Image

പെണ്ണറിഞ്ഞതും അവൾ പറഞ്ഞതും ( ദിനസരി-12: ഡോ സ്വപ്ന.സി.കോമ്പാത്ത്)

Published on 20 June, 2020
പെണ്ണറിഞ്ഞതും അവൾ പറഞ്ഞതും ( ദിനസരി-12: ഡോ സ്വപ്ന.സി.കോമ്പാത്ത്)
"The animals of the world exist for their own reasons. They were not made for humans any more than black people were made for white, or women created for men."
Alice Walker

"സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യനെന്ന് " തിരിച്ചറിയുന്ന.
"പെണ്ണേ, അടുത്ത ജന്മത്തിൽ
എനിക്കുമൊരു  പെണ്ണാകണം
ഒന്നുമില്ലാത്തവർ പരസ്പരം വാരിക്കോരി കൊടുക്കുന്ന
അദ്ഭുതം കാണിച്ച്
നമുക്ക് ഭൂമിയിലെ എല്ലാ പുരുഷഗ്രന്ഥികളെയും
വ്രീളാവിവശരാക്കണം" എന്നു കൊതിക്കുന്ന പുരുഷകാമനയുടെ ശില്പചാതുരിയാണ് സമുദ്രശില.ഇത് നമുക്കത്ര പരിചിതമല്ലാത്ത ആഗ്രഹമാണ് .

ഒരു കൃതി കേവലം ആസ്വാദനത്തിനപ്പുറം ഒരു തിരിച്ചറിവുകൂടിയാകുമ്പോഴാണ്  വായന ഉദാത്തമാകുന്നത്.  മനുഷ്യനൊരാമുഖം അത്തരത്തിലുള്ള ഒരു വായനക്കാണ് വഴിയൊരുക്കിയത്. " ധീരനും സ്വതന്ത്രനും സർവോപരി സർഗാത്മകനുമായ മനുഷ്യശിശു അറുപതോ എഴുപതോ വർഷം കൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീർന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കു വേണ്ടി മാത്രം ചെലവിട്ട് ഒടുവിൽ വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചു പോകുന്നതിനെയാണ് മനുഷ്യജീവിതം എന്നു പറയുന്നതെങ്കിൽ പ്രിയപ്പെട്ടവളേ മനുഷ്യനായി പിറന്നതിൽ എനിക്ക് അഭിമാനിക്കാൻ ഒന്നുമില്ല" മനുഷ്യനൊരാമുഖത്തിലെ ഈ   പ്രസ്താവനയിലൂടെ  നൈമിഷികമായ നമ്മുടെ ജീവിതത്തിന്റെ യാന്ത്രികതയെ മറികടക്കാനുള്ള ഊർജം പ്രസരിപ്പിച്ച എഴുത്തുകാരനാണ് സുഭാഷ് ചന്ദ്രൻ.

കേന്ദ്ര, കേരളസാഹിത്യ അക്കാദമി അവാർഡുകളും, വയലാർ, ഓടക്കുഴൽ പുരസ്കാരങ്ങളും സ്വന്തമാക്കിയ  ഈ ക്ലാസിക് നോവലിനു ശേഷം ഏതാണ്ട് പത്തുവർഷത്തെ ഇടവേളക്ക് ശേഷമാണ് അദ്ദേഹത്തിന്റെ  രണ്ടാമത്തെ നോവൽ സമുദ്രശില പ്രസിദ്ധീകരിക്കപ്പെടുന്നത്. മാതൃഭൂമി ബുക്സ് 2019 ൽ പ്രസിദ്ധീകരിച്ച സമുദ്രശില  കഴിഞ്ഞ വർഷത്തെ ബെസ്റ്റ് സെല്ലറായിരുന്നു . പുതിയ ചില ആഖ്യാനതന്ത്രങ്ങളാണ് നോവലിസ്റ്റ് ഈ രചനയിൽ  പരീക്ഷിച്ചിട്ടുള്ളത്. നോവലിസ്റ്റ് സ്വന്തം പേരിൽ തന്നെ ആഖ്യാതാവാകുന്നു എന്നത് ഏറെ കൗതുകമുള്ള ഒന്നാണ്. 

സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ മൂന്ന് ഭാഗങ്ങളിലായി കാലാതിവർത്തിയായ സ്ത്രീസ്വരൂപമായി അംബയെ പ്രതിഷ്ഠിക്കുന്ന ഇതിവൃത്തം മഹാഭാരതത്തിലെ  അംബ മുതൽ  ശിഖണ്ഡി വരെ നിലനിൽക്കുന്ന വ്യാസസങ്കല്പത്തിനുമപ്പുറം ഇരുപത്തൊന്നാം നൂറ്റാണ്ടിലും സ്ത്രീജീവിതത്തിൽ തരണം ചെയ്യേണ്ടി വരുന്ന വൈതരണികളെ  കയ്യടക്കത്തോടെ ചേർത്തുവെക്കുന്നു. സ്ത്രീയുടെ അതിജീവനരഹസ്യങ്ങളെ കണ്ടെത്താനാണ് നോവൽ പരിശ്രമിക്കുന്നത്.ചന്ദ്രമതി ടീച്ചറും മകനും അംബയും വെള്ളിയാങ്കല്ലും രാത്രിയും രതിയും ഓട്ടിസവും ഒക്കെ ചേർന്നു സൃഷ്ടിക്കുന്ന ഒരു മായാലോകമാണ് സമുദ്രശില

 മിത്തും ഫാന്റസിയും ജീവിതവുമെല്ലാം ചേർത്ത് സ്ത്രീമനസ്സുകളെ അനാവൃതമാക്കുവാനുള്ള ശ്രമം, ദുർഗ്രാഹ്യതയില്ലാത്ത പ്രമേയപരിചരണം, ദാർശനികതലത്തിലേക്കുള്ള  ഇതിവൃത്തപ്രയാണം എന്നിവ സമുദ്രശിലയുടെ ആകർഷണീയതകളാണ് .വ്യത്യസ്തമായ ഒരു വായനാനുഭവം .സാധാരണ ഫിക്ഷനുകളിൽ   കണ്ടുവരുന്ന ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഒരു ബന്ധവുമില്ല എന്ന അവകാശവാദത്തെ തള്ളിക്കളഞ്ഞ് ജീവനുള്ളവരുടെ അനുഭവങ്ങളെ ഭാവനയിൽ ചാലിച്ച് വരച്ച ചിത്രമാണ് സമുദ്രശില. ഭൂമിയിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നായ കടൽ പോലും കാണാനാവാത്ത  സ്ത്രീകളെ വാക്കുകൾ കൊണ്ടാവാഹിക്കാൻ സുഭാഷ് ചന്ദ്രൻ ശ്രമിക്കുന്നുണ്ടെങ്കിലും മനുഷ്യനൊരുമുഖത്തിന്റെ അളവുകോൽ വെച്ചാണ് പലപ്പോഴും സമുദ്രശില അളക്കപ്പെടുന്നത്
പെണ്ണറിഞ്ഞതും അവൾ പറഞ്ഞതും ( ദിനസരി-12: ഡോ സ്വപ്ന.സി.കോമ്പാത്ത്)പെണ്ണറിഞ്ഞതും അവൾ പറഞ്ഞതും ( ദിനസരി-12: ഡോ സ്വപ്ന.സി.കോമ്പാത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക