Image

ജര്‍മന്‍ ട്രേസിംഗ് ആപ്ലിക്കേഷന് എട്ടു മില്യണ്‍ ഡൗണ്‍ലോഡ്

Published on 18 June, 2020
 ജര്‍മന്‍ ട്രേസിംഗ് ആപ്ലിക്കേഷന് എട്ടു മില്യണ്‍ ഡൗണ്‍ലോഡ്

ബര്‍ലിന്‍: ജര്‍മനി ചൊവ്വാഴ്ച ലോഞ്ച് ചെയ്ത കൊറോണ ട്രേസിംഗ് ആപ്‌ളിക്കേഷന്‍ എട്ടു ലക്ഷത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തു. ആപ്പ് ഉപയോഗം നിര്‍ബന്ധിതമാക്കിയിട്ടില്ലെങ്കിലും ആദ്യ 24 മണിക്കൂറില്‍ തന്നെ 6.4 മില്യണ്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നു.

ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്ത സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ആള്‍ വൈറസ് ബാധയുള്ള, ആപ്പ് ഉപയോഗിക്കുന്ന മറ്റൊരാളുടെ അടുത്തെത്തിയാല്‍ സന്ദേശം നല്‍കാന്‍ ആപ്പിനു സാധിക്കും. രണ്ടു മീറ്റര്‍ ദൂരപരിധിക്കുള്ളിലെത്തിയാലാണ് മുന്നറിയിപ്പ് ലഭിക്കുക.

രോഗം ടെസ്റ്റ് ചെയ്യുകയോ സ്ഥിരീകരിക്കുകയോ ചെയ്ത ആളുകള്‍ക്ക് സ്വമേധയാ അക്കാര്യം ആപ്പില്‍ രേഖപ്പെടുത്താന്‍ കഴിയും. അവര്‍ക്കടുത്തെത്തുന്ന ആള്‍ക്ക് പരിശോധന ആവശ്യപ്പെടാം.

ജനസംഖ്യയില്‍ പകുതിപ്പേരെങ്കിലും ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രമേ ആപ്പിന്റെ പ്രവര്‍ത്തനം ഫലപ്രദമാകൂ എന്നായിരുന്നു വിലയിരുത്തല്‍. ഏറ്റവും പുതിയ സര്‍വേകള്‍ പ്രകാരം 43 ശതമാനം പേര്‍ വരെ ഇപ്പോള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നു. ഇത് 50 ശതമാനത്തിനു മുകളിലെത്തുമെന്നു തന്നെയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

കോവിഡ് പ്രതിരോധം: ജര്‍മനിയില്‍ ഏകീകൃത നടപടികള്‍ക്ക് ധാരണ

ബര്‍ലിന്‍: കൊറോണവൈറസ് പ്രതിസന്ധി എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ ജര്‍മനിയിലെ ഫെഡറല്‍ ഗവണമെന്റും സ്റ്റേറ്റ് ഗവണ്‍മെന്റുകളും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസത്തിനു പരിഹാരമായി. രാജ്യത്താകമാനം സ്വീകരിക്കേണ്ട പൊതു പദ്ധതികള്‍ സംബന്ധിച്ച് ഏകദേശ ധാരണ രൂപീകരിച്ചതോടെയാണിത്.

ഇതുപ്രകാരം, കടകളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്‌ക് ഉപയോഗം നിര്‍ബന്ധമായി തുടരും. വേനലവധിക്കു ശേഷം സ്‌കൂളുകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനും ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.

കോവിഡിനു കൃത്യമായ മരുന്നോ വാക്‌സിനോ ലഭ്യമാകുന്നതുവരെ സ്വയരക്ഷയ്ക്ക് കൃത്യമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചേ മതിയാകൂ എന്ന് മെര്‍ക്കല്‍ വ്യക്തമാക്കി.

സാമൂഹിക അകലം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ തുടരും. വലിയ പൊതു പരിപാടികള്‍ക്കുള്ള നിരോധനവും തത്കാലം പിന്‍വലിക്കില്ല. നിലവില്‍ ഓഗസ്റ്റ് 31 വരെയാണ് നിരോധനത്തിന്റെ കാലാവധി.

വലിയ ഇവന്റുകള്‍ക്ക് ഒക്ടോബര്‍ 31 വരെ നിരോധനം

വേനല്‍ക്കാല അവധി ദിവസങ്ങള്‍ക്കു ശേഷം ഡേകെയര്‍ സെന്ററുകളും സ്‌കൂളുകളും സാധാരണ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങും. ഈ ആവശ്യത്തിനായി, പ്രത്യേകിച്ചും അധ്യാപകരെയും കൂടുതല്‍ പരിശോധിക്കും. ഇതിനായി ഫെഡറല്‍ ഗവണ്‍മെന്റ് സബ്‌സിഡി നല്‍കുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് ഫണ്ടുകളാണ് ചെലവുകള്‍ വഹിക്കുന്നത്.

അതേസമയം കൊറോണ വൈറസ് റിസ്‌ക് രാജ്യങ്ങളുടെയും സംസ്ഥാനങ്ങളുടെയും പട്ടിക ജര്‍മനി പ്രസിദ്ധീകരിച്ചു.തുര്‍ക്കിയും അമേരിക്കയും ഉള്‍പ്പടെ 130 രാജ്യങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 31 വരെ 160 രാജ്യങ്ങളിലേയ്ക്കുള്ള സഞ്ചാരം നേരത്തെതന്നെ ജര്‍മനി വിലക്കിയിരുന്നു. എന്നാല്‍ യാത്രാ വിലക്കുള്ള ഇന്ത്യ ഉള്‍പ്പെടുന്ന 130 രാജ്യങ്ങളുടെ പട്ടിക ഇന്നാണ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്.

കൊറോണ പ്രതിസന്ധിയെത്തുടര്‍ന്ന് സന്പദ് വ്യവസ്ഥ ഉയര്‍ത്തുന്നതിനായി സര്‍ക്കാര്‍ വികസിപ്പിച്ച സാന്പത്തിക ഉത്തേജക പാക്കേജിലെ 130 ബില്യണ്‍ യൂറോ നല്‍കുമെന്ന് മെര്‍ക്കല്‍ അറിയിച്ചു.വരും മാസങ്ങളില്‍ സന്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന് സംഭാവന നല്‍കാനുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക