Image

കോവിഡ് കാലത്തും കച്ചവടം (ദൽഹി കത്ത്: പി.വി തോമസ്)

Published on 20 May, 2020
കോവിഡ് കാലത്തും കച്ചവടം (ദൽഹി കത്ത്: പി.വി തോമസ്)
കോവിഡ് ഭൂമിയിൽ അതിന്റെ അധീശത്വം സ്ഥാപിക്കുകയും മനുഷ്യൻ ഈയ്യാംപാറ്റകളെപ്പോലെ മരിച്ചുവീഴുകയും ചെയ്തപ്പോൾ ഇന്ത്യയിലും അതിന്റെ ശക്തമായ പ്രതിഫലനം ഉണ്ടായി. ദേശീയ അടച്ചുപൂട്ടൽ പോലുള്ള കനത്ത നടപടികൾക്ക് ഈ മഹാമാരിയെ തളയ്ക്കാനായില്ല. പരിഭ്രാന്തരായി ജനം ഭരണാധികാരികളിലേക്ക് സഹായത്തിനായി ഉറ്റുനോക്കി. ലോക് ഡൗണും കഠിനമായ നിബന്ധനകളുമല്ലാതെ മറ്റൊന്നും ഗവൺമെന്റിന്റെ പക്കൽ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ തൊഴിൽ നഷ്ടപ്പെട്ടു. തൊഴിൽ ശാലകൾ പൂട്ടി .പട്ടിണിയും വറുതിയുമായി കുടുംബങ്ങളിലും സാമ്പത്തിക രംഗത്തും.ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ നിരാലംബരായി.അവർ തെരുവിലായി. ഗവൺമെന്റ് അവരെ അവരുടെ പാട്ടിന് വിട്ടു. ഇൻഡ്യാ വിഭജനത്തിനു ശേഷം കണ്ട ഏറ്റവും വലിയ പലായനത്തിന് തെരുവുകൾ സാക്ഷ്യം വഹിച്ചു നൂറു കണക്കിന് തൊഴിലാളികൾ വീടെത്താതെ നടുറോട്ടിലും റെയിൽ ട്രാക്കിലും മരിച്ചുവീണു. പെറ്റിട്ട കുഞ്ഞിന്റെ ജഡവുമായി അരക്കെട്ടിലെ ചോര ഉണങ്ങും മുൻപേ, അമ്മമാർ വീണ്ടും പലായനത്തിന്റെ ഭാഗമായി.
ദൽഹിക്ക് നിസഹായത കലർന്ന കഴിവുകേടിന്റെ നിസംഗത ആയിരുന്നു.എന്തോ സാമ്പത്തിക സഹായം ജനത്തിനായി കേന്ദ്രം പ്രഖ്യാപിക്കുന്നുണ്ടെന്ന ശ്രുതി ശക്തമായി കേട്ടിരുന്നു. ജനം പ്രതീക്ഷയോടെ അത് കാത്തിരുന്നു. കൂടിയേറ്റ തൊഴിലാളികൾ പലായനം തുടർന്നു. നൂറ് കണക്കിന് മൈലുകളുടെ അവസാനം കാണാത്ത എങ്ങും എത്താത്ത പലായനം. ജനനവും മരണവും അവർക്ക് കൂട്ടിനുണ്ടായിരുന്നു. ഭരണാധികാരികൾ കൂസി യില്ല.അവർ സാധാരണ അങ്ങനെയാണ് .

ശീതകാലത്തു നിന്നും വേനൽക്കാലത്തേക്ക് കാലം മാറി. പക്ഷേ, കോവിഡിന്റെ താണ്ഡവം തുടർന്നു.ഒട്ടേറെ ആരോഗ്യ തൊഴിലാളികൾ കോവിഡിന് കീഴടങ്ങി. അലിഖിതങ്ങളായ മൺകൂനകൾക്ക് ഉള്ളിൽ അവർ നിത്യവിശ്രമം കൊണ്ടു.
എല്ലാവർക്കും ആശ്വാസമായി കേന്ദ്ര ഗവൺമെന്റിന്റെ ഒരു വമ്പൻ പ്രസ്താവന ഒരു സുപ്രഭാതത്തിലുണ്ടായി. സംയുക്ത സൈനിക മേധാവി രൂപകല്പന ചെയ്ത അത്യുജ്ജ്വലമായ ഒരു സൈനിക പ്രകടനം വരുന്നു പ്രധാനമന്ത്രി അത് ഏറ്റെടുത്തു.ശ്രീനഗർ മുതൽ കന്യാകുമാരി വരെയും ഗുജറാത്തിലെ കച്ച് മുതൽ ആസാമിലെ ദീബ്രുഘട്ട് വരെയുള്ള പോർവിമാനങ്ങളുടെ ഒരു ഫ്ളൈപാസ്റ്റ് ആയിരുന്നു ദുരിതകാലത്തൊ ഈ ഒറ്റമൂലി. പോർവിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനങ്ങളും ഇൻഡ്യയ്ക്കു മുകളിലൂടെ ചീറിപ്പാഞ്ഞു. പുഷ്പവൃഷ്ടി നടത്തി. ആകാശ സല്യൂട്ട് ചെയ്തു.

അപ്പോഴും ജനം ക്ളേശത്തിൽ ആയിരുന്നു. കുടിയേറ്റ തൊഴിലാളികൾ അവരുടെ പലായനം തുടരുകയായിരുന്നു. വഴിയിൽ മരിച്ചുവീണ അവരുടെ ശവകുടീരങ്ങൾ പുളകം കൊണ്ടിരിക്കാം. സർക്കാർ സന്നദ്ധം ആയിരുന്നില്ല അത് അവരെ കൈ വെടിഞ്ഞു. പക്ഷേ ആർഭാടങ്ങൾക്കും ചമയങ്ങൾക്കും കുറവുണ്ടായിരുന്നില്ല. അത് അങ്ങ് ആകാശം മുട്ടെ നിന്നു ഘോഷിച്ചു.ആഘോഷങ്ങളും ആഹ്വാനങ്ങളും ആണല്ലോ ഭരണത്തിന്റെ മുഖമുദ്ര.

ഒടുവിൽ ഒരു സാമ്പത്തിക പാക്കേജ് എത്തി. മെയ് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദേശീയ സംപ്രേഷണത്തിലൂടെ അത് ചുരുൾ നിവർത്തി .20  ലക്ഷം കോടി രൂപയുടെ കോവിഡ് സാമ്പത്തിക പാക്കേജ്. അതിന്റെ ഉള്ളടക്കം ധനമന്ത്രി നിർമ്മല സീതാരാമൻ വരും ദിവസങ്ങളിൽ വെളിപ്പെടുത്തും.
ജനം പുളകം കൊണ്ടു. അല്ലെങ്കിൽ കൊണ്ടിരിക്കാം. മോദി കൊറോണ എന്ന വൈറസിനെ ചൊല്ലി വിലപിച്ചു.

ഒരു വൈറസ് ലോകത്തെ മാറ്റിമറിച്ചു.ഇതിനെയും അതിജീവിച്ച് മനുഷ്യരാശി മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. കൊറോണയെ ചുറ്റി ജീവിതം നിൽക്കരുത്. സാമ്പത്തിക പ്രവൃത്തികൾ പുനരാരംഭിക്കണം.

പക്ഷേ, ഇതൊന്നും ആയിരുന്നില്ല പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ കാതൽ. അദ്ദേഹം പുതിയൊരു സൂക്തം രാജ്യത്തിന് നൽകി. "ആത്മനിർഭര ഭാരത് " - സ്വാശ്രയ അല്ലെങ്കിൽ സ്വയം പര്യാപ്ത ഭാരതം.ഇതിനായി അഞ്ച് മൂലക്കല്ലുകളും അദ്ദേഹം അനാവരണം ചെയ്തു. ഇതൊന്നും ഇവിടെ വിസ്തരിക്കേണ്ട കാര്യമില്ല. കാരണം ഇവയിലൊന്നും യാതൊരു പുതുമയും ഇല്ല ഉദാഹരണമായി സ്വാശ്രയം. മഹാത്മജിയും നെഹ്റുവും എത്രയോ ദശാബ്ദങ്ങൾക്കു മുമ്പേ ഭാരതത്തെ ഇത് പഠിപ്പിച്ചിരുന്നു. ഇതൊന്നും നടപ്പിലായില്ലെന്നത് അവരുടെ മാത്രം കുറ്റമല്ല.
മോദിയുടെ പുതിയ വെളിപാടുകളും പുതിയതല്ല. എങ്കിലും അദ്ദേഹം, അദ്ദേഹത്തിന്റെ ആത്മനിർഭർ അഭിയാൻ തൊഴിലാളികളുടെയും ഇടത്തരക്കാരുടെയും കച്ചവടക്കാരുടെയും പുരോഗതി മുന്നിൽ കണ്ടു. മെയ്ക്ക് ഇൻ ഇന്ത്യയിലൂടെ എല്ലാവർക്കും ഐശ്വര്യ പൂർണ്ണമായ ഒരു ഭാവി അദ്ദേഹം വിഭാവന ചെയ്തു.
എത്രയോ മഹത്തരം..!

പക്ഷേ, ധനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൽ ഇതൊന്നും കണ്ടില്ല ജി ഡി പി യുടെ 10 ശതമാനം എന്നു പറഞ്ഞ് മോദി കൊട്ടിഘോഷിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ സിംഹഭാഗം ആർക്കാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് എന്നു പരിശോധിച്ചാൽ മനസിലാകും. പാക്കേജ് ജി ഡി പി യുടെ 10 ശതമാനം പോയിട്ട് വെറും 1.6 ശതമാനം മാത്രമെയുള്ളുവെന്ന്  സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പാക്കേജിൽ പ്രഖ്യാപിച്ചു ഒട്ടേറെ കാര്യങ്ങൾ പൊതുബജറ്റിൽ മുമ്പേ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതുമാണ്.
20 ലക്ഷം കോടിയും കോപ്പും ജനങ്ങൾക്ക് കൈയയച്ച് നൽകിയെന്ന് അവകാശപ്പെടുന്ന മോദി ഗവൺമെന്റ് ഭൂഗർഭവും (കൽക്കരി) ആകാശവും ബാഹ്യാകാശവും യുദ്ധസാമഗ്രി നിർമ്മാണവും എല്ലാം സ്വദേശ വിദേശ ചങ്ങാത്ത കുത്തക മുതലാളിമാർക്ക് കച്ചവടം ചെയ്തിരിക്കുകയാണ്; മഹാമാരിയുടെയും സാമ്പത്തിക പാക്കേജിന്റെയും മറവിൽ.

നിർമ്മല സീതാരാമൻ അഞ്ചു ഘട്ടങ്ങളിലായ് അഞ്ചു ദിവസം കൊണ്ട് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൽ കോവിഡ് മഹാമാരിയോ കുടിയേറ്റ തൊഴിലാളികളോ സാധാരണ ജനങ്ങളോ നിസാരമായ ശ്രദ്ധയേ ആകർഷിക്കുന്നുള്ളൂ. ഈ പാക്കേജിന്റെ ലക്ഷ്യം തന്നെ ചങ്ങാത്ത മുതലാളിമാരെ സഹായിക്കുകയാണെന്ന് സീതാരാമന്റെ പ്രസ് ബ്രീഫിoഗിന്റെ അഞ്ചാം ഘട്ടം വ്യക്തമാക്കും.
കൽക്കരിപ്പാടങ്ങൾ കുത്തകകൾക്കായി തുറക്കുകയാണ്. വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കകയാണ്. ബഹിരാകാശ ഗവേഷണ കുത്തക ഐ എസ് ആർ ഒ യിൽ നിന്നു സ്വകാര്യ കുത്തകകൾക്ക് നൽകുകയാണ്. പ്രതിരോധ വ്യവസായ സ്ഥാപനങ്ങളിൽ 74 ശതമാനം നിക്ഷേപം വിദേശ വ്യവസായികൾക്കായി തുറന്നിരിക്കുകയാണ്.

ഇതിനു മുൻപ് ഇത് 49 ശതമാനം ആയിരുന്നു.പൊതുമേഖല സ്ഥാപനങ്ങളായ ആയുധ നിർമ്മാണ ശാലകളുടെയും (ഓർഡിനൻസ് ഫാക്ടറി) ഹിന്ദുസ്ഥാൻ എയറോ നോട്ടിക്സ് ലിമിറ്റഡിന്റെയും (എച്ച് എൻ എൽ ) ഭാവി പരുങ്ങലിൽ ആണ്.

എന്ത് സ്വയംപര്യാപ്തത ?
എന്ത് മെയ്ക്ക് ഇൻ ഇൻഡ്യ ?
ദേശീയ വിദേശീയ കുത്തകകളെ ആശ്രയിക്കുന്നതാണോ സ്വയംപര്യാപ്തത ..?
ആരോഗ്യ മേഖലയിലെ സ്വകാര്യവൽക്കരണത്തിന്റെ ദോഷഫലങ്ങൾ കോവിഡ് പഠിപ്പിച്ചതാണ്. എന്നിട്ടും പൊതുമേഖലയോട് മോദിക്ക് എന്താണ് ഈ വിദ്വേഷം?
സാമ്പത്തിക പാക്കേജ്, കോവിഡ് ദുരിതത്തിൽപ്പെട്ട സാധാരണ ജനങ്ങളെ കാര്യമായി സഹായിക്കുകയില്ല.എന്നാൽ അതിന്റെ മറവിൽ നടത്തുന്ന ഈ കച്ചവടം ദേശത്തിന് ദൂരവ്യാപകമായ ദോഷം ചെയ്യും. അതിന് തെരഞ്ഞെടുത്ത സമയം സംശയാസ്പദമാണ്. കോവിഡാനന്തര കുടിയേറ്റ തൊഴിലാളികളുടെ ദുരന്തവും സാമ്പത്തിക പാക്കേജിന്റെ പൊള്ളത്തരങ്ങളും ചങ്ങാത്ത മുതലാളിക്ക് ഏർപ്പാടാക്കുന്ന മൊത്തക്കച്ചവടവും മോദി ഗവൺമെന്റിന്റെ വർഗ്ഗ സ്വഭാവമാണ് തുറന്നു കാണിക്കുന്നത്.
Join WhatsApp News
JACOB I 2020-05-26 15:01:25
Only people who have guaranteed income and pension are government employees. In Kerala, government employees are 3 percent of population, gets 70 percent of revenue. Just study for PSC or UPSC exams and get government jobs, job is secure. No fear of losing jobs because promotions are based on seniority. The unions will protect even the non-performing employees from dismissal. All others have the luxury of paying taxes and getting nothing in return. Then hang around govt offices for favors they are entitled to. Cha Cha ji created the world's largest bureaucracy.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക