Image

അച്ഛനെ അവിടെ കണ്ടോ? (സുധീർ പണിക്കവീട്ടിൽ)

Published on 21 June, 2020
അച്ഛനെ അവിടെ കണ്ടോ? (സുധീർ പണിക്കവീട്ടിൽ)
താരാട്ടു പാടുവാൻ അമ്മയുണ്ടല്ലോ, താളം ;പിടിക്കുവാൻ അച്ഛനുണ്ടല്ലോ?! എന്ന പാട്ടിൽ കുട്ടിക്ക് ആനന്ദം പകരുന്നത് 'അമ്മ പാടുമ്പോഴും അച്ഛൻ താളം പിടിക്കുമ്പോഴുമാണെന്ന് വ്യക്തമാകുന്നു. മാതാപിതാക്കൾ കാണപ്പെട്ട ദൈവങ്ങളാണെന്ന് ഭാരതത്തിലും, മാതാപിതാക്കളെ ആദരിക്കുക എന്ന്  ബൈബിളും പറയുന്നുണ്ടെങ്കിലും ബന്ധത്തിൽ അമ്മയ്ക്കാണ് പ്രഥമസ്ഥാനം എപ്പോഴും നൽകുന്നത്. സ്നേഹം, ത്യാഗം, വാത്സല്യം എന്നൊക്കെയുള്ള നല്ല വാക്കുകൾ അമ്മയ്ക്ക് പര്യായമായി കൊടുക്കാനാണ് മനുഷ്യർക്കിഷ്ടം.അമ്മയെ അടുത്തും, അച്ഛനെ അകലത്തിലും കാണുന്നതും പ്രകൃതിയുടെ ഒരു നിയോഗമാണ്. കാരണം 'അമ്മ എന്നുള്ളത് സത്യവും, അച്ഛൻ  എന്നുള്ളത് ഒരു വിശ്വാസവുമായതുകൊണ്ട് തന്നെ. 'അമ്മ പറയുന്ന, നാട്ടുകാർ കൂടി അംഗീകരിക്കുന്ന ഒരാളാണ് അച്ഛനാകുന്നത്.(ശാസ്ത്രം  യഥാർത്ഥ അച്ഛനെ കണ്ടുപിടിക്കാൻ മാർഗ്ഗങ്ങൾ നേടിയിട്ടുണ്ടെങ്കിലും) അതുകൊണ്ട് കുട്ടികൾക്ക് അച്ഛനെ അന്വേഷിക്കേണ്ടിവരുന്നു. അങ്ങനെ പ്രകൃതി ഒരു വികൃതി കാണിച്ചതുകൊണ്ടായിരിക്കും അച്ഛന് അമ്മയേക്കാൾ പ്രാധാന്യവും പദവിയും, അദ്ദേഹത്തെ ഭയഭക്തി ബഹുമാനങ്ങളോടെ കാണാൻ പ്രേരണയായതും, സന്താനങ്ങൾ എപ്പോഴും അച്ഛന്റെ പേരിൽ അറിയപ്പെടുന്നതും. അതാണ് മാന്യതയും.

 ഏതു കുറ്റത്തിനും മാപ്പ് കൊടുക്കുന്ന കോടതിയായി മാതൃഹൃദയത്തെ കണക്കാക്കുമ്പോൾ പിതൃഹൃദയത്തിനു അമ്മാതിരി പ്രശംസകൾ കിട്ടിയിട്ടില്ല.വേദനിക്കുമ്പോഴും, ആനന്ദിക്കുമ്പോഴും,മനുഷ്യന്റെ ചുണ്ടിൽ വരുന്ന നാമം, "'അമ്മ" എന്നാണു. ദൈവപുത്രൻ അടിക്കടി "പിതാവേ"എന്ന് വിളിച്ചിരുന്നത് അദ്ദേഹത്തിന്റെ 'അമ്മ മനുഷ്യസ്ത്രീയും അച്ഛൻ ദൈവവുമായതുകൊണ്ടായിരിക്കും. എന്നാൽ സാധാരണ മനുഷ്യർക്ക് 'അമ്മ ദൈവവും അച്ഛൻ മനുഷ്യനുമാണ്. എങ്കിലും ദൈവത്തെപ്പോലെ ഔന്നത്യം നേടിയ  പിതാക്കന്മാരെപ്പറ്റി നാം കേട്ടിട്ടുണ്ട്. കുട്ടികളുടെ ഭാവിയും, സുരക്ഷയും ജീവിതലക്ഷ്യമാക്കിയിട്ടുള്ള പിതാക്കൾ, അവരുടെ മക്കൾ അച്ഛനും മാന്യമായസ്ഥാനങ്ങൾ കിട്ടണമെന്ന് ആഗ്രഹിച്ചു

അമേരിക്കയിൽ വാഷിംഗ്ടണിൽ 1910 ലാണ്. ആദ്യത്തെ പിതൃദിനം കൊണ്ടാടിയത്. 1909 ൽ മിസ്സിസ് ലൂയിസ് സ്മാർട്ട് ഡോഡ്‌  ആണ് പിതൃദിനം എന്ന ആശയം കൊണ്ടുവന്നത്. ആറാമത്തെ പ്രസവത്തിൽ ഭാര്യ മരിച്ചുപോയ വില്യം സ്മാർട് തന്റെ കണ്മണികൾക്ക് അച്ഛനുമമ്മയുമായി. അദ്ദേഹത്തിന്റെ പുത്രി ലൂയിസ് സ്മാർട്ട് അച്ഛനോടുള്ള സ്നേഹവും, ബഹുമാനവും, പ്രകടിപ്പിക്കാൻ അദ്ദേഹത്തിന്റെ ജന്മദിനമായ ജൂൺ മാസത്തിലെ ആദ്യത്തെ ഞായാറാഴ്ച്ച പിതൃദിനമായി കൊണ്ടാടുവാൻ ആഗ്രഹിച്ചുവെങ്കിലും അത് മൂന്നാമത്തെ ഞായാറാഴ്ച്ചയായി മാറ്റപ്പെട്ടു.

തൊണ്ണൂറു വർഷങ്ങൾക്ക് ശേഷം 1999 ൽ ആ വർഷത്തെ പിതാവ് എന്ന ബഹുമതി വാഷിംഗ്ടണിലെ സ്പോക്കാന വാലി ചർച്ച് മിസ്റ്റർ ഡേവിഡ് ബർക്കിലിയ്ക്ക്  നൽകി.കുടുംബ ഭദ്രതയും കുട്ടികളുടെ ഭാവിക്കും വേണ്ടി ത്യാഗനിർഭരമായ സേവനമനുഷ്ഠിക്കുന്ന സ്നേഹനിധികളായ മലയാളി മാതാപിതാക്കളെ ആദരിക്കാൻ അമേരിക്കയിലെ മലയാള മാധ്യമങ്ങൾ പ്രതിവർഷം ഒരു മദർ ഓഫ് ദി  ഇയർ /ഫാദർ ഓഫ് ദി ഇയർ എന്ന ബഹുമതി അർഹരായവർക്ക് നൽകി അംഗീകരിക്കുന്നത് നന്നായിരിക്കുമെന്ന് ഈ ലേഖകൻ അഭിപ്രായപ്പെടുന്നു.  ചുവപ്പോ, വെള്ളയോ, നിറമുള്ള റോസാപൂക്കളാണ് അമേരിക്കയിൽ പിതൃദിനത്തിലെ പുഷ്പമായി കണക്കാക്കുന്നത്. ശ്രീമതി ലൂയിസ് സ്മാർട്ട് ഡോസ് അഭിപ്രായപ്പെട്ടത് അച്ഛൻ ജീവിച്ചിരിക്കുന്നെങ്കിൽ ചുവന്ന റോസാപ്പൂ ചൂടാനും, മരിച്ചുപോയെങ്കിൽ വെളുത്ത റോസാപ്പൂ ചൂടാനുമാണ്.
ആധുനിക സജ്ജീകരണങ്ങളോടെ ഇന്ന്  ഭർത്താവിനെ മുൻനിർത്തി പ്രസവ  കർമ്മം നിർവ്വഹിക്കാൻ സ്ത്രീക്ക് സാധിക്കുമ്പോൾ സ്വന്തം രക്തത്തിന്റെ കരച്ചിൽ കേൾക്കാൻ വെമ്പലാറന്ന കാൽവെയ്പുകളോടെ അടച്ചിട്ട സൂതിഗ്രഹത്തിന്റെ മുന്നിൽ പണ്ട്  നടന്ന അച്ചന്മാരുടെ മാനസികനില ഇന്നത്തെ അച്ഛനമ്മമാർക്കുണ്ടാകാനിടയില്ല. ഭാര്യയുടെ  അവശനില മുന്നിൽ കാണുമ്പോൾ അല്ലെങ്കിൽ ജനനപ്രക്രിയ എന്ന അത്ഭുത പ്രതിഭാസത്തിനു സാക്ഷ്യം വഹിക്കുമ്പോൾ ആയിരം കണ്ണുമായി ഉണ്ണിയെ കാണാൻ കാത്തിരുന്ന പണ്ടത്തെ അച്ഛന്റെ വികാരങ്ങളിൽ നിന്നകന്ന് ഇന്നത്തെയാൾ ഒരു പക്ഷെ ശാസ്ത്രപുരോഗതിയുടെ ഏണിപ്പടികളിലൂടെ വിജ്ഞാനദാഹിയായി കയറിപോകുമായിരിക്കും. ഇങ്ങനെ പുരോഗമനങ്ങൾ മനുഷ്യജീവിതത്തെ സഹായിക്കാനും, സ്വാധീനിക്കാനും  തുടങ്ങുമ്പോൾ പിതൃദിനവും ഒരു ചടങ്ങായി മാറിപോകും. കച്ചവടക്കാർക്ക് , കാർഡും, കേക്കും, പൂക്കളും, വിൽക്കാൻ കിട്ടുന്ന ഒരു ദിവസമായി അധ:പതിച്ചുപോകും.

അച്ചന്മാർക്കായി നീക്കിവച്ചിരിക്കുന്ന ഈ സുദിനം അടുത്തുവരുമ്പോൾ അച്ഛനായി എന്നറിഞ്ഞ ദിവ്യമുഹൂർത്തവും കുട്ടി ജനിച്ച ദിവസവും അവരുടെ കിളികൊഞ്ചലുകളുമൊക്കെ ഓർമ്മയിൽ ഓടിയെത്തുക സ്വാഭാവികം. ഈ ലേഖകന്റെ മകൾ കുട്ടിയായിരുന്നപ്പോൾ "അച്ഛൻ" എന്ന വാക്ക് എവിടെ  കേട്ടാലും “സുച്ചിട്ട” പോലെ നിൽക്കുമായിരുന്നു. റേഡിയോവിലൂടെ, ടേപ്പിലൂടെ ടി.വി.യിലൂടെ കേൾക്കുന്ന പാട്ടുകളിൽ, സംഭാഷണങ്ങളിൽ ആ ശബ്ദം കേട്ടാൽ മതി ഉടനെ കളിപ്പാട്ടങ്ങൾ ദൂരെയെറിഞ്ഞ് ചുണ്ടിൽ നിറയെ വിരിയുന്ന ചിരിയുമായി അമ്മയുടെ അടുത്തേക്ക് ഓടുക പതിവാണ്. പിന്നെ കൗതുകത്തോടെ വിസ്മയത്തോടെ റേഡിയോയിലേക്ക്, ടിവിയിലേക്ക് കൈചൂണ്ടിക്കൊണ്ട് "അച്ഛൻ" എന്ന് പറയുകയും. കുട്ടിയുടെ അമിതമായ സന്തോഷം കണ്ട് , കുട്ടിക്ക് കേൾക്കാൻ "അച്ഛൻ" എന്ന വാക്കു വരുന്ന കുറച്ച് മലയാളഗാനങ്ങൾ സംഘടിപ്പിച്ചു.  അതിലൊന്നായിരുന്നു "കൊച്ചി പട്ടണമുണ്ടോ അവിടൊരു കൊച്ച് എറണാകുളമുണ്ടോ, കാഴ്ച്ചകൾ കണ്ടു നടക്കുമ്പോൾ എന്റെ അച്ഛനെ അവിടെ കണ്ടോ? ആ പാട്ട് ടേപ്പിലൂടെ ഒഴുകിവന്നപ്പോൾ കുട്ടി യഥാർത്ഥത്തിൽ ആനന്ദനൃത്തമാടി. കുഞ്ഞിക്കൈകൾ കൂട്ടിയടിച്ചും, പൊട്ടിച്ചിരിച്ചും പാദസരങ്ങൾ കിലുക്കി മുറിയിൽ ഓടിനടന്നും ഇടയ്ക്കിടെ എന്റെ അച്ഛൻ എന്നു പറഞ്ഞും. എന്നാൽ ആ പാട്ടിലെ മുഴുവൻ വാക്കുകൾ കൂട്ടിച്ചൊല്ലാൻ കുട്ടി  അശക്തയായിരുന്നു. എങ്കിലും ആ വരികൾ അവൾക്കറിയാവുന്ന വിധത്തിൽ കൊഞ്ചിക്കൊണ്ട് നടന്നു. സംശയം വരുമ്പോൾ നൂറാവർത്തി അമ്മയോട് ചോദിച്ചുകൊണ്ടിരുന്നു.  പറയാൻ എളുപ്പമുള്ള "എന്റെ അച്ഛനെ അവിടെ കണ്ടോ? എന്ന വരി സദാനേരവും മൂളിക്കൊണ്ടിരുന്നു. എന്നാൽ ആ ചോരചുണ്ടുകൾക്ക് വഴങ്ങാത്ത "കൊച്ചെറണാകുളം എന്ന വാക്ക് അവൾ പറയുന്നത് കേൾക്കാൻ രസകരമായിരുന്നു. തന്റെ ഉച്ഛാരണം ശരിയല്ലെന്ന് മനസ്സിലാക്കിയ കുട്ടിക്ക് പിന്നെ അതുപറയാൻ സങ്കോചമായി.  അപ്പോൾ പിന്നെ അതെന്തന്നറിയാനുള്ള  ചോദ്യമായി. അത് നിന്റെ അച്ഛന്റെ വീടിനടുത്ത സ്ഥലമാണെന്ന് 'അമ്മ പറഞ്ഞുകൊടുത്തപ്പോൾ ഉച്ഛാരണം തെറ്റിയാലും അത് വീണ്ടും വീണ്ടും പറയാൻ ഉത്സാഹം കാണിച്ചു തുടങ്ങി. അച്ഛനുമായി ബന്ധപ്പെട്ട എല്ലാം ഇഷ്ടപ്പെടുന്ന നിഷ്ക്കളങ്കബാല്യത്തിന്റെ ഭാവങ്ങൾ. അമ്പിളിയെ കളിപ്പമ്പരമാക്കുവാൻ വെമ്പുന്ന ശൈശവം സ്വർഗ്ഗം തന്നെ എന്ന കവിത ഓർമ്മ വരുന്ന മുഹൂർത്തങ്ങൾ.

വളരുമ്പോൾ സ്വർഗ്ഗം നമ്മിൽ നിന്നകന്നുപോകുന്നു. പള്ളിക്കൂടവും പ്രതിദിനം പുറത്തുചുമക്കേണ്ടിവരുന്ന പുസ്തകസഞ്ചിയും ഗൃഹപാഠങ്ങളും കുട്ടികളുടെ സ്നേഹപ്രകടനത്തിനു കടിഞ്ഞാണിടുന്നു. അവരെ ഒരു പുതിയ ലോകത്തിലേക്ക് കൊച്ച്, കൊച്ച് ഉത്തരവാദിത്വങ്ങൾ നയിക്കുകയായി. എന്റെ അച്ഛനെ അവിടെ കണ്ടോ? എന്ന് പാടിയ ചുണ്ടുകളിൽ "എ" ഫോർ ആപ്പിൾ "ബി" ഫോർ ബോയ് എന്ന പാഠം സ്ഥാനം പിടിക്കുന്നു. അങ്ങനെ കുട്ടികളെ കാലം അകറ്റിക്കൊണ്ട് പോകാതിരിക്കാൻ പിതൃദിനവും മാതൃദിനവും സഹായിക്കും. ഓർമ്മകളുടെ കെട്ടഴിക്കാൻ ഒരു ദിവസം.  പുതുക്കിയ  ഓർമ്മകളുടെ സജീവ സാന്നിദ്ധ്യം ഓരോ ദിവസങ്ങളിലും അനുഭവപ്പെടുത്തിക്കൊണ്ട് വീണ്ടും അടുത്ത വർഷം  ഈ ദിവസത്തിന്റെ വരവേൽപ്പിനായുള്ള സുപ്രതീക്ഷ.  എല്ലാ പിതാക്കൾക്കും അവരുടെ മക്കൾക്കും സ്‌നേഹനിർഭരമായ ഒരു പിതൃദിനാഘോഷം നേരുന്നു. ദൈവാനുഗ്രഹം ധാരാളമായി അവർക്കുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ശുഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക