Image

ദൈവമാണക്ഷരം (കവിത: സാംജീവ്)

Published on 13 June, 2020
ദൈവമാണക്ഷരം (കവിത: സാംജീവ്)
എന്നമ്മ തന്നോരത്തു ചാരി
നിന്നാദ്യമായക്ഷരം കുറിച്ചു ഞാൻ
കല്ലു പെൻസിലെൻ ലോലമാം വിരൽത്തുമ്പിൽ
കോർത്തക്ഷരം വരച്ചു ഞാൻ
സ്ലേറ്റിലെൻ കൈകളാദ്യമായ്ക്കുറിച്ചക്ഷരം
നോക്കിയെന്നമ്മ തൻ മിഴികളാർദ്രമായ്.

സ്നേഹസാന്ദ്രമാം മുലപ്പാൽ
നുണഞ്ഞാദ്യക്ഷരം ചൊല്ലവേ
അമ്മ തന്നാർദ്രമാം മുഖമെൻ
നിറുകയിൽ ചേർത്തണയ്ക്കവേ
ആദ്യമായ്ക്കണ്ടു ഞാനമ്മ തൻ മിഴികളിൽ
ഫുല്ലമാം സ്വപ്നത്തിൻ മാരിവിൽ ചാർത്തുകൾ.

മറയുമെൻ സ്മൃതികളെ തൊട്ടു
ഞാനിന്നുണർത്തുമ്പോൾ
ഓടിയെത്തുന്നെന്നന്തരംഗത്തിലമ്മ
തൻ വാക്കുകൾ
“ദൈവമാണക്ഷരം
സ്നേഹമാണതിൻ വീചികൾ”

പൈതലിൻ ചോരിവായ്ചുണ്ടി
ലാമോദമായക്ഷരം നൃത്തമാടവേ
കേട്ടു ഞാനമ്മ തന്നുക്തികൾ
വേദമാണാമന്ത്രം “ദൈവമാണക്ഷരം”.
ആ ദിവ്യമാം മന്ത്രത്തിലെ
ന്നന്തരംഗമലിഞ്ഞു പോയ്.

എഴുത്തോലതൻ തുമ്പിലും
പാപ്പിറസ് താളിലും തുകൽ
തൻ പവിത്രമാം ചുരുൾക്കെട്ടിലും
നർത്തനം ചെയ്യും സൌന്ദര്യ ദേവതേ
നമിക്കുന്നു നിന്നെ ഞാൻ
ആർദ്രമാം മനസ്സുമായ്.

വചനം ദീപ്തമായ്, മൂർത്തമായതെൻ
നാവിൻ തുമ്പിലനുപദം
നടനമാടുന്നൊരുദ്യാനദേവതേ പ്രിയേ,
അഞ്ജലി കൂപ്പുന്നു ധന്യമാമോർമ്മയിൽ
പ്രതിഷ്ഠിച്ചു നിന്നെ ഞാൻ ഹൃത്തിൻ തൃക്കോവിലിൽ
പൂജിപ്പു നിന്നെ ഞാനശ്രു കണങ്ങളാൽ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക