Image

അവസാന യാത്ര (കവിത: റോബിൻ കൈതപ്പറമ്പ്)

Published on 05 June, 2020
അവസാന യാത്ര (കവിത: റോബിൻ കൈതപ്പറമ്പ്)
അവസാനമായെന്നെ യാത്രയാക്കീടുവാൻ
അവസാന ചുംബനം നൽകീടുവാൻ ..

കരളൊന്നിടറാതെ മിഴികൾ തുളുംബാതെ
അവസാനമോളം എൻ കൂടെ നിൽക്കാൻ

ആരൊക്കെ വന്നിടും ഞാൻ തിരഞ്ഞീടുന്നു
ആരൊക്കെയോ നിലവിളി കൂട്ടീടുന്നു ..

പരിചിതരായവർ ചാരെയായ് എത്തിയെൻ
മുഖമൊന്നു കണ്ടു കൺ തുടച്ചീടുന്നു

ജീവിത യാത്രയിൽ കൂട്ടായി വന്നവൾ
ജീവഛവമായ് നിന്നീടുന്നു ...

തീരത്തു തലതല്ലി കരയുന്ന തിരകളെ
തഴുകുന്ന കാറ്റു പോൽ എന്നോമലെ ..

പുൽകിപ്പുണർന്നു നിൻ ശോകമേറ്റീടുവാൻ
ആ കണ്ണിലെ കണ്ണീർ തുടച്ചീടുവാൻ

ആകാതെ ഞാനെൻ്റെ യാത്ര തുടങ്ങട്ടെ
എൻ്റെ ഓർമ്മകൾ നിങ്ങൾക്കായ് ഏകീടുന്നു

ഭാര്യയും മക്കളും അച്ചനും അമ്മയും ..
കൂടെപ്പിറപ്പുകൾ കൂട്ടുകാരെ ..

ഇപ്പളോർക്കുക നിങ്ങളീ യാത്രികനെ
പിന്നെ ഓർമ്മതൻ ഭാരം ഒഴിച്ചീടുക ..

കൈകൾ വിറക്കാതെ വിതറുക നിങ്ങൾ
അവസാന ഒരു പിടി മണ്ണുമെന്നിൽ ..

ഓർക്കട്ടെ ഞാൻ വെറും മണ്ണായിരുന്നെന്നും
മണ്ണിലേക്കായ് മടങ്ങുമെന്നും ..

ഓർക്കട്ടെ ഞാൻ വെറും മണ്ണായിരുന്നെന്നും
മണ്ണിലേക്കായ് മടങ്ങുമെന്നും ...


Join WhatsApp News
Jesus 2020-06-06 09:28:55
വെറുതെ മരിക്കുന്നതിനെ കുറിച്ചോർത്തു സമയം കളയാതെ ജീവിച്ചു മരിക്കുക!
Sudhir Panikkaveetil 2020-06-06 10:08:27
ഓർക്കട്ടെ ഞാൻ വെറും മണ്ണായിരുന്നെന്നും മണ്ണിലേക്കായി മടങ്ങുമെന്നും... ജീവിച്ചിരിക്കുമ്പോൾ ആരും ഓർക്കുന്നില്ല. കവികൾ അത് ഓർമ്മപ്പെടുത്തുന്നു. നന്നായിട്ടുണ്ട്.
വിദ്യാധരൻ 2020-06-06 11:33:53
ശ്വാസം മുട്ടൽ എന്തിനിനി നീ എനിക്കായ് ചരമഗീതം പാടുന്നു? ആ മുട്ടുകാലിനടിയിൽ ഞെരിഞ്ഞമർന്നപ്പോൾ; ;എനിക്ക് ശ്വാസം മുട്ടുന്നെന്നു' കേണനേരം മരിച്ചുപോയ എന്നമ്മയെ വിളിച്ചു കരഞ്ഞനേരം നോക്കി നിന്ന് നിങ്ങൾ നിർനിമേഷരായി, പിന്നെ പോയി ചരമഗീതം തീർക്കുന്നുവോ ? പോകുക തൂലിക വലിച്ചെറിഞ്ഞു നിങ്ങൾ നീയും മരിക്കാതിരിക്കാൻ നികൃഷ്ടമായി പോയി പങ്കുചേരുക അടിച്ചമർത്തപ്പെട്ടവരോടുത്ത് അധർമ്മത്തിന്റ 'ക്രിസ്തുവിനെ' വൈറ്റ് ഹൗസിൽ നിന്ന് പടിയിറക്കാൻ
സുരക്ഷിതം 2020-06-06 11:58:12
തൂലിക വലിച്ചെറിഞ്ഞ് പോവുകയോ? എഴുത്തു തൊഴിലാളികൾ വെയിലും മഴയും കൊള്ളാതെ അകത്തിരുന്ന് എഴുതിക്കൊണ്ടേയിരിക്കും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക