Image

നീലച്ചിറകുള്ള മൂക്കുത്തികൾ 17 - സന റബ്സ്

Published on 14 June, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ 17 - സന റബ്സ്


           പിറ്റേന്ന് ലഞ്ച്ബ്രേക്കോടെ മീറ്റിംഗ് അവസാനിച്ച നിമിഷത്തില്‍  സെക്രട്ടറി ദാസിനോടെന്തോ ചെവിയില്‍ പറയുന്നത് തനൂജ കണ്ടിരുന്നു.  ഉച്ചയ്ക്ക് ശേഷം അയാള്‍ക്ക് വേറെ കോണ്‍ഫെറന്‍സുകള്‍ ഇല്ലെന്ന് മനസ്സിലാക്കി  അയാളെ എങ്ങനെയെങ്കിലും വൈകീട്ട് കൊണ്ടുപോകണമെന്നും തനൂജ കണക്കുകൂട്ടിയിരുന്നു. എന്നാല്‍ അവളെ അമ്പരപ്പിച്ചുകൊണ്ട്‌ ദാസ്‌ ആഹാരശേഷം സെക്രട്ടറി കൊടുത്ത വൈപ്സിനാല്‍  തന്‍റെ കൈകള്‍  തുടച്ചുകൊണ്ട് അവളുടെ അടുത്തേക്ക് വന്നു പുഞ്ചിരിച്ചു. “എത്രമണിക്കാണ് ഞാന്‍ കോംപ്ട്ടന്‍വുഡ് എയര്‍പോര്‍ട്ടില്‍ എത്തേണ്ടത്? അയാം റെഡി മേഡം....” ഒരു പ്രത്യേക ഈണത്തില്‍ ദാസ്‌ അത് പറഞ്ഞപ്പോള്‍ തനൂജ അയാളെ ഇഷ്ടത്തോടെ കെട്ടിപ്പിടിച്ചു.

“ഹോ, റായ്..., സൊ സ്വീറ്റ് ഓഫ് യു....”  ആലിംഗനം കുറച്ചു നീണ്ടുപോയോ എന്ന് നോക്കിനിന്ന സെക്രട്ടറിക്ക്  തോന്നാതിരുന്നില്ല.  അയാളുടെയും നാരായണസാമിയുടെയും കണ്ണുകളിടഞ്ഞു.

“ഓക്കേ.. നമുക്കവിടെനിന്ന് കാണാം.. അതിനു മുന്നേ എനിക്ക് കരോലിനെ കാണാനുണ്ട്. ആ കുട്ടി ഷൂട്ടിംഗ് കഴിഞ്ഞിപ്പോള്‍ റൂമില്‍ വരും... സീ യൂ...” അവളെ അടര്‍ത്തിമാറ്റി ഇത്രയും പറഞ്ഞു  ദാസ്‌ നടന്നു നീങ്ങിയപ്പോള്‍ തനൂജ അസ്വസ്ഥതയോടെ ആ പേര് മനസ്സില്‍ ഉരുവിട്ടുകൊണ്ടിരുന്നു. അതിനിടയില്‍ ഹോട്ടലിലെ ചിലര്‍ തനൂജയെ തിരിച്ചറിഞ്ഞ് ഓട്ടോഗ്രാഫ് വാങ്ങാനും വന്നു. അതെല്ലാം ഒപ്പിട്ട്കൊടുക്കുമ്പോഴും തനൂജയുടെ കണ്ണുകള്‍ ദാസിനെ പിന്തുടരുന്നുണ്ടായിരുന്നു. ദാസിന്‍റെ കവിളില്‍ നിന്നോ ദേഹത്തുനിന്നോ പ്രസരിച്ച പെര്‍ഫ്യൂമിന്‍റെ ഗന്ധം തനൂജയുടെ കൈത്തണ്ടകളിലും ഉടുപ്പിലും ഒട്ടിനിന്നു.

ഇതെല്ലാം നോക്കിനിന്ന  നാരായണസാമിക്ക് ചിരിവരാതിരുന്നില്ല. തനൂജയുടെ തന്ത്രകുതന്ത്രങ്ങള്‍  അയാള്‍ നോക്കിപഠിക്കുന്നുണ്ട്. ഈജിപ്ഷ്യന്‍ മെഴുകുപ്രതിമ പോലെ സുന്ദരിയായ കരോലിനെ തനൂജയ്ക്ക് ദഹിച്ചിട്ടില്ല എന്നും സാമിക്കറിയാം.  ദാസ്‌ ഇതെല്ലാം  എന്തുകൊണ്ട് വകവെച്ചു കൊടുക്കുന്നു എന്ന് മാത്രം സാമിക്ക് മനസ്സിലാകുന്നില്ലായിരുന്നു. 

      ലോസ് ഏന്‍ജല്‍സില്‍ വര്‍ഷത്തില്‍ മുന്നൂറു ദിവസത്തിലധികവും ചൂടുള്ള കാലാവസ്ഥയാണ്. അല്പം തണുപ്പും മഞ്ഞുമെല്ലാം വേണമെന്നുള്ളവര്‍ ജനുവരി-ഫെബ്രുവരി മാസങ്ങളാണ് യാത്രയ്ക്കു തെരഞ്ഞെടുക്കുക.

 ടൂറിസ്റ്റുകള്‍ക്ക് വേണ്ട എല്ലാ വിഭവങ്ങളും നിറഞ്ഞ ‘നക്ഷത്ര നഗരമാണ്’ ലോസ് ഏന്‍ജല്‍സ്.  പ്രസിദ്ധമായ പസിഫിക് കോട്ട് ഹൈവെയിലൂടെ ഒരു ഡ്രൈവ് വേണമെന്ന് ദാസ്‌ ആഗ്രഹിച്ചിരുന്നു.  സതേര്‍ന്‍ കാലിഫോര്‍ണിയായുടെ കടും നീല നിറത്തിലുള്ള കടലിനരികിലൂടെയുള്ള  ആരെയും കൊതിപ്പിക്കുന്ന ആ ഡ്രൈവ് കുറെ നാളായി അയാളുടെ മനസ്സിലുണ്ട്! മിലാൻ ഉണ്ടായിരുന്നെങ്കിൽ ദാസ് പിന്നെയും പിന്നെയും ആഗ്രഹിച്ചു. പക്ഷെ ഒറ്റയ്ക്ക് പോകാനോ  തനൂജയെ  കൂട്ടാനോ അയാള്‍ താല്പര്യപ്പെട്ടില്ല.  അതെക്കുറിച്ച് തന്റെ ടീമിനോട് പറഞ്ഞതുമില്ല.

   ഇളം പീച്ച് നിറത്തിലുള്ള പൈജാമയില്‍ വളരെ കൂൾ  ആയിട്ടായിരുന്നു ദാസ്‌ എയര്‍പോര്‍ട്ടില്‍ എത്തിയത്. തനൂജയുടെ തലയില്‍ സാധാരണയായി കാണാറുള്ള ഹാറ്റ്‌ ഇപ്പോഴില്ലയിരുന്നു.  ദാസിനെ കണ്ടു ഉത്സാഹത്തോടെ തനൂജ അരികിലെത്തി. “റായ്, വേണമെങ്കില്‍ ഹെലികോപ്റ്റര്‍ പറപ്പിക്കാം. പൈലറ്റ് അരികിലിരിക്കും.”

ദാസ്‌ ചിരിച്ചു. “എനിക്ക് കുറച്ചു കാലം കൂടി ജീവിച്ചിരിക്കണമെന്ന് ആഗ്രഹമുണ്ട്.  ഞാന്‍ പറപ്പിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് തനിക്കും  മരിക്കണമെന്നുണ്ടോ?”

“അത്രയ്ക്ക് കോണ്ഫിഡന്‍സ് ഇല്ല?” അവള്‍ ചിരിയോടെ ദാസിനെ നോക്കി.

“ ഈ കാര്യങ്ങളില്‍ ഇല്ല. പോയാലോ ...?”

“ഓക്കേ... ഞാന്‍ കുറെ നാളായി ആഗ്രഹിക്കുന്നതാണ് ആകാശക്കാഴ്ചകള്‍... റായ് കൂടി ഉണ്ടാകുമ്പോള്‍ അത് ഇരട്ടി സന്തോഷമാണ്.”

ഒരു മൂളലോടെ പറന്നുയര്‍ന്ന കോപ്റ്ററിന്റെ ഇരമ്പം മുകളിലേക്ക് പോകുംതോറും നേര്‍ത്തുവന്നു. അസ്തമയസൂര്യന്റെ ചുവന്ന വെളിച്ചവും  ലൈറ്റുകള്‍ കണ്‍ചിമ്മുന്ന തെരുവുകളും കൂടി കോംപ്റ്റന്‍ സിറ്റിയെ ഓറഞ്ച് നിറത്തിലുള്ള  ഒരു അസിമിട്രി കാര്‍പെറ്റ് അളന്നു വെച്ച് മുറിച്ച പോലെ തോന്നിച്ചു. പൈലറ്റ്‌ ഒരു കറുത്ത വര്‍ഗ്ഗക്കാരനായിരുന്നു. അയാള്‍ ഓരോന്നായി കാഴ്ചകള്‍ വിശദീകരിച്ചു.

“ഇപ്പോള്‍ കോപ്ടന് അഭിമാനിക്കാന്‍ നിങ്ങളുടെ ആളുകളാണല്ലോ മിന്നിത്തിളങ്ങുന്നത് അല്ലെ?  ഐ മീന്‍, ബ്ലാക്ക്‌ ഡെമോക്രാഫിക്..? എല്ലാ മേഖലയിലും?” വര്‍ഗ്ഗത്തെ  അഭിനന്ദിച്ചുകൊണ്ട് ദാസ്‌ പറഞ്ഞ വാചകം പൈലറ്റിനെ ഉത്സാഹഭരിതനാക്കി. സ്പോര്‍ട്ട്സിലും രാഷ്ട്രീയത്തിലും സിനിമയിലും ബിസിനസ്സിലും എന്ന് വേണ്ട നാനതുറകളിലും അവിടെ കറുത്ത വര്‍ഗ്ഗക്കാരുടെ ആധിപത്യമുണ്ട്.  

അല്‍മേഡാ കോറിഡോറിന് മുകളിലൂടെ പറക്കുമ്പോള്‍ പൈലറ്റ് ചൂണ്ടികാട്ടി. “സര്‍, ഇതാണ് അന്തര്‍ദ്ദേശീയ വ്യവസായത്തിന്റെ പ്രധാന ഗേറ്റ് വേ, അമേരിക്കന്‍ ബിസിനസ് ഇരുപത്തഞ്ചു ശതമാനവും  ഈ വഴിയിലൂടെയാണ് കടന്നുപോകുന്നത്.”

“യാ.. ഹബ് സിറ്റിയാണ് ബിസിനസിന്റെ  പ്ലാറ്റ്ഫോം അല്ലെ...?” ദാസ്‌ ചോദിച്ചു. തികച്ചും പ്രൌഢമായി  അമേരിക്കന്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ദാസിനെ തനൂജ നോക്കിയിരുന്നു. വിവിധ ഭാഷകളിലുള്ള അയാളുടെ പ്രാവീണ്യം ബിസിനസ് രംഗത്ത് ചര്‍ച്ചാവിഷയമാകാറുള്ളതാണ്.  ഏതുരാജ്യത്ത് പോയാലും അയാള്‍ക്ക്‌ ദ്വിഭാഷിയുടെ സഹായം വേണ്ടിവരാറില്ല.

“കോംപ്റ്റന്‍  സിറ്റി ഓഫ് സ്റ്റാര്‍സ് എന്നും അറിയപ്പെടുന്നു സര്‍,  ഇവിടെ എല്ലാവര്‍ക്കും തിളങ്ങുന്ന നക്ഷത്രങ്ങളാവാം. ഹോളിവുഡ്‌ താരങ്ങളുടെ കേന്ദ്രം കൂടിയാണിത്.” പൈലറ്റ് തുടര്‍ന്നു.

മാര്‍ട്ടിന്‍ ലൂതര്‍ സ്മാരകം   ആകാശത്തേക്കുയര്‍ന്ന വെളുത്ത കൂപ്പുകൈ  പോലെ പതുക്കെ തെളിഞ്ഞുവന്നു. തനൂജ അല്പം കൂടി  ദാസിനരികിലേക്ക് നീങ്ങിയിരുന്നു.  അയാളുടെ കൈകള്‍  തന്റെ കൈകള്‍ക്കുള്ളിലാക്കി  അവള്‍ ചോദിച്ചു. “നേരത്തെ പറഞ്ഞതിന് ഞാന്‍ തയ്യാറാണ് റായ്...”

ദാസ്‌ അവളുടെ മുഖത്തേക്ക് നോക്കി. “നേരത്തെ പറഞ്ഞില്ലേ, ഈ  ഹെലികോപ്റ്റര്‍ തകര്‍ന്ന് തനിക്കും  മരിക്കണമെന്നുണ്ടോ എന്ന്.... മരിക്കാനും ഞാന്‍ തയ്യാറാണ്. റായ് ഇതുപോലെ എന്നരികില്... ഈ കൈകള്‍ക്കുള്ളില്‍ ഉണ്ടെങ്കില്‍.....” കൈകളിലൂടെ ഇളം ചൂട് പ്രവഹിക്കുന്നത് ദാസ് അറിഞ്ഞു. കാതരയായി തനൂജ അത് പറഞ്ഞപ്പോള്‍ ദാസ്‌ ആ മുഖത്തേക്ക് ഇമ വെട്ടാതെ നോക്കിയിരുന്നു.

കൈകള്‍ വലിക്കാന്‍ ദാസിനു തോന്നിയില്ല.  തണുപ്പോടെ തഴുകുന്ന മേഘക്കൂട്ടങ്ങളും  ഭൂമിക്കും ആകാശത്തിനും ഇടയിലുള്ള ജീവിതത്തിന്റെ ഭാരമില്ലായിമയും  അടുത്തുനിന്ന് കാണുന്നതിനേക്കാള്‍ അകലെനിന്നു കാണുമ്പോള്‍ ഒന്ന് മറ്റൊന്നിനോട് വ്യത്യാസമില്ലാത്തതും വെളിച്ചത്തില്‍ നിന്നും ഇരുട്ടിലേക്കുള്ള പ്രയാണവും എല്ലാം കൂടി നിമിഷങ്ങള്‍ നിശ്ചലമായത് പോലെ....

ഗണിതശാസ്ത്രത്തിലെ അളവുകളെ അനുസ്മരിപ്പിക്കുന്ന മാതൃകകളില്‍ നഗരം  താഴെ കോണളവുകളില്‍  ഒതുങ്ങി പതുങ്ങിക്കിടന്നു. നിശാവെളിച്ചം മറ്റൊരു ആകാശത്തെ ഭൂമിയിൽ പുതച്ചിട്ടിരുന്നു. 

ദാസ്‌ കൈകള്‍ വലിച്ചു തിരിച്ചെടുത്തു. ബോധോദയം ഉണ്ടായപോലെ ആ കൈകള്‍  വിട്ട് തനൂജ നേരെയിരുന്നു.  “അയാം  സോറി റായ്....” അവള്‍ മുഴുവനാക്കും മുന്നേ അയാള്‍ കയ്യെടുത്ത് വിലക്കി സാരമില്ലെന്ന് കണ്ണടച്ച് കാണിച്ചു

“ഒരു പേര്‍സണല്‍ ക്വസ്റ്റ്യന്‍ ചോദിക്കട്ടെ?” റായ് തിരിഞ്ഞ് തനൂജയുടെ മുഖത്തേക്ക് നോക്കി. “ തനൂജ വിവാഹത്തിന് എതിരാണോ? അങ്ങനെയൊരു സങ്കല്പം ഉണ്ടായിട്ടില്ലേ ഇത് വരെ?”

“ഏയ്‌... എതിരൊന്നുമല്ല. മറിച്ച് ചിലപ്പോഴൊക്കെ പലരുടേയും  മാരേജ് ലൈഫ്സ്റ്റൈല്‍ കൌതുകത്തോടെ നോക്കിനില്‍ക്കാറുണ്ട്.”

“പിന്നെന്താണ് വിവാഹത്തില്‍ നിന്നും അകന്നു നില്‍ക്കുന്നത്?”

“ആജീവനാന്തം ഒരുമിച്ചു ജീവിക്കാനുള്ള ഒരിഷ്ടം തോന്നേണ്ടേ ആരോടെങ്കിലും... മാത്രല്ല ബന്ധങ്ങളില്‍ പലപ്പോഴും എനിക്ക്  ബോറടിക്കാറും ഉണ്ട്.” തനൂജയത് പറഞ്ഞപ്പോള്‍ അയാള്‍ സിനിമാലോകത്ത് പലപ്പോഴും ചര്ച്ചയകാറുള്ള  അവളുടെ  ‘ചേന്‍ജിംഗ് പാര്‍ടണര്‍’ സ്വഭാവം ഓര്‍ത്തു.

“ചിലരെ കണ്ടപ്പോൾ  മുന്‍പേ കണ്ടുമുട്ടിയിരുന്നെങ്കില്‍ എന്ന് തോന്നാറും ഉണ്ട്.” ദാസിനരികിലേക്ക് ഒന്നാഞ്ഞിരുന്നുകൊണ്ട് അവള്‍ അയാളുടെ മുഖത്തിന്‌ ചുറ്റും വായുവില്‍ ഒരു വട്ടം വരച്ചു. “ലൈക്ക് യു...”

ദാസ്‌ പുഞ്ചിരിച്ചു. “എന്നെ അങ്ങനെ റോള്‍ മോഡല്‍ ആക്കേണ്ട തനൂജാ, കാരണം ഞാൻ ഒട്ടും പെര്‍ഫെക്റ്റ്‌ അല്ല.”

“ബട്ട്‌ എല്ലാ ഇംപെര്‍ഫെക്ഷനിലും മീതെ നിങ്ങളില്‍ എന്തോ ഒരു സ്പെഷ്യാലിറ്റി ഉണ്ട് ദാസ്. ഐ ലൈക്‌ യൂ വിത്ത്‌ ഓള്‍ ഇംപെര്‍ഫെക്ഷന്‍....”  ആകാശത്ത് നിന്നും രണ്ട്നക്ഷത്രങ്ങള്‍  അടര്‍ന്നുവീണത്‌ പോലെ  തനൂജയുടെ  മിഴികള്‍ മിന്നി. എന്തിലും മീതെയായി... അന്ധമായി... നിങ്ങളെ എനിക്ക് ഇഷ്ടമാണ് റായ്, അവളുടെ മനസ് വാചകം പൂര്‍ത്തിയാക്കി.
" ഞാൻ വിവാഹിതനാകാൻ പോകുന്നു. അറിയാമല്ലോ അല്ലേ... "

തനൂജ ചിരിച്ചു. "യെസ്... അറിയാം... "

"വിവാഹം ബോറടിക്കുന്ന തനിക്ക് എന്നേയും വേഗം ബോറടിക്കുമല്ലോ... ഐ മീൻ,  നമ്മൾ അങ്ങനെ ഒരു വേഷം കെട്ടിയാൽ...? " ദാസ് തനൂജയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. 

"ഏയ്‌... റായ്.. കമോൺ... ഞാനത് അപ്പോഴേ വിട്ടു. ഞാൻ പറഞ്ഞല്ലോ അപ്പോഴത്തെ ആവേശത്തിൽ അങ്ങനെ സംസാരിച്ചതാണെന്ന്.. ലീവ്‌ ഇറ്റ് മാൻ... നമ്മൾ എപ്പോഴും നല്ല സുഹൃത്തുക്കളാണ്. ആയിരിക്കും. " തനൂജ വീണ്ടും അയാളോട് ചേർന്നിരുന്നു. 

ദാസിന് ആശ്വാസം തോന്നി. അവളുടെ മനസ്സിൽ എന്തെന്ന് അറിയാനും കൂടിയാണ് ദാസ് ഈ ഹെലികോപ്റ്റർ സവാരി സമ്മതിച്ചത്. കാര്യങ്ങൾ തനൂജയെ പറഞ്ഞു മനസ്സിലാക്കണം എന്ന ഉദ്ദേശത്തിൽ  വലിയ ബുദ്ധിമുട്ടില്ലാതെ എത്തിയെന്ന സമാധാനത്തിൽ അയാൾ ദീർഘമായി ശ്വസിച്ചു. 

പിന്നീടവര്‍ ഒന്നും സംസാരിച്ചില്ല. പറവപോലെ പതുക്കെ ഒഴുകിനീങ്ങുന്ന സമയതാളത്തില്‍ അയാളങ്ങനെ താഴേക്ക്‌ നോക്കിയിരുന്നു.  മിലാന്‍ അരികില്‍ ഉണ്ടായിരുന്നെങ്കില്‍....ഇപ്പോള്‍... ഒന്നും പറയാതെ ആ നെഞ്ചിലേക്ക് തന്നെ അണച്ച്പിടിക്കുമായിരുന്നില്ലേ...

അവള്‍... ഇപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും...

പിറ്റേദിവസം കരോലിന്‍ മടങ്ങുന്ന ദിവസമായിരുന്നു. അതിനു മുന്‍പേ അവള്‍ ദാസിനെ വീണ്ടും കണ്ടു.

 “സര്‍, മിസ്സ്‌ കൊല്‍ക്കത്ത കണ്ടസ്റ്റന്‍റ്റ് ഷോ ക്യാമ്പസ്‌ ട്രയല്‍ ആഗസ്റ്റില്‍ ആണ്. ഞങ്ങള്‍ ജഡ്ജസ്സിനെ നോക്കിക്കൊണ്ടിരിക്കയാണ്. ചീഫ് ഗസ്റ്റ് ആയി സാര്‍ വന്നാല്‍ വളരെ നന്നായിരുന്നു. യൂണിവേര്‍സിറ്റിയില്‍ എല്ലാവരും ആദ്യമേ അതേക്കുറിച്ച് പറഞ്ഞിരുന്നു.”  കരോലിന്‍ പ്രതീക്ഷയോടെ അയാളെ നോക്കി.

“മിസ്‌ കരോലിന്‍, വളരെ തിരക്കുകളിലാണ് ഞാനെന്ന് അറിയാമല്ലോ. ഇപ്പോഴും കാണുന്നില്ലേ; പറ്റുകയാണെങ്കില്‍ എന്നെ ഒഴിവാക്കണം. കല്‍ക്കത്തയില്‍ ആ സമയം ഞാന്‍ ഉണ്ടാകുമോ എന്നിപ്പോള്‍ പറയാനും ആവില്ല.”

“സര്‍, പ്രണോതിമേമിനെ ഞങ്ങള്‍ ജഡ്ജായി വിളിക്കാന്‍ തീരുമാനിച്ചിരുന്നു.” തിളങ്ങുന്ന മുഖത്തോടെ കരോലിന്‍ അത് പറഞ്ഞപ്പോള്‍ ദാസ്‌ ചിരിച്ചു.

“എങ്കില്‍ ഞാന്‍ ഒട്ടും വരുന്നില്ല. ഞങ്ങളില്‍ നിന്നും ഒരാളുണ്ടല്ലോ. ദാറ്റീസ് ഇനഫ്‌..”

“ഓഹോ... അതാണോ, ഞാന്‍ കരുതി ഗോസ്സിപ്സ്  കരുതിയാണെന്ന്.”

“ഹഹ. എന്ത് ഗോസ്സിപ്പ്... അവര്‍ എഴുതട്ടെ. പാപ്പരാസികള്‍ക്ക് എപ്പോഴും എന്തെങ്കിലും വേണമല്ലോ എഴുതി നിറയ്ക്കാന്‍...”

“അപ്പോള്‍ സര്‍, ഞാന്‍ ഉറപ്പിക്കട്ടെ? സാറിനെ ഒഫീഷ്യല്‍ ആയി ഞങ്ങളുടെ ഗസ്റ്റ് ആയി?

“നോ കരോലിന്‍, ഇപ്പോള്‍ പറയാന്‍ വയ്യ, എന്തായാലും താന്‍ വിളിക്കുമല്ലോ.അപ്പോള്‍ പറയാം. ആദ്യം ഡേറ്റ് അറിയട്ടെ.”

“ഓക്കെ സര്‍, ഞാന്‍ ഇന്ന് വൈകീട്ട് പോവുകയാണ്. മേമിനോട് എന്തെങ്കിലും പറയണോ?”

ആ ചോദ്യംകേട്ട ദാസ്‌ ഒന്ന് പകച്ചു. ഇങ്ങോട്ട് വരുമ്പോള്‍ മിലാന് കൊടുക്കേണ്ട ഗിഫ്റ്റ്കളെക്കുറിച്ച് വളരെ വിശാലമായിത്തന്നെ ചിന്തിച്ചിരുന്നു. പക്ഷെ ഇതുവരെയും ഒന്നും വാങ്ങിയില്ല എന്ന് അയാള്‍ അപ്പോഴാണ്‌ ഓര്‍ത്തത്‌. ഉടനെ വാച്ചില്‍ നോക്കി ഒന്ന് ചിന്തിച്ചിട്ട് അയാള്‍ ചോദിച്ചു. “എപ്പോഴാണ് കരോലിന്‍ ഇവിടെനിന്ന് ഇറങ്ങുക?”

“രണ്ട് മണിക്കൂറിനുള്ളില്‍...”

യെസ്... സമയമുണ്ട്... ഉടനെ അയാള്‍ നാരായണസാമിയുടെ നമ്പര്‍ ഡയല്‍ ചെയ്തു. റൂമിന് വെളിയിലേക്ക് നടന്ന്കൊണ്ട് അയാള്‍ കരോലിനെ നോക്കി പറഞ്ഞു. “പോകുമ്പോള്‍ ഡോര്‍ ലോക്ക് ചെയ്യൂ. ഞാനിപ്പോള്‍ വരാം. ഒന്ന് പുറത്ത് പോകുന്നു. കരോലിന്‍ പോകുമ്പോഴേക്കും ഞാന്‍ എത്താം.”

അയാളുടെ ധൃതിയോടെയുള്ള പോക്ക്കണ്ട് കരോലിന്റെ ചുണ്ടില്‍ ഒരു ചെറിയ ചിരിയൂറി. മിലാന് കൊടുക്കാനുള്ള എന്തെങ്കിലും ഗിഫ്റ്റ് വാങ്ങാനുള്ള ഓട്ടമാണ് അതെന്ന് അവള്‍ക്ക് തോന്നിയിരുന്നു.

 വളരെ തിരക്കുള്ള ഒരു ഷോപ്പിംഗ്‌ മാളിന് മുന്നില്‍ കാര്‍ നിറുത്തി ഓടിയിറങ്ങുമ്പോള്‍ ഇത്രയും തിരക്കുള്ള ഒരു ബിസിനസ് മാഗ്നെറ്റിന്റെ വിലയേറിയ സമയം കാമുകഭാവത്തിലേക്കു വീണുപോയത് സാമിയും നോക്കിക്കാണുകയായിരുന്നു. വജ്രാഭരണശാല കൈമുതലായുള്ള ആള്‍ കൊച്ചുകൌതുകങ്ങളെ നോക്കിനോക്കി നടക്കുന്നത് അയാളുടെ സ്റ്റാഫുകളെ അത്ഭുതപ്പെടുത്തുകയും ചെയ്യാതിരുന്നില്ല. പലയിടത്തും കറങ്ങിത്തിരിഞ്ഞെങ്കിലും അയാളുടെ കണ്ണില്‍ വിശേഷപ്പെട്ട ഒന്നും ഉടക്കിയില്ല. മാളില്‍ നിന്നും തിരിച്ചിറങ്ങാന്‍ നേരമാണ് ഒരു ചെറിയ കുട അയാളുടെ കണ്ണില്‍പ്പെട്ടത്.  ദാസ്‌ അങ്ങോട്ട്‌ നടന്നു.

പല വര്‍ണ്ണങ്ങളിലും ഷേപ്പിലും രൂപങ്ങളിലുമുള്ള ചെറുതും വലുതുമായ ധാരാളം കുടകള്‍ തൂങ്ങിക്കിടന്നടുന്ന വിശാലമായ ഹാളിലേക്കാണ് അയാള്‍ നടന്നു കയറിയത്.

അതില്‍നിന്നും മണികള്‍ തൂങ്ങിയാടുന്ന വളരെ മനോഹരമായ ഒരു ചെറിയ കുട  തെരഞ്ഞെടുത്തു അതുമായി കൗണ്ടറിലേക്ക് നടന്നപ്പോള്‍ മുടി നീട്ടി വളര്‍ത്തിയ ക്ലീന്‍ഷേവ് ചെയ്ത ഒരു ചെറുപ്പക്കാരന്‍ അയാളുടെ അടുത്തേക്ക് വേഗത്തില്‍ നടന്നുവന്നു. “സര്‍, ഞാനൊരു ആര്‍ട്ടിസ്റ്റ് ആണ്. ഈ ഷോപ്പില്‍ തന്നെയാണ് വര്‍ക്ക്‌ ചെയ്യുന്നത്. സര്‍ ഇതൊന്ന് നോക്കൂ...” ആ ചെറുപ്പക്കാരന്‍ നീട്ടിയ വസ്തു അവരുടെ എന്തെങ്കിലും സെയില്‍ പ്രൊഡക്റ്റ് ആയിരുക്കുമെന്ന ഉറപ്പോടെ അതിലേക്കു നോക്കിയ ദാസ്‌ വിസ്മയിച്ചുപോയി!

ഇപ്പോള്‍ തെരഞ്ഞെടുത്ത കുടയുടെ മണികളില്‍ തൊട്ടുനോക്കി നില്‍ക്കുന്ന തന്‍റെ രൂപം! പെന്‍സിലിന്റെ തെളിമയും ഒളിമയുമുള്ള മനോഹരവരകളില്‍, ഒരുകൈ ജുബ്ബയുടെ പോക്കറ്റിലും മറുകൈ കുടയുടെ മണികളില്‍ തൊടുന്നതായുമുള്ള നിമിഷങ്ങള്‍ എത്ര മികവോടെ അല്പനേരത്തിനുള്ളില്‍ ഒരു ചിത്രമായി രൂപാന്തരപ്പെട്ടു!

മനുഷ്യരുടെ ജീവന്‍ തുടിക്കുന്ന  നിമിഷങ്ങളിലെ സന്തോഷത്തേയും കാല്‍പനികതകളേയും വിറ്റ്കാശാക്കാന്‍ കടയുടമയുടെയും ചിത്രകാരന്റെയും വ്യാപാരതന്ത്രങ്ങളും കഴിവും ഒരുമിച്ച് ചേരുന്നിടത്തു അസുലഭമുഹൂര്‍ത്തങ്ങളുടെ ചുരുളുകള്‍ വിടര്‍ന്നുവീഴുന്നു!

ദാസ്‌ മനോഹരമായ പുഞ്ചിരിയോടെ ആ ചിത്രം കൈനീട്ടി വാങ്ങി. ഇതിലും വലിയൊരു സമ്മാനം എങ്ങനെയാണ് മിലാന് നല്‍കാന്‍ കഴിയുക. താനും തന്റെ സമയവും അവളെ ഓര്‍ക്കുന്ന നിമിഷങ്ങളും ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് നല്‍കപ്പെടുക....!

അതിരറ്റ ആഹ്ളാദത്താല്‍ പറഞ്ഞതില്‍ കൂടുതല്‍ ഡോളര്‍ നല്‍കി അയാളത് വാങ്ങി പായ്ക്ക്  ചെയ്തു. അതിന്പുറത്തു  തന്‍റെ കൈപ്പടയില്‍ അയാളെഴുതി.

 "നിനക്കായി ഈ നിമിഷങ്ങളില്‍...”

ഒരു രാജ്യത്തുനിന്നും മറ്റൊരു   രാജ്യത്തേക്ക്  നീളുന്ന ഹൃദയ രേഖകളെ തൊടുന്ന സ്നേഹലാളനങ്ങൾ!

 ഒരു മണിക്കൂറിനുള്ളില്‍ ഹോട്ടൽ മുറിയില്‍ തിരിച്ചെത്തി, 'മറക്കാതെ കൊടുക്കണം' എന്ന ഓര്‍മ്മപ്പെടുത്തലോടെ കരോലിനെ ഏല്‍പ്പിക്കുമ്പോള്‍ അവളും ചിരിച്ചു. “ഷുവര്‍ സര്‍, മൈ പ്ലെഷര്‍..”

ലാപ്‌ടോപ്പും മറ്റ് സാധനങ്ങളും എടുത്തുവെച്ച് തിരക്കിട്ട് പായ്ക്ക്  ചെയ്യുന്നതിനിടയില്‍ കരോലിന്‍റെ ഡോര്‍ബെല്‍ വീണ്ടും ശബ്ദിച്ചു. അവൾ  വേഗത്തില്‍ പോയി  ഡോര്‍ തുറന്നു. തുറന്ന വാതിലിനു മുന്നില്‍ നിറഞ്ഞ ചിരിയോടെ കയ്യില്‍ നിറയെ പൂക്കളുമായി തനൂജയായിരുന്നു!!

“ഹായ്....” വല്ലാത്ത സന്തോഷത്തോടെ ചിരിയോടെ കരോലിന്‍ വാതില്‍ തുറന്നുകൊടുത്തു. “വരൂ മേഡം... വരൂ.”

“പോകാനിറങ്ങുന്നു അല്ലെ, ഞാന്‍ ഇരിക്കുന്നില്ല. സേഫ് ജേര്‍ണി ഡിയര്‍...” പൂക്കള്‍ കരോലിന് നേരെ നീട്ടി തനൂജ പറഞ്ഞു.

“സാരമില്ല മേം,  പത്ത്മിനിറ്റ് മതി എനിക്ക് റെഡിയാവാന്‍.. ഒന്ന് വാഷ്‌റൂം പോകേണ്ടതേയുള്ളൂ ഇനി. പ്ലീസ് കം, അകത്തു വരൂ.. ഇരിക്കൂ...”

കരോലിന്‍ വഴി മാറി. ചിരിയോടെ തനൂജ അകത്തേക്ക് വന്നു. അവളുടെ സ്യൂട്ട്‌ ആകപ്പാടെ നോക്കി തനൂജ അവിടെയൊരു സെറ്റിയിലേക്കിരുന്നു. ഒരു മിനിറ്റ് എന്നാന്ഗ്യം കാണിച്ചു കരോലിന്‍ ഡ്രെസ്റൂമിലേക്ക്‌ പോയി. തിരികെ വരുമ്പോഴും തനൂജ അവിടെക്കിടന്ന മാഗസിന്‍ മറിച്ചുനോക്കി ഇരുപ്പുണ്ടായിരുന്നു.

“ഞാന്‍ ഇരിക്കുന്നില്ല കരോലിന്‍, പോകാന്‍ ലേറ്റ് ആവേണ്ട. എനിവേ കീപ്‌ ഇന്‍ ടച്, നാട്ടില്‍ വന്നാലും വിളിക്കണം. എന്റെ നമ്പര്‍ ഉണ്ടല്ലോ...” തനൂജ മുന്നോട്ടു വന്നു കരോലിനെ ആലിംഗനം ചെയ്തു. വാതില്‍വരെ ചെന്ന് കരോലിന്‍ തനൂജയെ യാത്രയാക്കി.

സന്തോഷത്തോടെ.....

അന്ന് രാത്രി അമേരിക്കയിൽ നിന്നും കരോലിനെയും യാത്രക്കാരെയും വഹിച്ചുകൊണ്ട് പറന്നുയർന്ന വിമാനത്തിൽ റായ് വിദേതൻ തന്റെ പ്രിയതമയ്ക്കായി നൽകിയ സ്നേഹസമ്മാനം ഇല്ലായിരുന്നു!

അയാളറിയാതെ..... ആരുമറിയാതെ ആ സ്നേഹസമ്മാനം എവിടെയോ അപ്രത്യക്ഷമായിരുന്നു.

                                   (തുടരും)
നീലച്ചിറകുള്ള മൂക്കുത്തികൾ 17 - സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക