Image

മണിയുടെ വിവാദ പ്രസംഗം: പോലീസ്‌ അന്വേഷണം തുടങ്ങി

Published on 26 May, 2012
മണിയുടെ വിവാദ പ്രസംഗം: പോലീസ്‌ അന്വേഷണം തുടങ്ങി
ഇടുക്കി: മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രതിയോഗികളെ കൊലപ്പെടുത്തിയെന്ന പരാമര്‍ശത്തിന്റെ പേരില്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ പ്രസംഗത്തിന്റെ ടേപ്പുകള്‍ പോലീസ്‌ പരിശോധിച്ചു.

തൊടുപുഴയിലെ പ്രാദേശിക കേബിള്‍ ചാനലിന്റെ അധികൃതരില്‍ നിന്നാണു ടേപ്പ്‌ ശേഖരിച്ചത്‌. മണിക്കെതിരേ കേസെടുക്കാനും ആലോചനയുണ്ട്‌.

ഇന്നലെയാണ്‌ ശാന്തന്‍പാറയിലും പീരുമേട്ടിലും പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ച നാല്‌ കോണ്‍ഗ്രസ്സുകാരെ സി.പി.എം. ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന്‌ വിവാദ പരാമര്‍ശം നടത്തിയത്‌.

തൊടുപുഴയ്‌ക്കടുത്ത്‌ മണക്കാട്‌ ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തിലാണ്‌, ഇടുക്കിയില്‍ പാര്‍ട്ടി രാഷ്ട്രീയക്കൊലപാതകങ്ങള്‍ നടത്തിയെന്നും ഏതൊക്കെ കേസുകളിലാണ്‌ അതെന്നും ജില്ലാ സെക്രട്ടറി വെളിപ്പെടുത്തിയത്‌.

അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട്‌ നാണപ്പന്‍ എന്നീ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാണ്‌ എം.എം.മണി പരാമര്‍ശിച്ച ശാന്തന്‍പാറ കേസില്‍ കൊല്ലപ്പെട്ടത്‌. 1982 നവംബര്‍ 13നാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ സേനാപതി മണ്ഡലം പ്രസിഡന്റായിരുന്ന അഞ്ചേരി ബേബിയെ വെടിവെച്ചുകൊന്നത്‌. മുള്ളന്‍ചിറ മത്തായിയെ തല്ലിക്കൊന്നത്‌ 1983 ജനവരി 16നായിരുന്നു. അതേവര്‍ഷം ജൂണ്‍ ആറിനാണ്‌ മുട്ടുകാട്‌ നാണപ്പനെ കുത്തിക്കൊന്നത്‌. മൂന്നു കേസിലും തെളിവുകളുടെയും സാക്ഷികളുടെയും അഭാവത്തില്‍ പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു.

2004 ഒക്ടോബര്‍ 20നാണ്‌ ബാലു പീരുമേട്ടില്‍ കൊല്ലപ്പെട്ടത്‌. ഈ കേസില്‍ പ്രതികളെ ശിക്ഷിച്ചു. മണിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ശാന്തന്‍പാറ കേസ്‌ പുനരന്വേഷിച്ചേക്കും.
മണിയുടെ വിവാദ പ്രസംഗം: പോലീസ്‌ അന്വേഷണം തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക