Image

കരുതലിന്റെ സ്പര്‍ശങ്ങള്‍ക്ക് ഒരു ദിനം (ജോബി ബേബി)

Published on 11 May, 2020
കരുതലിന്റെ സ്പര്‍ശങ്ങള്‍ക്ക് ഒരു ദിനം (ജോബി ബേബി)
ആമുഖം -ആതുര സേവനത്തിലൂടെ മാനവ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകള്‍ ലോകത്തിനു കാഴ്ച്ച വയ്ക്കുന്ന നഴ്‌സുമാരുടെ ദിനമാണിന്ന്. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 ആണ് അന്താരാഷ്ട്ര നഴ്‌സ് ദിനമായി ആചരിക്കുന്നത്. 'സ്നേഹത്തിന് സുഖപ്പെടുത്താനാവാത്തതും ഒരു നേഴ്സിന് സുഖപ്പെടുത്താൻ കഴിയും' എന്നൊരു ചൊല്ലുണ്ട്. ജീവിതത്തിൽ ഡോക്ടറുടെയും നെഴ്സിന്റെയും സേവനം ലഭിക്കാത്തവരായി ആരുംതന്നെ ഉണ്ടാവില്ല.ഏറ്റവും പ്രിയപ്പെട്ടരുടെ പോലും സാമീപ്യമില്ലാതെ ഒറ്റയ്ക്കാവുന്ന ജീവിതസന്ധികളെ നേരിടാൻ ചിലപ്പോൾ അവരാണ് തുണയാവുക. അങ്ങനെയാണ് സ്നേഹത്തിനു പോലും കടന്നെത്താനാവാത്ത ഇടങ്ങളിൽ കാരുണ്യവും കരുതലും ദയാവായ്പുംകൊണ്ട് നേഴ്സുമാർ നമ്മുടെ വേദനകളിൽ സാന്ത്വനമാകുന്നത്.

വിഷയാവതരണം -ചരിത്രത്തിൽ ആദ്യമായി നേഴ്സുമാർക്ക് ഒരു ദിനം നീക്കിവെക്കുന്നത് 1953ൽ ആണ്. എന്നാൽ 1974ലാണ് മെയ് 12 ലോക നേഴ്സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. ആധുനിക നേഴ്സിംഗിന്റെ സ്ഥാപകയായ ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ഇത്. ഉല്ലാസങ്ങളുടെ നഗരമെന്നറിയപ്പെടുന്ന ഇറ്റലിയിലെ ഫ്ളോറൻസിൽ വില്യം എഡ്വേർഡ് നൈറ്റിങ്ഗേലിന്റെയും ഫ്രാൻസിസ് സ്മിത്തിന്റെയും മകളായി 1820 മേയ് 12 നു ഫ്ളോറൻസിന്റെ ജനനം.
ഗ്രീക്ക്, ലാറ്റിൻ, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ ഭാഷകളും ചരിത്രവും തത്വശാസ്ത്രവും ഗണിതവും പഠിച്ച നൈറ്റിങ്ഗേലിന് 1837 ഫെബ്രുവരി ഏഴിന് ദൈവത്തിൽനിന്നു വെളിപാടു ണ്ടായി. ജീവിതം സേവനത്തിനു സമർപ്പിക്കാനായിരുന്നത്രേ കൽപന. ജർമനിയിലെ നഴ്സുമാരെ പരിശീലിപ്പിക്കുന്നതിനുള്ള സ്കൂളിൽ ചേർന്ന അവർ 1853 ൽ ലണ്ടനിലെ വനിതാ ആശുപത്രിയിലെ സൂപ്രണ്ടായി. 1854 ൽ ബ്രിട്ടനും ഫ്രാൻസും ചേർന്ന് റഷ്യയ്ക്കെതിരായി ക്രിമിയൻ യുദ്ധമുണ്ടായപ്പോൾ ബ്രിട്ടിഷ്സർക്കാരിന്റെ നിർദേശ പ്രകാരം, മുറിവേറ്റ പടയാളികളെ ശുശ്രൂഷിക്കാൻ നൈറ്റിങ്ഗേൽ യുദ്ധമുഖത്തെത്തി.

മുറിവേറ്റവർക്ക് അവരുടെ സാമീപ്യവും സഹായവും അനുഗ്രഹമായി. രാത്രികാലങ്ങളിൽ രോഗവിവരങ്ങൾ അന്വേഷിക്കാൻ കത്തിച്ച വിളക്കുമായി എത്തുമായിരുന്ന നൈറ്റിങ്ഗേലിനെ രോഗികൾ ‘വിളക്കേന്തിയ വനിത’ എന്നും വിളിച്ചു.

1857 ൽ ഇന്ത്യയിൽ വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോൾ നൈറ്റിങ്ഗേലിന്റെ ശ്രദ്ധ ഇവിടേക്കു തിരിഞ്ഞു. മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കാനായി 1859 ൽ ഒരു റോയൽ കമ്മിഷൻ നിയോഗിക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ അവരെ സന്ദർശിച്ച് ഉപദേശം തേടുമായിരുന്നു. 1860 ൽ ലണ്ടനിൽ നൈറ്റിങ്ഗേൽ ട്രെയിനിങ് സ്കൂൾ ഫോർ നഴ്സസ് സ്ഥാപിച്ചു.1907—ൽ ബ്രിട്ടിഷ് സർക്കാർ ഓർഡർ ഓഫ് മെറിറ്റ് നൽകി അവരെ ആദരിച്ചു. ഈ ബഹുമതി ആദ്യം നേടുന്ന വനിതയായി അവർ. 1910 ഓഗസ്റ്റ് 13 ന് നൈറ്റിങ്ഗേൽ ഉണരാത്ത നിദ്രയിലേക്കു പ്രവേശിച്ചു. 

നേഴ്സുമാരുടെ സമൂഹം ലോകത്തിന് നൽകിയിട്ടുള്ള സേവനങ്ങളെ വിലമതിക്കുന്നതിനാണ് ഈ ദിനം ലോകമെമ്പാടും നേഴ്സസ് ഡേ ആയി ആചരിക്കുന്നത്.നേഴ്സുമാരുടെ സംഭാവനകളും ത്യാഗങ്ങളും പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനാണ് ഈ ദിനം ഉദ്ദേശിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ സെമിനാറുകൾ, സംവാദങ്ങൾ, മത്സരങ്ങൾ ചർച്ചകൾ തുടങ്ങിയ സംഘടിപ്പിക്കുകയും സാധാരണ ജനങ്ങളെക്കൂടി പരിപാടികളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സമ്മാനങ്ങളും പൂക്കളും വിതരണം ചെയ്തും കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും രോഗികളും ചേർന്ന് നേഴ്സുമാരുടെ സേവനങ്ങളെ ആദരിക്കുന്നു. അന്തർദേശീയ നെഴ്സിംഗ് കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്റർനാഷണൽ നേഴ്സസ് ഡേ കിറ്റ് തയ്യാറാക്കി എല്ലാ വർഷവും ഈ ദിനത്തിൽ വിതരണം ചെയ്യുന്നുണ്ട്.

എല്ലാവർക്കും ആരോഗ്യം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ച 17 സുസ്ഥിരവികസനലക്ഷ്യങ്ങളെ മുൻനിർത്തിയാണ് ഈ വർഷത്തെ നഴ്സസ് ദിനാഘോഷം.

ദാരിദ്യ്രനിർമാർജനം, പട്ടിണിയില്ലായ്മ, സമത്വം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മാന്യമായ തൊഴിൽ, നല്ല ആരോഗ്യം, സ്ത്രീപുരുഷസമത്വം, ലക്ഷ്യത്തിലേക്കുള്ള കൂട്ടായ പ്രവർത്തനം തുടങ്ങിയവ ഇവയിൽപെട്ട ചിലതാണ്.
നഴ്സുമാരുടെ പ്രവർത്തനമേഖല ആശുപത്രിയിൽ മാത്രം ഒതുങ്ങുന്നതല്ല സ്കൂൾ, ഹെൽത്ത്, കമ്മ്യൂണിറ്റി ഹെൽത്ത് എന്നീ മേഖലകളിൽ ഇനിയും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനായി നഴ്സുമാർ സമുഹവുമായി ആഴമേറിയ ഒരു ബന്ധം സ്ഥാപിച്ചെടുക്കണം. അയൽവീടുകളിൽ സന്ദർശനം നടത്തുകയും അവിടെയുള്ള കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകാൻ നമുക്ക് സാധിക്കും.

90% രോഗങ്ങളും ആരോഗ്യബോധവത്കരണത്തിലൂടെ തടയാമെന്ന് ഗവേഷണഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു.  ആരോഗ്യവിദ്യാഭ്യാസം സമൂഹത്തിന്റെ ആവശ്യമനുസരിച്ച് പ്രത്യേകിച്ച് സാംക്രമികരോഗങ്ങൾ, മഴക്കാലരോഗങ്ങൾ, ജീവിതശൈലീരോഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണ സെമിനാറുകളും ക്യാംപുകളും സന്നദ്ധസംഘടനകളുമായി ചേർന്ന് സംഘടിപ്പിക്കേണ്ടതുണ്ട ്.  സ്കൂൾ ഹെൽത്ത് വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമേഖലയാണ്. കുട്ടികളുടെ മുൻകൂട്ടിയുള്ള രോഗനിർണയവും ചികിത്സയും രാജ്യത്തിന്റെ തന്നെ ആരോഗ്യപുരോഗതിക്ക് അത്യന്താപേഷിതമാണ്. അതുപോലെ സ്കൂളുകളിലെ ഉച്ചഭക്ഷണപരിപാടി പോഷകാഹാരക്കുറവ് ഒരു പരിധിവരെ പരിഹരിക്കുന്നു.

കേന്ദ്രസംസ്ഥാനസർക്കാരുകളുടെ ദേശീയാരോഗ്യപദ്ധതികളുടെ നടപ്പാക്കലിന് നഴ്സുമാർ വളരെ വലിയ പങ്കുവഹിക്കുന്നു. ആരോഗ്യമേഖലയിലെ ഏറ്റവും വലിയ തൊഴിൽമേഖലയാണ് നഴ്സിങ്. നഴ്സുമാർ 365 ദിവസവും 24 മണിക്കൂറും ജോലി ചെയ്യുന്ന ഒരു ജനവിഭാഗമാണ്.  സുസ്ഥിരവികസനലക്ഷ്യം കൈവരിക്കാനുള്ള താക്കോൽ നഴ്സുമാർ തന്നെയാണ്.  അവരുടെ പ്രവർത്തനങ്ങൾ അവശതയും കഷ്ടപ്പാടും അനുഭവിക്കുന്ന ജനതയുടെ ഉന്നമനത്തിനായി ഉപയോഗിക്കുന്നു. രോഗപ്രതിരോധത്തിനും രോഗീപരിപാലനത്തിനും ആരോഗ്യപുനരധിവാസത്തിനും സാന്ത്വനചികിത്സയ്ക്കും നഴ്സുമാരുടെ പങ്ക് വളരെ വലുതാണ്.

നഴ്സുമാർ സ്വയം വികസനത്തിനൊപ്പം തന്നെ മറ്റുള്ളവരുടെ വികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുമ്പോൾ സാർവത്രികവികസനം എന്ന ലക്ഷ്യം യാഥാർത്ഥ്യമാകുന്നു.  അതിനായി നഴ്സുമാർ അവർക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളിൽ നിന്നും ഒട്ടും പിന്നോട്ടുപോകരുത്.  നിയമനിർമാണത്തിനും പദ്ധതി ആവിഷ്കരിക്കുന്നതിലും പ്രാവർത്തികമാക്കുന്നതിലും നഴ്സുമാരുടെ ശബ്ദം കൂടുതലായി ഉയർന്നു വരേണ്ടതുണ്ട്.  അതിനായി അധികാരസ്ഥാനങ്ങളിൽ അവരുടെ ശബ്ദം എത്തേണ്ടതുണ്ട്. അതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കണം.

ലോകത്തെവിടെയായാലും ആതുര ശ്രുശ്രൂഷ രംഗത്തുളള മലയാളി നഴ്‌സുമാരുടെ സേവനം സ്തുത്യര്‍ഹമാണ്. അതു കൊണ്ടു തന്നെ നഴ്‌സസ് ദിനത്തിന്റെ ചരിത്രം കേരളത്തിന്റെ ആതുര ശ്രുശ്രൂഷാരംഗത്തിന്റെ ചരിത്രം കൂടിയാണ്.ആഗോളതലത്തില്‍ നഴ്‌സുമാരുടെ കണക്കെടുത്താല്‍ 75 ശതമാനവും കേരളത്തില്‍ നിന്നുളളവരാണെന്നു കാണാം ഇന്ത്യയിലെ മൊത്തം 18 ലക്ഷം നഴ്‌സുമാരില്‍ 12 ലക്ഷവും മലയാളികളാണെന്നതും അഭിമാനിക്കാവുന്ന ഒന്നാണ്. സേവനപാത വിട്ട് തൊഴില്‍ മേഖലയിലേക്കുളള ചുവടുമാറ്റം നഴ്‌സിങ് രംഗത്ത് ചൂഷണവും അഴിമതിയുംവര്‍ദ്ധിക്കാന്‍ കാരണമായി. ഇക്കാലയളവില്‍ നിരവധി സമരങ്ങളിലൂടയാണ് നഴ്‌സിങ് മേഖല കടന്നു പോയത്.നഴ്‌സിങ് മേഖലയില്‍ ചൂഷണത്തിനിരയാവുന്നരുടെ പരാതികള്‍ വര്‍ദ്ധിച്ചുവരുന്നതും വേതനവവ്യവസ്ഥകളില്‍ വലിയ മാറ്റം വരുത്താത്തതും കേരളത്തില്‍ ഈയിടെ ഈ രംഗത്തേയ്ക്കു കടന്നുവരുന്നവരുടെ എണ്ണത്തില്‍ കുറവുവരുത്തിയിട്ടുണ്ട്. നഴ്‌സിങ് മേഖലയില്‍ വിദേശരാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ക്കായി കാത്തു നില്‍ക്കേണ്ടി വരുന്നതും അതുകൊണ്ടാണ്.

നിലവില്‍ 120 ല്‍ അധികം രാജ്യങ്ങളില്‍ അന്താരാഷ്ട്ര നഴ്‌സിങ് സമിതി പ്രവര്‍ത്തിക്കുന്നുണ്ട്.1899 ല്‍ നിലവില്‍ വന്ന സമിതിയ്ക്ക് ആരോഗ്യമേഖലയിലെ വിദഗ്ധരാണ് മേതൃത്വം നല്‍കുന്നത്. ലോകമെങ്ങുമുളള ആതുര സേവകര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക, നൂതനമായ സാങ്കേതിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക, ആതുര സേവനമേഖലയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് സമിതിയുടെ ലക്ഷ്യങ്ങള്‍.

ഉപസംഹാരം -തൂവെള്ള വസ്ത്രമണിഞ്ഞ മാലാഖ. അതെ, ഭൂമിയിലെ മാലാഖമാർ തന്നെയാണ് ഇവർ.അതെ, നഴ്സിങ് എന്നാൽ മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും ഒരു ബാലൻസിങ് തന്നെയെന്ന് നിസ്സംശയം പറയാം.
വൈദ്യശാസ്ത്രപരമായി മാത്രമല്ല, മനശ്ശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ സേവനങ്ങളുടെ തൊഴിൽമേഖലയാണ് നേഴ്സിംഗ്. ലോകത്ത് ആരോഗ്യപരിപാലന മേഖലയിലെ ഏറ്റവും വലിയ വിഭാഗമാണ് ഇത്. പലപ്പോഴും നേഴ്സുമാരുടെ സേവനത്തിന്റെ പ്രാധാന്യം പൊതുസമൂഹം തിരിച്ചറിയാതെ പോകുന്നു എന്നതാണ് സത്യം. ഇത് ഓർമിക്കാനും അംഗീകരിക്കാനുമുള്ള അവസരം കൂടിയാണ് ഓരോ ലോക നേഴ്സസ് ദിനവും.എല്ലാവർക്കും ആരോഗ്യം എന്നത് സാക്ഷാത്കരിക്കാൻ നമ്മുക്ക് അക്ഷീണം പ്രയത്നിക്കാം.  കേരളം വളരട്ടെ ! ഇന്ത്യ വളരട്ടെ ! ലോകം വളരട്ടെ


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക