Image

അമീബിക് മസ്തിഷ്കജ്വരം; നീന്തല്‍ക്കുളത്തില്‍ നിന്നു പടരും

Published on 10 June, 2020
അമീബിക് മസ്തിഷ്കജ്വരം; നീന്തല്‍ക്കുളത്തില്‍ നിന്നു പടരും
വീട്ടിലെ നീന്തല്‍ക്കുളത്തില്‍ മുങ്ങിക്കുളിച്ച മലപ്പുറം സ്വദേശിയായ പന്ത്രണ്ടുകാരന്റെ മരണത്തിനിടയാക്കിയ അമീബിക് മസ്തിഷ്കജ്വരം തലച്ചോറിനെ കാര്‍ന്നു തിന്നുന്ന ഗുരുതര രോഗം. സമീപകാലത്തു കേരളത്തില്‍ ഈ രോഗം ബാധിച്ച മൂന്നു പേരും മരിച്ചിരുന്നു. 4 വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ പതിനാറുകാരനും  ഒരു വര്‍ഷം മുന്‍പു  പെരിന്തല്‍മണ്ണയില്‍ പത്തു വയസ്സുകാരിയുമാണു രോഗം ബാധിച്ചു മരിച്ചത്. ഇന്ത്യയില്‍ തന്നെ ഇതു വരെ 15 പേര്‍ക്കു മാത്രമാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.തലവേദന, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളുമായി ചികിത്സയ്ക്കു പ്രവേശിപ്പിക്കപ്പെട്ട ബാലന്റെ നില അതിവേഗം വഷളായതും, നീന്തല്‍ക്കുളത്തില്‍ മുങ്ങിക്കുളിച്ചിരുന്നതായി ബന്ധുക്കള്‍ അറിയിച്ചതുമാണ് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ സംശയം ജനിപ്പിച്ചത്.

നട്ടെല്ലില്‍ നടത്തിയ ബ്രെയിന്‍ ഫ്‌ളൂയിഡ് ടെസ്റ്റില്‍ രോഗം 'പ്രൈമറി അമീബിക് മെനിംഗോ എന്‍സഫലൈറ്റിസ് ' (പിഎഎം) സ്ഥിരീകരിക്കുകയായിരുന്നു. തലച്ചോറിനെ കാര്‍ന്നു തിന്നുന്ന അമീബ എന്നു വിളിപ്പേരുള്ള 'നെഗ്ലേറിയ ഫൗളേറി' വഴിയാണ് ഈ രോഗം ബാധിക്കുന്നത്. ഈ അമീബയുള്ള വെള്ളം മൂക്കിലൂടെ തലച്ചോറിലെത്തിയാല്‍ രോഗമുണ്ടാകും. അമീബ പെരുകി തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയാണു ചെയ്യുകയെന്നു രോഗം നിര്‍ണയിച്ച സംഘത്തിലെ ഡോ.അബ്ദുല്‍ റൗഫ്, ഡോ.അജയ് വിജയന്‍, ഡോ.ഷാജി തോമസ് ജോണ്‍, ഡോ. മോഹന്‍ ലെസ്‌ലി നൂണെ എന്നിവര്‍ പറഞ്ഞു.

ഈ അമീബ  വെള്ളത്തില്‍ അധികം കാണപ്പെടാറില്ല. ഒഴുകുന്ന വെള്ളത്തിലും ഉപ്പുവെള്ളത്തിലും തീരെ ഉണ്ടാവില്ല. മലിനപ്പെട്ട കുളങ്ങള്‍, നദികള്‍, ശുദ്ധീകരിക്കാത്ത നീന്തല്‍ക്കുളങ്ങള്‍ എന്നിവിടങ്ങളിലാണ് വെള്ളത്തില്‍ കാണാന്‍ അല്‍പമെങ്കിലും സാധ്യത. ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ചു ക്ലോറിനേഷന്‍  നടത്തിയാല്‍ അമീബ നശിക്കുകയും ചെയ്യും. അമീബ വെള്ളത്തിലുണ്ടെങ്കിലും രോഗം ബാധിക്കാന്‍ സാധ്യത വളരെ കുറവാണ്.

വെറുതെ മുങ്ങിക്കുളിക്കുന്നതു കൊണ്ടു രോഗം ബാധിക്കില്ല. മുങ്ങാംകുഴി ഇടുക, ഏറെ നേരം വെള്ളത്തില്‍ കിടക്കുക, വെള്ളം ശക്തമായി മൂക്കിലേക്കു കയറുക തുടങ്ങിയവയാണു രോഗം വരാനിടയുള്ള വഴികള്‍.അമീബയുള്ള വെള്ളം കുടിച്ചാലും  രോഗബാധയുണ്ടാവില്ല.  വെള്ളം മൂക്കിലൂടെ ശിരസ്സില്‍ എത്തിയാലാണു പ്രശ്‌നം. ഈ രോഗം പകരുന്നതല്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക