Image

കോവിഡ് രോഗികളെ ശുശ്രൂഷിച്ചിട്ടും രോഗബാധ ഇല്ലാത്ത ഹെല്ത്ത് കെയര്‍ വര്‍ക്കര്‍മാര്‍; കൂടുതല്‍ പഠനം വേണ്ട വിഷയം (ഫ്രാന്‍സിസ് തടത്തില്‍)

Published on 20 May, 2020
കോവിഡ് രോഗികളെ ശുശ്രൂഷിച്ചിട്ടും രോഗബാധ ഇല്ലാത്ത ഹെല്ത്ത് കെയര്‍ വര്‍ക്കര്‍മാര്‍; കൂടുതല്‍ പഠനം വേണ്ട വിഷയം (ഫ്രാന്‍സിസ് തടത്തില്‍)
(കോവിഡ് രോഗികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ഒരു ഹെല്ത്ത് കെയര്‍ വര്‍ക്കറുടെ കുറിപ്പിനെ അധികരിച്ച് എഴുതിയത്)

ന്യു യോര്‍ക്കില്‍ കോവിഡ് ബാധിച്ചവരില്‍ മഹാഭൂരിപക്ഷം പേരും വീട്ടിലിരുന്നവരാണെന്നും അത് അമ്പരപ്പുളവാക്കുന്നുവെന്നും ഗവര്‍ണര്‍ ആന്‍ഡ്രൂ കോമൊ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. പൊതുധാരണ തിരുത്തിക്കുറിക്കുന്നതായിരുന്നു ഈ പഠന റിപ്പോര്‍ട്ട്. കോവിഡ് രോഗികളുമായി ഇടപെടുന്ന അശുപത്രി ജീവനക്കാര്‍, കടകളിലെ ജീവനക്കാര്‍, മറ്റ് ഫസ്റ്റ് റെസ്‌പോണ്ടേഴ്‌സ് എന്നിവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആണു കൂടുതലായി കോവിഡ് ബാധിച്ചത് എന്നാണു പൊതുവെ കരുതപ്പെട്ടിരുന്നത്.

ഗവര്‍ണര്‍ പറഞ്ഞത് സാധൂകരിക്കുന്ന വിധമാണു കൊറോണ രോഗികളെ പരിചരിക്കുന്ന ഹെല്ത്ത് കെയര്‍ വര്‍ക്കറുടെ കുറിപ്പ്. തനിക്കു കോവിഡ് വന്നു പോയിക്കാണുമെന്നും അതിനാല്‍ ശരീരത്തില്‍ അതിനു പ്രതിരോധം തീര്‍ക്കുന്ന ആന്റിബൊഡി ഉണ്ടാവുമെന്നും കരുതിയാണ് അവര്‍ ആന്റിബൊഡി പരിശോധനക്ക് പോയത്.

റിസല്ട്ട് വന്നപ്പോള്‍ ആന്റിബൊഡിയുടെ 'പൊടി' പോലുമില്ല. അതായത് കോവിഡ് വന്നിട്ടില്ല എന്നര്‍ഥം. (അതങ്ങു വന്നു പോകുകയായിരുന്നു നല്ലതെന്ന് അവരുടെ ആത്മഗതം!)

അപ്പോള്‍ രോഗികളുമായി ബന്ധപ്പെടുന്നതു മാത്രമല്ലാ കോവിഡ് വരാന്‍ കാരണമെന്നര്‍ഥം. ഇനിയും കോവിഡിന്റെ മായാജാലമൊന്നും ശാസ്ത്രത്തിനു മനസിലായിട്ടില്ല.

ചില ചോദ്യങ്ങള്‍. എന്തുകൊണ്ടാണ് അമേരിക്കയിലെ ഹെല്ത്ത് കെയര്‍ വര്‍ക്കേഴ്സിനു വ്യാപകമായി കോവിഡ്-19 വരാതിരുന്നത്? ഹെല്ത്ത് വര്‍ക്കേഴ്സില്‍ നല്ലൊരു ശതമാനത്തിനു കോവിഡ് -19 അവര്‍ പോലുമറിയാതെ വന്നു പോയിരുന്നുവെന്ന് (മെഡിക്കല്‍ ഭാഷയില്‍ അസിംറ്റൊമാറ്റിക്ക്) അടുത്ത കാലത്ത് ഹോസ്പിറ്റലുകളില്‍ നടത്തിവരുന്ന ജീവനക്കാരുടെ ആന്റിബോഡി ടെസ്റ്റിംഗില്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍ രോഗികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന നിരവധി ഹെല്ത്ത് കെയര്‍ വര്‍ക്കര്‍മാരില്‍ പലരിലും ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്താനായില്ലതാനും. ഇതെന്തൊരു വൈരുധ്യം?

കൊറോണ വൈറസ് ആദ്യം വ്യാപകമായിരുന്ന ന്യൂയോര്‍ക്ക്-ന്യൂജേഴ്സി മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ആയുധമില്ലാതെ യുദ്ധമുഖത്തേക്ക് എത്തിപ്പെട്ട പട്ടാളക്കാരെപ്പോലെയായിരുന്നു. വെറും സര്‍ജിക്കല്‍ മാസ്‌ക്കുമായി (അതു പോര) രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ആയിരക്കണക്കിന് ഹെല്ത്ത് വര്‍ക്കേഴ്സ് ഈ രണ്ടു സ്റ്റേറ്റുകളിലുമുണ്ട്. വൈകിയാണ് പെഴ്‌സനല്‍ പ്രൊട്ടക്ഷന്‍ കിറ്റുകള്‍ ലഭ്യമായത്.

ഇവരില്‍ ഭൂരിഭാഗം പേരിലും കോവിഡ് 19 വൈറസ് ബാധയുണ്ടാവുകയോ രോഗലക്ഷണം കാണിക്കുകയോ ചെയ്തിരുന്നില്ല

പുനര്‍വിചന്തനം നടത്തേണ്ട ഒരു വിഷയമാണിത്. ഹോസ്പിറ്റലുകളില്‍ എന്‍-95 മാസ്‌ക്കുകള്‍ ഉള്‍പ്പെടെയുള്ള പി.പി.ഇ. കിറ്റുകളും വെന്റ്റിലേറ്ററുകളും അത്യാവശ്യത്തിനു പോലും ഇല്ലെന്നാണു കോവിഡ് ശക്തിപ്പെട്ടപ്പോള്‍ പുറത്തു വന്ന വാര്‍ത്ത. ഇത് വ്യാപക വിമര്‍ശനത്തിനു കാരണമായി.

ന്യൂയോര്‍ക്കിലെ പല ഹോസ്പിറ്റലുകളിലും വെറും സര്‍ജിക്കല്‍ മാസ്‌ക്ക് മാത്രമാണ് ആദ്യകാലങ്ങളില്‍ നല്‍കിയിരുന്നത്. ന്യൂയോര്‍ക്ക് - ന്യൂജേഴ്സി സ്റ്റേറ്റുകളില്‍ കാട്ടുതീ പോലെയാണല്ലോ വൈറസ് വ്യാപനം നടന്നത്. അന്നൊക്കെ ആളുകള്‍ കൂട്ടത്തോടെ മരിച്ചുകൊണ്ടിരിന്നപ്പോള്‍ ഉള്ളില്‍ അണയാത്ത അഗ്നിയുമായായിരുന്നു ഹെല്ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ ജോലി ചെയ്തിരുന്നത്. എന്നിട്ടും അവരില്‍ മിക്കവരും കോവിഡിനെ അതിജീവിച്ചത് എന്തുകൊണ്ടാണെന്നാണ് പഠിക്കേണ്ടത്.

സുരക്ഷ മാര്‍ഗങ്ങളില്‍ വീഴ്ച വരുത്തിയവര്‍ക്കാകാം രോഗം വന്നു പോയതിന്റെ സൂചനയായ ആന്റിബോഡി കണ്ടെത്തിയിട്ടുള്ളത്. മാസ്‌ക്ക്, ഗ്ലൗവ്‌സ് എന്നിവ ധരിക്കുക, നിരന്തരം കൈ കഴുകുക, വീടുകളില്‍ എത്തിയാല്‍ ഉടന്‍ നല്ല ചൂടു വെള്ളത്തില്‍ ദേഹശുദ്ധി വരുത്തുക എന്നിവ ചിട്ടയോടെ ചെയ്താല്‍ കോവിഡിനെ നിഷ്പ്രയാസം നമ്മുടെ കുടുംബങ്ങളില്‍ നിന്നു അകറ്റി നിര്‍ത്താന്‍ കഴിയുമെന്നാണ് അവര്‍ നല്‍കുന്ന സന്ദേശം.

ഒരുപാടു പ്രതീക്ഷകള്‍ നല്‍കുന്ന അനുഭവമാണ് അവര്‍ പങ്കു വെച്ചിരിക്കുന്നത്. കോവിഡ് കാലം തുടങ്ങിയത് മുതല്‍ എണ്ണമറ്റ രോഗികളെ പരിശോധിച്ച അവര്‍ ആദ്യത്തെ രോഗിയെ പരിശോധിച്ചത് വെറും സര്‍ജിക്കല്‍ മാസ്‌ക്കുമായാണ്. പിന്നീട് പി.പി.ഇ. കിറ്റുകള്‍ ഉപയോഗിച്ചു ഒട്ടേറേ രോഗികളുമായി അടുത്ത സമ്പര്‍ക്കം (എക്‌സ്‌പോഷര്‍) പുലര്‍ത്തി.

പല ഇടവേളകളിലും നടത്തിയ കോവിഡ് 19 ടെസ്റ്റിംഗില്‍ ഫലം എപ്പോഴും നെഗറ്റീവ് ആയിരുന്നു. ആന്റി ബോഡി ടെസ്റ്റിലും ഫലം നെഗറ്റിവ്. ഈ സന്ദേശത്തിനു മറുപടിയായി പല ഹെല്ത്ത് കെയര്‍ വര്‍ക്കര്‍മാരും കുറിച്ചത് തങ്ങള്‍ക്കും ആന്റി ബോഡി നെഗറ്റീവ് ആണെന്നാണ്.

ഓരോ ദിവസവും കോവിഡ് -19 ന്റെ രൂപം മാറുന്നതിനനുസരിച്ച് ഭയാശങ്കകളുമായാണ് ഓരോ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത്. എന്നാല്‍ രോഗികളുടെ മുന്‍പില്‍ എത്തുമ്പോള്‍ ഭയം താനെ മാറും. എങ്കിലും ഓരോ ദിവസവും ജോലിക്കു പോകുമ്പോഴും കൊറോണ രോഗികള്‍ അധികം ഉണ്ടാകരുതേ എന്ന് പ്രാത്ഥിച്ചിട്ടാകും ഹോസ്പിറ്റലില്‍ എത്തുക. ആ പ്രാര്‍ത്ഥന എന്തോ ദൈവം കേട്ടില്ലെന്നു തോന്നുന്നു. കാരണം ഓരോ ദിവസവും രോഗികള്‍ കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. പലപ്പോഴും 10- 15 വരെ രോഗികളെ കാണേണ്ടി വന്നിട്ടുണ്ട്.

ഇത്രയേറെ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ അവിടെ കാത്തിരിക്കുന്ന തനിക്കും മക്കള്‍ക്കും കോവിഡ് വരരുതേ എന്ന് പ്രാത്ഥിച്ചുകൊണ്ടായിരിക്കും എത്തുക. ജോലി കഴിഞ്ഞു മടങ്ങുമ്പോഴുള്ള പ്രാത്ഥന ദൈവം ചെവികൊണ്ടുവെന്നതിനുള്ള തെളിവാണ് തന്നെയും കുടുംബത്തെയും ഒരു കുഴപ്പവുമില്ലാതെ ദൈവം ഇപ്പോഴും കാത്തുകൊണ്ടിരിക്കുന്നത്.- സന്ദേശം തുടരുന്നു.

എങ്കിലും ആത്മവിശ്വാസത്തോടെ രോഗികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തി. പലപ്പോഴും 10 മിനിറ്റിലേറെ അവരെ പരിശോധിക്കേണ്ടി വന്നപ്പോഴും ----------- നടത്തിയപ്പോഴും ഉള്ളില്‍ ഭയപ്പാടുണ്ടായിരുന്നില്ല.പിന്നീടാണ് വൈറസിന്റെ ഓരോ പാറ്റേണുകള്‍ ഓരോന്നായി പുറത്തു വരുന്നത്. ഡ്രോപ്പ് ലെറ്റ് (പ്രതലത്തില്‍ പരക്കുന്നത്) എന്നു കരുതിയിരുന്ന കൊറോണ വൈറസ് പിന്നീടാണ് എയര്‍ ബോണ്‍ (വായുവില്‍ നിലനില്‍ക്കുന്ന) ആണെന്ന് കണ്ടെത്തുന്നത്.

കൊറോണ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതുകൊണ്ട് പല തവണ കോവിഡ് 19 ടെസ്റ്റിംഗ് നടത്തിയിട്ടുണ്ടെങ്കിലും ഒരിക്കലും പോസറ്റീവ് ആയിരുന്നില്ല. ഇന്ന് ആന്റി ബോഡി ടെസ്റ്റ് നടത്തിയപ്പോഴും നെഗറ്റീവ്. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. കൊറോണ വൈറസിനെ നേരിടാന്‍ വെറും സര്‍ജിക്കല്‍ മാസ്‌ക്ക് മാത്രം മതിയാകും.

തനിക്കു വൈറസ് പടരാന്‍ ഏറെ സാധ്യതയുള്ള സാഹചര്യത്തിലാണ് ജോലി ചെയ്തിരുന്നത്. രോഗികളുമായി അത്രയ്ക്ക് അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിട്ടുമുണ്ട്. അതുകൊണ്ടു തന്നെ കുടുംബാംഗങ്ങള്‍ക്കും വൈറസ് ബാധിക്കാന്‍ സാഹചര്യമുണ്ട്. ഇതെല്ലാം മറികടന്നത് മാസ്‌ക്ക് ധരിച്ചും കൈ കഴുകിയും വീട്ടിലെത്തുമ്പോള്‍ നല്ല ചൂട് വെള്ളത്തില്‍ കുളിച്ചു ശരീരം ശുദ്ധീകരിക്കുന്നതുകൊണ്ടാണ്. ഇക്കാലങ്ങളിലെല്ലാം കോസ്‌ക്കോ, ഫാര്‍മേഴ്സ് മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ഒന്നിടവിട്ട ആഴ്ചകളില്‍ ഷോപ്പിംഗ് നടത്തിയപ്പോഴും മാസ്‌ക്കും ഗ്ലൗസും ഉപയോഗിക്കുകയും പിന്നീട് വീട്ടില്‍ എത്തിക്കുമ്പോള്‍ കുളിച്ചു ശുദ്ധി വരുത്തുകയും ചെയ്യുമായിരുന്നുവെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. എല്ലാത്തിനും ഉപരി ദൈവത്തിന്റെ പരിപാലനയും കൂടിയുണ്ട്.

ഇത്രയും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ തനിക്കു ആന്റിബോഡി നെഗറ്റീവ് ആണെങ്കില്‍ ഒരുകാര്യം ഉറപ്പിച്ചുപറയാം. എവിടെ പോയാലും മാസ്‌ക്ക് ധരിക്കുക. തിരിച്ചെത്തിയാല്‍ നന്നായി കൈ കഴുകുക. നിവൃത്തിയുണ്ടെങ്കില്‍ നല്ലവണ്ണം സോപ്പ് ഉപയോഗിച്ച് ചൂടുവെള്ളത്തില്‍ കുളിക്കുക. കൊറോണ വൈറസ് എന്ന മഹാമാരിയെ ഉറപ്പായും നമുക്ക് നേരിടാന്‍ കഴിയും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക