Image

അവരെ നമ്മുടെ ഉദ്യാനത്തിന് ആവശ്യമുണ്ട് (ഷക്കീല സൈനു കളരിക്കൽ)

Published on 09 June, 2020
അവരെ നമ്മുടെ ഉദ്യാനത്തിന് ആവശ്യമുണ്ട് (ഷക്കീല സൈനു കളരിക്കൽ)
"പെൺകുട്ടികളുള്ള മാതാപിതാക്കളോട് "
ഇന്നലെ ഒരു കല്യാണത്തിനു കൂടി.
എന്തൊരന്തസ്സു്! എന്തൊരു സംതൃപ്തി! എന്തൊരു സമാധാനം! എന്തൊരു സന്തോഷം!
ആരവങ്ങളില്ല. അലങ്കാരങ്ങളില്ല. എടുത്താൽ പൊങ്ങാത്ത പൊങ്ങച്ച ഭാരങ്ങൾ ആരും ചുമന്നിട്ടില്ല. അനാവശ്യ ആഢംബരങ്ങൾ വരുത്തിവെച്ച ഭാരത്താൽ
പെൺകുട്ടിയുടെ മാതാപിതാക്കളുടെ തലയും താണിട്ടില്ല. വിവാഹമെന്നത് ഉൽസവാഘോഷമാക്കുന്നതു കണ്ടുള്ള മനോവിഷമവും വന്നില്ല.

ഒരു പെൺകുട്ടിയുടെ വിവാഹം നടത്തുന്ന ഒരു സാധാരണ വീട്ടുകാരുടെ ദൈന്യം ഒരു മാത്ര ഒന്നു ചിന്തിച്ചു നോക്കി. വളർത്തി വലുതാക്കി വിദ്യ അഭ്യസിപ്പിച്ച് ഒരു വീടിന്റെ ഭരണം പങ്കുവെക്കാൻ വേണ്ടി പറഞ്ഞു വിടുമ്പോൾ എന്തെല്ലാം പ്രഹസനങ്ങൾ? കഴുത്തും കയ്യും ഒടിയുന്ന വിധത്തിൽ ആഭരണങ്ങൾ ചാർത്തി ഒരു ഉൽസവത്തിനുള്ള ആൾക്കാരെ കൂട്ടി അനാവശ്യമായ ഭക്ഷണ ധൂർത്ത് കാണിച്ച്? അതിനു വേണ്ടി വസ്തു വിറ്റും കടമെടുത്തും തകർന്നു തരിപ്പണമാകാൻ പെൺ വീട്ടുകാർക്ക് നാണമില്ലേ? പെൺകുട്ടികൾക്ക് കൊടുക്കാൻ എന്തെങ്കിലും നിങ്ങൾ കരുതി വെച്ചിട്ടുണ്ടെങ്കിൽ അതെന്തിനു വിവാഹധൂർത്തിന്നു ചിലവിടുന്നു? അതു വസ്തുവായിട്ടോ ധനമായിട്ടോ പിന്നീടു കൊടുത്താൽ അവർക്ക് ഭാവി ജീവിതത്തിൽ പ്രയോജനമാകില്ലേ?

ഇന്നത്തെ ഏതു പെൺകുട്ടികളാണ് സ്വർണം അണിയാൻ ഇഷ്ടമുള്ളവർ? ഇത്രയേറെ ആഭരണങ്ങൾ വാങ്ങി ഒരു ദിവസത്തേക്ക് ഇട്ടിട്ട് Locker ൽ കൊണ്ടു വെക്കേണ്ടതുണ്ടോ?

പെൺമക്കളെന്നാൽ ആൺമക്കളോടൊപ്പം പ്രാതിനിധ്യമുള്ളവർ !
എല്ലാ പരിഗണനകൾക്കും അർഹതപ്പെട്ടവർ ! അന്തസ്സും ആഭിജാത്യവുമുള്ളവർ ! ഒരു വരനു വേണ്ടി സ്വർണവും ധനവും ചേർത്ത് വിൽക്കപ്പെടേണ്ടവരല്ല.!സ്വർണവും ധനവും കണ്ടു വാങ്ങപ്പെടേണ്ടവരുമല്ല. പങ്കാളികളാണവർ.ഭർത്തൃഭവനത്തിലേക്ക് അവൾ കടന്നു ചെല്ലുന്നത് സപ്രമഞ്ചത്തിലിരുന്ന് വീടുഭരിക്കാനല്ല വീട്ടിലെ ഒട്ടുമിക്കകാര്യങ്ങളും ഏറ്റെടുത്ത് നടത്താനാണ്. കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്താനാണ്. ആ വീടിന്റെ സുഖത്തിലും സന്തോഷത്തിലും ഇല്ലായ്മയിലും വല്ലായ്മയിലും ഭാഗഭാക്കാകാനാണ്.

നമ്മുടെ പെൺമക്കൾ എടുത്താൽ പൊങ്ങാത്ത സ്വത്തിനോടൊപ്പം കൈമാറേണ്ട ഒരു അനാവശ്യ വസ്തുവല്ല. ഈശ്വരൻ തന്ന നിധിയാണവർ.എല്ലാ പരിഗണനയ്ക്കും അർഹതയുള്ളവർ !
പൂമ്പാറ്റകളാണവർ !
ഈശ്വരൻ വർണ്ണ ചിറകുകൾ നൽകി അവരെ ഭൂമിയിലേക്കു വിട്ടത് നമ്മുടെ വീടിനെ സ്വർഗ്ഗമാക്കാനാണ്. നമ്മുടെ ജീവിതത്തിനു മാറ്റുകൂട്ടുവാൻ.
അവർ മൂലം നമ്മൾ ബാധ്യതപ്പെടേണ്ട. ചെന്നു കയറുന്ന വീടും. അവളുടെ സേവനങ്ങൾക്കു് ഒരു വിലയും നൽകേണ്ടതില്ല. സന്തോഷവും സംതൃപ്തിയും സമധാനവും പ്രതിഫലമായി നൽകിയാൽ മതി. ഇരുവിടുകളേയുംഅവൾ സന്തോഷഭരിതമാക്കും.അവൾക്കു സന്തോഷമില്ലെങ്കിൽ ഭവനത്തിൽ ഐശ്വര്യമില്ലാതെയാകും. ഒരു വീടിന്റെ നെടുംതൂണാണ് സ്ത്രീ. പുരുഷനല്ല. ഒരു വീടിന്റെ ജീവനും ശ്വാസവും ഹൃദയമിടിപ്പുമാണ് അവൾ.ഒരു വീടുവീടാകണമെങ്കിൽ അവൾ സന്തോഷവതിയായിരിക്കണം.

പെൺകുട്ടികളെ ആൺകുട്ടികളോടൊപ്പം തന്നെ നന്നായി പരിഗണിക്കുക. നല്ല വിദ്യാഭ്യാസം കൊടുക്കുക. വൃത്തിയും അടുക്കും ചിട്ടയും പറഞ്ഞു കൊടുക്കുക. സ്വയം പര്യാപ്തരാക്കുക. തെറ്റും ശരിയും വേർതിരിച്ചു പഠിപ്പിക്കുക. സദാ ആചരിക്കേണ്ട "സദാചാരം" ബോധ്യപ്പെടുത്തുക. ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും കുറിച്ചുള്ള അവബോധം കൊടുക്കുക.ധനവിനിയോഗ നിയന്ത്രണങ്ങൾ ബോധ്യപ്പെടുത്തുക.മുതിർന്നവരെ ബഹുമാനിക്കാൻ പഠിപ്പിക്കുക. ഏറ്റവും പ്രധാനം എല്ലാ മതങ്ങളെയും മനുഷ്യരേയും സ്നേഹത്തോടെയും സമത്വത്തോടെയും കാണാനും പഠിപ്പിക്കുക എന്നതാണ്.
ഏതു പ്രതിസന്ധികളെയും കരുത്തോടെ നേരിടാൻ പഠിപ്പിക്കുക.അനീതിയും പീഠനവുമുണ്ടാകാതിരിക്കാൻ ധൈര്യമുള്ളവരാക്കുക.

നമ്മുടെ പൂമ്പാറ്റകളുടെ ചിറകു കൊഴിക്കാനും ഭംഗി നഷ്ടപ്പെടുത്താനുമുള്ള ഒരവകാശവും ആർക്കും കൊടുക്കാൻ സാധ്യമല്ല. അവരെ നമ്മുടെ ഉദ്യാനത്തിന് എപ്പോഴും ആവശ്യമുണ്ടെന്നും മാതാപിതാക്കൾ ഉറച്ചു കരുതുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക