Image

സൗഹൃദം: സന്തോഷത്തിൽ പൂത്തിരിയാവും, സങ്കടത്തിൽ മറുമരുന്നാവും (ബിനു ചിലമ്പത്ത്)

ബിനു ചിലമ്പത്ത്, സൗത്ത് ഫ്ലോറിഡ Published on 18 June, 2020
സൗഹൃദം: സന്തോഷത്തിൽ പൂത്തിരിയാവും, സങ്കടത്തിൽ മറുമരുന്നാവും (ബിനു ചിലമ്പത്ത്)
സ്കൂളിൽ നേരം വൈകി എത്തി. തലേന്നത്തെ പരിപാടികൾ  ചതിച്ചതാ. മിനി ടീച്ചറുടെ വായീന്ന് കണക്കിന് കേട്ട് ക്ലാസ്സിൽ കയറി അങ്ങേയറ്റത്തെ എന്റെ ബെഞ്ചിൽ പോയി ഇരുന്നപ്പോൾ തോന്നിയ ഒരു കുസൃതി, ഇന്റെർവെല്ലിന്റെ സമയത്ത് പുസ്തകത്തിന്റെ ഇടയിൽ എവിടെയോ ഒളിപ്പിച്ചു വെച്ച ഒരു കളർ പെൻസിൽ കൊണ്ട് ഞാൻ ജനലിനോട് ചേർന്നുള്ള ആ ചുവരിൽ ഇങ്ങനെ എഴുതി, " കാന്താരികൾക്ക് സ്വാഗതം.. !"

10A ! പെൺകുട്ടികൾ അടക്കി വാഴുന്ന പെൺകൊട്ടാരം. പ്രസാദം കിട്ടാൻ തിരുനടയിൽ കാത്തുനിൽക്കുന്ന ഭക്തന്മാരെ പോലെ അന്ന് ആൺകുട്ടികളുടെ ശ്രദ്ധ പെൺകുട്ടികളുടെ ക്ലാസുകളിലേക്ക് ഉണ്ടായിരുന്ന ഒരു കാലം . ഭാസ്കരൻ മാഷിന്റെ ചൂരൽ കൊണ്ടുള്ള ചുവരിൽ അടി ദൂരെന്ന് കേൾക്കാനുള്ള പവർ അന്ന് അവന്മാരുടെ ചെവിക്കുണ്ടായിരുന്നു. ചുവരിൽ എഴുതിക്കൊണ്ടിരിക്കവേ എതിർവശത്തെ ജനൽ പൊളിയിലൂടെ കാന്താരി എന്നൊരു വിളി. തരിച്ചു പോയി ഞാൻ! ഭാസ്കരൻ മാഷോ അന്നമ്മ ടീച്ചറോ എന്റെ ആ കലാവിരുത് അന്ന് കണ്ടുപിടിച്ചിരുന്നെങ്കിൽ സ്കൂളിന്റെ പരിസരം പോലും കാണാൻ എനിക്ക് പറ്റുമായിരുന്നില്ല. ചുവര് വൃത്തികേടാക്കി എന്നതിനേക്കാൾ എഴുതി വെച്ച വാചകമാവും വയ്യാവേലി തീർക്കുക. കാന്താരി എന്ന ആ വിളി വരാന്തയുടെ അങ്ങേഅറ്റത്തുള്ള ഒരു ക്ലാസ്സ്‌ മുറിയിലേക്കാണ് പോയി മറഞ്ഞത്. 10B എന്ന ആൺകുട്ടികളുടെ ആ സ്വകാര്യതയിലേക്ക്.
എവിടെയോ വായിച്ചു മറഞ്ഞ ഒരു കഥ ഓർത്തെടുത്ത് കുറിച്ചതാണിത് ...

ഇന്നത്തെ കാലത്ത് ഈ കഥ കേൾക്കുന്ന ആരും ഈ സന്ദർഭത്തിൽ സിനിമയിലെ പോലെ ഒരു സ്കൂൾ ലവ് സ്റ്റോറി പ്രതീക്ഷിക്കും. എന്നാൽ, അന്ന്, അത്ര ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടമല്ലെങ്കിലും പ്രണയവും ആൺസുഹൃത്തുക്കളും വലിയ അപരാധമായിരുന്നു. എങ്കിലും ആയിരത്തിൽ ഒരുവനായി അന്നുമുണ്ടായിരുന്നു എല്ലാ വേലിക്കെട്ടുകളും തകർത്തെറിഞ്ഞു വിപ്ലവം സൃഷ്ടിക്കുന്ന ചില ഗജവീരന്മാർ .

ഇന്ന്, തിരക്കുപിടിച്ച ഈ പ്രവാസി ജീവിതത്തിനിടക്കും മനസ്സ് തുറന്നു ചിരിക്കാൻ ഇത്പോലെ ഒരുപിടി നല്ല ഓർമകൾ എന്റെ നെഞ്ചിൽ ബാക്കിയുണ്ട്, പഠിച്ച പഴയ  ക്ലാസ്സ്‌മുറിയും അതിലെ  കാന്താരികളും എനിക്ക് സമ്മാനിച്ച മധുരമേറിയ ഓർമ്മകൾ !

വർഷങ്ങൾക്കിപ്പുറം ഇന്ന് നമ്മുടെ ലോകം അതിവിശാലമായി മാറിയിരിക്കുന്നു. കാലം കൊണ്ട് ഈ ലോകത്തിനുണ്ടായ മാറ്റങ്ങൾ പലതും ഒരുതരത്തിൽ പലർക്കും അനുഗ്രഹമാവാറുണ്ട്,ഞാൻ ഒരു ദിവസം വാട്സാപ്പ് തുറന്നു നോക്കിയപ്പോൾ . ഒട്ടും പരിചയമില്ലാത്ത ഒരു ഗ്രൂപ്പും അതിൽ കുറെ മെസേജുകളും കണ്ടു  . ആദ്യം ഒന്ന് സംശയിച്ചെങ്കിലും ചില പേരുകൾ എന്നെ ഓർമപ്പെടുത്തി,  അയ്മനം ഹൈസ്‌കൂൾ ഹൈസ്കൂളിലെ എന്റെ ആ പത്താംക്ലാസ് ബാച്ച്, കഥയിൽ പറഞ്ഞ കാന്തരികൾ പോലെ  എന്റെ കൂട്ടുകാരികൾ.

ദൈവം ഇങ്ങനെയാണ്, ആരുമില്ലെന്ന് നമ്മൾ കരുതുന്ന ആ നിമിഷം ഒരിക്കൽ നമ്മൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചതിനെ തന്നെ നമ്മുടെ മുന്നിലേക്ക് വെച്ച് തരും. രണ്ട് ദിവസം മറ്റെല്ലാം മറന്ന് ഗ്രൂപ്പിൽ സംസാരിക്കുകയായിരുന്നു ഞങ്ങൾ . എത്ര  വർഷത്തെ ജീവിതമാണ് പറയാനും കേൾക്കാനുമുള്ളത്, നിസ്സാരമല്ല. പലരെയും മനസ്സിലാക്കാൻ അല്പം സമയമെടുത്തു.ചിലരെ അതി വേഗത്തിൽ തിരിച്ചറിയാനും പറ്റി. വട്ടപ്പേരുകൾ പലതുണ്ടെ.. ഒരുപാട് സംസാരിച്ചു. നേരിൽ കാണാൻ അതിയായ ആഗ്രഹം തോന്നി. എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്നായി ചിന്ത. നഷ്ട്ടപ്പെട്ടതെന്തോക്കെയോ തിരിച്ചു കിട്ടിയെന്നു അന്ന് മുതൽ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. അർത്ഥവത്തായ ജീവിതം ഇനിയാണെന്ന് തോന്നി. കേട്ടപ്പോൾ അത്ഭുതമാണുണ്ടായത്, ഇന്ന് ഞങ്ങൾ എന്താണ് എന്നതിനേക്കാൾ അന്ന് എങ്ങനെ ആയിരുന്നു എന്ന് പറയാനായിരുന്നു എല്ലാവർക്കും തിടുക്കം. ഒരുപക്ഷെ എന്നെപോലെ ആ പഴമയെ നെഞ്ചോടു ചേർത്തായിരിക്കും അവരും ഇക്കാലമത്രയും ജീവിച്ചിട്ടുണ്ടാവുക.

 സ്കൂളിൽ പഠിക്കുമ്പോൾ ഭാവിയിൽ എന്താവണമെന്ന് ടീച്ചർ ഞങ്ങളോട് ചോദിക്കില്ലേ . ബഞ്ചിന്റെ ഒരറ്റത്ത് നിന്ന് പറഞ്ഞു തുടങ്ങി. ഡോക്ടർ, നേഴ്സ്, വക്കീൽ, ബാങ്ക് ഓഫീസർ...കൂട്ടത്തിൽ ഒരു വത്സമ്മ   പോലീസ് ആവണമെന്നു പറഞ്ഞു.എല്ലാവരും അത് കേട്ട് ചിരിച്ചിട്ടുണ്ടാകും .ഒരുപക്ഷെ ജീവിതത്തെ ആസ്വദിക്കാൻ മാത്രം പഠിച്ചത് കൊണ്ടാണെന്നു തോന്നുന്നു, അന്ന് എന്തായിത്തീരണമെന്ന് കണക്കു കൂട്ടാൻ സാധിക്കാതെ പോയി. അന്നത്തെ സൗഹൃദമായിരുന്നു ജീവിതം തന്നെ. ഇന്നാണെങ്കിലോ ജോലി, കുടുംബം, പണം, പ്രാരാബ്ദം, ബന്ധങ്ങൾ, ഉത്തരവാദിത്തങ്ങൾ, ആവശ്യങ്ങൾ.. അങ്ങനെ ജീവിതം തന്നെ ഒരു നീണ്ട ലിസ്റ്റ് ആയി സൂക്ഷിച്ചിരിക്കുകയാണ് നമ്മൾ ഓരോരുത്തരും. സ്കൂൾ ജീവിതവും അതിലെ ചില ഉപ്പും പുളിയും കയ്പ്പും മധുരവും ചേർന്ന ഓർമകളും തിരക്കു പിടിച്ച ഈ ലോകത്തിനു പ്രധാനമല്ല. അമേരിക്കയുടെ മണ്ണിൽ ജോലിഭാരവും പേറി ജീവിതം കഴിക്കുമ്പോൾ ഞാൻ ഓർക്കാറുണ്ട്, ആ ഊടുവഴികളും, മഴക്കാലവും , തോടുകളും,മീനുകളും ,മീൻപിടുത്തവും ,നാടും  ,നാട്ടിലൂടെ  ഞങ്ങൾ കൈകോർത്തു നടന്ന ആ നല്ല നിമിഷങ്ങളും. പലപ്പോഴും അതാണ് എന്റെ ജീവിതത്തിലെ സമ്പാദ്യമെന്ന് ജീവിതം തന്നെ എനിക്ക് കാണിച്ചു തരാറുമുണ്ട്.

 "ഇപ്പോൾ  എന്ത് ചെയ്യുന്നു"എന്ന് പലരും ചോദിക്കുമ്പോൾ ,ഉത്തരം പറയുമ്പോൾ . പലരുടെയും വാക്കുകളിൽ അത്ഭുതവും സന്തോഷവും  ഞാൻ കണ്ടു. ടെക്നോളജിയുടെ ഒരു വികാസം നോക്കണേ.. ഒരു മനുഷ്യന്റെ ഒട്ടുമിക്ക മുഖഭാവങ്ങളും വികാരങ്ങളും ഒരു ചെറിയ വൃത്തത്തിനുള്ളിൽ ചുരുക്കി "ഇമോജി"എന്ന് പേരും കൊടുത്തു.പലരും പല ഇമോജിയും അയച്ചു. ഓരോ ഇമോജിയും അവരുടെ മുഖവുമായി ചേർത്തു വെച്ചപ്പോൾ എനിക്ക് പൊട്ടിച്ചിരിക്കേണ്ടി വന്നു.   ചിലരെയൊക്കെ ഞങ്ങൾക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് പിന്നീടാണ് അറിയാൻ കഴിഞ്ഞത്. അസുഖം ബാധിച്ചും അപ്രതീക്ഷിത മരണമായും ഞങ്ങളെ വിട്ടു പോയ ആ കൂട്ടുകാരികളുടെ പഴയ കാല ചിത്രങ്ങളിലൂടെ കുറച്ചു സമയം ഞങ്ങൾ കടന്നു പോയി. വല്ലാത്ത ഒരു വേദനയായിരുന്നു, 

ഇത്രയും നാൾ  ഒരു ബന്ധവും ഇല്ലാതെ, ഒരു സുപ്രഭാതത്തിൽ തിരിച്ചു കിട്ടിയ ആ പഴയ സൗഹൃദങ്ങളിൽ ചിലത് മണ്ണോടു ചേർന്നുഎന്നറിഞ്ഞപ്പോൾ  നെഞ്ചിനകത്ത് തീ ആളിക്കത്തുന്നത് പോലെ..

പക്ഷെ പിന്നീട് സുഹൃത്തുക്കൾ  കുറെ തമാശകളുമായി വന്നപ്പോൾ എല്ലാവരും ചിരിച്ചു.നഷ്ടപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിച്ചു . ഈ കോവിഡ് കാലത്ത് ഏറ്റവും പ്രതിസന്ധികളിൽ കൂടി ലോകം പൊയ്ക്കൊണ്ടിരിക്കുമ്പോൾ ,അമേരിക്കൻ മണ്ണിൽ മലയാളികൾ ഉൾപ്പെടെ നിരവധി ആളുകൾ മരണത്തെ സ്വീകരിച്ചപ്പോൾ ഓരോ നിമിഷവും സുഖാന്വേഷണം നടത്തിയ സുഹൃത്തുക്കൾ ,ഉപദേശങ്ങളും നിർദേശങ്ങളും നൽകിയവർ ..അവരുടെയൊക്കെ വാക്കുകളിൽ നിന്നും  ഞാൻ മനസിലാക്കിയത്  ഇതാണ് - 

സൗഹൃദങ്ങൾ അങ്ങനെയാണ്, സന്തോഷത്തിൽ പൂത്തിരിയാവും, സങ്കടത്തിൽ മറുമരുന്നാവും.
സൗഹൃദം: സന്തോഷത്തിൽ പൂത്തിരിയാവും, സങ്കടത്തിൽ മറുമരുന്നാവും (ബിനു ചിലമ്പത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക