Image

കോവിഡ് അതിജീവനം: ഡോ.കെ.ഗോപാലകൃഷ്ണൻ പകരുന്ന നിരീക്ഷണങ്ങൾ: ആൻസി സാജൻ

Published on 19 May, 2020
കോവിഡ് അതിജീവനം: ഡോ.കെ.ഗോപാലകൃഷ്ണൻ പകരുന്ന നിരീക്ഷണങ്ങൾ: ആൻസി സാജൻ
കോവിഡ് അതിജീവനം എന്ന വിഷയം ആരോഗ്യമേഖലയിലും സാമൂഹിക ജീവിതത്തിലും ചോദ്യങ്ങളുയർത്തുകയാണ്. ലോകം കൊറോണ വൈറസിനെ എങ്ങനെ മറികടക്കും ,മുന്നോട്ടുള്ള ജീവിതം എങ്ങനെയാകും എന്നിങ്ങനെ ഒരു പാട് സംശയങ്ങളുണ്ട് നമുക്ക്. 

നിത്യജീവിതത്തിന്റെ കർമ്മങ്ങളിൽ നിന്നും ഉത്തരവാദിത്വങ്ങളിൽ നിന്നുമകന്ന് എത്ര നാളാണ് നാം ജീവിക്കുക. സർക്കാർ നിബന്ധനകൾ അനുസരിച്ച് എന്നും വീടകങ്ങളിൽ തുടരാനാവുമോ..?

ഈ ലോക് ഡൗണിൽ എന്നേയ്ക്കുമായി കുടുങ്ങിക്കിടക്കാനാവുമോ നമുക്ക്..?
അതിജീവനം പ്രായോഗികതലത്തിലേക്ക് ഉയരണമെങ്കിൽ ഈ വൈറസിനെ തുരത്തിയോടിക്കണം അല്ലെങ്കിൽ നമ്മെ ശല്യപ്പെടുത്താതെ ഒഴിവാക്കി നിർത്തണം.
ലോകത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി ഭയം നിറച്ച് കടന്നു വന്ന എയ്ഡ്സ് എന്ന ഭീകരരോഗത്തെ ഒതുക്കി നിർത്തിയത് ഈ സന്ദർഭത്തിൽ ചിന്തനീയമാണ്.

ഭൂമിയിൽ മനുഷ്യ ജീവിതം ആപൽക്കരമാണ് എന്ന വലിയ ഭയവുമായെത്തിയ എച്ച്.ഐ.വി യെ അതിജീവിച്ചത് പ്രതിരോധ വാക്സിൻ വഴിയല്ല; ഇന്നുവരെ അങ്ങനെയൊരു മരുന്ന് കണ്ടു പിടിച്ചിട്ടുമില്ല.എന്നാൽ എയ്ഡ്സിനെ ലോകം മെരുക്കിയെടുത്തത് സാമൂഹികമായ ഉറച്ച ബോധവൽക്കരണങ്ങളിലൂടെയാണ്. ജീവിതക്രമങ്ങളിലെ ചിട്ടയില്ലായ്മയാണ് ലൈംഗികമായി സംക്രമിക്കുന്ന എയ്ഡ്സ്, എന്ന ബോധ്യം വന്ന മനുഷ്യർ തങ്ങളെ ക്രമപ്പെടുത്തിയാണ് ആ രോഗത്തിൽ നിന്നും അകന്നു നിൽക്കുന്നത്. അതിന് പ്രതിരോധമായി ഉയർത്തിക്കാട്ടിയത് കോണ്ടം അഥവാ ഉറകളാണ്. ആരോഗ്യകരമായ ലൈംഗിക ശുചിത്വത്തിന്റെ ആവശ്യകതയെപ്പറ്റി ലോകം മുഴുവനും അവബോധം വളർത്തിയാണ് എയ്ഡ്സ് പ്രതിരോധിക്കാൻ കഴിഞ്ഞത്.ദേശീയ അന്തർദ്ദേശീയ ഏജൻസികൾ ഇതിനായി ദീർഘനാൾ പ്രവർത്തിച്ചു. ഇപ്പോഴും പ്രവർത്തനങ്ങൾ തുടരുന്നു. 

ഭയാനകമായ എച്ച്.ഐ.വി യെ പ്രതിരോധിച്ചതു പോലെ കൊറോണ വൈറസ് ബാധയെയും അകറ്റി നിർത്തി സാധാരണ ജീവിതം നയിക്കാൻ നമുക്ക് കഴിയും; ദൈനം ദിന മുന്നേറ്റങ്ങൾക്ക് ഇത് തടസമാകില്ല; എയ്ഡ്സിനെതിരെ കോണ്ടം ഫലപ്രദമായ പ്രതിരോധമായെങ്കിൽ കോവിഡിനെ പ്രതിരോധിക്കാൻ മാസ്കും ഗ്ളൗസ്സും സാനിറ്റെസറുമാണുള്ളത്. 

ഇക്കാര്യങ്ങളിൽ ശാസ്ത്രീയ നിർദ്ദേശങ്ങളുമായെത്തുന്നത് ദീർഘനാളായി എയ്ഡ്സ് ചികിൽസാ രംഗത്ത് പ്രവർത്തിക്കുന്ന ഡോ.കെ.ഗോപാലകൃഷ്ണനാണ്.അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കാം.

1986-ലാണ് എയ്ഡ്സ് ഉടലെടുക്കുന്നത്.ആദ്യകാലത്തൊക്കെ  രോഗം കഴിയുന്നത്ര രഹസ്യമാക്കി മൂടിവയ്ക്കാനാണ് ഏവരും ശ്രമിച്ചിരുന്നതെന്ന് അദ്ദേഹം പറയുന്നു.അതിജീവനം ഒരു കലയാണ്. പല രോഗങ്ങളും പ്രത്യേകിച്ച് സാംക്രമിക രോഗങ്ങൾ ഒരു പ്രത്യേക കാലാവധിക്കുള്ളിൽ ഒതുങ്ങുന്നവയാണ്.ഇതിന് ഒരു വെല്ലുവിളിയായി ഇന്നും ലോകത്ത് നിലനിൽക്കുന്ന രോഗമാണ് എച്ച് ഐ വി / എയ്ഡ്സ്. 35 കൊല്ലമായി ഗവേഷണങ്ങളും പരീക്ഷണങ്ങളും നടക്കുന്നുണ്ടെങ്കിലും ആ വൈറസിനെ ഇന്നും കീഴടക്കാൻ കഴിഞ്ഞിട്ടില്ല. ഒരിക്കൽ HIV പോസിറ്റീവ് ആയാൽ ജീവിതകാലമത്രയും ആ രോഗം ഒരുവനിൽ നിലനിൽക്കും. അതിജീവനത്തിന് മറ്റൊരു ഉദാഹരണമാണ് കൊതുകും ഡി ഡി ടി യും തമ്മിലുള്ള യുദ്ധം. കൊതുക് നിലനിൽക്കുന്നു അതു മൂലമുള്ള രോഗവും കടന്നു വരുന്നു.

എയ്ഡ്സിന് കോണ്ടം പ്രതിരോധമെന്നതു പോലെ കൊവിഡിന് മാസ്ക്, കയ്യുറ, സാനിറ്റൈസർ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ പ്രതിരോധ മുറകൾ നാം കൈക്കൊണ്ടിരിക്കുന്നു.

ഇനി ഇതെല്ലാം എങ്ങനെ സാധാരണക്കാർക്ക് മനസിലാവും വിധം പ്രചരിപ്പിക്കാം എന്നതാണ് പ്രധാനം.

ആരംഭകാലത്ത് എയ്ഡ്സിനെതിരായി കോണ്ടം ഉപയോഗം പറയുമ്പോൾ ലജ്ജ കൊണ്ടോ, ഉപേക്ഷകൊണ്ടോ ഈ വിഷയം തുറന്നു സംസാരിക്കാൻ ആരും ആഗ്രഹിച്ചിരുന്നില്ല. ബോധവൽക്കരണ ക്ളാസുകളിൽ വിരലിലെണ്ണാൻ പറ്റുന്നത്ര പോലും ആളുകൾ പങ്കെടുത്തിരുന്നില്ല.

ഇന്നത്തെപ്പേലെ ടെലിവിഷൻ അന്തിച്ചർച്ചകളും സോഷ്യൽ മീഡിയകളും മറ്റും ഇല്ലാത്തതിനാൽ രാഷ്ട്രീയക്കാരും മറ്റ് സാമൂഹിക പ്രവർത്തകരുമൊന്നും അഭിപ്രായങ്ങളുയർത്തിയില്ല. ഇതു കൊണ്ട് ഗുണദോഷങ്ങളുണ്ടായി.വലിയ വാഗ്വാദങ്ങൾ ഒന്നും നടന്നില്ല.

ഒറ്റപ്പെടുത്തിയ രോഗികളെ കണ്ണാടിക്കൂട്ടിലിട്ട് പരിശോധന നടത്തിയ ഡോക്ടർമാർ വരെ ഉണ്ടായിരുന്നു. ഇന്നത്തെ സാഹചര്യങ്ങളായിരുന്നു അന്നെങ്കിൽ സർവ്വരും ചേർന്ന് രോഗികളെ പിച്ചിച്ചീന്തിയേനെ.

എന്നു മരിക്കും  എന്ന ചോദ്യമായിരുന്നു ആദ്യകാലത്ത് തന്നെ സമീപിച്ച എയ്ഡ്സ് രോഗികൾക്ക് ചോദിക്കാനുണ്ടായിരുന്നതെന്ന് ഡോ.ഗോപാലകൃഷ്ണൻ പറയുന്നു.
ഉത്തരം പറയാൻ വളരെ എളുപ്പമുള്ള ചോദ്യമായിരുന്നു അത്. എന്നു മരിക്കും..? ഇനി എത്രനാൾ?

തനിക്കും അറിഞ്ഞുകൂടാത്ത ഈ ചോദ്യത്തിന് നർമ്മം കലർന്ന മറുപടികൾ നൽകി. പിന്നീട് കൗൺസലിങ് സെഷനുകളിലും ഇത്തരം സമീപനം ഏറെ പ്രയോജനപ്പെട്ടു.
എന്നാൽ ഒരിക്കലും വിട്ടു പോകാത്ത ഒരു ഇൻഫെക്ഷനല്ല കൊറോണ വൈറസ് എന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

എച്ച്.ഐ.വി യുടെ കാര്യത്തിൽ രോഗിക്ക് ഏറ്റം ഭീതി പകർന്നത്   ഏറ്റം ഭീകരമായ ഒറ്റപ്പെടുത്തൽ ആയിരുന്നു. ഇവിടെയും അത് തന്നെയാണ് സ്ഥിതി. ആംബുലൻസ് വരുന്നു, ഐസൊലേഷനിലേക്ക് മാറ്റുന്നു.ബന്ധുക്കളിൽ നിന്നൊക്കെ അകന്ന് ഒറ്റപ്പെട്ട്.. ഇതും രോഗിയുടെ മാനസിക നില വല്ലാതെ തകർക്കുന്നു. ജീവിതത്തിലേക്ക് മടങ്ങി വന്നാൽ കാണാം എന്ന മനസ്സുമായി ഉറ്റവരും യാത്രയാക്കുന്നു.

എച്ച്.ഐ.വി.ബാധിതനെയും ഇപ്രകാരം പൊതു ഇടങ്ങളിൽ നിന്നെല്ലാം അകറ്റി നിർത്തി. ചടങ്ങുകളിലൊന്നും തന്നെ പങ്കെടുക്കാൻ സമ്മതിച്ചില്ല.ഫലമോ പ്രിയപ്പെട്ടവയിൽ നിന്നെല്ലാം അകന്ന് ആശുപത്രികളിലും പുനരധിവാസ കേന്ദ്രങ്ങളിലുമൊക്കെ അവർ ഒതുങ്ങിക്കൂടി.

ഇന്നും തന്റെ എച്ച് ഐ വി സ്റ്റാറ്റസ് മറച്ചുവയ്ക്കാനാണ് രോഗികൾ ആഗ്രഹിക്കുന്നത്. സോഷ്യൽ സ്റ്റിഗ്മ എന്ന ഒറ്റവാക്കിൽ ഒതുക്കാം ഇതെല്ലാം. ഇവയെല്ലാം അതിജീവിച്ച് മാന്യമായ ജീവിത നിലവാരം പുലർത്തി മുന്നോട്ട് പോകുന്ന ഒരു പാട് രോഗികളുണ്ട്.
പോസിറ്റിവായ ക്രിയാത്മകമായ അവബോധന മാർഗ്ഗങ്ങളാണ് അതിന് നിയോഗിക്കപ്പെട്ട ഏജൻസികൾ നൽകേണ്ടത്. പ്രതീക്ഷയും പ്രത്യാശയുമുണർത്തുന്ന ബോധവൽക്കരണ മാർഗ്ഗങ്ങൾ തേടേണ്ടതുണ്ട്.

രാഷ്ട്രീയ നേതാക്കന്മാരോ മറ്റ് രംഗങ്ങളിലെ സെലിബ്രിറ്റികളോ അല്ല ശാസ്ത്രീയജ്ഞാനമുള്ളവരും ആരോഗ്യ പ്രവർത്തകരുമാണ് ഇക്കാര്യത്തിൽ മുമ്പോട്ട് വരേണ്ടത്.

എയ്ഡ്സ് ബാധയ്ക്കെതിരെ ലോകം മുഴുവനുമുയർന്ന ബോധവൽക്കരണ പരിപാടികൾ ഓർക്കുക.മാധ്യമങ്ങളും സോഷ്യൽ മീഡിയയും ക്ളാസുകളും എന്തിന് പൊതു ഇടങ്ങളിലെ ചുമരുകൾ പോലും സന്ദേശവാഹകരാകും.

ഇനിയങ്ങോട്ട് ജീവിക്കണമെങ്കിൽ നാം ഈ അതിജീവന മാർഗങ്ങൾ അവലംബിച്ചേ മതിയാകൂ.. ഭരണാധികാരികളും ആരോഗ്യമേഖലയും ഇക്കാര്യങ്ങളിൽ നിതാന്ത ജാഗ്രത പുലർത്തേണ്ടതുണ്ട്.

(1999 കാലം മുതൽ എയ്ഡ്സ് ചികിൽസാ രംഗത്ത് പ്രവർത്തിക്കുകയാണ് ഡോ..കെ .ഗോപാലകൃഷ്ണൻ.സി.എം.സി. വെല്ലൂരിൽ നിന്ന് എച്ച്ഐ വി മെഡിസിനിൽ ഫെലോഷിപ്പ് നേടി.ഇന്ത്യയിലെ ആദ്യ എയ്ഡ്സ് ബാധ ചെന്നൈയിൽ കണ്ടെത്തിയ ഡോ.സുനീതി സോളമൻ സ്ഥാപിച്ച ചെന്നൈയിലെ വൈ.ആർ.ജി.കെയറുമായി ചേർന്നാണ് ഡോ.ഗോപാലകൃഷ്ണൻ എച്ച്.ഐ.വി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. വിദേശങ്ങളിലും ഇന്ത്യയിലുമുള്ള പല സർവകലാശാലകളും ഏജൻസികളുമായി ചേർന്ന് എയ്ഡ്സിനെയും എച്ച്.ഐ.വി വൈറസിനെയും സംബന്ധിച്ച സാമൂഹികവും ചികിൽസാപരവുമായ ഗവേഷണ പ്രവർത്തനങ്ങൾ നടത്തി വരുന്നു.കോഴിക്കോട് പ്രൊവിഡൻസ് കോളേജിന് സമീപമാണ് താമസം.  e mail : medald2@gmail.com  )  ph: 91 93491 01739

കോവിഡ് അതിജീവനം: ഡോ.കെ.ഗോപാലകൃഷ്ണൻ പകരുന്ന നിരീക്ഷണങ്ങൾ: ആൻസി സാജൻ
Join WhatsApp News
Dr Sabu Rahiman 2020-05-19 09:40:51
Concise and comprehensive. Throws light into the importance of maintaining personal hygiene and preventive strategies. Congratulations
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക