Image

കാഴ്ചപ്പാടുകള്‍ മാറി; പിറക്കുന്നത് പുതിയ ലോകം: അനിയന്‍ ജോര്‍ജ്

Published on 12 May, 2020
കാഴ്ചപ്പാടുകള്‍ മാറി; പിറക്കുന്നത് പുതിയ ലോകം: അനിയന്‍ ജോര്‍ജ്
കോവിഡിനു മുമ്പ് എങ്ങനെ ജീവിച്ചോ ആ കാലത്തേക്ക് തിരിച്ചുപോകാമെന്നു മോഹിക്കുന്നെങ്കില്‍ അതു നടക്കാനിടയില്ല. ലോകം നമ്മുടെ കണ്മുന്നില്‍ മാറിപ്പോയിരിക്കുന്നു. കോവിഡ് ദുരന്തം അറിഞ്ഞപ്പോള്‍ മുതല്‍ സമൂഹത്തിനു സഹായ ഹസ്തവുമായി രംഗത്തു വന്ന ഫോമ നേതാവ് അനിയന്‍ ജോര്‍ജ് പറയുന്നു.

അനിയന്റെ സാരഥ്യത്തില്‍ രൂപംകൊണ്ട 'മലയാളി ഹെല്പ് ലൈന്‍' എന്ന വാട്സ് ആപ് കൂട്ടായ്മ മലയാളി സമൂഹത്തിന്റെ നാനാവിധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ രാപകലില്ലാതെ ശ്രമിക്കുന്നു. ഫോമ നേതാവെങ്കിലും എല്ലാ സംഘടനകളേയും ഈ കൂട്ടായ്മയില്‍ അണിനിരത്താന്‍ കഴിഞ്ഞു എന്നതാണ് അനിയന്‍ ജോര്‍ജിന്റെ മികവ്.

കോവിഡ് കഴിയുമ്പോള്‍ ഒരു ഓണ്‍ലൈന്‍ ലോകത്തേക്കാണ് നാം പോകുന്നത്. ആരാധന പോലും ഓണ്‍ലൈനായി. വലിയ പള്ളികളും ക്ഷേത്രങ്ങളും സ്ഥാപിച്ചത് അബദ്ധമായോ എന്നുപോലും ചിന്തിക്കേണ്ട അവസ്ഥ.

കോവിഡ് കുറയുന്നു എന്ന ധാരണ ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മേഖലയില്‍ ഉള്ളവര്‍ക്കുണ്ട്. എന്നാല്‍ കോവിഡിന്റെ അടുത്ത വിളയാട്ടം ഇനിയും പ്രതീക്ഷിക്കുകതന്നെ വേണം. വിദഗ്ധര്‍ പറയുന്നതും അതാണ്. കോവിഡിനോടുള്ള പേടി കുറഞ്ഞിട്ടുണ്ട്. പലവിധ രോഗമുള്ളവര്‍ക്ക് കോവിഡ് വന്നാല്‍ പ്രശ്നമാകാം. അതിനാല്‍ രോഗം ബാധിക്കാതിരിക്കാന്‍ ശ്രമം വേണം.

ചെറിയ ഫാമിലി പാര്‍ട്ടി പോലും രോഗം സംഭാവന ചെയ്യാം എന്നത് പേടിപ്പിക്കുന്നതാണ്. രോഗം വന്നവര്‍ക്ക് വീണ്ടും വരുമോ എന്നതും ആര്‍ക്കും നിശ്ചയമില്ല. ശാസ്ത്രജ്ഞരും ഇരുട്ടില്‍ തന്നെ. ശക്തികൂടിയതും കുറഞ്ഞതുമായ വൈറസുകളുണ്ട്. വാക്സിന്‍ കണ്ടുപിടിക്കാനാകട്ടെ ഒരു വര്‍ഷമെങ്കിലുമെടുക്കുമെന്നു പറയുന്നു.

അതിനാല്‍ രോഗപ്രതിരോധ ശക്തി (ഇമ്യൂണിറ്റി) വര്‍ധിപ്പിക്കുകയാണ് പ്രധാനം. രോഗം വരുന്നെങ്കില്‍ വന്നു പോകട്ടെ എന്നതായി പലരുടേയും ചിന്താഗതി. എത്രകാലം വീട്ടില്‍ അടച്ചിരിക്കാന്‍ പറ്റും?

ഇപ്പോള്‍ ലേ ഓഫിലാണെങ്കിലും കോവിഡ് കഴിഞ്ഞാല്‍ പല ജോലികളും തിരിച്ചുവരും. എച്ച് 1 വിസയില്‍ ജോലി പോയവരും സ്റ്റാറ്റസ് നഷ്ടപ്പെട്ടവരുമൊക്കെയാണ് വിഷമിക്കുന്നത്. മറ്റ് ഐടിക്കാര്‍ക്ക് പ്രശ്നമില്ല. മിക്കവും വീട്ടിലിരുന്നു ജോലി ചെയ്യുന്നു.

കോവിഡ് കഴിഞ്ഞാലും റെസ്റ്റോറന്റ് ബിസിനസ് പഴയപടിയാകാന്‍ കാലമെടുക്കും. തുറന്നാല്‍ കൂടി ആളു കൂടുന്ന പാര്‍ട്ടി അവിടെ പറ്റുമോ? പരമ്പാരാഗത ബിസിനസുകള്‍ മാറി പുതിയ ബിസിനസ് മോഡലുകള്‍ ഉണ്ടാവുമെന്നുറപ്പ്.

റിയല്‍ എസ്റ്റേറ്റ് രംഗത്ത് 20 ശതമാനം വരെ കുറവാണ് പ്രതീക്ഷിക്കുന്നത്. സ്ട്രിപ്പ് മാളുകളും മറ്റും ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലാണ്. നാട്ടില്‍ നിന്നുള്ള സ്വര്‍ണ്ണക്കട പോലുള്ള ബിസിനസുകള്‍ നിലനില്‍പ്പിനെപ്പറ്റി ആകുലപ്പെടുന്നു. ന്യൂജേഴ്സിയില്‍ ഇന്ത്യക്കാരുടെ കേന്ദ്രമായ എഡിസണിലെ ഓക് ട്രീ റോഡില്‍ നോക്കിയാല്‍ സ്ഥിതി വ്യക്തമാകും. തുണിക്കടകളും റെസ്റ്റോറന്റുകളുമാണ് അവിടെ കൂടുതല്‍.

ഡാന്‍സ് ക്ലാസുകളും, ആരാധാനയും എല്ലാം ഓണ്‍ലൈനിലേക്ക് ചേക്കേറിയതിനാല്‍ ഓണ്‍ലൈന്‍ ജീവിതം നാം പ്രതീക്ഷിക്കണം.

കോവിഡ് മൂലവും മറ്റു പ്രശ്നങ്ങള്‍ മൂലവും വലയുന്നവര്‍ക്ക് സമാശ്വാസം എന്ന ദൗത്യവുമായാണ് ഹെല്പ് ലൈന്‍ തുടങ്ങിയത്. പരസ്പരം ബന്ധപ്പെടാനും സമാശ്വസിപ്പിക്കാനുമുള്ള വേദി.

നാടിനെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പകരം അമേരിക്കന്‍ മലയാളികളിലേക്ക് നാം ലക്ഷ്യം മാറ്റേണ്ടതുണ്ട്. നാട്ടിലെ രാഷ്ട്രീയക്കാര്‍ക്ക് ഇവിടെ എന്തു സഹായം ചെയ്യാന്‍ കഴിയും?

നാല്‍പ്പതോളം പേരാണ് ഹെല്പ് ലൈന്‍ സജീവമാക്കുന്നത്. ജാതിമത ഭേദമെന്യേ എല്ലാ സംഘടനകളും അതില്‍ ഉണ്ടെന്നതാണ് പ്രധാനം. മരിച്ചവര്‍ക്കുവേണ്ടി സര്‍വ്വമത പ്രാര്‍ത്ഥനയാണ് നടത്തിയത്. മൂന്നു ബിഷപ്പുമാര്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കാന്‍ ഒത്തുകൂടിയത് അപൂര്‍വ്വമായെന്ന് ബിഷപ്പ് ജോയി ആലപ്പാട്ട് തന്നെ പറഞ്ഞു.

ഹെല്പ് ലൈനില്‍ ആരും നേതാക്കളല്ല. ഇതൊരു താല്ക്കാലിക പ്രസ്ഥാനം മാത്രം. ഫ്‌ലോറിഡയില്‍ നിന്നുള്ള ഡോ. ജഗതി നായര്‍ കോര്‍ഡിനേറ്ററും, ന്യൂജേഴ്സിയില്‍ നിന്നുള്ള ബൈജു വര്‍ഗീസ് കോ- കോര്‍ഡിനേറ്ററും. ഹെല്പ് ലൈന്റെ മാതൃകയില്‍ വേറെയും ഒരുപാട് ഫോറങ്ങളുണ്ടായതില്‍ സന്തോഷം. സംഘടനകളും രംഗത്തു വന്നു.

മരുന്ന്, ഭക്ഷണം തുടങ്ങിയവ എത്തിക്കാന്‍ ഹെല്പ് ലൈന്റെ പ്രവര്‍ത്തകര്‍ക്ക് കഴിയുന്നു. പ്രിസ്‌ക്രിപ്ഷനും മറ്റും ആവശ്യമുള്ളവര്‍ക്ക് അതു നല്‍കാന്‍ ഗ്രൂപ്പിലെ ഡോക്ടര്‍മാര്‍ ശ്രമിക്കുന്നു. കുറഞ്ഞ നിരക്കില്‍ മരുന്നു ലഭ്യമാക്കാനും. മറ്റുള്ളവരെ സഹായിക്കണമെന്ന ഒരു മാനസീകാവസ്ഥ ഉണ്ടാക്കിയെടുക്കാനായി.

ഇതിനു പുറമെ ഓണ്‍ലൈന്‍ വഴിയുള്ള പരിപാടികള്‍ ഏറെ ജനകീയമായിട്ടുണ്ട്. സിമി പോത്തന്റെ നേതൃത്വത്തിലുള്ള യോഗാ ക്ലാസ്, സോഫിയാ മാത്യുവിന്റെ നേതൃത്വത്തിലുള്ള സുംബ ഡാന്‍സ് ഇവയൊക്കെ വലിയ വിജയം. കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം, ലേഖന മത്സരം, പ്രസംഗ മത്സരം എന്നിവയ്ക്കൊക്കെ നല്ല പ്രതികരണം. സമ്മാനങ്ങളും നല്‍കുന്നു. ഇവിടുത്തെ 6-7 കലാകാരന്മാര്‍ ഒരേ സമയം അണിനിരക്കുന്ന സാന്ത്വന സംഗീതം പരിപാടിയില്‍ 200-ല്‍പ്പരം കുടുംബങ്ങളാണ് സൂമില്‍ ആസ്വദിക്കുന്നത്. ഫേസ്ബുക്ക് ലൈവില്‍ വേറെ.

ജോണ്‍ സി. വര്‍ഗീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'ട്രിബ്യൂട്ട് ടു നഴ്സസ്' എന്ന പ്രോഗ്രാമില്‍ മന്ത്രി ശൈലജ ടീച്ചര്‍, മഞ്ജു വാര്യര്‍, സുരേഷ് ഗോപി തുടങ്ങിയവരൊക്കെ എത്തിയത് അപൂര്‍വ്വമായി.

വ്യക്തിപരമായ ചോദ്യങ്ങള്‍ക്കും, ശാസ്ത്രീയ കാര്യങ്ങള്‍ വിശദീകരിക്കാനുമുള്ള വേദി കൂടിയാണിത്.

എല്ലാം വെട്ടിപ്പിടിക്കാമെന്നും, പണസമ്പാദനമാണ് പ്രധാനമെന്നുമൊക്കെ കരുതിയിരുന്ന കാലമാണ് പോയിമറഞ്ഞത്. കൂട്ടായ്മയും സൗഹൃദവുമൊക്കെയാണ് വലുത് എന്ന തിരിച്ചറിവ് പലരിലും ഉണ്ടായിരിക്കുന്നു.

ഫോമ ഇലക്ഷനെപ്പറ്റി ഇപ്പോള്‍ ചിന്തിക്കുന്നില്ല. സമയമാകട്ടെ. നേതൃസ്ഥാനം എന്നത് ഒരു സ്വപ്നമൊന്നുമല്ല.
Join WhatsApp News
Fr. Francis Nampiaparambil 2020-05-13 14:47:07
I am in Bronx, NY. Let me know what I can do in this challenging situation.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക