Image

ലോക്ഡൗണ്‍: ഇന്ത്യയില്‍ ജനനനിരക്ക് റെക്കോര്‍ഡിലെത്തുമെന്ന് യുനിസെഫ്

Published on 09 May, 2020
ലോക്ഡൗണ്‍: ഇന്ത്യയില്‍ ജനനനിരക്ക് റെക്കോര്‍ഡിലെത്തുമെന്ന് യുനിസെഫ്
ലോക്ഡൗണിനു പിന്നാലെ ഇന്ത്യയില്‍ ജനനനിരക്ക് റെക്കോര്‍ഡിലെത്തുമെന്ന് യുനിസെഫ്. കോവിഡിനെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച മാര്‍ച്ച് 11 മുതല്‍ അടുത്ത ഡിസംബര്‍ വരെ രാജ്യത്തു 2.01 കോടി കുഞ്ഞുങ്ങള്‍ ജനിക്കുമെന്ന് യുനിസെഫ് റിപ്പോര്‍ട്ടിലുണ്ട്.

ലോകത്താകെ 11.6 കോടിയായിരിക്കും ജനനം. ചൈന (1.35 കോടി), നൈജീരിയ (64 ലക്ഷം), പാക്കിസ്ഥാന്‍ (50 ലക്ഷം), ഇന്തൊനീഷ്യ (40 ലക്ഷം), യുഎസ് (33 ലക്ഷം) തുടങ്ങിയ രാജ്യങ്ങളാകും ഇന്ത്യയ്ക്കു പിന്നില്‍. കുട്ടികളുടെ മരണ നിരക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് ഇതില്‍ ചിലത്.  കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച ആറാമത്തെ രാജ്യമായ അമേരിക്കയില്‍ 33  ലക്ഷം കുട്ടികള്‍ ജനിക്കും എന്നാണു റിപ്പോര്‍ട്ട്. കോവിഡ് 19 വൈറസ് ബാധ ഗര്‍ഭസ്ഥ ശിശുവിന് വൈകല്യങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയില്ല എന്നൊന്നും നമുക്ക് ഇപ്പോള്‍ തീര്‍ത്തു പറയാനാകില്ല.

കോവിഡ് പടരുന്നതുമൂലം ആരോഗ്യരംഗം സമ്മര്‍ദവും തടസ്സങ്ങളും നേരിടുന്നത് ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ശിശുമരണനിരക്ക് ഉയര്‍ന്ന രാജ്യങ്ങളില്‍ ഇതു കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും.

പുതിയ അമ്മമാരും നവജാത ശിശുക്കളും ലോക്ഡൗണ്‍, കര്‍ഫ്യൂ, ചികിത്സാ അപര്യാപ്തത തുടങ്ങിയ കടുത്ത യാഥാര്‍ഥ്യങ്ങളെയാണു നേരിടേണ്ടി വരിക. കോവിഡ് ചികിത്സയ്ക്കു നിയോഗിക്കപ്പെടുന്നതിനാല്‍ ആരോഗ്യജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ടാകുമെന്ന് യുനിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്‍റീറ്റ ഫോര്‍ പറയുന്നു. മാതൃദിനത്തിനു (മേയ് 10) മുന്നോടിയായാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക