Image

മണി മുഴക്കത്തില്‍ വിറച്ച്‌ സിപിഎം

ജി.കെ. Published on 27 May, 2012
മണി മുഴക്കത്തില്‍ വിറച്ച്‌ സിപിഎം
മണിയാശാന്‍ പണ്‌ടേ ഇങ്ങനെയാണ്‌. പറയാനുള്ള കാര്യങ്ങള്‍ ആരുടെ മുഖത്തു നോക്കിയായാലും വെട്ടിത്തുറന്നങ്ങ്‌ പറയും. മണിയാശാന്റെ ഈ സ്വഭാവവിശേഷത്തെപ്പറ്റി ഭൂമി മലയാളത്തില്‍ ഇനി ആര്‍ക്കെങ്കിലും സംശയമുണ്‌ടായിരുന്നെങ്കില്‍ അത്‌ കഴിഞ്ഞ ദിവസത്തോടെ തീര്‍ന്നു. മൂന്നാറില്‍ കൈയേറ്റമൊഴിപ്പിക്കാന്‍ വരുന്നവരുടെ കൈവെട്ടും കാല്‍വെട്ടുമൊന്നൊക്കെ മലമുകളില്‍ നിന്ന്‌ ഗീര്‍വാണമടിക്കാന്‍ മാത്രമല്ല, ചിലതു ചെയ്‌തുകാണിക്കാന്‍ കൂടി കഴിയുമെന്ന്‌ ആശാന്‍ തെളിയിച്ചിരിക്കുന്നു.

ഇടുക്കിയിലെ പാര്‍ട്ടിയെ നയിക്കാന്‍ മാത്രമല്ല, വേണ്‌ടിവന്നാല്‍ ഒഞ്ചിയത്തുകാരെയും നിലക്കു നിര്‍ത്താനാവുമെന്നാണ്‌ മണിയാശാന്‍ മൂന്നാറിലെ മലമുകളില്‍ നിന്ന്‌ വിളിച്ചുപറയുന്നത്‌. പ്രതിയോഗികളെ വകവരുത്തുന്ന പാര്‍ട്ടിയാണോ സിപിഎം എന്ന സന്ദേഹം അതിശക്‌തമായി ഉയര്‍ന്ന വേളയില്‍ അങ്ങനെ തന്നെ എന്നു തുറന്നടിച്ചുകൊണ്‌ടു പാര്‍ട്ടിയെ വാരിക്കുഴിയില്‍ വീഴ്‌ത്തിയിരിക്കുകയാണ്‌ എം.എം. മണി. ടി.പി.ചന്ദ്രശേഖരന്‍ വധത്തെത്തുടര്‍ന്ന്‌ ദിവസേനയെന്നോണം പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ തീര്‍ക്കുന്ന ചതിക്കുഴികളില്‍ നിന്ന്‌ കരകയറാന്‍ ആഞ്ഞു ശ്രമിക്കുന്നതിനിടെയാണ്‌ മണിയാശാന്‍ ഈ വാരിക്കുഴി ഒരുക്കിയതെന്നത്‌ സിപിഎമ്മിലെ ഔദ്യോഗികപക്ഷത്തിന്‌ മര്‍മത്തിലേറ്റ അടിയായി.

ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും രാഷ്‌ട്രീയ എതിരാളികളെ വകവരുത്തുന്ന ശീലം സിപിഎമ്മിനില്ലെന്നും എം.വി.രാഘവന്‍ മുതല്‍ അബ്‌ദുള്ളക്കുട്ടിവരെയുള്ളവരുടെ ഉദാഹരണങ്ങള്‍ നിരത്തി പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ആണയിടുന്നതിനിടെയാണ്‌ മണിയാശാന്റെ പാര്‍ട്ടിയുടെ നെഞ്ചത്തു കയറി നിന്ന്‌ ഈ കൂട്ടമണി അടിച്ചത്‌. അതില്‍ അമ്പരന്നു നില്‍ക്കുന്ന പാര്‍ട്ടി നേതൃത്വമാകട്ടെ ഒന്നും പ്രതികരിക്കാന്‍ പോലുമാകാത്ത മരവിച്ച അവസ്ഥയിലുമാണ്‌. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനുശേഷം വി.എസിന്റ കുറ്റവിചാരണയെന്ന ഒറ്റ അജണ്‌ടയില്‍ അച്ചടക്കത്തോടെ മുന്നോട്ടുപോകുകയായിരുന്നു ഔദ്യോഗികപക്ഷത്തിന്‌ കഴിഞ്ഞ ആഴ്‌ച ടി.കെ.ഹംസയും ഇപ്പോള്‍ എം.എം.മണിയും നടത്തിയ പ്രസ്‌താവനകള്‍ നല്‍കുന്ന തിരിച്ചടി ചില്ലറയല്ല.

അഭിപ്രായവ്യത്യാസമുള്ളവരെ ശാരീരികമായി ഇല്ലായ്‌മ ചെയ്യല്‍ പാര്‍ട്ടിയുടെ നയമല്ലെന്ന്‌ 15നു ചേര്‍ന്ന സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയിലൂടെ വിശദീകരിച്ചിരുന്നു. സി പി എം എന്തല്ലെന്നു സ്ഥാപിക്കാന്‍ കേന്ദ്ര-സംസ്ഥാന നേതൃത്വം ശ്രമിച്ചുവോ അതല്ല ഇതാണ്‌ പാര്‍ട്ടി എന്നാണ്‌ മണിയാശാന്‍ ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുന്നത്‌. പാര്‍ട്ടിക്കെതിരെ പൊതുസമൂഹത്തില്‍ വി.എസ്‌. അച്യുതാനന്ദന്‍ ഉയര്‍ത്തിയതിനേക്കാള്‍ ഗുരുതരമായ പ്രത്യാഘാതമുണ്‌ടാക്കുന്നതാണ്‌ ജില്ലാസെക്രട്ടറിയുടെ പരാമര്‍ശങ്ങള്‍. മണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസുകള്‍ പുനരന്വേഷിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്‌ ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ മുന്നോട്ടുവന്നു കഴിഞ്ഞു.

കൊലക്കത്തിക്കിരയായവരുടെ കുടുംബാംഗങ്ങളും അന്വേഷണമാവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്‌. ഡിജിപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ കേസ്‌ഡയറി ഹാജരാക്കണമെന്ന നിര്‍ദ്ദേശം െ്രെകം റെക്കാര്‍ഡ്‌സ്‌ വിഭാഗത്തിന്‌ നല്‍കിക്കഴിഞ്ഞു. ടി.പി.ചന്ദ്രശേഖരന്‍ വധത്തെ പ്രതിരോധിക്കാന്‍ പോലുമാകാതെ വിയര്‍ക്കുന്ന പാര്‍ട്ടി നേതൃത്വത്തെ ഫലത്തില്‍ മൂന്നു പതിറ്റാണ്‌ടിനു മുമ്പ്‌ നടത്തിയ കൊലപാതകങ്ങള്‍ക്കു കൂടി ഉത്തരം പറയേണ്‌ട ഗതികേടിലേക്കാണ്‌ മണിയാശാന്‍ തള്ളിയിട്ടിരിക്കുന്നത്‌. പ്രതിയോഗികളെ പാര്‍ട്ടി വെട്ടിവീഴ്‌ത്തിയിട്ടുണെ്‌ടന്ന വെറും സത്യവാങ്‌മൂലം സമര്‍പ്പിക്കുക മാത്രമല്ല മണിയാശാന്‍ ചെയ്‌തതെന്നതും ഗൗരവതരമാണ്‌. കൊലപ്പെട്ടത്തിയ ആളുകളും കൊലപ്പെടുത്തിയ രീതിയുമെല്ലാം അദ്ദേഹം വിശദമായി തന്നെ പറഞ്ഞുവെച്ചിരിക്കുന്നു. അതായത്‌ പാര്‍ട്ടി എന്തു നിഷേധിക്കാന്‍ ആഗ്രഹിച്ചുവോ അതു ശരിയാണെന്നു മണിയാശാന്‍ വിളിച്ചു പറഞ്ഞിരിക്കുന്നുവെന്നര്‍ഥം.

ഇത്‌ വിളിച്ചു പറഞ്ഞത്‌ ഒരു ജില്ലാ സെക്രട്ടറിയാണ്‌ എന്നതും പ്രധാനമാണ്‌. അതും ഏറ്റവും കൂടുതല്‍ കാലം ജില്ലാ സെക്രട്ടറിയായിരുന്നു റെക്കോര്‍ഡിട്ട ഒരു സഖാവ്‌. അതുകൊണ്‌ടുതന്നെ ടി.കെ.ഹംസ വി.എസിനെതിരെ നടത്തിയ പ്രസ്‌താവനയെ ഏറനാടന്‍ തമാശയാക്കിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ നര്‍മവൈഭവം മണിയാശാന്റെ കാര്യത്തില്‍ വിലപ്പോവില്ല. ഒരിക്കല്‍ വി.എസിന്റെ വിശ്വസ്‌തനായിരുന്ന മണി അദ്ദേഹത്തിനെതിരെയും തിരിഞ്ഞിട്ടുണ്‌ട്‌. മൂന്നാര്‍ കയ്യേറ്റത്തിനെതിരെ മുഖ്യമന്ത്രിയായിരിക്കെ വി.എസ്‌ തുടങ്ങിവച്ച നീക്കങ്ങളാണ്‌ മണിയെ അദ്ദേഹത്തില്‍ നിന്നു പൂര്‍ണമായും അകറ്റിയത്‌. മണി ഇപ്പോള്‍ പറയുന്ന കൊലപാതകങ്ങള്‍ നടന്നതു വി.എസ്‌ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലഘട്ടത്തിലാണെന്നത്‌ ഔദ്യോഗികപക്ഷക്കാര്‍ക്ക്‌ ആശ്വാസം പകരേണ്‌ടതാമെങ്കിലും പാര്‍ട്ടി ഇപ്പോള്‍ പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴം വെച്ചുനോക്കുമ്പോള്‍ ആശ്വസിക്കാന്‍ പോയിട്ട്‌ ഒന്നു നെടുവീര്‍പ്പിടാന്‍പോലും ഔദ്യോഗികപക്ഷത്തിനാവില്ലെന്നതാണ്‌ യാഥാര്‍ഥ്യം.

അതുകൊണ്‌ടു തന്നെ ടി.പി. ചന്ദ്രശേഖരന്‍ വധം പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഈ ഘട്ടത്തില്‍ മണിയാശാന്റെ പ്രസ്‌താവന തിരിച്ചടിക്കാനേ വഴിയുള്ളു. അതുകൊണ്‌ടുതന്നെ മണിയുടെ പ്രതികരണം വന്നതിനുശേഷം പൊടുന്നനെ സിപിഎമ്മിനകത്ത്‌ പ്രത്യേകിച്ചും ഔദ്യോഗികപക്ഷത്തിനിടയില്‍ ഒരു മരണവീടിന്റെ നിശ്ശബ്‌ദത പരന്നിരിക്കുന്നു. മണിയുടെയും ഹംസയുടെ പ്രസ്‌താവന വി.എസിനും ഊര്‍ജം പകരുന്നുണ്‌ട്‌. കാരണം നെയ്യാറ്റിന്‍കരയില്‍ മുങ്ങിത്താണാലും ഇനി അതിന്റെ ഉത്തരവാദിത്തം തന്റെ തലയ്‌ക്കുമുകളില്‍ മാത്രമാകില്ല. അതിന്‌ ദിവസംകൂടുന്തോറും അവകാശികിള്‍ കൂടിക്കൊണ്‌ടിരിക്കുന്നു. അതും ഔദ്യോഗിക പക്ഷത്തു നിന്നുളളവര്‍ എന്നത്‌ വി.എസിനെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്ന കാര്യമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക