Image

തേന്‍വരിക്ക ഗ്രാമവും പനംപൊടിയും; ചക്കയുമായി മൈക്രോസോഫ്റ്റ് ഡയറക്ടര്‍ (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 20 June, 2020
  തേന്‍വരിക്ക ഗ്രാമവും പനംപൊടിയും; ചക്കയുമായി മൈക്രോസോഫ്റ്റ് ഡയറക്ടര്‍  (കുര്യന്‍ പാമ്പാടി)
 അണ്‍ലോക്  കാലത്ത് ജീവിതം തിരിച്ചു പിടിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് കേരളം. ഇന്ത്യയില്‍ 65 ശതമാനം  ജനങ്ങളും ഗ്രാമീണര്‍ ആണെന്നും ഗ്രാമീണ ഭാരതത്തില്‍ ഇനിയുള്ള കാലത്ത് മഹാമാരി ഭയങ്കരമായി പടര്‍ന്നു പിടിക്കാന്‍ ഇടയുണ്ടെന്നുമുള്ള വെല്ലൂര്‍ മെഡിക്കല്‍ കോളജിലെ മുന്‍ വൈറോളജിസ്‌റ്  ഡോ. ജേക്കബ് ജോണിന്റെ മുന്നറിയിപ്പ് കേരളീയരെ ഭയപ്പെടുത്തുന്നില്ല.  

അര്‍ബന്‍-റൂറല്‍ ഡിവൈഡ് ഏറ്റവും കുറഞ്ഞ കേരളത്തിലും ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ സാക്ഷരത വളര്‍ന്ന  നോര്‍ത്ത് ഈസ്റ്റിലും  കൊറോണ പ്രതിരോധം ശക്തമായതിനാല്‍ പേടിക്കേണ്ടതില്ലെന്നാണ്  വിദഗ്ദ്ധ
രുടെ അഭിമതം. ഗ്രാമങ്ങളിലെ ആശുപത്രി നെറ്റ് വര്‍ക്കും ടെസ്റ്റും മാസ്‌കും സാമൂഹ്യ അകല്‍ച്ചയുമാണ് കേരളീയര്‍ക്കു ധൈര്യം നല്‍കുന്നത്. 

പത്തുവര്‍ഷം മുമ്പ്  ജപ്പാനില്‍ മാസ്‌ക് ധരിക്കാത്ത യുവജനങ്ങളെ കണ്ടുമുട്ടാന്‍ പാടുപെട്ട ആളാണ് ഞാന്‍.  അതുപോലെ കേരളത്തിലെ  ഗ്രാമ ഗ്രാമാന്തരങ്ങളില്‍ പോലും ഇന്ന് മാസ്‌ക് ധരിക്കാത്തവരെ കാണാന്‍ വിഷമം. അഥവാ ഉണ്ടെങ്കില്‍ അവരില്‍  പലരും അവധി കഴിഞ്ഞു തുറന്ന ബിവറേജസ് കോര്‍പറേഷന്‍  ഔട് ലെറ്റുകളില്‍ നിന്ന് വേച്ചു വേച്ച് വരുന്നവര്‍ ആയിരിക്കും.

കോട്ടയം ജില്ലയില്‍ പാലാക്കടുത്തുള്ള  ശുദ്ധ ഗ്രാമമാണ് രാമപുരം പഞ്ചായത്തിലെ  എഴാച്ചേരി. അവിടത്തെ ഗാന്ധിപുരം, ജിവി സ്‌കൂള്‍,  എഴാച്ചേരി എന്നീ 7, 8,9  വാര്‍ഡുകളിലെ  ആയിരം ഭവനങ്ങളെ കൂട്ടിയിണക്കി  ഒരു 'തേന്‍വരിക്ക ഗ്രാമം' ആക്കാനുള്ള പധ്ധതിയാണ് ഈയാഴ്ച കേരളത്തിന് മൊത്തം പ്രചോദനം ആയത്.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി, പ്രമേഹരോഗത്തിനു അനുയോജ്യമെന്നു അമേരിക്കന്‍ ഡയബീറ്റിസ് അസ്സോസിയേഷന്‍ പ്രഖ്യാപിച്ച  ചക്കയെ ഒരു ഗ്രാമത്തിന്റെ നെഞ്ചിലേറ്റാനുള്ള പദ്ധതി നൂറു വീട്ടുകാര്‍ക്ക് വിലകുറച്ച് തേന്‍വരിക്ക തൈകള്‍  വിതരണം ചെയ്തു കൊണ്ട് തുടക്കം കുറിച്ചു.

ഗ്രാമത്തില്‍ അരനൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന സ്റ്റോണെജ് നേച്ചര്‍ ക്ലബ്ബാണ് പരിപാടിക്ക് നേതൃത്വം വഹിച്ചത്. മുന്‍ സൈനികനും കേരള സ്റ്റേറ്റ് സ്വിമ്മിങ് ചാമ്പ്യനുമായ കെ. അലോഷ്യസ് ആണ് ക്ലബ്ബിന്റെ അദ്ധ്യക്ഷന്‍.

ജാക്ഫ്രൂട്  പ്രചാരകന്‍ തോമസ് കട്ടക്കയം, പച്ചയായും പഴുപ്പിച്ചും വേവിച്ചും  ഉണങ്ങിപൊടിച്ചും 365 ദിവസവും ഉപയോഗിക്കാവുന്ന പ്രകൃതിയിലെ അത്ഭുതം ആണ് ചക്കയെന്നു ഉദ്ബോധിപ്പിച്ചു. അദ്ദേഹത്തിന്റെ നഴ്സറിയില്‍  തേന്‍വരിക്ക ഉള്‍പ്പെടെ നൂറിലേറെ ഇനം തൈകള്‍ ഉണ്ട്. വിയറ്റ്‌നാം ഏര്‍ലി ഗോള്‍ഡ്, ജാക്ഫ്രൂട് റെഡ്, ആള്‍ സീസണ്‍,  സിന്ദൂരം, ഗംലെസ്സ് (അരക്കില്ലാത്തത്) സ്ട്രിപ്പ് ലെസ്സ് (ചകിണിഇല്ലാത്തത്) എന്നിങ്ങനെ  

അമേരിക്കന്‍ ഡയബീറ്റീസ് അസോസിയേഷന്‍ വക ഡയബിറ്റീസ് ജേര്‍ണലില്‍ സ്ഥാനം പിടിച്ച  ഗവേഷണത്തില്‍ ശാസ്തജ്ഞമാരോടൊപ്പം  ചക്കക്കു മൂല്യവര്ധന നല്‍കി നിരവധി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന 'ജാക്ഫ്രൂട് 365' എന്ന പ്രസ്ഥാനത്തിന്റെ  സിഇഒ ജെയിംസ് ജോസഫും ഉള്‍പ്പെട്ടിരുന്നു. മൈക്രോസോഫ്റ്റ് മുന്‍ ഡയറക്റ്റര്‍  ആണ് ജെയിംസ്.

ഏഴാച്ചേരി സ്വദേശി ബെന്നി കരിങ്ങോലക്കല്‍, മംഗലാപുരത്തെ മാവിന്‍ തോട്ടത്തില്‍ നിന്ന് 'മല്‍ബാറി' കണ്ണിമാങ്ങാ കൊണ്ടുവന്നു അച്ചാറിട്ടു  വിപണി പിടിച്ചടക്കിയതാണ് ഏഴാച്ചേരിയുടെ മറ്റൊരു നേട്ടം.  കേച്ചേരി മാവിന്റെ കണ്ണിമാങ്ങയും അക്കൂട്ടത്തിലുണ്ട്.  

ഏഴാച്ചേരിയില്‍ നിന്ന്   അഞ്ചു കി.മീ. അകലെ  അന്ത്യാളത്ത്  വെള്ളിമൂങ്ങയില്‍ ഔസേപ്പച്ചന്‍  വേറിട്ട ഒരാളാണ്. മുപ്പത്തിനാല് വര്‍ഷമായി 200 റബര്‍കൃഷിക്കാര്‍ അംഗങ്ങള്‍ ആയ റബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ  പ്രസിഡണ്ട് ആണ്. റബറിനു വിലയിടിഞ്ഞപ്പോള്‍ അദ്ദേഹവും സുഹൃത്തുക്കളും ഉള്‍പ്പെട്ട ഫാര്‍മേഴ്സ് ക്ലബ് കുടപ്പനയിലേക്കു തിരിഞ്ഞു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം കേരളത്തില്‍ അനുഭവപ്പെട്ട ഭക്ഷ്യക്ഷാമം നേരിടാന്‍ ഗ്രാമീണര്‍ കണ്ടുപി ടിച്ചതാണ് പനമ്പൊടിയും കൂവപ്പൊടിയും. രണ്ടിനും ഔഷധഗുണമുണ്ട്. തെങ്ങോളം പൊക്കത്തില്‍ കുട പോലെ ഇലകളുമായി നില്‍ക്കുന്ന പനയുടെ തടി അറത്തു മുറിച്ച് കാമ്പ് നുറുക്കി പൊടിച്ചുണ്ടാകുന്നതാണ് പനമ്പൊടി. കൂവ കിഴങ്ങു  പൊടിക്കുന്നതാണ് കൂവപ്പൊടി.  

റബര്‍ വന്നതോടെ കുടംപന കിട്ടാനില്ലാതായി;. എങ്കിലും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ എട്ടു പനകള്‍  ക്ലബ് അംഗങ്ങള്‍  കഷണങ്ങളാക്കി. മില്ലില്‍ പൊടി ച്ച് വെള്ളത്തില്‍ കലക്കി അടിഞ്ഞുവരുന്ന നൂറു ഉണക്കി എടുത്താല്‍ അരിപ്പൊടി പോലെ തൂവെള്ള നിറമുള്ള  പൊടി.  

തേങ്ങാപ്പാലോ തേങ്ങാപ്പീരയോ ചേര്‍ത്ത് ഏലക്കായും ശര്‍ക്കരയും മേമ്പൊടിയാക്കി അലുവയോ കുറുക്കോ അടയോ ഒക്കെ ഉണ്ടാക്കാമെന്ന് ഔസേപ്പച്ചന്റെ ഭാര്യ പാചകവിദഗ്ധയായ  റോസമ്മ സാക്ഷ്യപെടുത്തുന്നു. ജാതിക്കാത്തോട് മിക്‌സിയില്‍ അടിച്ചുണ്ടാക്കുന്ന സര്‍ബത് ആണ് റോസമ്മയുടെ മറ്റൊരു കണ്ടുപിടുത്തം. പൊടി കിലോക്ക് 500 രൂപ.

അഞ്ചുകി.മീ അകലെ ഭരണങ്ങാനത്ത് അല്‍ഫോന്‍സാ ആശ്രമം വക ഷോപ്പിംഗ് മാളില്‍ ഭാര്യപ്രീതിയുടെ ബ്രാന്‍ഡില്‍  അച്ചാറുകളും പോര്‍ക്ക് വിന്താലിയും ചിക്കന്‍ ബിരിയാണിയും ചെറുപയര്‍ പായസവും വില്‍ക്കുന്ന മാത്യൂസ് പൊട്ടംകുളത്തിനും ഒരു കൊറോണക്കഥ പറയാനുണ്ട്.

പ്ലാശനാലിലെ ആനാനിക്കല്‍ മൂത്തേടത്ത് തറവാടിന്റെ ഔട്ഹൗസില്‍ പ്രീതി സ്വന്തം കൈ കൊണ്ടു പാകം ചെയ്യുന്ന    മാങ്ങ, കോവക്ക, പാവക്ക, ഇഞ്ചി, ബീറ്റ്‌റൂട്ട്, വഴുതനങ്ങ, ഈന്തപഴം  അച്ചാറുകള്‍ക്കു പ്രിയം വര്‍ധ്ധിച്ചതോടെ എറണാകുളത്ത് പാലാരിവട്ടം ആലുംചുവട്ടിലെ മാളില്‍ പതിനായിരം രൂപ വാടകക്ക് ഒരു സ്റ്റാള്‍ എടുത്ത് പുതിയൊരു ഔട് ലെറ്റ് തുറക്കാന്‍ തയ്യാറായി.  പക്ഷെ  ലോക് ഡൌണ്‍ മൂലം നടന്നില്ല.

അണ്‍ ലോക് ആയതോടെ കട തുറന്നു. അവിടെ വില്‍ക്കുന്ന എല്ലാ ഐറ്റങ്ങളും വീട്ടില്‍ ഉണ്ടാക്കി എല്ലാ രാവിലെയും 60  കി.മീ. കാറോടിച്ച്  എത്തിക്കുകയാണ് പ്രീതി. എത്ര  ട്രാഫിക് ഉണ്ടായാലും ഒരുമണിക്കൂര്‍ കൊണ്ട്  പാലാരിവട്ടത്തു എത്തും. 


മുസ്ലിംകളും ക്രിസ്ത്യാനികളും ഹിന്ദുക്കളും ഏകോദരസഹോദരന്മാരായി വാഴുന്ന ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ ചുറ്റുവട്ടത്തതാണ് ഈ ഗ്രാമങ്ങള്‍ എല്ലാം. അണ്‍ലോക് ആയതോടെ അതിവേഗം പൂര്‍വ സ്ഥിതിയിലായ ടൗണില്‍ ഭരിക്കുന്നത് മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ബല്‍കീസ് നവാസ്.  

ടൗണില്‍ പ്രൈവറ്റ് ബസ് സ്റ്റേഷനോട് തൊട്ടുരുമ്മി പ്രവര്‍ത്തിക്കുന്ന കിങ്സ് ബേക്കറി ഉടമ അബ്ദുല്‍ ഖാദറിനും അതിജീവനത്തിന്റെ കഥയാണ് പറയാനുള്ളത്. 35  വര്‍ഷമായി  ബേക്കറി തുടങ്ങിയിട്ട്. സൗദിയില്‍ പോയി മടങ്ങി വന്നശേഷം ബേക്കറി മുഖം മിനുക്കി പരിഷ്‌കരിച്ചു. സ്വന്തം ബോര്‍മയും  കെട്ടിടവുമുള്ള പേട്ടയിലെ ഏക ബേക്കറിയാണ്.

 മരിച്ചു ജീവിച്ച ആളാണ് ഖാദര്‍. 2015 ല്‍ ബേക്കറിക്ക് വേണ്ട ചരക്കുകള്‍ എടുക്കാന്‍ കോഴിക്കോട്ടേക്ക് പതിവുപോലെ കൊച്ചു വെളുപ്പാന്‍ കാലത്ത് നിസാന്‍ മൈക്ര ഓടിച്ച് പോകുമ്പോള്‍ അങ്കമാലിയില്‍ വച്ചുണ്ടായ ഒരപകടത്തില്‍ ഗുരുതരമായ പരുക്ക് പറ്റി.  

അങ്കമാലി ലിറ്റില്‍  ഫ്ളവര്‍  ആശുപത്രിയില്‍ 60 ദിവസം കിടക്കേണ്ടി വന്നു. 'ആദ്യത്തെ 28 ദിവസം ബോധം ഇല്ലായിരുന്നു. ന്യൂറോസര്‍ജന്‍ അര്‍ജുന്‍ ചാക്കോയുടെ കഴിവുകൊണ്ട് മാത്രമാണ് വീണ്ടും ജീവിച്ചത്,' നെഞ്ചിലെ 53 സ്റ്റിച്ചുകള്‍ കാണിച്ച് കൊണ്ട് ഖാദര്‍ പറഞ്ഞു.

എല്ലാം  വീണ്ടും കെട്ടിപ്പടുത്തു. ഏക മകന്‍ സമീറിനെ ബ്രിട്ടനില്‍ ലീസ്റ്ററിലെ മോണ്ട് ഫോര്‍ട്ട് യൂണിവേഴ്സിറ്റിയില്‍ എംബിഎ  പഠിക്കാന്‍ അയച്ചു.  ദുബൈയില്‍ ജോലിക്കെത്തിയപ്പോള്‍ അവിടെ കൊറോണ.  സൈക്കോളജിസ്‌റ് മിഷ്‌നയാണ്  ഭാര്യ.  

മകള്‍ സുമിന കെമിസ്ട്രി ബിരുദധാരിണി. എറണാകുളത്തു ബിസിനസ് ചെയ്യുന്ന സിയാദിന്റെ ഭാര്യ. നിക്കാഹിനു അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ഹാളില്‍ മൂവായിരം പേര്‍ക്ക് മട്ടന്‍ ബിരിയാണി വിളമ്പിയ ദമ്പതിമാരാണ് ഖാദറും ഷാഹിദയും.  

കൊറോണ കാലം മറ്റൊരു വെല്ലുവിളിയായിരുന്നു. ബോര്‍മയും ബേക്കറിയും അടഞ്ഞു കിടന്നു. ബേക്കറി വെറുമൊരു ബേക്കറിയല്ല ഒരു മിനി ഡിപ്പാര്‍ട്ടമെന്റ് സ്റ്റോര്‍ ആണ്. ഉള്ളില്‍ ഒരു മിനി കോഫീ ഷോപ്പും ഉണ്ട്. ഇനി എല്ലാം വീണ്ടും കെട്ടിപ്പടുക്കണം.

 ലോക വായനാദിനം ആയിരുന്നു വെള്ളിയാഴ്ച. സാക്ഷരതാ പ്രചാരകന്‍ പിഎന്‍ പണിക്കരെക്കുറിച്ചുള്ള ഫീച്ചറുകള്‍ പത്രം നിറയെ. വായിച്ചു വളര്‍ന്ന മലയ;ളികള്‍ക്കു വായനശാലകള്‍ മറക്കാന്‍ പറ്റില്ല. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചശേഷം രാജഭരണകാലത്ത്  1945ല്‍ സ്ഥാപിച്ചതാണ്  തീക്കോയി പീപ്പിള്‍സ് ലൈബ്രറി  ആന്‍ഡ് റീഡിങ്  റൂം.  

സ്വാതന്ത്ര്യ സമരയോദ്ധാക്കളായ യുവജനങ്ങളുടെ സംഗമവേദി ലൈബ്രറിയായി രൂപാന്തരപ്പെടുകയായിരുന്നു. എഴുപതു വര്‍ഷം  വേണ്ടിവന്നു സ്വന്തമായി ഒരു മന്ദിരം ഉണ്ടാകാന്‍.

ബ്രിട്ടീഷ് ഉടമസ്ഥതയിലുണ്ടായിരുന്ന തീക്കോയി പ്ലാന്റേഷന്റെ സൂപ്രണ്ട് ആയിരുന്ന  ജോസഫ് വള്ളിക്കാപ്പന്റെ കുടുംബം സംഭാവന ചെയ്ത സ്ഥലത്ത്  ആന്റോ ആന്റണി എംപി സംഭാവന ചെയ്ത പത്തു ലക്ഷം രൂപയുമായി  പണി തുടങ്ങി. 2016 ല്‍ ആന്റോ തന്നെ ഉദ്ഘാടനം ചെയ്തപ്പോഴേക്കും ചെലവ് 25  ലക്ഷം കവിഞ്ഞു.

മൂന്ന് നിലകള്‍. ഗ്രൗണ്ട് ഫ്ളോറില്‍  ലൈബ്രറിയും റീഡിങ് റൂമും. ഒന്നാം നിലയില്‍ 75  കുട്ടികളെ  വരെ ഇരുത്തി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ വേണ്ട വിസ്തൃതി ഉണ്ട്. രണ്ടാം നില കോണ്‍ഫെറന്‍സ് ഹാള്‍ ആയി വിഭാവനം ചെയ്യുന്നു. രണ്ടു ഹൈസ്‌കൂളും ഒരു ഹയര്‍ സെക്കണ്ടറി സ്‌കൂളും എല്‍പി സ്‌ക്കൂളുകളും ഉള്‍പ്പെടുന്ന തീക്കോയി പഞ്ചായത്തിലെ ഏക പബ്ലിക് ലൈബ്രറി ആണ്. നാനൂറു മെമ്പര്‍മാര്‍. പതിനായിരം പുസ്തകങ്ങള്‍.  എട്ടു പത്രങ്ങള്‍.

വായനക്കാര്‍ കുറയുന്നു എന്നാണ് പ്രസിഡണ്ട് സാജി പുറപ്പന്താനത്തിനെയും  ഉദ്ഘാടന വേളയില്‍ സെക്ര ട്ടറിയായിരുന്ന  മാത്തന്‍  പള്ളിയമ്പിലിന്റെയും ഇപ്പോഴത്തെ സെക്രട്ടറി സജി പറയംചാലിലിന്റെയും അഭിപ്രായം. കൊറോണക്കാലത്ത് വായനക്കാരുടെ എണ്ണം കൂടിയെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അങ്ങനെ തീക്കോയി ലൈബ്രറിയുടെ പ്രസക്തി വര്‍ദ്ധിക്കുന്നു.

പല സാംസ്‌കാരിക ഇടപെടലുകളും നടത്തുന്നുണ്ട്.  കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാര്‍ഷികം പ്രമാണിച്ച് ഒരു സെമിനാര്‍  സംഘടിപ്പിച്ചു  എന്നതാണ് 2020ല്‍   കൊറോണക്ക് തൊട്ടുമുമ്പിലെ നേട്ടം. റിട്ട ഹെഡ്മാസ്റ്റര്‍ എംഎ ജോസഫ് പ്രബന്ധം  അവതരിപ്പിച്ചു.

 കൊറോണക്കാലത്തെ ആരോഗ്യ സംരക്ഷണത്തിനുള്ള കാമ്പയിനില്‍ കൃഷി, വനം വകുപ്പുകളും പങ്കു ചേര്‍ന്നു. അച്ചന്‍കോവില്‍ നദിയോരത്തെ വനങ്ങളില്‍ നിന്ന്   ശേഖരിക്കുന്ന ശുധ്ധമായ തേന്‍ കൃഷി വകുപ്പിന് കീഴിലുള്ള ഹോര്‍ട്ടി കള്‍ച്ചര്‍ കോര്‍പറേഷന്‍ ഔട് ലെറ്റുകള്‍ വഴി വിപണിയിലെത്തിച്ചത് കഴിഞ്ഞ ദിവസമാണ്.

വനവകുപ്പിന്റെ കീഴിലുള്ള ആദിവാസി വനപാലകരാണ് തേന്‍ ശേഖരിക്കുന്നത്. അത് ഹോര്‍ട്ടി കോര്‍പറേഷന്‍ വക യന്ത്രങ്ങളില്‍ അരിച്ച് കുപ്പികളിലാക്കുന്നു. 'അഗസ്ത്യവനം കാട്ടുതേന്‍' എന്നാണ് ബ്രാന്‍ഡ് നെയിം.

(ചിത്രങ്ങള്‍: സുനില്‍ പാല, ആല്‍ഫി അലോഷ്യസ്, ഏഴാച്ചേരി )

  തേന്‍വരിക്ക ഗ്രാമവും പനംപൊടിയും; ചക്കയുമായി മൈക്രോസോഫ്റ്റ് ഡയറക്ടര്‍  (കുര്യന്‍ പാമ്പാടി)    തേന്‍വരിക്ക ഗ്രാമവും പനംപൊടിയും; ചക്കയുമായി മൈക്രോസോഫ്റ്റ് ഡയറക്ടര്‍  (കുര്യന്‍ പാമ്പാടി)    തേന്‍വരിക്ക ഗ്രാമവും പനംപൊടിയും; ചക്കയുമായി മൈക്രോസോഫ്റ്റ് ഡയറക്ടര്‍  (കുര്യന്‍ പാമ്പാടി)    തേന്‍വരിക്ക ഗ്രാമവും പനംപൊടിയും; ചക്കയുമായി മൈക്രോസോഫ്റ്റ് ഡയറക്ടര്‍  (കുര്യന്‍ പാമ്പാടി)    തേന്‍വരിക്ക ഗ്രാമവും പനംപൊടിയും; ചക്കയുമായി മൈക്രോസോഫ്റ്റ് ഡയറക്ടര്‍  (കുര്യന്‍ പാമ്പാടി)    തേന്‍വരിക്ക ഗ്രാമവും പനംപൊടിയും; ചക്കയുമായി മൈക്രോസോഫ്റ്റ് ഡയറക്ടര്‍  (കുര്യന്‍ പാമ്പാടി)    തേന്‍വരിക്ക ഗ്രാമവും പനംപൊടിയും; ചക്കയുമായി മൈക്രോസോഫ്റ്റ് ഡയറക്ടര്‍  (കുര്യന്‍ പാമ്പാടി)    തേന്‍വരിക്ക ഗ്രാമവും പനംപൊടിയും; ചക്കയുമായി മൈക്രോസോഫ്റ്റ് ഡയറക്ടര്‍  (കുര്യന്‍ പാമ്പാടി)    തേന്‍വരിക്ക ഗ്രാമവും പനംപൊടിയും; ചക്കയുമായി മൈക്രോസോഫ്റ്റ് ഡയറക്ടര്‍  (കുര്യന്‍ പാമ്പാടി)    തേന്‍വരിക്ക ഗ്രാമവും പനംപൊടിയും; ചക്കയുമായി മൈക്രോസോഫ്റ്റ് ഡയറക്ടര്‍  (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക