Image

ജനദ്രോഹ നടപടികളുടെ തുടര്‍ച്ചയുമായി കേന്ദ്രഭരണം നാലാം വര്‍ഷത്തിലേക്ക്‌

ജോസ്‌ കാടാപുറം Published on 28 May, 2012
ജനദ്രോഹ നടപടികളുടെ തുടര്‍ച്ചയുമായി കേന്ദ്രഭരണം നാലാം വര്‍ഷത്തിലേക്ക്‌
വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണം 50000 കോടി ഡോളറിലേറെ (ഏകദേശം 25 ലക്ഷം കോടി രൂപ) വരുമെന്ന്‌ ഇന്ത്യയുടെ ഉന്നതമായ കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐ ഡയറക്‌ടര്‍ വെളിപ്പെടുത്തി. അടുത്തിടെ ഇന്റര്‍പോളിന്റെ അഴിമതി വിരുദ്ധ പരിപാടിയില്‍ ഡല്‍ഹിയില്‍ ഉദ്‌ഘാടനം ചെയ്യവേയാണ്‌ സിബിഐ ഡയറക്‌ടര്‍ എ.പി സിംഗ്‌ ഈ വെളിപ്പെടുത്തല്‍ നടത്തിയത്‌.

കള്ളപ്പണ നിക്ഷേപം കണ്ടെത്താനും മരവിപ്പിക്കാനും പിടിച്ചുവെയ്‌ക്കാനും തിരിച്ച്‌ ഇന്ത്യയിലേക്ക്‌ കൊണ്ടുവരുവാനും വൈദഗ്‌ധ്യം മാത്രം പോര. നിശ്ചയദാര്‍ഢ്യവും വേണം. സിബിഐ പുറത്തുവിട്ട ഈ വിവരങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ അജ്ഞാതമാണെന്ന്‌ ഓര്‍ക്കുമ്പോഴാണ്‌ കേന്ദ്രസര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ നമ്മെ തുറിച്ചുനോക്കുന്നത്‌.

കള്ളപ്പണം വെറുതെ ഉണ്ടാകുന്നതല്ല. നികുതി വെട്ടിപ്പിലൂടെ മാത്രം ഉണ്ടാക്കുന്നതുമല്ല. ഉന്നതതല അഴിമതിയിലൂടെയാണ്‌ കണക്കില്‍പ്പെടാത്ത പണം പ്രധാനമായും ഉണ്ടാകുന്നത്‌. 2ജി ലൈസന്‍സുകളും, സ്‌പെക്‌ട്രം 2008-ല്‍ ടെലികോം കമ്പനികള്‍ക്ക്‌ നല്‍കിയതുമൂലം ഖജനാവിന്‌ 1.78 ലക്ഷം കോടി രൂപ നഷ്‌ടമുണ്ടാകുന്നത്‌. കേന്ദ്ര ക്യാബിനറ്റ്‌ മന്ത്രിയും ഭരണത്തിലെ ഉന്നതരുമാണ്‌ ഈ അഴിമതി കേസില്‍ അറസ്റ്റിലാകുന്നത്‌. ഇതില്‍ രണ്ടുപേരൊഴികെ കല്‍മാഡിയും, കോണ്‍ഗ്രസ്‌ ഭരണത്തിലെ സഖ്യകക്ഷിയായ ഡി.എം.കെയുടെ നേതാവും ജാമ്യമെടുത്ത്‌ പാര്‍ലമെന്റിലെത്തി വീണ്ടും സജീവമായി. കരസേനാ മേധാവി തന്നെ പ്രതിരോധ മന്ത്രിയോട്‌ പ്രതിരോധ ഇടപാടുകളില്‍ നടക്കുന്ന അഴിമതിയെ കുറിച്ച്‌ ചൂണ്ടിക്കാട്ടിയിട്ടും അന്വേഷണം നടന്നില്ല. കാരണം അഴിമതിയും ഭരണ നേതൃത്വവും തമ്മിലുള്ള ഇഴചേര്‍ന്ന ബന്ധമാണ്‌.

വിലക്കയറ്റമാണ്‌ മറ്റൊരു പ്രശ്‌നം. പൂഴ്‌ത്തിവെയ്‌പ്പ്‌, അവധിവ്യാപാരം, തെറ്റായ കയറ്റുമതി നയം, ഉത്‌പാദനത്തിലെ കുറവ്‌ എന്നിവ വിലക്കയറ്റത്തിന്‌ കാരണമാകുന്നു. പെട്രോളിയം ഉത്‌പന്നങ്ങളുടെ വില വര്‍ധനവാണ്‌ നാലാം വര്‍ഷത്തില്‍ ഭരണകര്‍ത്താക്കള്‍ ജനങ്ങള്‍ക്ക്‌ നല്‍കുന്ന സമ്മാനം!

മുന്നൂറില്‍ കൂടുതല്‍ എംപിമാരുടെ പിന്തുണയോടെ രണ്ടാമൂഴത്തിന്‌ തുടക്കമിട്ട യു.പി.എ സര്‍ക്കാര്‍ ഇപ്പോള്‍ പ്രാദേശിക കക്ഷികളുടെ ആട്ടും തുപ്പുമേറ്റ്‌ കാലാവധി തികയ്‌ക്കുമോ എന്ന്‌ സംശയത്തിലാണ്‌. കഴിഞ്ഞ കുറെ ദിവസങ്ങളായി രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനാവാത്ത ഗതികേടിലാണ്‌ വര്‍ത്തമാന ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥ. മമതാ ബാനര്‍ജിയെന്ന പ്രാദേശിക നേതാവിനു മുന്നില്‍ പ്രധാനമന്ത്രിക്ക്‌ ഭൂമിയോളം താഴേണ്ടിവന്നിരിക്കുകയാണ്‌. പാവപ്പെട്ട ഇന്ത്യക്കാരുടെ ഗതികേട്‌ എന്നല്ലാതെ എന്തു പറയാന്‍? കോണ്‍ഗ്രസ്‌ തന്നെ ജനവിരുദ്ധ നടപടികളുടെ വക്താക്കളായി മാറുകയും, മിക്ക ഘടകക്ഷികളും സങ്കുചിത സമ്മര്‍ദ്ദ തന്ത്രങ്ങള്‍ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ കേന്ദ്രഭരണം ജനവിരുദ്ധ ഭരണത്തിന്റെ കൊടുമുടിയിലെത്തുകയാണ്‌. പാര്‍ട്ടിയോടോ, ജനങ്ങളോടോ കൂറില്ലാത്തവരുടെ കൂടാരമായ കേന്ദ്ര മന്ത്രിസഭ ഇങ്ങനെ എത്രനാള്‍ തുടരും?....
ജനദ്രോഹ നടപടികളുടെ തുടര്‍ച്ചയുമായി കേന്ദ്രഭരണം നാലാം വര്‍ഷത്തിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക