Image

മാറുന്ന മലയാളം (ഏബ്രഹാം തെക്കേമുറി)

Published on 18 June, 2020
മാറുന്ന മലയാളം  (ഏബ്രഹാം തെക്കേമുറി)
മലയാളഭാഷ മരിക്കുന്നു, വായന മനുഷ്യന്‍ ഉപേക്ഷിക്കുന്നു’ ഇപ്പോള്‍ പല വേദിയിലും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം. ഭാഷ വളരുന്നുവെന്ന് പറഞ്ഞ് അന്ധമായി കാടടച്ച്  വെടിവയ്ക്കുന്ന അബദ്ധലേഖനങ്ങളും ചിലപ്പോള്‍ പ്രത്യക്ഷപ്പെടുന്നു. നിഷ്പക്ഷമായി ഒരു വിലയിരുത്തലിനാണ് ഇവിടെ ശ്രമിക്കുന്നത്.

കല സംസ്കാരത്തില്‍ നിന്നും ഉദയം ചെയ്യുന്ന ഒന്നായിരുന്നു. സാഹിത്യം, വര്‍ത്തമാനപത്രം, സിനിമ എന്നിവ മലയാളഭാഷയില്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ ജനിച്ച് സാധാരണക്കാരന്റെ വിജ്ഞാനമായ് വളര്‍ന്ന്്  സാമൂഹിക വളര്‍ച്ചയ്ക്കുതകിയ  പരിജ്ഞാനത്തിന്റെ വഴികള്‍  ഇക്കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലൂടെ അപഥസഞ്ചാരം നടത്തി മൂന്നുകോടി വരുന്ന മലയാളിസമൂഹത്തെ ജാരസംസ്കാരത്തിനും വികലസാഹിത്യത്തിനും അടിയറവച്ച് മലയാള ഭാഷ ശുഷ്കിച്ചുകൊണ്ടിരിക്കുകയാണ്.

പ്രകൃതി, മനുഷ്യന്‍, വിശ്വാസാചാരങ്ങള്‍ ഇവ മൂന്നും സമ്മേളിക്കുന്ന സൈ്വരജീവിതത്തിന്റെ കടയ്ക്കല്‍ കത്തിവച്ചുകൊണ്ട് ജാരസംസ്കാരത്തിലെ കൃതികളെ പരിഭാഷപ്പെടുത്തി യും കഥകളെ കടമെടുത്തും ഒരു വിധേയസംസ്കാരം കേരളത്തിലെ കലാസാംസ്കാരിക സാഹിത്യതലങ്ങളില്‍ പകര്‍ച്ചവ്യാധിപോലെ പടര്‍ന്നു പിടിക്കുകയും ഇങ്ങനെ കലയിലൂടെ ഉരുത്തിരിഞ്ഞ , മൂല്യശോഷണം സംഭവിച്ച ഒരു സംസ്കാരം മലയാളഭാഷയെ പിടിച്ചടക്കിയിരിക്കുന്നു.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഒരു പരിഷ്കൃതസമൂഹത്തിന്റെ സാംസ്കാരികനിലവാരത്തിന്റെ അളവുകോലാണ്. ഇന്ന് കേരളം ആസക്തികളുടെ ലോകത്ത് ആത്മസംയമനം ഇല്ലാതെ നിരാംലംബരും നിഷ്കളങ്കരുമായ പെണ്‍കുട്ടികളെ നിഷ്കരുണം  നേതൃത്വവൃന്ദങ്ങള്‍ പീഡനങ്ങള്‍ക്കിരയാക്കി കൊല്ലുന്ന കഥകളാണെവിടെയും.
ജനപ്രതിനിധികള്‍ തമ്മില്‍ സംഘട്ടനം, പോലീസും ജനങ്ങളും തമ്മില്‍ സംഘട്ടനം,  നീതിപാലകര്‍ കൈക്കൂലി വാങ്ങി ന്യായം വിധിക്കുന്നു. പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നു. ഭീകരവാദത്തിന്റെ തലമുറകള്‍ പിറക്കുന്നു.

എന്താണിതിനു കാരണം?. വായനയില്ലാത്ത മനുഷ്യന്‍ വിവരദോഷികളായി അപ്പന്റെ വാക്കുകേട്ട് അയല്‍ക്കാരെ ഉപദ്രവിക്കുന്ന മക്കളേപ്പോലെ ഓരോരുത്തര്‍ താന്താന്റെ സമൂഹത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു.

ദൃശ്യ മീഡിയ, ഇന്റര്‍നെറ്റ് എന്നി വയിലൂടെ ആസക്തിയുടെ ലോകമാണ് ലഭിക്കുന്നത്. ്മാദകത്വം തുളുമ്പുന്ന ശരീരങ്ങളും, ലഹരിയുടെ നൈര്‍മല്യസുഖങ്ങളും വിപണി കീഴടക്കിയിരിക്കുന്നു.. ഒപ്പം പ്രാകൃതയുഗത്തിന്റെ പിന്തുടര്‍ച്ചയായി ആള്‍ ദൈവങ്ങളും പിടിമുറുക്കുന്നു.

സോവ്യറ്റ് യൂണിയനും ചൈനയും തങ്ങളുടെ നിലപാടുകള്‍ തിരുത്തി പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍,പൊതുജനജീവിതം സ്തംഭിക്കുന്നതും, മനഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നതുമായ ഒരു രാഷ്ട്രീയസാഹചര്യത്തിന്റെ ഭീകരവാഴ്ചയാണ് മലയാളത്തിലുള്ളത്. പരസ്പരം പഴിചാരി അനീതികളെ ന്യായീകരിച്ചുകൊണ്ട് പൊതുജനങ്ങളെയും പൊതുസ്വത്തും ചൂഷണം ചെയ്ത് ഉപജീവിക്കുന്ന  ജനപ്രതിനിധികള്‍.

നിലവിലുള്ള റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കാന്‍ കഴിയാത്തവന്‍ സൂപ്പര്‍ഹൈവേയെപ്പറ്റി സംസാരിക്കുന്നു.. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ലാഭത്തിലാക്കാന്‍ കഴിയാത്തവര്‍  കേരള എയര്‍വേയ്‌സിനെപ്പറ്റി വാചാലരാകുന്നു.

മുല്ലപ്പെരിയാര്‍ പൊട്ടിത്തകരുമെന്നും, ഇല്ലെന്നും രണ്ട് വാദഗതികള്‍. പൊട്ടിയാല്‍ തുലയുന്നത് മുപ്പതു ലക്ഷം ജനങ്ങള്‍.

ഇത്തരമൊരു വര്‍ത്തമാനകാലത്തില്‍ നിന്നുകൊണ്ടാണ് ഞാന്‍ മലയാളഭാഷയെയും സാഹിത്യത്തെയും വിലയിരുത്തുന്നത്.

“പട്ടിണിയായ മനുഷ്യാ നീ, പുസ്തകം കൈയിലെടുത്തോളൂ, പുത്തനെരായുധമാണു നിനക്കത്, പുസ്തകം കൈയ്യിലെടുത്തോളൂ’ ജര്‍മ്മന്‍ കവിയായ ബെര്‍തോള്‍ഡിന്റെ വാക്കകളാണിത്.
“ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങള്‍. ഞാന്‍ പുസ്തകങ്ങളെ സ്‌നേഹിക്കുന്നു”വെന്ന് പറഞ്ഞത് ഇന്തൃന്‍ ഭരണഘടന ശില്‍പ്പിയായ ഡോ. ഭീമറാവു അംബേദ്കര്‍.
മലയാളഭാഷയും പുസ്തകങ്ങളും, വായനയും ഇന്നെവിടെ?  മലയാള ഭാഷയും  സാഹിത്യവും നിര്‍ജ്ജീവമായിക്കൊണ്ട് നാശത്തിലേക്ക് ഗമിക്കുന്നവെന്നതിന്റെ 10 പോയിന്റുകള്‍ ചുണ്ടിക്കാണിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കയാണ്.

1.അക്ഷരം അറിയാത്ത മലയാളി:

ഏതൊരു ദേശത്തിന്റെയും ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണമാണ് ദേശത്തിന്റെ  വളര്‍ച്ചയുടെ പടവുകള്‍. എന്നാല്‍ കേരളത്തില്‍ മാറിമാറിവരുന്ന സര്‍ക്കാറുകളുടെ വിദ്യാഭ്യാസ നയം എന്തായിരുന്നു.?80പതുകളുടെ ആരംഭത്തില്‍ കേരളത്തില്‍  കൂണുപോലെ മുളച്ചുപൊങ്ങിയ ഇംഗ്‌ളീഷ് മീഡിയം സ്കൂളുകള്‍, പ്രവാസിമലയാളികളുടെ വിദേശപ്പണത്തെ ചൂഷണം ചെയ്തുകൊണ്ട്, മലയാളത്തെ പുച്ഛിക്കുന്ന കുറെ ജീവിതങ്ങളെയാണ്  സൃഷ്ടിച്ചത്. നിരവധി പബ്‌ളിക് സ്കൂളുകള്‍ അടച്ചു പൂട്ടി ഈ വിദ്യാഭ്യാസനയം.  ഇന്ന്് കേരളത്തില്‍ 28 വയസിനുതാഴെയുള്ളവരില്‍ 40 ശതമാനം മലയാള അക്ഷരം പഠിച്ചിട്ടേയില്ല. കേരള സിലബസില്‍ പഠിച്ചവരും വെറും 10ാം ക്‌ളാസിന്റെ മലയാളികള്‍. ഇതു വായനയെ എങ്ങനെ ബാധിച്ചുവെന്ന് പറയേണ്ടതില്ലല്ലോ.

2 മലയാളി അല്ലാത്ത കേരള വാസികള്‍:

30 ലക്ഷത്തിലധികം ചെറുകിടത്തൊഴിലാളികള്‍ തമിഴ്‌നാട്, ഓറീസ തുടങ്ങിയ സ്‌റ്റേറ്റുകളില്‍ നിന്നും ഇന്ന് കേരളത്തില്‍ വസിക്കുന്നു. ഉദ്യോഗം, ബിസിനസ് തുടങ്ങിയ തസ്തികയില്‍ വേറെ  5  ലക്ഷത്തോളം ഉണ്ടെന്ന് കണക്ക്.ആകെ മൂന്നു കോടിയുള്ള മലയാളികളില്‍ ഒരു കോടിയോളം കേരളത്തിനു വെളിയില്‍ ഇവരുടെ സന്തതികളാരും മലയാളി ആകുന്നില്ല. ഈ കണക്കുകളിലൂടെ വേണം മലയാളഅക്ഷരം അറിയാവുന്ന മലയാളി എത്രയുണ്ടെന്ന് കണക്കുകൂട്ടാന്‍.

3.മാദ്ധ്യമങ്ങളുടെ പെരുപ്പം, കച്ചവടതന്ത്രം, ലൈംഗികതയുടെ വില്‍പ്പന

വായനക്കാരുടെ എണ്ണം കുറയുമ്പോള്‍ മാദ്ധ്യമങ്ങളുടെ നിലനില്‍പ്പ് ആയാസകരമാകുന്നു. അവര്‍ വില്‍പ്പതന്ത്രം മെനയുന്നു എക്കാലത്തും എല്ലാജീവികളും ഇഷ്ടപ്പെടുന്ന ലൈംഗികതയെ മറയാക്കി മുഖചിത്രം മുതല്‍ തുടങ്ങുന്നു.

ഒപ്പം ടെക്‌നോളജിയുടെ വികസനത്തില്‍ അച്ചടിയന്ത്രം സ്വന്തമാക്കി സാഹിത്യത്തൊഴിലിലേക്ക് കടന്നവരുടെ പുതു പ്രസദ്ധീകരണങ്ങള്‍. എന്തും പരീക്ഷിച്ച് മിടുക്കനാവാമെന്ന വ്യാമോഹത്തിന് കൈയും കാലും വച്ച രൂപമായ മലയാളിയുടെ 400 കോപ്പികള്‍ മാത്രം അടിക്കുന്ന അന്തിപ്പത്രം തുടങ്ങി ഏതാണ്ട് 600ലധികം  മലയാള പ്രസിദ്ധീകരണങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്. അക്ഷരവുമായി യാതൊരു ബന്ധവുമില്ലാത്ത പത്രാധിപ സമിതി എന്നും ഏതുഭാഷയുടെയും ശാപമാണ്.
4 പുസ്കങ്ങളും പ്രസാധകരും:എന്‍. ബി. എസ്. മുതല്‍ മലയാളഭാഷയില്‍ എത്രയെത്ര പ്രസാധകര്‍? എന്നിട്ടെന്തേ?പ്രവാസിയുടെ പുസ്തകങ്ങള്‍ എഴുത്തുകാര്‍തന്നെ പണം മുടക്കി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതോടെ പ്രസാധനത്തിന്റെ ദല്ലാളന്മാരായി മാറി അനേകര്‍.

ഭാഷയോടോ, സാഹിത്യത്തിനോടോ യാതൊരു കൂറുമില്ലാതെ വെറുതെ ജനവഞ്ചന ചെയ്യുന്ന പ്രസാധനം മുതല്‍ അവാര്‍ഡ് വരെ നല്‍കുന്ന നിരവധി സംഘങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്.
നാടിനും നാട്ടാര്‍ക്കും വേണ്ടതെന്തെന്നറിയാതെ സാഹിത്യമെന്തെന്നറിയാത്തവര്‍ നേതൃത്വം നല്‍കുന്ന പ്രസാധകസമിതിയാണ് കേരളത്തിന്റെ  അഥവാ മലയാളത്തിന്റെ മുഖ്യധാരയില്‍ ഇന്ന്.

5.എഴുത്തകാരുടെ പരിജ്ഞാനപരിധി:

ഇത്തരം പ്രസാധകരിലൂടെ വെളിപ്പെടുന്നത് ഒരു പറ്റം തന്‍ഹിത സംഭാവനകളാണ്. ഇവിടെ ഏഴു വയസുകാരി കവിതാസമാഹാരം പ്രസിദ്ധീകരിക്കുന്നു.9 വയസുകാരന്റെ ലേഖനസമാഹാരം തുടങ്ങി  ബാലിശമായ പരസ്യങ്ങളും വെറും ജഡില വികാരങ്ങളും മാത്രം.

6. ന്യൂസ് പേപ്പര്‍ സെയില്‍സ് പേപ്പറായി മാറുന്നു

കേരളത്തിന്റെ 14 ജില്ലകളിലും അതാത് ജില്ലയ്ക്കായി ഇന്ന് ന്യൂസ് പേപ്പര്‍ അച്ചടിക്കപ്പെടുന്നു. ഇതു മഹാകഷ്ടമാണ് ലോക്കല്‍ പരസ്യങ്ങള്‍ ആവോളം പേറി പണലാഭം മാത്രം കാംക്ഷിക്കുന്ന കേരളത്തിലെ ന്യൂസ് പേപ്പറുകള്‍ ഭാഷയ്ക്ക് ശാപമായി മാറുന്നു. വായനക്കാരന് ഒന്നും നല്‍കാനില്ലാതെ ഭാഷയെ ശുദ്ധമായി വ്യഭിചരിച്ചുകൊണ്ടും വരുന്ന വാര്‍ത്തകള്‍, കാറപകടത്തില്‍ നിര്യാതയായെന്നും, 90ാം വയസുകാരന്റെ അകാല നിര്യാണത്തില്‍ അനുശോചനം എന്നൊക്കെ എഴുതി  മലയാളഭാഷയ്ക്ക് നിഘണ്ടു നിര്‍മ്മിച്ച ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിനെ ഇന്നവഹേളിക്കയാണ്. ആനയ്ക്ക് ഭ്രാന്തിളകിയതും, വാഹനാപകടവും, പെണ്‍വാണിഭവുമാണ് മലയാളമാദ്ധ്യമങ്ങളിലിന്ന്.
7അക്ഷരതെറ്റുകള്‍ മുതല്‍ ശൈലീഭംഗം വരെ:

കംപ്യൂട്ടറില്‍ കംപോസ് ചെയ്യുന്ന തൊഴിലാളി ന്യൂസ്എഴുതിയവരുടെ അക്ഷരശുദ്ധിയില്‍ മാത്രമേ കംപോസ് ചെയ്യുകയുള്ളൂ. വള്ളിയും പുള്ളിയുമൊക്കെ നഷ്ടപ്പെട്ട് ഇവിടെ അക്‌രഷശുദ്ധിയില്ലാതെ ഭാഷ വികലമാക്കപ്പെടുന്നു.

8ആഭാസഹാസ്യം:

മലയാളഭാഷയില്‍ ഹാസ്യം ഇന്ന് ആഭാസമായിരിക്കയാണ് മിമക്രിപോലും ഒരു തരം ലൈംഗീക ചുവയിലേക്ക് തരംതാഴുന്നു.അതോടൊപ്പം മനുഷ്യന്റെ വിവേകം വര്‍ദ്ധിപ്പിച്ചതും ആസ്വാദനശക്തി ഉണ്ടാക്കിയിരുന്നതുമായ പല കലകളും കേരളത്തില്‍ നാമാവശേഷമാകുകയും ചെയ്തതോടെ ഭാഷ വാമൊഴിയിലേക്ക് ചുരുങ്ങുകയാണ്. വിശ്വസാഹിത്യത്തിലെ വന്‍കൃതികളെ ശക്തമായ മലയാളഭാഷയില്‍ പ്രാസത്തിനൊപ്പിച്ച് പദ്യവും ഗദ്യവുമായി അമ്പലപ്പറമ്പുകളില്‍ അവതരിപ്പിച്ച കഥാപ്രസംഗം എന്ന കലയും, ഭാഷയുടെ കാമ്പായ ശ്‌ളോകങ്ങളാല്‍ വലിയവേദികളില്‍ മുഴങ്ങി നിന്ന അകഷരശ്‌ളോകമത്‌സരവും ഇന്നെവിടെ?

വെറും സിനിമാപാട്ടുകളുമായി കോളജ് കാമ്പസില്‍ ഇന്ന് അന്ത്യാക്ഷരിയായി മാറിയിരിക്കുന്ന ഈ ആഭാസം മലയാളഭാഷയ്ക്ക് അന്ത്യം കുറിക്കുകയാണ്. പള്ളിപ്പാട്ട് പാടി അന്ത്യാക്ഷരി  അവതരിപ്പിക്കുന്നവരും ഒന്നോര്‍ക്കുക! എത്ര വലിയ  കലയെയാണ് നിങ്ങള്‍ വ്യഭിചരിക്കുന്നതെന്ന്..

9 എഴുത്തു രാഷ്ട്രീയം:

എഴുത്തകാര്‍ ചേരി തിരിഞ്ഞു നിന്നുകൊണ്ട് ഇന്ന് കേരളത്തില്‍ മത്‌സരിക്കയാണ്. എതു വിധേനയും പ്രശസ്തി നേടാന്‍. എന്നാല്‍ പരസ്പരം പൊരുതി ജനമദ്ധ്യത്തില്‍ എല്ലാ സാംസ്കാരികനേതാക്കന്മാരും നാറുകയാണ്. പുതു തലമുറയില്‍ നാലുപേരറിയുന്ന ഒരു മലയാള എഴുത്തുകാരന്‍ കേരളത്തില്‍ ഉണ്ടാകുന്നില്ല. വലിയ മാദ്യമങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ എഴുതുന്നതുപോലും ജനം ശ്രദ്ധിക്കുന്നില്ല. കഴിഞ്ഞ 5 വര്‍ഷമായി സാഹിത്യത്തിന്റെ ഒരു ശാഖയിലും നല്ലൊരു കൃതി മലയാളഭാഷയില്‍ പിറന്നിട്ടില്ല.

ഇന്ന് കേരളത്തിലെ മലയാളി അണിയുന്ന വേഷവിധാനങ്ങളോടൊപ്പം അവര്‍ ആസ്വദിക്കുന്ന ഭക്ഷണരീതികള്‍ക്കനുസരിച്ച് ഒരു സങ്കരഭാഷ വര്‍ത്തമാന കാലത്തിന്റെ സംസാരഭാഷയിലൂടെ ഉദയം ചെയ്ത് വളരുകയാണ് ഒപ്പം ശുദ്ധമലയാളം മണ്‍മറയുകയാണ്.


Join WhatsApp News
Mathew Joys 2020-06-19 15:35:26
മലയാളഭാഷയോടും സാഹിത്യത്തോടും അഗാധമായ പ്രേമമുള്ള എഴുത്തുകാരന് , ഇപ്പോൾ മലയാളഭാഷയുടെ സൗന്ദര്യത്തെ വികൃതമാക്കുന്ന വ്യവസ്ഥിതിയിൽ നിരാശയും ഉത്കണ്ഠയുമുണ്ടെന്നു, അക്കമിട്ടുള്ള വസ്തുനിഷ്ഠമായ അവലോകനത്തിന് തെക്കേമുറി അഭിനന്ദനം അർഹിക്കുന്നു ✍🏼💐💐. മലയാളഭാഷ എന്നും സുന്ദരം തന്നെ. പക്ഷേ പുത്തൻ തലമുറ അതിന് പുതിയ മാനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കയാണ് . അവർക്ക് ഭാഷകൊണ്ട് കുറെ ആശയവിനിമയം നടത്തണമെന്നുള്ള സങ്കൽപം മാത്രമേയുള്ളുവെന്നു തോന്നിപ്പോകും. വ്യാകരണവും സന്ധിയും സമാസവും പ്രാസവും ഒപ്പിച്ചു കൊണ്ട് ആദ്യാക്ഷരപ്രാസത്തിലോ ദ്വിതീയാക്ഷര പ്രാസത്തിലോ എഴുതിയ സര്ഗ്ഗാത്മകത തുളുമ്പി നിന്ന കവിതകല്, ഇന്നത്തെ തലമുറയ്ക്ക് അരോചകമായിരിക്കുന്നു . നീണ്ട ഒരു വാചകം എഴുതിയിട്ട് , ഒന്നോ രണ്ടോ മൂന്നോ വാക്കുകൾക്കു ശേഷം enter ബട്ടൺ അമർത്തിയാൽ , പല രീതിയിലുള്ള പല വരികൾ അടർന്നുവീഴുന്നതാണ് ഇന്നത്തെ കവിതകൾ എന്ന് എന്റെ പ്രവാസി സുഹൃത്ത് , കഴിഞ്ഞ ഒരു സാഹിത്യ സമ്മേളനത്തിൽ പറഞ്ഞതോർക്കുന്നു . വെറുതേ എന്തിനു ബുദ്ധിമുട്ടി പ്രാസവും ഒപ്പിച്ചെടുത്തു ഒരേ ദൈർഘ്യമുള്ള വരികളിൽ ഒതുക്കിയെടുത്തു കവിത എഴുതാൻ ബുദ്ധിമുട്ടണം . അതുമല്ലെങ്കിൽ ഗദ്യകവിത എന്നപേരിൽ , മനസ്സിലുള്ളതൊക്കെയും. വാരി ചൊരിഞ്ഞാലും നമ്മളൊക്കെ വായിക്കാൻ തയ്യാറാണല്ലോ. സ്മാർട്ട്‌ഫോണിൽ കുത്തിക്കുറിക്കുന്ന ഇന്റർനെറ്റ് ഭാഷാശൈലിയും , വാട്ട്സാപ്പ്‌ മെസ്സേജുകളും ഒത്തിരി എഴുത്തുകൾ സൃഷ്ടിക്കപ്പെടുന്നു , അതിലധികം വായനക്കാരുമുണ്ടെന്ന് സംശയമില്ല. ആ സാഹിത്യരീതിയോടു പഴയ എഴുത്തുകാരും , പിടിച്ചുനിൽക്കാൻ വേണ്ടി അനുഭാവം പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു . അപ്പോൾ പഴയ ചിന്ത ഗതികളുമായി വിലപിക്കുന്ന സമൂഹം , വല്ലപ്പോഴും സംഘടിപ്പിച്ചെടുക്കുന്ന സാഹിത്യ സമ്മേളനത്തിലും കാവ്യസന്ധ്യയിലും , കഴുത കാമം കരഞ്ഞു തീർക്കുന്നതുപോലെ , തങ്ങളുടെ ഭാഷയുടെ വികലചിന്താഗതികളിലും മൂല്യച്യുതിയിലും ഒരു സെമിനാർ നടത്തി സായൂജ്യം അടയുന്നു . തങ്ങളുടെ നേരെ കല്ലെറിയുന്നവരെ , പല്ലും നഖവും കൊഴിഞ്ഞ പഴയ മൃഗരാജന്മാർക്കു തല ഉയർത്തി നോക്കാനെങ്കിലും സാധി ച്ചാൽ സുകൃതം. മൃഗരാജകടിയും ഉഡുരാജമുഖിയും ഇന്നു വികൃതമായി തോന്നുന്നവർക്ക് , പണ്ട് പ്രശസ്ത കവയത്രി മറുപടി കൊടുത്ത "കവച്ചതു മതിയോനിനക്ക് " എന്നതിലെ നർമ്മവും സ്വാരസ്യവും ആസ്വദിക്കണമെങ്കിൽ , വിഷയദാരിദ്ര്യമില്ലാത്ത തെക്കേമുറി യെപ്പോലെയുള്ളവർ സടകുടഞ്ഞെഴുനേൽക്കേണ്ടി വരുമോ ?
T. P. Mathew 2020-06-19 15:51:14
വിശകലനങ്ങൾ നന്നായിരിക്കുന്നു. പക്ഷേ പോത്തിനോടു്, അമരകോശം വായിക്കുന്നതു പോലെയേ ഉള്ളു. മലയാളം മാത്രം പറയാവു എന്നതിനു വാശി പിടിച്ച കാര്യനിർവഹക യോഗത്തിലെ മുഖ്യ ഭാഷ ആംഗലം ആയിരിക്കും. അതാണു പതിവു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക