Image

വി.എസ്‌, നിങ്ങള്‍ പുറത്തേക്ക്‌ വരരുത്‌

Published on 25 May, 2012
വി.എസ്‌, നിങ്ങള്‍ പുറത്തേക്ക്‌ വരരുത്‌
വി.എസ്‌ അച്യുതാനന്ദന്‍ പാര്‍ട്ടി വിട്ട്‌ പുറത്തേക്ക്‌ വരണോ വേണ്ടയോ എന്നതിനെ ചൊല്ലി വലിയൊരു ആശയ സംവാദം കേരളത്തില്‍ ഉടലെടുത്തിരിക്കുകയാണ്‌. ഇതില്‍ ഒരു പക്ഷത്ത്‌ നില്‍ക്കുന്നത്‌ നിലവില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ പ്രധാനമായും സി.പി.എമ്മിന്റെ നിലവിലെ രീതികളിലും പ്രവര്‍ത്തനങ്ങളും അസംതൃപ്‌തരായ ഇടതുപക്ഷ ബുദ്ധീജിവികള്‍ തന്നെയാണ്‌. പലപ്പോഴായി സിപിഎമ്മില്‍ നിന്നും അടര്‍ന്നു പോന്ന ഇടതുപക്ഷ ചിന്താഗതിക്കാര്‍ ഒരുമിച്ച്‌ ഇടതുപക്ഷ ഏകോപന സമതി രൂപപ്പെട്ടെങ്കിലും അതിന്‌ വലിയൊരു ജനകീയ അടിത്തറ ലഭിക്കാന്‍ വി.എസിനെ പോലൊരു നേതാവ്‌ പുറത്തേക്കിറങ്ങി വരണമെന്നതാണ്‌ പലരും ആശിക്കുന്നത്‌. വി.എസ്‌ പുറത്തേക്ക്‌ വന്നാല്‍ നിലവില്‍ സി.പി.എമ്മിന്റെ ജില്ലാ സംസ്ഥാന നേതൃത്വങ്ങളില്‍ നിന്നും ആരും അദ്ദേഹത്തിന്‌ ഒപ്പം വരുമെന്ന്‌ പ്രതീക്ഷിക്കാന്‍ കഴിയില്ലെങ്കിലും ബഹുജനങ്ങളില്‍ നിന്ന്‌ വലിയൊരു പിന്തുണ തന്നെ അദ്ദേഹത്തിന്‌ ലഭിക്കും. സി.പി.എമ്മിലെ അണികളില്‍ തന്നെ വലിയൊരു വിഭാഗം വി.എസിനൊപ്പം ഇറങ്ങിപ്പോരുക തന്നെ ചെയ്യുമെന്ന്‌ ഉറപ്പ്‌. അതിന്റെ ഉദാഹരണമാണ്‌ കേരളത്തില്‍ അങ്ങോളമിങ്ങോളം വി.എസിന്‌ വേണ്ടി നടക്കുന്ന പോസ്റ്റര്‍ പ്രചരണങ്ങള്‍. യുവാക്കള്‍ അദ്ദേഹത്തില്‍ വലുതായി ആകര്‍ഷിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ്‌ വി.എസിന്‌ വേണ്ടി സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന പിന്തുണ പ്രഖ്യാപനങ്ങള്‍.

എന്നാല്‍ വി.എസ്‌ എപ്പോഴും പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷത്തെ വെല്ലുവിളിക്കുകയും തന്റേതായ നിലപാടുകളും തീരുമാനങ്ങളും സ്വീകരിക്കുകയും പിന്നീട്‌ ഇതിനെയെല്ലാം തിരുത്തി പാര്‍ട്ടിക്ക്‌ വഴങ്ങി ഒത്തുതീര്‍പ്പ്‌ നടത്തുകയും ചെയ്യുകയാണ്‌ പതിവെന്ന്‌ വിമര്‍ശിക്കുന്നവരും കുറവല്ല. കൂടെ നില്‍ക്കുന്നവരെ അടിയന്തര ഘട്ടത്തില്‍ കൈവിടുന്നവനാണ്‌ വി.എസ്‌ എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ വി.എസ്‌ പാര്‍ട്ടി വിടാന്‍ ഒരിക്കലും താത്‌പര്യം കാട്ടില്ല എന്നും ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ നിലവിലെ കേരളത്തിലെ രാഷ്‌ട്രീയ സാമൂഹിക സ്ഥിതി വിശേഷം വെച്ചു നോക്കിയാല്‍ വി.എസ്‌ ഒരിക്കലും ഒരു അവസരത്തിലും സി.പി.എമ്മില്‍ നിന്നും പുറത്തു വരാന്‍ പാടില്ല എന്ന വാദത്തെ അംഗീരിക്കേണ്ടി വരും. വി.എസ്‌ എന്നും, ചുരുങ്ങിയത്‌ സമീപകാല രാഷ്‌ട്രീയത്തിലെങ്കിലും, ഒരു സ്ഥിരം പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്നയാളാണ്‌. മുഖമന്ത്രിയായിരുന്നപ്പോള്‍ പോലും അദ്ദേഹം ജനങ്ങള്‍ക്ക്‌ വേണ്ടി ഒരു സ്ഥിരം പ്രതിപക്ഷമായിരുന്നു എന്നത്‌ വീണ്ടും എടുത്തു പറയേണ്ട കാര്യമില്ല. എല്‍.ഡി.എഫ്‌ ഭരിക്കുമ്പോള്‍ സിപിഎം ഔദ്യോഗിക വിഭാഗം ഒരു വശത്തും വി.എസ്‌ മറുവശത്തുമായി എത്രയോ വിഭാഗീയതയും വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. ഇടതുമുന്നണി മൊത്തത്തില്‍ വി.എസിനെ ഉപരോധിച്ചതും മറക്കാനാവില്ല. മുന്നാല്‍ കൈയ്യേറ്റം ഒഴിപ്പിക്കലിന്റെ ഒരുഘട്ടത്തില്‍ വി.എസ്‌ തീര്‍ത്തും ഒറ്റപ്പെട്ടു പോയത്‌ കേരളം കണ്ടതാണ്‌. അവസാനം അദ്ദേഹത്തിന്‌ പാര്‍ട്ടിക്ക്‌ വിധേയനാകേണ്ടിയും വന്നു.

എന്നാല്‍ എല്ലാ സമയത്തും ഒരു സ്ഥിരം പ്രതിപക്ഷമായി മാറുക എന്ന സമീപനം വി.എസ്‌ ഉപേക്ഷിച്ചിട്ടില്ല എന്നത്‌ അദ്ദേഹത്തിന്‌ സിപിഎമ്മിനുള്ളില്‍ ആവിശ്യമായി തീര്‍ക്കുന്നു.

എങ്ങനെ നോക്കിക്കണ്ടാലും കേരളത്തിലെ ഏറ്റവും വലിയ ഇടതുപക്ഷ പ്രസ്ഥാനം സിപിഎം തന്നെയാണ്‌. ആ പ്രസ്ഥാനത്തിന്‌ ഏല്‍ക്കുന്ന ജീര്‍ണ്ണതകള്‍ (കൊലപാതക രാഷ്‌ട്രീയം പോലും ഒരു പാര്‍ട്ടി അജണ്ടയായി മാറിയിരിക്കുന്നതില്‍ എത്തിനില്‍ക്കുന്ന ജീര്‍ണ്ണത) കേരള സമൂഹത്തെയും വല്ലാതെ ബാധിക്കുന്നു. സിപിഎമ്മിന്‌ ഉണ്ടാകുന്ന ജീര്‍ണ്ണതയെ, ആശയപരമായി സിപിഎം വലതുപക്ഷത്തേക്ക്‌ ചായുന്ന രീതിയെ എതിര്‍ക്കുന്ന വി.എസ്‌ നാളെ പാര്‍ട്ടിയില്‍ നിന്നും പുറത്തേക്ക്‌ പോയാല്‍ പിന്നെ അതിനുള്ളില്‍ ബാക്കിയിരിക്കുന്നവര്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പമായി എന്നു ചുരുക്കം. അറിഞ്ഞുകൊണ്ടോ അറിയാതെയോ സിപിഎം നേതാവ്‌ ടി.കെ ഹംസയുടെ പ്രസംഗത്തിന്റെ പൊരുള്‍ അതാണ്‌. `അച്യുതാനന്ദനെ അങ്ങ്‌ പ്രതിയാക്കി കൂടെ, എങ്കില്‍ ഒരു എടങ്ങേട്‌ ഒഴിവായേനെ' എന്ന്‌ ഹംസ പറഞ്ഞത്‌ നീസാരമായ ഒരു ഏറനാടന്‍ ഫലിതമായി കാണാനാവില്ല. പൊതുവില്‍ സിപിഎമ്മിനെ നയിക്കുന്ന അധികാര മോഹികളുടെ താത്‌പര്യം വി.എസ്‌ ഒഴിവായി പോകണമെന്നത്‌ തന്നെയാണെന്ന്‌ ജനം ഇവിടെ ധരിച്ചു പോയാല്‍ തെറ്റുപറയാനുമാവില്ല.

കമ്മ്യൂണിസം ആശയമായി സ്വീകരിച്ച ഒരു പാര്‍ട്ടി ഈ ആശയങ്ങളില്‍ നിന്നും വ്യതിചലിച്ച്‌ ഒരു ഫാസിസ്‌റ്റ്‌ സ്വഭാവം കൈവരിച്ചിരിക്കുന്നു എന്നത്‌ തെളിയിക്കാന്‍ ഷൂക്കൂറിന്റെയും, ടിപി ചന്ദ്രശേഖരന്റെയും കൊലപാതകങ്ങളുടെ കോടതി വിധി വരാന്‍ വേണ്ടി കാത്തിരിക്കേണ്ട കാര്യമില്ല. പാര്‍ട്ടി ഓഫീസുകള്‍ മണിമന്ദിരങ്ങളായി മാറുന്ന, ശീതികരിച്ച ഓഫീസ്‌ മുറികള്‍ പണിയുന്ന, തങ്ങളുടേതായി വലിയ മാധ്യമ സാമ്രാജ്യം തീര്‍ക്കുന്ന, അമ്യൂസ്‌മെന്റ്‌ പാര്‍ക്കുകളും, ഫൈവ്‌സ്റ്റാര്‍ ഹോസ്‌പിറ്റലുകളും പണിയാന്‍ താത്‌പര്യപ്പെടുന്ന ഒരു പാര്‍ട്ടി പതിയെ നടന്നു കയറുന്നത്‌, അല്ലെങ്കില്‍ കയറിയിരിക്കുന്നത്‌ ഒരു കോര്‍പ്പറേറ്റ്‌ അധികാര സ്വഭാവത്തിലേക്ക്‌ തന്നെയാണ്‌. ഈ സ്വഭാവമാണ്‌ ഫാസിസ്റ്റ്‌ രീതിയായി ജനത്തെ തിരിഞ്ഞു കൊത്തുന്നത്‌.

ഇങ്ങനെ ഒരു കോര്‍പ്പറേറ്റ്‌ സിസ്റ്റത്തിലേക്ക്‌ പാര്‍ട്ടി മാറുമ്പോള്‍ നേതൃത്വം പാര്‍ട്ടി അച്ചടക്കം എന്ന വാള്‍ സ്ഥിരമായി ഉപയോഗിക്കാന്‍ പ്രേരിതമാകുന്നു. ജനാധിപധ്യത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കുമ്പോഴാണ്‌ ഇടതുപക്ഷ ആശയങ്ങള്‍ ജനഹിതത്തിന്‌ വേണ്ടിയുള്ളതാകുന്നത്‌. അല്ലാതെ വരുമ്പോള്‍ അവരും ഫാസിസ്റ്റുകളായി മാറുമെന്നതാണ്‌ ചരിത്രം. അതുകൊണ്ടു തന്നെ ഇവിടെ പാര്‍ട്ടി അച്ചടക്കമെന്ന ഡെമോക്ലീസിന്റെ വാളിനെ തൂക്കിയെറിയേണ്ടത്‌ പലപ്പോഴും ആവിശ്യമാണ്‌. കാരണം ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ മാത്രമല്ല ഏത്‌ ആശയം ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനങ്ങളിലും കാലത്തിന്റേതായ തിരുത്തലുകളും നവീകരണങ്ങളും ആവശ്യം തന്നെയാണ്‌. അപ്പോള്‍ ഒരു ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഏറെ ആവിശ്യമായി വരുന്നു.

ഒഞ്ചിയത്ത്‌ രൂപം കൊണ്ട റെവല്യൂഷണറി മാര്‍ക്‌സിറ്റ്‌ പാര്‍ട്ടിയെ തീര്‍ത്തും അസഹിഷ്‌ണുതയോടെ നോക്കിക്കണ്ട സിപിഎമ്മിന്റെ രീതി ജനാധിപത്യ വിരുദ്ധമായിരുന്നു. ഇവിടെയാണ്‌ വി.എസ്‌ ഏതൊരു പാര്‍ട്ടിക്കും ഇവിടെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്രമുണ്ട്‌ അവര്‍ പുറത്ത്‌ നിന്ന്‌ അവര്‍ക്ക്‌ ഇഷ്‌ടമുള്ള രീതിയില്‍ പ്രവര്‍ത്തിക്കട്ടെ എന്ന്‌ പറയാന്‍ നിര്‍ബദ്ധിതമാകുന്നത്‌. എന്നാല്‍ സിപിഎമ്മിന്റെ ഇപ്പോഴത്തെ അധികാര കേന്ദ്രമായ പിണറായി വിജയന്‍ ചെയ്യുന്നത്‌ അവരെ സ്ഥിരമായി കുലംകുത്തികള്‍ എന്ന്‌ വിളിച്ച്‌ അധിക്ഷേപിക്കുകയാണ്‌. ഇവിടെയാണ്‌ പാര്‍ട്ടി സെക്രട്ടറി പറയുന്നത്‌ പാര്‍ട്ടിയുടെ അന്തിമവാക്കുകളായി കാണേണ്ടതില്ല എന്ന്‌ വി.എസിന്‌ പറയേണ്ടി വരുന്നത്‌. ഇവിടെ വി.എസ്‌ ചെയ്യുന്നത്‌ ജനാധിപത്യപരമായി പാര്‍ട്ടിയെ തിരുത്തുകയാണ്‌. ഇത്തരം തിരുത്തലുകള്‍ സമീപകാല രാഷ്‌ട്രീയത്തില്‍ വി.എസ്‌ ചെയ്‌തിട്ടുള്ളപ്പോഴൊക്കെ അദ്ദേഹത്തെ പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍ ചങ്ങലക്കിടാന്‍ ശ്രമിക്കുന്നു. അദ്ദേഹത്തെ നാളുകളായി പോളിറ്റ്‌ബ്യൂറോയില്‍ നിന്നും മാറ്റി നിര്‍ത്തുന്നു. അദ്ദേഹത്തെ ക്യാപിറ്റല്‍ പണിഷ്‌മെന്റിന്‌ വിധേയനാക്കണമെന്ന്‌ ആക്രോശിക്കുന്നു. തിരഞ്ഞെടുപ്പില്‍ നിര്‍ത്താതിരിക്കാന്‍ സകല തന്ത്രങ്ങളും പയറ്റുന്നു. ഇവിടെ പാര്‍ട്ടി നേതൃത്വം ഫാസിസ്റ്റുകളാകുകയും വി.എസ്‌ പാര്‍ട്ടിക്കുളിലെ അച്ചടക്കത്തെ ഭയക്കാത്ത ജനാധിപത്യ പോരാളിയാകുകയും ചെയ്യുന്നു.

അവസാനം പാര്‍ട്ടി സെക്രട്ടറിയെ പരസ്യമായി വെല്ലുവിളിച്ച്‌ പാര്‍ട്ടിയുടെ എല്ലാ ജീര്‍ണ്ണതകളെയും തുറന്നെതിര്‍ത്തിരിക്കുന്നു. പാര്‍ട്ടിയില്‍ നിന്നും വി.എസ്‌ പുറത്തേക്ക്‌ വന്നാല്‍ ഇത്തരം തിരുത്തലുകള്‍ വി.എസിന്‌ സാധിക്കില്ല എന്നതാണ്‌ സത്യം.

ഒഞ്ചിയത്ത്‌ കേഡര്‍സ്വഭാവമുള്ള ഒരു ഏരിയയില്‍ ഒതുങ്ങുന്ന ചെറിയ പാര്‍ട്ടിയെ രൂപപ്പെടുത്തിയത്‌ പോലെ ഒന്ന്‌ രൂപപ്പെടുത്താന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വി.എസിന്‌ കഴിയണമെന്നില്ല. കാരണം ഒഞ്ചിയം പോലെ തീവ്രരാഷ്‌ട്രീയ പ്രവര്‍ത്തനം പേറുന്ന പ്രദേശങ്ങളൊക്കെ ഇന്ന്‌ കേരളത്തില്‍ വളരെ കുറവ്‌. ഇനി പുതിയ പാര്‍ട്ടി എന്ന ആശയത്തിന്‌ കഴിഞ്ഞാല്‍ തന്നെ ഗൗരിയമ്മയോ, എം.വിരാഘവനോ ചെയ്‌തതു പോലെ ചെറിയൊരു സംഘടനാ സംവിധാനവുമായി നിന്ന്‌ സി.പി.എമ്മിന്‌ എതിര്‍ക്കുന്നതുകൊണ്ട്‌ ഒരു പ്രയോജനവുമില്ല. പതിയെ പതിയെ വി.എസിന്റെ ശബ്‌ദം ചെറുതായി മാറുക മാത്രമായിരിക്കും അനന്തര ഫലം.

ഇനി ഇടതുപക്ഷ ഏകോപന സമതിയെയും മറ്റ്‌ ഇടതുപക്ഷ ആശയസംഘടനകളെയും ഒരുമിച്ച്‌ ഒരു കുടക്കീഴിലാക്കുക എന്ന ആശയവും നടപ്പിലാക്കിയെടുക്കാന്‍ വലിയ ബുദ്ധിമുട്ടു തന്നെയാവും. ഇടതുപക്ഷ ഏകോപന സമതിയില്‍ തന്നെ വ്യത്യസ്‌ത ആശയങ്ങളുള്ളവരാണ്‌ ഏറെയും. സി.പി.എമ്മിനെപോലെയൊരു വലിയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന്‌ ബഹുജനങ്ങളെ ആകര്‍ഷിക്കുന്നത്‌ പോലെ എളുപ്പമാവില്ല പുറത്തേക്ക്‌ വന്ന്‌ സമരമുഖം സൃഷ്‌ടിക്കുക എന്നത്‌. അപ്പോള്‍ പുറത്തേക്ക്‌ വരുന്ന വി.എസ്‌ ദുര്‍ബലനാകുമെന്നതിനൊപ്പം സി.പി.എമ്മില്‍ നിലവിലുള്ള തിരുത്തല്‍ കേന്ദ്രവും അവസാനിച്ചില്ലാതാകും. അതോടെ സി.പി.എം എല്ലാ അര്‍ഥത്തിലും നേതൃത്വം ആഗ്രഹിക്കുന്ന ഒരു ``അച്ചടക്കത്തിലേക്ക്‌'' കൂപ്പുകുത്തും.

എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നില്‍ക്കുന്ന വി.എസ്‌ എല്ലാ അര്‍ഥത്തിലും കേരളത്തിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ഗുണപരമായ നയങ്ങളാണ്‌ സ്വകരിച്ചു പോരുന്നത്‌. ലാവ്‌ലിന്‍ കേസില്‍ വി.എസ്‌ വിരുദ്ധ നിലപാടുകളും പ്രസ്‌താവനകളും നടത്തുമ്പോള്‍ അത്‌ പാര്‍ട്ടി നേതൃത്വത്തിനോടുള്ള താക്കീതാകുന്നു. മുന്നണിബദ്ധം ശക്തിപ്പെടുത്താന്‍ സി.പി.എം നേതൃത്വം ഇടതുപക്ഷ സ്വഭാവമില്ലാത്ത സംഘടനകളുമായി കൂട്ടുകൂടാന്‍ ശ്രമിച്ചപ്പോഴൊക്കെ എതിര്‍ത്ത്‌ തോല്‍പ്പിച്ചത്‌ വി.എസ്‌ തന്നെയാണ്‌. ആര്‍ക്കും അത്‌ നിഷേധിക്കാനാവില്ല. സി.പി.എമ്മിനെ എന്നും അടിച്ചമര്‍ത്തിയിട്ടുള്ള കരുണാകരന്‍ ഡി.ഐ.സി രൂപവല്‍കരിച്ചപ്പോള്‍ ഒപ്പം ചേര്‍ക്കാന്‍ മനസ്‌ കാണിച്ചത്‌ പിണറായി വിജയനാണ്‌. അന്ന്‌ അതിനെ എതിര്‍ത്ത്‌ തോല്‍പ്പിച്ചത്‌ വി.എസ്‌ അച്യുതാനന്ദനും. യാതൊരു ആശയ അടിത്തറയുമില്ലാതിരുന്ന ഡി.ഐ.സിയെ ഒപ്പം കൂട്ടിയിരുന്നെങ്കില്‍ അത്‌ സി.പി.എമ്മിന്റെ ആത്മഹത്യയായി മാറുമായിരുന്നു.

അവസാനം പാര്‍ട്ടിക്കും ഉപരിയായി ജനകീയ സമരങ്ങളിലേക്ക്‌ ഓടിയെത്തുന്നതും വി.എസ്‌ തന്നെയാണ്‌. കൂടംകുളം ആണവ നിലയ വിഷയത്തില്‍ സി.പി.എം കേന്ദ്രസര്‍ക്കാരിന്‌ അനൂകലമായ രഹസ്യ നിലപാട്‌ സ്വീകരിക്കുമ്പോള്‍ ജനതാത്‌പര്യം മുന്‍നിരത്തി വി.എസ്‌ സമരത്തോട്‌ അനുഭാവം പ്രകടിപ്പിക്കുന്നു. സി.പി.എം സംസ്ഥാന നേതൃത്വത്തിനും, കേന്ദ്രനേതൃത്വത്തിനും ഇത്‌ താല്‍പര്യമല്ല എന്നറിഞ്ഞിട്ടും കൂടംകുളത്തേക്ക്‌ പോകാന്‍ അദ്ദേഹം സന്നദ്ധനാകുന്നു. ഇങ്ങനെ പൊതുജനതയുടെ യുക്തിക്കൊപ്പം അദ്ദേഹം നിലയുറപ്പിക്കുന്ന വിഷയങ്ങള്‍ അനവധിയാണ്‌. അതുകൊണ്ടു തന്നെ പാര്‍ട്ടി വിട്ട്‌ പുറത്തു വരുന്ന വി.എസിനെയോ, പാര്‍ട്ടിക്ക്‌ വിധേയനാകുന്ന വി.എസിനെയോ അല്ല കേരളത്തിനാവശ്യം മറിച്ച്‌ സിപിഎമ്മില്‍ ഒരു സ്ഥിരം പ്രതിപക്ഷമായി തുടരുന്ന വി.എസിനെ തന്നെയാണ്‌ കേരളത്തിന്‌ ആവിശ്യം. ഒരുപക്ഷെ ഇത്‌ ഏറ്റവും നന്നായി അറിയാവുന്നതും വി.എസിന്‌ തന്നെയായിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക