Image

റിപ്പബ്ലിക്കന്മാരെ ഒരു പാഠം പഠിപ്പിക്കണം

കൈരളി ന്യൂയോര്‍ക്ക്‌ Published on 26 May, 2012
റിപ്പബ്ലിക്കന്മാരെ ഒരു പാഠം പഠിപ്പിക്കണം
അമേരിക്കയിലേക്ക്‌ വീണ്ടും പുത്തന്‍ സാമ്പത്തിക പ്രതിസന്ധി ഒളിഞ്ഞു നോക്കുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ആഴ്‌ച മോര്‍ഗന്‍ സ്റ്റാന്‍ലി ക്വാര്‍ട്ടര്‍ലി റിപ്പോര്‍ട്ടില്‍ രണ്ടു ബില്യന്റെ നഷ്‌ടമാണ്‌ കാണിച്ചിരിക്കുന്നത്‌. കാരണം മുതല്‍ മുടക്കാന്‍ ഗ്യാരന്റി ഇല്ലാത്ത പോര്‍ഫോളിയയില്‍ ഗ്യാമ്പിള്‍ ചെയ്‌തു. ആര്‍ക്കാണ്‌ നഷ്‌ടം? ഓഹരി ഉടമകള്‍ക്കു തന്നെ.

മെറില്‍ ലിഞ്ചും, എ.ഐ.ജിയുമെല്ലാം പാപ്പരത്വം പ്രഖ്യാപിച്ച അന്നു മുതല്‍ ഒബാമാ ഭരണകൂടം വോള്‍ സ്‌ട്രീറ്റിനു മേല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന്‌ വാദിക്കുന്നതാണ്‌ പക്ഷേ കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മജോറിറ്റി വോള്‍സ്‌ട്രീറ്റിനുമേല്‍ മൂക്കുകയര്‍ ഇടേണ്ടതിനു പകരം പ്രസിഡന്റിനു മേലാണ്‌ മൂക്കുകയര്‍ ഇട്ടിരിക്കുന്നത്‌.

1999-ല്‍ ക്ലിന്റന്‍ അഡ്‌മിനിസ്‌ട്രേഷനാണ്‌ വോള്‍ സ്‌ട്രീറ്റ്‌ ഇന്‍വസ്റ്റേഴ്‌സിനു മേലുണ്ടായിരുന്ന ഗവണ്മേന്റ്‌
നിയന്ത്രണം എടുത്തുകളഞ്ഞത്‌. പ്രത്യേക കാരണം പ്രസിഡന്റ്‌ ക്ലിന്റന്റെ സമയത്ത്‌ അമേരിക്കയിലെ എല്ലാ ഇന്‍വസ്റ്റ്‌മന്റ്‌ ഫേംസും സമ്രുദ്ധമായി പണമുണ്ടാക്കുന്നുണ്ടായിരുന്നു. അതേ സമയം വോള്‍സ്‌ട്രീറ്റിനു മേല്‍ ഗവണ്‍മേന്റിനുള്ള നിയന്ത്രണം എടുത്തു കളഞ്ഞാല്‍ ഇന്നുണ്ടാക്കുന്നതിന്റെ നാലിരട്ടിയായിരിക്കും അമേരിക്കന്‍ ഇന്‍വസ്റ്റ്‌മന്റ്‌ ഫേംസ്‌ ഉണ്ടാക്കാന്‍ പോകുന്നതെന്ന വാഷിംഗ്‌ടണ്‍ ലോബിയുടെ നിരന്തര പരിശ്രമം ഫലിച്ചു. പക്ഷെ ഫലമോ, സാധാരണക്കാരന്റെ ചെറിയ സേവിംഗ്‌സ്‌ പോലും തട്ടിയെടുത്ത്‌ എക്‌സിക്യൂട്ടീവ്‌സ്‌ തങ്ങളുടെ ബോണസ്‌ കൂട്ടി . ആരോടു ചോദിക്കാന്‍? ലക്ഷക്കണക്കിന്‌ ആളുകളുടെ 401K വരെ നഷ്‌ടപ്പെട്ടു .

പണ്ട്‌ ഇന്ദിരാഗാന്ധി വലിയ പ്രൈവറ്റ്‌ ബാങ്കുകളെല്ലാം ദേശസവത്‌ക്കരിക്കാന്‍ നിര്‍ബന്ധിതയായി . അന്നത്തെ സിന്ധിക്കേറ്റ്‌ മെമ്പേഴ്‌സെല്ലാം സമരവുമായി വഴിയിലിറങ്ങി. പക്ഷേ ധനകാര്യ സ്ഥാപനങ്ങള്‍ എല്ലാം റിസേര്‍വ്‌ ബാങ്കിന്റെ വരുതിയില്‍ വേണം പ്രവര്‍ത്തിക്കാന്‍ എന്ന  തീരുമാനം
ഇന്ദിരാഗാന്ധി അചഞ്ചലമായി നടപ്പാക്കി. അതോടൊപ്പം സ്റ്റോക്‌ മാര്‍ക്കറ്റുകളിലും ഗവണ്മേന്റിന്‌ കണ്‍ട്രോള്‍ ഉണ്ടായി . ഫലം - അതിനു ശേഷം കാര്യമായ പാപ്പരത്വ പ്രഖ്യാപനങ്ങള്‍ ഒന്നും നടന്നിട്ടില്ല. എന്നുകണ്ട്‌ ഇന്‍ഡ്യ അമേരിക്കപോലെ സുഭിക്ഷമായ ഒരു രാജ്യമാണെന്നു വാദിക്കാനല്ല ശ്രമിക്കുന്നത്‌ മറിച്ച്‌, ലോകം എന്തു പറഞ്ഞാലും ഇന്‍ഡ്യ ഇന്‍ഡ്യയുടേതായ കാഴ്‌ചപ്പാടില്‍ മുന്നോട്ട്‌ പോകാന്‍ തീരുമാനിച്ചു. ലോകം മുഴുവന്‍ ക്രൈസിസ്‌ ഉണ്ടായിട്ടും ആ രാജ്യം ഇപ്പോഴും  പെയ്‌മന്റെല്ലാം സമയാസമയങ്ങളില്‍ നടത്തി മുന്നോട്ട്‌ പൊയ്‌ക്കെണ്ടിരിക്കുന്നു. അമേരിക്കയുടെ പാത പിന്തുടര്‍ന്ന ചില യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയെ പോലെ ഫൈനാന്‍ഷ്യല്‍ ക്രൈസിസില്‍ കിടന്ന്‌ ഉഴലുകയാണ്‌.

യൂറോപ്പില്‍ ഏകീകൃത നാണയ സമ്പ്രദായം (യൂറോ) കൊണ്ടു വന്നപ്പോള്‍ ബ്രിട്ടന്‍ മാത്രമെന്താണ്‌ യൂറോ ഗ്രൂപ്പില്‍ ചേരാതെ തങ്ങളുടെ പൗണ്ടുമായി മുന്നോട്ട്‌ പോകാന്‍ തീരുമാനിച്ചത്‌? കാരണം മറ്റൊന്നല്ല. പല രാജ്യങ്ങളെയും കൂട്ടിയിണക്കി കൊണ്ടുപോകുക അസാധ്യമായ ഒരു കാര്യമാണെന്ന കര്യത്തില്‍ അവര്‍ ബോധവാന്മാരായിരുന്നു. യൂറോപ്പിന്റെ തകര്‍ച്ചയും അമേരിക്കയുടെ വോള്‍സ്‌ട്രീറ്റ്‌ പതനത്തിന്‌ ആക്കം കുട്ടി.

ക്യാപിറ്റലിസം ഒരു പരിധി വരെ നല്ലതാണ്‌. പക്ഷേ കൂടുതലായാല്‍ അമൃതും വിഷം. എക്‌സിക്യൂട്ടീവ്‌സ്‌ സാധാരണ ജനങ്ങളുടെ മൂലധനത്തെപ്പറ്റി ശ്രദ്ധിക്കുമെന്നു ആരെങ്കിലും വിചാരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കു തെറ്റുപറ്റി. കാരണം
നിയന്ത്രണം ഇല്ലാത്ത ലോകത്ത്‌ മനുഷ്യന്റെ അത്യാഗ്രത്തിനു കടിഞ്ഞാണില്ല.

നവംബറില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ജനം ഇതെല്ലാം മനസ്സിലാക്കി പോളിംഗ്‌ ബൂത്തിലെത്തുമെന്ന്‌ കരുതാം കോണ്‍ഗ്രസിലും സെനറ്റിലും ഭുരിപക്ഷം ലഭിച്ചെങ്കില്‍ മാത്രമെ പ്രസിഡന്റിന്‌ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയുള്ള.

ഇത്തരുണത്തില്‍ അണ്ണാന്‍ കുഞ്ഞും തന്നാലായതെന്നു പറയുംപോലെ, തന്നാല്‍ കഴിവുള്ളതെല്ലാം ചെയ്യാന്‍ മലയാളികളും തയ്യാറാകണം . ആദ്യമായി മോര്‍ഗന്‍ സ്‌റ്റാന്‍ലിയുടെ സബ്‌സീഡിയറിയായ ചെയ്‌സ്‌ മന്‍ഹാട്ടനില്‍ നിന്ന്‌ തങ്ങളുടെ നിക്ഷേപങ്ങള്‍- സേവിംഗ്‌സ്‌ ബാങ്കുകളിലേക്ക്‌ മാറ്റുക . അത്യാവശ്യം തോന്നിയാല്‍ ബാങ്ക്‌ എക്‌സിക്യൂട്ടീവ്‌സിന്‌ ഒരു ബാങ്ക്‌ പാപ്പരാക്കാന്‍ അധികം സമയമൊന്നും വേണ്ടെന്നുള്ള കാര്യവും ഓര്‍മ്മയിലിരിക്കട്ടെ.

രണ്ടാമത്‌ അടുത്ത തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ സോഷ്യല്‍ സെക്യൂരിറ്റി സേവിംഗ്‌സ്‌ പോലും വാള്‍സ്‌ട്രീറ്റില്‍ ഇന്‍വസ്റ്റ്‌ ചെയ്യാന്‍ അവര്‍ മടിക്കില്ല. 401k നഷ്‌ടപ്പെട്ടിട്ട്‌ ഏതെങ്കിലും ഫൈനാന്‍ഷ്യല്‍ കമ്പനി തക്കതായ ഉത്തരം പറയാനോ നഷ്‌ടപ്പെട്ട തുക നല്‍കാനോ തിരിച്ചു വന്നോ ? അതു തെന്നെയായിരിക്കും സോഷ്യല്‍ സെക്യൂരിറ്റിയുടെയും ഗതി.

ഇത്രയും കുറിച്ചത്‌ മറ്റൊന്നിനും വേണ്ടിയല്ല. അമേരിക്കയുടെ കടം വാങ്ങിച്ചുള്ള ഇന്നത്തേ പോക്ക്‌ ശരിയല്ല. ടാക്‌സ്‌ കുറച്ചു നല്‍കുന്ന ധനാഢ്യര്‍ അല്‍പം കൂടി കൂടുതല്‍ തുക നല്‍കി രാജ്യത്തെ കടക്കെണിയില്‍ നിന്നും രക്ഷിക്കണമെന്നു പറയുന്നതില്‍
തെറ്റില്ല. എന്നാല്‍ അതിനെതിരെ ജനങ്ങളെ തറ്റിധരിപ്പിച്ചുകൊണ്ട്‌ ഭരണം കയ്യിലെടുത്ത്‌ സാധാരണ ജനങ്ങളെ കുപ്പക്കുഴിയില്‍ തള്ളുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയടെ നയത്തെ നഖശിഖാന്തം എതിര്‍ക്കാന്‍ തങ്ങളാല്‍ കഴിയുന്നത്‌ ചെയ്യാന്‍ എല്ലാവരും തയ്യാറാകണം.
റിപ്പബ്ലിക്കന്മാരെ ഒരു പാഠം പഠിപ്പിക്കണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക