാപനത്തെ കുറിച്ച് അനുദിനം വന്നുകൊണ്ടിരിക്കുന്ന വാർത്തകളും. പണ്ടൊക്കെ 'പണ്ടാരമടങ്ങുക', 'പണ്ടാരപ്പുര' - ഇവയെ കുറിച്ചൊക്കെ പഴമക്കാർ പറയുമായിരുന്നു. വസൂരി ബാധിച്ചവർ പിന്നീട് പ്രേതാത്മാക്കളായി മാറിയ കഥയും ചിലരൊക്കെ എഴുതിയിട്ടുണ്ട്. കോവിഡ്  19 - ഉം ഇതിനൊക്കെ സമാനമാണെന്ന് തോന്നുന്നു.  ലോക്ക്ഡൗൺ കഴിയുമ്പോൾ ഇന്ത്യയിൽ കൊറോണ വ്യാപനം വരുമെന്ന് വിദേശ ചാനലുകളും, ചില നിരീക്ഷകരും പറയുന്നുണ്ട്. ഇന്ത്യൻ ചാനലുകൾ അതൊന്നും റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് മാത്രം. ലോക്ക്ഡൗൺ കാരണം ഡൽഹിയിലും, ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും പാവപ്പെട്ടവരുടെ കാര്യം മഹാ കഷ്ടത്തിലാണ്. ഇതെഴുതുന്നയാൾ  ഓഫീസ് വിട്ട് വരുമ്പോൾ ഭക്ഷണത്തിനായി സ്ത്രീകൾ നീണ്ട ക്യൂവിൽ നിൽക്കുന്നത് കാണാം. ഏഷ്യാനെറ്റ് ചാനലിൽ ഡൽഹി ബോർഡറിലുള്ള 'ബാൽസ്യയിൽ' കഴിഞ്ഞമാസം അവസാനം 4 ചപ്പാത്തിക്കും, പരിപ്പ് കറിക്കും വേണ്ടി ആളുകൾ പൊരിവെയിലത്ത് 'സോഷ്യൽ ഡിസ്റ്റൻസിംഗ്' പാലിച്ചുകൊണ്ട് ക്യൂ നിൽക്കുന്നത് കാണിച്ചിരുന്നു. മിക്കവർക്കും ആധാർ കാർഡില്ല. അതല്ലെങ്കിലും ഏക്കറുകണക്കിന് സ്ഥലത്ത് മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിനിടയിൽ നിന്ന് ജീവിതോപാതി കണ്ടെത്തുന്നവർക്കിടയിൽ ഐഡൻറ്റിറ്റിക്ക് എന്ത് പ്രസക്തിയാണുള്ളത്? ആധാർ കാർഡുമായി വരുന്നവർക്ക് മാത്രമാണ് ഡൽഹി ബോർഡറിലെ 'ബാൽസ്യയിൽ' സന്നദ്ധസംഘടനകൾ ആഹാരം നൽകുന്നതെന്ന് പറയുമ്പോൾ ഇന്ത്യയിലെ അതീവ ദരിദ്രരായിട്ടുള്ളവരുടെ നിസ്സഹായവസ്ഥ മനസിലാക്കാം.

ദരിദ്രനെ സംബദ്ധിച്ചിടത്തോളം ഇന്ത്യ ദരിദ്രമാണ്; നമ്മുടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ദരിദ്രരാണ്. സത്യത്തിൽ കൊറോണയുടെ വ്യാപനം  നമ്മുടെ ദാരിദ്ര്യം വെളിവാക്കികൊണ്ടിരിക്കുന്നു; ദരിദ്രർക്ക് നേരെയുള്ള വിവേചനവും അത് വെളിവാക്കുന്നുണ്ട്. പലരേയും ഇന്ത്യയുടെ ദാരിദ്ര്യവും, വിവേചനവും  ബോധ്യപ്പെടുത്താൻ കോവിഡ് 19 എന്ന രോഗം ഇന്ന് സഹായിക്കുകയാണ്.

മഹാരാഷ്ട്രയിൽ 16 തൊഴിലാളികൾ ട്രെയിൻ കയറി കൊല്ലപ്പെട്ടതല്ല യഥാർത്ഥ പ്രശ്നം. സത്യത്തിൽ നമ്മുടെ നേതാക്കൾ ഇന്ത്യയിൽ നിലനിൽക്കുന്ന സാമൂഹ്യ വിവേചനവും, സാമ്പത്തിക അസമത്വവും അംഗീകരിക്കുന്നില്ല എന്നതാണ് യഥാർത്ഥ പ്രശ്നം; അവിടെയാണ് കുഴപ്പം മുഴുവനും. "Accepting the reality itself is one of the greatest virtues" എന്ന് സാമൂഹ്യശാസ്ത്ര വിശകലനാ രീതിയിൽ പറയാറുണ്ട്. എന്തായാലും നമ്മുടെ സാമൂഹ്യ-സാമ്പത്തിക അസമത്വവും, ദാരിദ്ര്യവും അങ്ങേയറ്റം തിരിച്ചറിഞ്ഞിരുന്ന ഒരു വ്യക്തിയായിരുന്നു നമ്മുടെ രാഷ്ട്ര പിതാവായിരുന്ന മഹാത്മാ ഗാന്ധി എന്നത് ഈ ഘട്ടത്തിൽ സ്മരിക്കേണ്ടതുണ്ട്.

സബർമതി ആശ്രമം തുടങ്ങുന്നതിന് മുൻപ് 'കോച്റബ്' ആശ്രമത്തിലായിരുന്നു നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ  ഗാന്ധി താമസിച്ചിരുന്നത്. കത്തിയവാർ പ്രദേശത്തെ ഒരു നിർധന ഹരിജൻ കുടുംബത്തെ 'കോച്റബ്' ആശ്രമത്തിൽ ഒപ്പം കൂട്ടിയതിന് മറ്റ് ആഢ്യ അന്തേവാസികൾ ആശ്രമം വിട്ടുപോയി. ഗാന്ധിക്ക് അവരെ ഒപ്പം കൂട്ടിയത് വഴി സാമ്പത്തിക സഹായങ്ങളെല്ലാം നിലച്ചു. പക്ഷെ സത്യാന്വേഷിയായ ഗാന്ധി കുലുങ്ങിയില്ല. കിണറ്റിലെ വെള്ളം പോലും ആഢ്യ അയൽക്കാർ മൂലം ഗാന്ധിക്ക് ലഭിക്കാതെയായപ്പോൾ ഗാന്ധി പറഞ്ഞത് "കഷ്ടത ഇനിയുമേറിയാൽ നാം തോട്ടികളുടെ ഗ്രാമത്തിൽ ചെന്ന് പാർക്കും; അവിടെ നിന്ന് കിട്ടുന്നത് കൊണ്ട് വയറു പുലർത്തും എന്നാണ്." ഗാന്ധിയെ സത്യാന്വേഷി ആക്കി മാറ്റുന്നത് ഇത്തരം ശക്തവും ധീരവുമായ നിലപാടുകളിലൂടെയാണ്. ഗാന്ധിജിയുടെ ഇത്തരത്തിലുള്ള സത്യാന്വേഷണം ഇന്ത്യയുടെ ദാരിദ്ര്യം ഒരു മറയുമില്ലാതെ അംഗീകരിക്കുവാനും അദ്ദേഹത്തെ സഹായിച്ചു. മഹാത്മാ ഗാന്ധിക്ക് ശേഷം വന്ന നേതാക്കളും, ഇന്നത്തെ ഇന്ത്യയിലെ നേതാക്കന്മാരും അംഗീകരിക്കാത്ത ഒരു കാര്യമാണ് ഇൻഡ്യാ മഹാരാജ്യത്തെ ദാരിദ്രാവസ്ഥ.

ഡൽഹിയിൽ വരുമ്പോൾ ബിർളാ മന്ദിരത്തിനടുത്തുള്ള തോട്ടി കോളനിയിൽ (ഭാൻഗ്ഗി കോളനി) ആണ് ഗാന്ധി താമസിച്ചിരുന്നത്. ആഢ്യ ഗണത്തിൽ പെട്ട കോൺഗ്രെസുകാരേയും, ബ്രട്ടീഷ് ഓഫീസർമാരേയും ചേരികളിൽ വരുത്തുക ഗാന്ധിജിയുടെ വിനോദമായിരുന്നു. തൻറ്റെ ചേരിയിലെ താമസത്തിലൂടെ ആണ് ഗാന്ധിക്കിതു സാധ്യമായത്. യഥാർത്ഥ ഇന്ത്യയെ കുറിച്ച് അവരെയൊക്കെ നിരന്തരം ഓർമിപ്പിക്കുകയായിരുന്നു ഗാന്ധി.

ജാതി നിർമ്മാർജ്ജനവും, ദാരിദ്ര്യ നിർമ്മാർജ്ജനവും ഗാന്ധിജിയുടെ എക്കാലത്തേയും ഏറ്റവും പ്രിയപ്പെട്ട വിഷയങ്ങൾ ആയിരുന്നു. ഇന്ത്യൻ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് ഖാദി, ഗ്രാമോദ്യോഗ്, ഗ്രാമ സ്വരാജ്, കൈത്തറി, നൂൽ നൂയ്പ്പ് - ഇത്തരം പദ്ധതികൾ ഗാന്ധി ആരംഭിച്ചതും ദാരിദ്ര്യ നിർമാർജനത്തിന് വേണ്ടിയായിരുന്നു. മൂന്നാം ക്ലാസ് ട്രെയിൻ യാത്രക്കാർക്ക് വേണ്ടിയും അദ്ദേഹം നിരന്തരം പോരാടി. മൂന്നാം ക്ലാസിൽ സഞ്ചരിച്ചുകൊണ്ടും ചേരികളിലും ഗ്രാമങ്ങളിലും താമസിച്ചു കൊണ്ടും ആയിരുന്നു ഗാന്ധി ഇന്ത്യയിലെ സാധാരണക്കാരന് വേണ്ടി യത്നിച്ചത്. 'ദരിദ്ര നാരായണൻമാർ, എന്ന സംബോധന പോലും അന്നത്തെ ഇന്ത്യയിൽ ദരിദ്രർക്ക് മാന്യത കിട്ടാൻ വേണ്ടിയായിരുന്നു. "As far as poverty elimination was concerned, Gandhi was the most sincere Man” - എന്ന് ദളിത് ചിന്തകനും, 2006 - 2011 കാലയളവിൽ യു.ജി.സി. വൈസ് ചെയർമാനുമായ പ്രൊഫെസ്സർ സുഖ്ദേവ് തോരാട്ട് പറയുന്നത് ഇതെഴുതുന്നയാൾ നേരിട്ട് കേട്ടിട്ടുണ്ട്. മഹാത്മാ ഗാന്ധി പണ്ട് ദളിത് കോളനിയിൽ ചെന്ന് അവരുടെ കക്കൂസ് വൃത്തിയാക്കി. ഗാന്ധിജിയുടെ വാക്കുകൾ അനുസരിച്ച് ശിഷ്യനായ വിനോബ ഭാവെയും അത് തന്നെ ചെയ്തു. അന്നത്തെ കാലത്ത് ബ്രാഹ്മണനായ വിനോബാ ഭാവേ ദളിത് കോളനിയിൽ ചെന്ന് അവരുടെ കക്കൂസ് വൃത്തിയാക്കുക എന്നൊക്കെ പറഞ്ഞാൽ യാഥാസ്ഥിതിക ബ്രാഹ്മണർക്കു സങ്കല്പിക്കുവാൻ പോലും പറ്റാത്ത ഒന്നായിരുന്നു. എന്നിട്ടും ഗാന്ധിയുടെ വാക്കുകൾ ഉൾക്കൊണ്ടാണ് വിനോബാ ഭാവേ ഇത് ചെയ്തത്. ജോലിയുടെ മഹത്വം (dignity of labour) എന്ന മഹത്തായ ആശയം ജനങ്ങളെ പഠിപ്പിക്കുവാൻ യത്നിക്കുകയായിരുന്നു നമ്മുടെ രാഷ്ട്ര പിതാവ്. ദളിതർക്ക് അവരുടെ തൊഴിലിൽ ലഭിക്കേണ്ട മാന്യതയും അതേ സമയം തന്നെ ഉന്നത ജാതിക്കാർ തൂപ്പ് ജോലി ചെയ്യേണ്ട കാര്യവും ഊന്നി പറയുകയായിരുന്നു ഗാന്ധി തൻറ്റെ കക്കൂസ് വൃത്തിയാക്കലിലൂടെ ചെയ്തത്. ദളിതരെ ഗാന്ധി 'ഹരിജനങ്ങൾ' എന്ന് വിളിച്ചതും അന്നത്തെ അവസ്ഥയിൽ അവർക്കു മാന്യത കിട്ടാൻ വേണ്ടിയാണ്. ദളിതരെ ഗാന്ധി 'ഹരിജനങ്ങൾ' എന്ന് വിളിച്ചത് അന്നത്തെ മോശം സാമൂഹ്യാവസ്ഥയിൽ അവർക്കു മാന്യത കിട്ടാൻ വേണ്ടിയാണ്. 'പുലക്കള്ളി', 'പറക്കള്ളി' - പോലുള്ള മോശം പ്രയോഗങ്ങളിൽ നിന്ന് പൊതുജനം മാറി ചിന്തിക്കാനാണ് ദളിതർ ഹരി അല്ലെങ്കിൽ ഈശ്വരൻറ്റെ മക്കളാണ്; അതുകൊണ്ട് അവരെ ഹരിജനങ്ങൾ എന്ന് വിളിക്കണമെന്ന് ഗാന്ധി നിഷ്കർഷിച്ചത്. അന്ന് നില നിന്ന സാമൂഹ്യാവസ്ഥയിൽ നിന്നുള്ള മാറ്റം ഈശ്വര ചിന്തയിലൂടെയെങ്കിലും സാധ്യമാക്കാനാണ് ഗാന്ധി യത്നിച്ചത്.

അൽപവസ്ത്രവും, ലളിത ജീവിതവും പിന്തുടർന്ന ഗാന്ധിജിയെ ഇന്ത്യ മഹാനാക്കി. പക്ഷെ രാജ്യസ്നേഹത്താൽ വിജിഭൃതരാകുന്ന ഇൻഡ്യാക്കാർ മഹാത്മാ ഗാന്ധിയുടെ ആദർശങ്ങൾ പിന്തുടരുന്നുണ്ടോ? ഇല്ലെന്ന് വേണം പറയാൻ.

പട്ടാളക്കാർ കൊല്ലപ്പെടുമ്പോൾ മാത്രമാണ് ചിലർ ഇന്ത്യയിൽ രാജ്യസ്നേഹം പുറത്തുകാണിക്കുന്നത്. പട്ടാളക്കാരുടെ ജീവത്യാഗങ്ങൾ സമുചിതമായ രീതിയിൽ അനുസ്മരിക്കേണ്ടന്ന് പറയുന്നില്ലാ. പക്ഷെ രാജ്യസ്നേഹം എന്ന് പറഞ്ഞാൽ രാജ്യത്തെ മുഴുവൻ ജനങ്ങളോടും ഉള്ള സ്നേഹമാണ്. രാജ്യത്തെ ജനങ്ങൾ എന്ന് പറഞ്ഞാൽ എല്ലാ തരക്കാരായ ജനങ്ങളും വരും. രാജ്യസ്നേഹിയായ ഒരുവൻ രാജ്യത്തെ ജനങ്ങളെ സ്‌നേഹിക്കുമ്പോൾ അവിടെ മതവിത്യാസമോ, ജാതിവിത്യാസമോ, വർണ-വർഗ-ലിംഗ വിത്യാസമോ കാണിക്കാൻ പാടുള്ളതല്ല. അങ്ങനെയൊരു രാജ്യസ്നേഹം ഇന്ത്യയിൽ ഇന്ന് നിലവിലുണ്ടോ? ഒട്ടുമേ ഇല്ലെന്ന് വേണം പറയാൻ. ഇപ്പോൾ അസംഘടിത മേഖലയിലെ ലക്ഷകണക്കിന് തൊഴിലാളികൾ കോവിഡ് ഭീതിയെ തുടർന്ന് നൂറുകണക്കിനും, ആയിരക്കണക്കിനും കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. അതിനിടയിൽ രാജ്യത്തെ സാധാരണക്കാരോട് ഒരു സ്നേഹവും അനുതാപവും ഇല്ലാത്ത നമ്മുടെ പോലീസ് വലിയ ലാത്തികൊണ്ട് അടിച്ച് അവരുടെ പുറം പൊളിക്കുന്നു. അന്യ സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കുന്ന കാര്യം വരുമ്പോൾ ഇവിടെ ഒരു രാജ്യസ്നേഹിയേയും കാണാനില്ല. കഴിഞ്ഞ 8-10 വർഷത്തിനുള്ളിൽ ലക്ഷകണക്കിന് ചെറുകിട കർഷകരാണ് ആത്മഹത്യ ചെയ്തത്. കർഷകാത്മഹത്യ നാഷണൽ ക്രൈം റെക്കോർഡ്സ്‌ ബ്യുറോ തന്നെ സ്ഥിതീകരിച്ചിട്ടുള്ള ഒന്നാണ്‌. രാജ്യത്തെ ചെറുകിട കർഷകരുടെ കാര്യം വരുമ്പോഴും ഇവിടെ ഒരു രാജ്യസ്നേഹിയേയും കാണാനില്ല. എത്രയോ ശുചീകരണ തൊഴിലാളികൾ 'മാൻഹോളുകൾ' വൃത്തിയാക്കുമ്പോൾ കൊല്ലപ്പെടുന്നു? അവർക്ക് വേണ്ടി കണ്ണീർ പൊഴിക്കാനും ഇവിടെ രാജ്യസ്നേഹികളെ ആരേയും കാണാറില്ല. നമ്മുടെ രാജ്യസ്നേഹികൾ 'സെലക്റ്റീവ്' ആയി മാത്രം കണ്ണീർ പൊഴിക്കുന്ന ഒരു പ്രത്യേക വിഭാഗത്തിലുള്ളവർ ആണെന്നാണ് തോന്നുന്നത്.

ഇവിടെയാണ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിത്യാസം ഇന്നത്തെ ഇന്ത്യയിൽ കാണേണ്ടത്. അല്പവസ്തധാരികളും, ലളിത ജീവിതം നയിച്ചവരുമായ ഗാന്ധിജി, ആചാര്യ വിനോബാ ഭാവേ -എന്നിവരിൽ നിന്ന് വ്യത്യസ്തമായി പാവപ്പെട്ട ദളിതരെ സംബന്ധിടത്തോളം അവർക്ക് ഡോക്ടർ ബി. ആർ. അംബേദ്കറിൽ വളരെ അനുകരണീയമായ 'റോൾ മോഡൽ' ഉയർന്നുവന്നതും ഇന്ത്യയുടെ ഈ  പ്രത്യേകമായ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളിൽ നിന്നാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് ഉന്നത ബിരുദങ്ങൾ നേടുകയും, അവരുടെ അവകാശങ്ങൾക്കു വേണ്ടി നില കൊള്ളൂകയും ചെയ്ത വ്യക്തി എന്ന നിലയിൽ ഡോക്ടർ ബി. ആർ. അംബേദ്കർ ആരാധ്യനായ 'റോൾ മോഡൽ' ആണ്. ഭരണ ഘടനയുടെ ഒരു കോപ്പിയും പിടിച്ച് കോട്ടിലും, ടയ്യിലും ഡോക്ടർ ബി. ആർ. അംബേദ്കറിൻറ്റെ പ്രതിമ ഉയർന്നു നിൽക്കുമ്പോൾ അത് വളരെ ശക്തമായ ഒരു പ്രതീകമാണ്.

സത്യത്തിൽ ഇന്നത്തെ ഇന്ത്യയിൽ ദാരിദ്ര്യം അംഗീകരിച്ചിരുന്ന മഹാത്മാ ഗാന്ധിയേയും, സാമൂഹ്യ പിന്നോക്കാവസ്ഥയ്ക്കെതിരെ പൊരുതി വിജയം നേടിയ ഡോക്ടർ അംബേദ്കറിനേയും 'റോൾ മോഡലുകളായി' ഉയർത്തിപിടിക്കേണ്ടതുണ്ട്. കാരണം അത്രക്ക് ഭീകരമാണ് ഇന്ത്യയിലെ ദാരിദ്ര്യവും പിന്നോക്കാവസ്ഥയും. 30 കോടിയിലേറെ ആളുകൾ ഇന്ത്യയിൽ ദാരിദ്ര്യരേഖക്ക് കീഴിലുണ്ട്. 2011-ലെ സെൻസസ് പ്രകാരം 13.9 മില്യൺ വീടുകളാണ് ചേരി പ്രദേശങ്ങളിൽ ഉള്ളത്. ഇന്ത്യയിലെ മൊത്തം ചേരി നിവാസികളുടെ സംഖ്യ 2019-ൽ 104 മില്യണിൽ എത്തി എന്നാണ് മുൻ ആസൂത്രണ കമ്മീഷൻ അംഗമായിരുന്ന കീർത്തി എസ്. പരീഖ് പറയുന്നത്. ഈ 10 കോടിയിലേറെ ചേരി നിവാസികളിൽ കോവിഡ് 19 പടർന്നുപിടിച്ചാൽ എന്തായിരിക്കും അവസ്‌ഥ? ഇന്ത്യയിലെ ജയിലുകളിൽ കൊറോണ വ്യാപിച്ചാൽ എന്തായിരിക്കും അവസ്ഥ? ചില പട്ടാള ക്യാമ്പുകളിൽ കോവിഡ് പടർന്നുകഴിഞ്ഞു എന്ന രീതിയിൽ റിപ്പോർട്ടുകൾ ഇതിനോടകം തന്നെ വരുന്നുണ്ട്.

സത്യത്തിൽ ഈ കൊറോണയുടെ വ്യാപനത്തെ കുറിച്ചോർത്ത് ഇത്രയേറെ ആശങ്കപ്പെടേണ്ട കാര്യമില്ല. കാരണം ദാരിദ്ര്യവും ഇൻഫ്രാസ്ട്രക്ച്ചർ രംഗത്തെ അപര്യാപ്തതകളും മൂലം ലക്ഷകണക്കിന് ഇൻഡ്യാക്കാർ ഓരോ വർഷവും മരിക്കുന്നുണ്ട്. ക്ഷയം 4 ലക്ഷത്തിലേറെ ഇൻഡ്യാക്കാരെ ഓരോ വർഷവും കൊല്ലുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. മലേറിയ 20,000-ൽ മിച്ചം പേരെ കൊല്ലുന്നു. ആസ്തമയും ഹൃദ്രോഗവും അനേകായിരം ഇൻഡ്യാക്കാരുടെ ജീവൻ ഓരോ വർഷവും എടുക്കുന്നു. വയറിളക്കം കൊണ്ട് തന്നെ അനേകായിരം നവജാത ശിശുക്കൾ ഓരോ വർഷവും മരിക്കുന്ന രാജ്യമാണ് ഇന്ത്യ. പിന്നെന്തിനാണ് കൊറോണയുടെ കാര്യത്തിൽ ഇത്രയേറെ ഉൽക്കണ്ഠ? ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ ലോക്ക്ഡൗൺ ഇന്ത്യയിൽ ഭരണവർഗം അടിച്ചേൽപ്പിച്ചത് എന്തുകൊണ്ടാണ്? കാര്യങ്ങൾ വളരെ വ്യക്തം. ക്ഷയവും, മലേറിയയും, വയറിളക്കവും ഒക്കെ മൂലം മരിക്കുന്ന മിക്കവാറും പേരും പാവപ്പെട്ടവരാണ്. കോവിഡ് 19 എന്ന രോഗം മധ്യ വർഗ്ഗത്തേയും, വരേണ്യ വർഗ്ഗത്തേയും കൂടി ബാധിച്ചിരിക്കുന്നു.

മധ്യ വർഗ്ഗത്തേയും, വരേണ്യ വർഗ്ഗത്തേയും രക്ഷിക്കാനുള്ള ത്വരയിൽ ലോകത്തെ ഏറ്റവും കർശനമായ ലോക്ക്ഡൗൺ ഇന്ത്യയുടെ ഭരണവർഗം അടിച്ചേൽപ്പിക്കുമ്പോൾ അവർ മറക്കുന്ന ഒരു സംഗതിയുണ്ട്. ഇന്ത്യയിൽ ലോക്ക്ഡൗൺ മൂലമുള്ള ദാരിദ്ര്യമായിരിക്കും കൊറോണയെക്കാൾ കൂടുതൽ ആളുകളെ കൊല്ലാൻ പോകുന്നതെന്നുള്ള കാര്യമാണ് അവർ മറക്കുന്നത്. ദരിദ്രരിൽ നിന്ന് സമ്പന്നരിലേക്ക് കോവിഡ് ബാധിക്കാൻ അധിക സമയമൊന്നും വേണ്ടാ. വീട്ടു ജോലിക്കാരും, ഡ്രൈവർമാരും, തേപ്പുകാരും മറ്റ് സഹായികളുമായി ഒരു വലിയ കൂട്ടം ആളുകളെ ആശ്രയിച്ചാണ്  മധ്യ വർഗവും, വരേണ്യ വർഗവും ഇന്ത്യയിൽ ജീവിക്കുന്നതെന്നുള്ള കാര്യം ഇന്ത്യൻ ഭരണ വർഗം മറക്കുന്നു.

22 ശതമാനം മാത്രമേ ഇന്ത്യയിൽ 'സാലറീഡ് ക്ലാസ്' ഉള്ളൂവെന്നാണ് ഇൻറ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ പറയുന്നത്. ബാക്കിയുള്ള 78 ശതമാനവും അസംഘടിത മേഖലയിലോ, കൃത്യമായുള്ള വരുമാനമില്ലാത്ത മേഖലകളിലോ പ്രവർത്തിക്കുന്നവരാണ്. അവരുടെ ഒക്കെ അന്നം മുട്ടിച്ചുകൊണ്ടാണോ ലോക്ക്ഡൗൺ തുടരേണ്ടത്? ലോക്ക്ഡൗൺ തൊഴിലില്ലായ്‌മ മൂന്നിരട്ടിയാക്കി എന്നാണ് സെൻറ്റർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (CMIE) എന്ന സംഘടന പറയുന്നത്. അർബൻ മേഖലയിലുള്ള 30 ശതമാനം തൊഴിൽ ഇല്ലാത്തവരായി കഴിഞ്ഞെന്നും സി.എം.ഐ.ഇ. - യുടെ പഠനത്തിൽ പറയുന്നു. പാവപ്പെട്ടവരും പണക്കാരും ഒരുപോലെ ഈ ലോക്ക്ഡൗൺ വരും കാലങ്ങളിൽ ബുദ്ധിമുട്ടിക്കും എന്നത് തീർച്ചയായി കഴിഞ്ഞു. ഐ. ടി. രംഗത്ത് പ്രവർത്തിച്ചിരുന്ന ഒരു യുവതി കഴിഞ്ഞ ദിവസം കേരളത്തിൽ തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. ഇത്തരം ആത്മഹത്യകൾ വരും ദിവസങ്ങളിൽ കൂടാനേ പോകുന്നുള്ളൂ. ചുരുക്കം പറഞ്ഞാൽ വീണ്ടുവിചാരമില്ലാതെ നടപ്പാക്കിയ ഈ ലോക്ക്ഡൗൺ കാരണം കൊറോണയെക്കാൾ തൊഴിലില്ലായ്മയും ദാരിദ്ര്യവും ആയിരിക്കും ആളുകളെ കൊല്ലുന്നത്.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ല.)
Join WhatsApp News
JACOB 2020-05-09 10:36:34
In Kerala, only 2.9 percent of the population is government employees. 70 to 80 percent of Kerala's revenue is spent for Government employees' salaries and pensions. Others just get the privilege of paying very high taxes.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക