Image

സ്ത്രീകളും സഹനവും (ബിന്ദു ടിജി )

Published on 25 May, 2020
 സ്ത്രീകളും സഹനവും  (ബിന്ദു ടിജി )
 
ഞാന്‍ കേരളത്തില്‍ നിന്ന് അകന്നു ജീവിക്കാന്‍ തുടങ്ങിയിട്ട് ഇരുപത്   വര്‍ഷങ്ങളായി.  വര്‍ഷം  തോറും നാട്ടില്‍ പോകുമ്പോള്‍ കേരളം ആകെ മാറിയിരിക്കുന്നു എന്നു കാണും.  പല വിധത്തിലും കേരളം മാറി ...ഷോപ്പിംഗ് മാളുകള്‍ മുതല്‍ ..ഇവന്റ്  മാനേജ്മെന്റ് വരെ ...വിദേശരാജ്യങ്ങ ളെ അനുകരിക്കുന്ന സമ്പ്രദായങ്ങള്‍ കാണാം. 
 
പലതും നമ്മുടെ സാമ്പത്തിക സാംസ്‌കാരിക പരിതഃസ്ഥിതിക്ക് യോജിക്കാത്ത കാര്യങ്ങളാണെന്നും തോന്നാറുണ്ട്. എന്നാല്‍ അത്യാവശ്യം മനുഷ്യജീവിതത്തിന് വരേണ്ട ഒരു പുരോഗമന ചിന്ത കേരളം സ്വീകരിക്കാന്‍ മടിക്കുന്നതില്‍  മനസ്സില്‍ വരാറുള്ള അമര്‍ഷം ചെറുതല്ല.
 
സമൂഹത്തില്‍  സ്ത്രീകളുടെ സ്ഥാനം, അറേഞ്ച്ഡ് മാര്യേജ്   എന്ന പ്രാകൃത സമ്പ്രദായം , സ്ത്രീധനം എന്ന കൊത്തി കൊല്ലുന്ന  വിഷപ്പാമ്പ് , മാമ്മോദീസ മുതല്‍ പെണ്‍കുട്ടികളെ സ്വര്‍ണ്ണത്തില്‍ കുളിപ്പിക്കാന്‍ ഒരുക്കി കിടത്തുന്ന അറപ്പ് തോന്നുന്ന ആഘോഷങ്ങള്‍.
 
കഴിഞ്ഞ വര്‍ഷം വീട്ടില്‍  പറയുന്നു അടുത്തവീട്ടിലെ ഒരു പെണ്‍കുട്ടി യുടെ  തിരണ്ടു കല്യാണം ക്ഷണിച്ചിരിക്കുന്നു   പോലും ! ഞാന്‍ തലകുനിച്ച് കേട്ടിരുന്നു, അടുത്ത ഭീകരത ഒരു സ്ത്രീയ്ക്ക് ഈ മാറിയ കാലത്തും തനിച്ച് ഒരു വീട്ടില്‍ പാര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ.  വീട് എന്നല്ല സമൂഹമായി വസിക്കുന്ന ഫ്‌ലാറ്റ്ല്‍ പോലും.  ലൈംഗിക മായ ആഗ്രഹങ്ങളിലെ  ഊതിപ്പെരുപ്പിച്ച അച്ചടക്കം - അത് ഇരു വിഭാഗത്തിനും ബാധകമാണ്.
 
ഇത്തരം വിഷയങ്ങളിലെല്ലാം   കാര്യമായ ഒരു പരിവര്‍ത്തനം മാത്രം ഞാന്‍ കേരളത്തില്‍ കാണാറില്ല. മയക്കുമരുന്ന് ഉപയോഗം കൊണ്ട് യുവജനങ്ങള്‍ ഇക്കാര്യത്തില്‍ 'പുരോഗമനം' എന്ന 'അധഃപതനം' ശീലമാക്കുന്നതൊഴികെ ഇക്കാര്യത്തില്‍ സംസ്‌കാരസമ്പന്നമായ  ഒരു നിലപാട് കൈവരിക്കാന്‍  കേരളത്തിനായിട്ടില്ല.
 
ചില കഥകളില്‍ പാമ്പ് ലൈംഗിക അക്രമത്തിന്റെ പ്രതീകമായി വായിച്ചിട്ടുണ്ട്. കെ ആര്‍ മീരയുടെ ആണെന്നാണ് ഓര്‍മ്മ ഒരു കഥയില്‍ ജനലഴിയിലൂടെ നോട്ടമിടുന്ന പാമ്പിന്റെ കണ്ണിനെ ചുറ്റിപ്പറ്റിയുള്ള വര്‍ണ്ണന പേടിച്ചു വിറച്ചാണ് വായിച്ചു തീര്‍ത്തത്.
അത് വായിച്ച രാത്രിയില്‍ ഉറക്കത്തില്‍ പാമ്പ് സ്വപ്നങ്ങളും ഭീകര ദൃശ്യങ്ങളും. 
 
എന്നാല്‍ കഥയില്‍ നിന്ന് ജീവനുള്ള പാമ്പായി ഹിംസയുടെ വഴിയിലൂടെ  ഇന്നത് സ്ത്രീ ശരീരത്തില്‍ ഇഴഞ്ഞു കയറിത്തുടങ്ങിയിരിക്കുന്നു . ബീഭത്സമായ  ഈ പ്രവര്‍ത്തി കേട്ട് ഞെട്ടല്‍ മാറുന്നില്ല. ഇതിനു കാരണങ്ങള്‍ അന്വേഷിച്ചു ചെല്ലുമ്പോള്‍ എത്തുന്നത്  വിവാഹവുമായി ബന്ധപ്പെട്ടുള്ള പണത്തിലും സ്വര്‍ണ്ണത്തിലുമാണ്. ബന്ധങ്ങളിലെ സ്വരച്ചേര്‍ച്ച കുറവ് അല്ലെങ്കില്‍ നഷ്ടപ്പെട്ട വിശ്വസ്തത  ഇതെല്ലം  പാശ്ചാത്യ രാജ്യങ്ങളില്‍ ഇണയെ കൊല്ലാനുള്ള കാരണമായി കേട്ടിട്ടുണ്ട് . എന്നാല്‍ കച്ചവടത്തിലെന്നതു പോലെ അധിക ലാഭം കിട്ടാത്തതിന്റെ പേരില്‍ അല്ലെങ്കില്‍ പണം /സ്വര്‍ണ്ണം കൊണ്ടുവരാത്തതിന്റെ പേരില്‍ ഭാര്യയെ അക്രമത്തിനു ഇരയാക്കുന്ന വ്യത്യസ്ത മായ രീതി  നമ്മുടെ രാജ്യത്തു മാത്രമാണ് അരങ്ങേറുക എന്ന് തോന്നുന്നു .
 
ഈ കുറ്റകൃത്യം ചെയ്തവരോട് അമര്‍ഷം തോന്നുമെങ്കിലും അവരെ അതിനു ഒരുക്കിയ ഒരു വികലമായ സാമൂഹ്യ പശ്ചാത്തലത്തെ കൂടി നാം അപഗ്രഥിക്കേണ്ടതുണ്ട്.
 
നമ്മുടെ  ഒരു പരാധീനത ലൈംഗികതയും വിവാഹവും തമ്മിലുള്ള ദൃഢമായ ഉരുക്കി ചേര്‍ക്കലാണ്. ഇത് വേര്‍തിരിക്കേണ്ടത് അത്യാവശ്യമാണെന്നാണ് എന്റെ മതം. 
 
ശരിയായ വിവാഹജീവിതമുള്ളവര്‍ വിശ്വസ്തമായി അത് നയിക്കട്ടെ. എന്നാല്‍ ലൈംഗിക ആവശ്യങ്ങള്‍ക്കുള്ള ഉപാധിയായി വിവാഹത്തെ കാണാതിരിക്കുക.  
 
ഇങ്ങിനെ വരുമ്പോള്‍ തന്നെ ഒരു സഹന ജീവിതത്തിന്റെ സ്വഭാവം ഇല്ലാതാകും.
 
ലൈംഗികമായ മനുഷ്യന്റെ ആവശ്യങ്ങള്‍ ഭക്ഷണം പോലെ തന്നെ അവന്റെ/ അവളുടെ /മനുഷ്യപ്രകൃതവുമായി ബന്ധപ്പെട്ടിരിക്കുന്ന  അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണ്   എന്ന് മനസ്സിലാക്കാനും അംഗീകരിക്കുവാനും ഇന്നും കേരളം (ഇന്ത്യ ) മടിക്കുന്നു എന്നത് ലജ്ജാകരമാണ്. അഗ്‌നിസാക്ഷിയുടെ കാലം മുതല്‍ നമ്മള്‍ നടത്തിക്കൊണ്ടിരുന്ന യുദ്ധങ്ങള്‍ ഇന്നും വിജയിക്കാനായിട്ടില്ല എന്നത് അത്യന്തം ഖേദകരമാണ് .
 
വിദ്യാസമ്പന്നരായ സമര്‍ത്ഥരായ സ്ത്രീകള്‍ വേണം മുന്നിട്ടിറങ്ങാന്‍ . ഏതെങ്കിലും കാരണം കൊണ്ട് അവിവാഹിതയായി ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു സ്ത്രീ അവളുടെ ജീവിതം മുഴുവനും ഒരു പുരുഷനുമായി അടുക്കാന്‍ പാടില്ല എന്ന് പറയുന്ന പൊള്ള സദാ'ചാര'ത്തിനെ കത്തിച്ചു 'ചാര' മാക്കുകയാണ് വേണ്ടത് .
 
എന്റെ പരിചയത്തിലെ ഒരു സ്ത്രീ ചെറുപ്രായത്തില്‍ വിവാഹശേഷം  ഭര്‍ത്താവ് തിരിഞ്ഞു നോക്കാതെ വീടുവിട്ടു പോയി . ജോലിയില്ല അവര്‍ക്ക് .   നീറി നില്‍ക്കുന്ന അവരുടെ ജീവിതം കാണുമ്പോള്‍ രോഷം അടക്കാനാവില്ല.  അഗ്‌നി പരീക്ഷക്കു തയ്യാര്‍ എന്ന് ബോര്‍ഡ് വെച്ച് ഇരിപ്പാണ് അവര്‍ ഇപ്പോഴും ! ഇതിനെന്താ ഇവിടെ പ്രസക്തി എന്നാവും.
 
സുഗതകുമാരി കവിതയില്‍ പറയുന്ന പോലെ 'ഇനി പറ്റില്ല എന്നുഗ്ര നിഷേധത്തില്‍ ജ്വലിക്കാന്‍' നേരമായിരിക്കുന്നു . ഇങ്ങിനെ സഹനത്തിന്റെ മെഴുകുതിരി രൂപമായി ജീവിക്കുന്നിടത്തോളം കാലം അടിമത്തത്തിന്റെ ചങ്ങല മുറുകുകയും വിഷസര്‍പ്പങ്ങളാല്‍ കൊല  ചെയ്യപ്പെടുകയും ആവും വിധി. ദുരന്തമാണെന്ന്  മനസ്സിലാകുമ്പോഴും  വിവാഹബന്ധങ്ങള്‍ മുറിക്കാന്‍ പലപ്പോഴും സ്ത്രീയും കുടുംബവും തയ്യാറാകാത്തതിന്റെ പുറകില്‍ ഇത്തരം വേദനിപ്പിക്കുന്ന നിര്‍ബന്ധ സദാചാരപാലനം ഉണ്ട്.  
 
അറേഞ്ച്ഡ് മാര്യേജ് എന്ന വാഴ്ത്തപ്പെട്ട സമ്പ്രദായത്തിന്റെ ഉപോല്പന്നമാണ് സ്ത്രീധനം. 
 
സ്ത്രീയെ ഒരു വില്പന ചരക്കായി കമ്പോളത്തില്‍ ഇറക്കി നിര്‍ത്തുക, കാലികള്‍ക്കു വില പറയുന്നതിന് തുല്യമായി ചില ചര്‍ച്ചകള്‍ നടത്തുക വിവാഹം തീരുമാനിക്കുക . 
 
കേരളം ആകെ മാറി എന്ന് നമ്മള്‍ ആവേശം കൊള്ളുമ്പോള്‍  ഏറെ പുരോഗമനം വരേണ്ട ഈ മേഖല അധോഗതിയില്‍ കിടക്കുന്ന കാഴ്ച ദുസ്സഹമാണ്. രസകരമായ പല വിവാഹാലോചന സംഭവങ്ങളും ഓര്‍മ്മയില്‍ വരും . എന്നെ കമ്പോളത്തില്‍ ഇറക്കിയ കാലത്ത് നാല് മുതല്‍ അഞ്ചു ലക്ഷം ആയിരുന്നു എന്നെപോലുള്ളവരെ വിറ്റൊഴിക്കാന്‍ നല്‍കേണ്ടുന്ന തുക . അത്രയും പണം അന്ന്  എന്റെ മാതാപിതാക്കള്‍ക്ക് ഇല്ലാതിരുന്നത് എത്രയോ ഭാഗ്യമായി എന്ന് പില്‍ക്കാലത്ത് ഓര്‍ത്ത് ചിരിച്ചിട്ടുണ്ട് . 
 
വിവാഹം മനുഷ്യന്റെ ആവശ്യമാണ് ആര്‍ഭാടമല്ല എന്ന്  കുടുംബവും സമൂഹവും തിരിച്ചറിയണം .  സ്ത്രീധനം എന്ന വിലകുറഞ്ഞ ഏര്‍പ്പാടിനോളം സ്ത്രീയെ അപമാനിക്കുന്ന മറ്റെന്താണുള്ളത് . സര്‍വ്വാഭരണ വിഭൂഷിതയായി നില്‍ക്കുന്ന വിവാഹരീതികള്‍ (പരസ്യങ്ങളും)  നിയമപരമായി നിരോധിക്കേണ്ടതുണ്ട് . 
ഒപ്പം സ്ത്രീധനവും നിയമപരമായി നിരോധിക്കണം .
 
മാതാപിതാക്കള്‍ക്ക് അവരുടെ ഷെയര്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കണമെങ്കില്‍ അതിനു വേറെ വഴിയുണ്ടല്ലോ .  ഇന്ന്  സ്ത്രീയുടെ മേലുള്ള അക്രമങ്ങളുടെ ഒരു വലിയ കാരണമാണ് കേരളത്തില്‍ (ഇന്ത്യയില്‍ ) പണം .അല്ലെങ്കില്‍ സ്വര്‍ണ്ണം . സാധാരണ ജീവിതങ്ങളില്‍ ഭാര്യയുടെ ശമ്പളം പിടിച്ചു വാങ്ങിയും ... ബാക്കിയുള്ള സ്ത്രീധനത്തിന് ചില്ലറ വഴക്കുകള്‍ നടത്തിയും ഒരു തരത്തിലുള്ള പിണങ്ങലും -ഇണ ങ്ങലും ആയി ഇതങ്ങു കടന്നു പോകും. എന്നാല്‍ ക്രിമിനല്‍ സ്വഭാവമുള്ളവരുടെ കയ്യില്‍ ചെന്ന് പെടുമ്പോഴാണ് സ്ത്രീകള്‍ ഇത്തരം ഭീകരമായ അവസ്ഥയില്‍ എത്തിച്ചേരുന്നത് . പലപ്പോഴും പുരുഷന്മാര്‍ മാത്രമല്ല ഇതിന്റെ പുറകില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ - അതില്‍ അമ്മായി 'അമ്മ , നാത്തൂന്‍ എന്നീ കഥാപാത്രങ്ങളും ഉണ്ടാകാറുണ്ട് എന്നോര്‍ക്കുക . 
 
പക്ഷെ ഇക്കാര്യങ്ങളിലെല്ലാം ഒരു പൊതു ഘടകം സ്ത്രീയില്‍ നിന്ന് പണം മോഹിക്കുന്നു എന്നതാണ് .. മറ്റൊരു തരത്തില്‍ വിവാഹം പുരുഷന് അനുകൂലമായ ലാഭക്കച്ചവടമാണെന്ന് അവര്‍ ജീവിക്കുന്ന സമൂഹം അവര്‍ക്ക് കൊടുക്കുന്ന ഉറപ്പിന്മേല്‍ പണിയുന്ന 'കൊലപതാക പ്പുര'കളാണ്  ഇത്.
 
എന്നാല്‍ വിവാഹത്തില്‍ പണമിടപാടുകള്‍ ഇല്ലാത്ത ഒരു സാമൂഹ്യ വ്യവസ്ഥിതി ഉയര്‍ന്നു വരികയാണെങ്കില്‍ തീര്‍ച്ചയായും ഈ ചിന്താഗതിക്ക് മാറ്റം വരും. ശൈശവ വിവാഹവും സതിയും തുടച്ചു നീക്കിയ നാം ഈ കച്ചവടവും നിയമപരമായി തടയണം . ഇത് കടിഞ്ഞാണിടാന്‍ നിയമപരമായ ഇടപെടല്‍ തന്നെയാണാവശ്യം.
 
ഒരുകാലത്ത് കേരളത്തിലെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തൊഴിലാളി - മുതലാളി വര്‍ഗ്ഗ അവകാശ ങ്ങള്‍ നേടിയെടുക്കാന്‍ പരിശ്രമിച്ചെങ്കില്‍ ( ഭൂപരിഷ്‌കരണ നിയമം പോലുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ അവര്‍ക്കു സാധിച്ചിട്ടുണ്ട്).   മാറിയ കാലത്ത്  സ്ത്രീ - പുരുഷ സമത്വാവകാശങ്ങളും ..മതേതരത്വവും നിലനിര്‍ത്തലാണ് ഈ പ്രസ്ഥാനങ്ങള്‍  ഏറ്റെടുക്കേണ്ട വെല്ലുവിളി . 
 
പുരോഗമന പ്രസ്ഥാനങ്ങളിലൂടെ  മാത്രമേ ഇത്തരം ബോധവല്‍ക്കരണം സാധ്യമാവൂ  എന്നതാണ്  സത്യം. ഇത് ഒരു രാത്രി കൊണ്ട് നേടിയെടുക്കാവുന്ന ഒന്നല്ല . എന്നാല്‍ ക്രമേണ വരും തലമുറയെ യെങ്കിലും ഈ അക്രമങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ഇപ്പോള്‍ ശ്രമം തുടങ്ങിയേ  തീരൂ.  വിദ്യാഭ്യാസ പാഠ പദ്ധതികളില്‍ ലിംഗ സമത്വം ഉള്‍പ്പെടുത്തി കൗമാരകാലങ്ങളിലേ വളരുന്ന മനസ്സുകളെ പാകപ്പെടുത്തേണ്ടതുണ്ട് . ജീവശാസ്ത്ര പരമായ കാരണങ്ങള്‍ കൊണ്ട് സ്ത്രീ ഇരയാണ് എവിടെയും.
 
സ്ത്രീസമത്വം നേടിയെടുത്തിട്ടുള്ള അമേരിക്കയില്‍ പോലും സ്ത്രീകളുടെ അവസ്ഥയില്‍ ഈ വേദനയുണ്ട് . പക്ഷെ കഠിനമായ നിയമങ്ങളിലൂടെ യാണ് ഇതിനെ രാഷ്ട്രം നിയന്ത്രിക്കുന്നത്. അതാണ് ഏക മാര്‍ഗ്ഗവും.
 
 സ്ത്രീകളും സഹനവും  (ബിന്ദു ടിജി )
Join WhatsApp News
Elcy Yohannan Sankarathil 2020-05-25 08:34:19
Very good write up Tig ! You are quite bold enough to reveal the adversities, vices, antiquities of our society, it is time to change many of the habituated customs, slowly it will happen, let us hope, keep it up, rgds.
വിദ്യാധരൻ 2020-05-25 10:48:14
സ്ത്രീകളോടുള്ള അസമത്വം ഇന്നും ഇന്നലെയും തുടങ്ങിയതല്ല . അത് ലോകത്തിന്റെ എല്ലാ ഭാഗത്തും കാണാം . ഇതിലേക്ക് പ്രധാനമായി സംഭാവന ചെയ്യുന്ന രണ്ടു സംഘടനകളാണ് മതവും രാഷ്ട്രീയവും . രണ്ടു മേഖലയിലും പുരുഷാധിപത്യം തല ഉയർത്തി നിൽക്കുന്നു. ഇതിന് അറുതി വരുത്തണം എങ്കിൽ പുരുഷനും സ്ത്രീയും ഒന്നിച്ചു നിന്നുള്ള പ്രവർത്തനം ആവശ്യമാണ് . അത് വീട്ടിൽ ആരംഭിക്കണം . ഭാര്യ, പെണ്മക്കൾ,ആൺമക്കൾ ഇവരെ തുല്യമായി സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയാത്ത ഒരു പുരുഷൻ, സമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ അവനെപ്പോലെയുള്ളവരുടെ വലിയ ഒരു സംഘത്തെ കാണാൻ കഴിയും. അമേരിക്കയിലാണെങ്കിൽ ട്രംപിനെ നോക്കിയാൽ മതി. സ്ത്രീകളെ ചവുട്ടിമെതിച്ചിട്ടും അതിനെ വാഴ്‌ത്തി സ്തുതിക്കുന്ന ചില മലയാളികളെ എനിക്കറിയാം . ജീവിതത്തിൽ പരാജയപ്പെട്ടവരാണ്, വിവാഹ മോചിതർ, അമ്പലത്തിലും ദേവാലയത്തിലും, സ്വന്തം കഴിവ് തിരിച്ചറിയാതെ , കൈ മലർത്തി പ്രാർത്ഥിക്കുന്നവർ തന്നെക്കാളും വിദ്യാഭ്യാസ യോഗ്യത ഉള്ളവളും, കൂടുതൽ വരുമാനമുള്ളവളുംമായ ഭാര്യയെ നോക്കി, മനസ്സിൽ അമർഷം കൊള്ളുന്നവർ, അമേരിക്കയിൽ വന്നിട്ടും ഒരു ഫോണിൽ കൂടി ഇംഗ്ളീഷിൽ സംസാരിക്കാൻ സ്വന്തം ഭാര്യയെ ആശ്രയിക്കേണ്ടി വരുന്നവർ, മക്കളോട് ശരിയായി സംവദിക്കാൻ കഴിയാത്തവർ, ഇവരെല്ലാം ട്രംപിനെപലെയുള്ളവരുടെ ബേസിൽ വന്നടിഞ്ഞിട്ടുണ്ട് . ഇവർ സ്ത്രീയെ പീഡിപ്പിക്കുന്നതും, ബാലാൽസംഗം ചെയ്‌യുന്നതും പരുഷത്വത്തിന്റെ ലക്ഷണമായിട്ടാണ് കാണുന്നത് . അങ്ങനെയുള്ളവർ അതിനെ വാഴ്ത്തി പുകഴ്ത്തും . ഇത്തരക്കാരെ ഇനി റീഹാബിൽറ്റേറ്റ് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല . ചെയ്യതാൽ നല്ലത് . ഇവരൊക്കെയാണ് പാമ്പിനെകൊണ്ട് ഭാര്യയെ കടിപ്പിച്ചു കൊല്ലുന്നതും , ഫ്രാങ്കോയെപ്പോൽയുള്ള പുരോഹിതന്മാരെ തലയിലേറ്റി നടക്കുന്നതും, ശബരിമലയിലും, മെക്കയിലും , പള്ളിയുടെ അൾത്താരയിലും , അമ്പലത്തിലെ ശ്രീകോവിലും സ്ത്രീ കയറിയാൽ അശുദ്ധവുമാകും എന്ന് വാദിക്കുന്നവർ ഇക്കൂട്ടരാണ് . ആർത്തവ രക്തം ശ്രീകോവിലിനെയും , ബലിപീഠത്തെയും മെക്കയെയും അശുദ്ധമാക്കും എന്ന് വാദിക്കുന്ന ഇക്കൂട്ടർക്ക് കാമാസക്തി തീർക്കുമ്പോൾ ഇതോന്നും ഒരു പ്രശനമല്ല . പുരോഹിതവർഗ്ഗവും ശാന്തിക്കാരനും, മുള്ളായും കാമശാന്തിക്ക് വേണ്ടി സ്ത്രീയെ ബലിപീഠത്തിലും , ശ്രീകോവിലിലും ഒക്കെ കിടത്തുന്നതിൽ അവർക്ക് ഒരു ഉളിപ്പുമില്ല . മനഃശാന്തി തേടി വരുന്ന ഭക്തകളെ വശത്താക്കി, അവരോടൊപ്പം ലൈംഗികം വേഴച്ച നടത്തുന്ന പുരോഹിതന്മാരുടെ നാറിയ ചിത്രങ്ങൾ കണ്ട് മടുത്തു. ഗർഭച്ഛിദ്രം വിശ്വാസങ്ങൾക്ക് എതിരാണെന്ന് വാദിക്കുകയും, സുപ്രീം കോർട്ടിൽ സമ്മർദ്ദം ചെലുത്തിക്കയും ചെയ്യുന്ന ഇക്കൂട്ടർ എത്ര സ്ത്രീകളെ ഗര്ഭിണികളാക്കുന്നു എന്ന് അത് കാണുന്ന ദൈവം എന്ന് പറയുന്ന ഒരാൾ ഉണ്ടെങ്കിൽ അങ്ങേർക്ക് മാത്രം അറിയാം ( ദൈവങ്ങൾ മിക്കതും പുരുഷന്മാരാണല്ലോ -സ്ത്രീ ദൈവങ്ങൾ ഉണ്ടെങ്കിൽ തന്നെ അത് അവരുടെ വെപ്പാട്ടികൾ ആയിരിക്കും ) "കാപട്യകണ്ടകം കർക്കശത കൊടും കാളാശ്മകണ്ഠം നിറഞ്ഞതാണീ സ്ഥലം ഞെട്ടി തെറിക്കും വിടരാൻ തുടങ്ങുന്ന മൊട്ടുപോലുള്ള മനസിതു കാണുകിൽ " (ചങ്ങമ്പുഴ )
Sudhir Panikkaveetil 2020-05-26 09:41:21
ഭാരതീയരെ സംബന്ധിച്ചെടത്തോളം ലൈംഗീകബന്ധത്തിനു മക്കളെ പ്രേരിപ്പിക്കുന്ന ഒരു ഉപാധിയാണ് വിവാഹം. വിവാഹത്തിന്റെ മഹാത്മ്യം അവിടെ അവസാനിച്ചു. പിന്നെ കണക്കുകൂട്ടലുകളോടെയുള്ള വിവാഹം. അമേരിക്കയിൽ വരാൻ വേണ്ടി ഒരു നേഴ്‌സിനെ കിട്ടിയെന്നു പറയുന്ന മലയാളികൾ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ടായിരിക്കാം. നേഴ്‌സിന്റെ ഉദ്യോ ഗം മോശപ്പെട്ടതാണെന്ന വിശ്വാസവും. അമേരിക്കൻ മലയാളി എഴുത്തുകാർ നേഴ്‌സിനെ കളിയാക്കി രചനകൾ നടത്തിയിട്ടുണ്ട്. സെക്സ് വേണം, കുട്ടികൾ വേണം അത് നേടാൻ സമൂഹം കല്പിക്കുന്ന മാർഗം വിഹാഹമാണ്. വിവാഹജീവിതം എങ്ങനെ പോകുന്നുവെന്ന് സമൂഹത്തിനു പ്രശ്നമല്ല. നബി പറഞ്ഞുവെന്നു വിശ്വസിക്കുന്നപോലെ പോറ്റാൻ കഴിവുണ്ടെങ്കിൽ മൂന്നാലു പെണ്ണ്ങ്ങളെ നിക്കാഹ് കഴിച്ച സുഖമായി കഴിയുക. എന്തിനാണ് കൊല്ലാനും കുഴിച്ചുമൂടാനും പോകുന്നത്. മനുഷ്യർ തന്നെയുണ്ടാക്കിയ നിയമങ്ങൾ അവനെ കുരുക്കുന്നു. പാതിവൃത്യവും ഏക പത്നി വ്രതവും ഘോഷിച്ച ത്രേതായുഗം കഴിഞ്ഞുവന്ന ദ്വാപര യുഗത്തിൽ സ്ത്രീ അഞ്ചു ഭർത്താക്കന്മാരെ സ്വീകരിച്ച്. കലിയുഗത്തില് അങ്ങ് കൊച്ചു കേരളത്തിൽ ഇഷ്ടം പോലെ ഭർത്താക്കന്മാരെ സ്വീകരിക്കാൻ ഒരു സമൂഹത്തിലെ ഒരു വിഭാഗത്തിലുള്ള സ്ത്രീകൾക്ക് അധികാരമുണ്ടായിരുന്നു. സമൂഹം ഒരു സർപ്പത്തെപ്പോലെ മനുഷ്യനെ നോക്കിയിരിക്കുമ്പോൾ ആ പരിഭ്രാന്തിയിൽ അവൻ എന്തൊക്കെ ചെയ്യുകയില്ല. അപ്പോൾ കൊല്ലേണ്ടത് ആ സർപ്പത്തെയാണ്.
Bindu Tiji 2020-05-26 11:59:14
വായനയ്ക്കും അഭിപ്രായങ്ങൾക്കും ഏറെ നന്ദി .
V. J. Kumar 2020-05-26 12:49:30
Lot of bishops from the churches have several immoral relationships with many women. Very unfortunate.
Sreedevi Krishnan 2020-05-27 23:41:22
I can't agree more ,Bindu's article is an honest attempt to peek at our Society in India .She clearly brought out the fate of an average Indian woman .From the womb to death bed ,she suffers violence - Foeticide. Infanticide ,incest , bride viewing ,Dowry , Dowry harassment ,Dowry murder etc are accepted by even educated Indians . The daughters are considered heavy burden on their parents to be rid off by marriage, that too paying Dowry .After the arranged marriage ,the girl suffers in silence, the harassment ,humiliating & cruel treatment in her husband's house for inadequate Dowry. failure to meet more demands or even giving birth to a female child . When their tolerance reach the climax they turn to their families. Parents turn a deaf ear to their loving daughter's endless sufferings, as they would see their daughter 'unhappily married' than 'happily single'. When the inevitable tragedy strikes ,the blame- game starts between the wife's & husband's parties . Unless and until there is a sea change in our concept of marriage, women's role in a family , her ability to make decisions on her own life ,like in advanced countries, India would remain in this primitive era with absolutely no claim to civilization Thanks Bindu ,keep writing to point out the social evils prevalent in our country
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക