Image

വാരിയംകുന്നനെ ആരാണ് പേടിക്കുന്നത്? (മീട്ടു റഹ്മത്ത് കലാം)

Published on 23 June, 2020
വാരിയംകുന്നനെ ആരാണ് പേടിക്കുന്നത്? (മീട്ടു റഹ്മത്ത് കലാം)
ഇന്നത്തെ സാഹചര്യത്തിൽ ഒരു സിനിമ സാധ്യമാകാൻ എത്ര മാത്രം കടമ്പകളാണ്!   അഭിനേതാക്കളുടെ  ഡേറ്റ് , പൂർത്തിയായ തിരക്കഥ, സംവിധായകൻ, ബജറ്റ് നിയന്ത്രണങ്ങൾ ഇല്ലാതെ നെടുംതൂണായൊരു നിർമാതാവ്, മികച്ച സാങ്കേതിക വിദഗ്ദ്ധർ... ഇതൊന്നും മതിയാവില്ല. ചെറിയൊരു വാക്കുകൊണ്ടുപോലും മുറിവേറ്റുപോകുന്ന മതവികാരങ്ങളെ തൃപ്തിപ്പെടുത്തുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ദൈവങ്ങളെ മാത്രമല്ല ചരിത്രപുരുഷന്മാരെയും തൊട്ടുകളിക്കരുതെന്നാണ് അലിഖിത നിയമം. പാലിക്കാത്തവർക്കു നേരെ ആക്രമണമാണ് - സൈബർ ആക്രമണം. മാതൃരാജ്യത്തിനു ഭീഷണിയായി ചൈന നിലകൊള്ളുന്നതിൽ ഇല്ലാത്ത വേവലാതിയാണ് ഒരു സിനിമയുടെ പ്രഖ്യാപനം മൂലം ഉണ്ടായിരിക്കുന്നത്. ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി വേഷമിടുന്ന സിനിമ 1921 -ൽ മാപ്പിള ലഹളയുടെ നൂറാം വാർഷികത്തോട് അനുബന്ധമായി ചിത്രീകരണം ആരംഭിക്കും എന്നുമാത്രമായിരുന്നു വാർത്ത. എഴുതാപ്പുറം വായിക്കുക എന്ന നാടൻ പദപ്രയോഗം പോലെ ആ സിനിമയിലൂടെ എന്താണ് പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതെന്ന് കവിടി നിരത്തി കണ്ടുപിടിച്ചാണ് പടപ്പുറപ്പാടിന് തുടക്കം കുറിച്ചത്.

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം നാല് ചിത്രങ്ങളാണ് മാപ്പിള ലഹളയെ ആസ്പദമാക്കി ഒരുങ്ങുന്നത്. ഇതിൽ മൂന്നെണ്ണം കുഞ്ഞഹമ്മദ് ഹാജിക്ക് നായകപരിവേഷം നൽകുമ്പോൾ ഒന്നിൽ വില്ലനായിരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. അതെല്ലാം ആവിഷ്കാര സ്വാതന്ത്ര്യമാണ്. 

ചരിത്രപുരുഷന്മാരുടെ ബയോപിക് തയ്യാറാക്കുമ്പോൾ അത് സത്യം മാത്രമായിരിക്കണം എന്ന് നിർബന്ധമില്ല. എഴുതപ്പെട്ട കാര്യങ്ങളിൽ നിന്നുലഭിക്കുന്ന അറിവെല്ലാം ശരിയായിരിക്കണം എന്നുമില്ല. എഴുതുന്നവരുടെ വീക്ഷണകോണുകളിലൂടെ ആയിരിക്കും അവ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഗോഡ്‌സെയുടെ വീക്ഷണത്തിൽ ഗാന്ധിജിയെ ചിത്രീകരിച്ചാൽ അത് മറ്റൊരു കഥയായിരിക്കും. എല്ലാവരിലും നായകനും വില്ലനുമുണ്ട്. പുരാണം എടുത്താൽ രാവണനെ നായകനാക്കിയും സീതയുടെ അച്ഛനാക്കിയുമൊക്കെ പല പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട്. 
              
           1988-ലാണ് ഒന്നേകാൽ കോടി രൂപയുടെ ബജറ്റിൽ ഐ. വി. ശശി - ടി. ദാമോദരൻ കൂട്ടുകെട്ടിൽ മാപ്പിള ലഹള പ്രമേയമാക്കി  '1921' എന്ന അക്കാലത്തെ ബ്രഹ്‌മാണ്ഡ ചിത്രം ഇറങ്ങിയത്. അന്ന് ഞാൻ ജനിച്ചിട്ടില്ല. ടിവി യിൽ കാണുമ്പോഴൊക്കെ അന്നത്തെ കാലഘട്ടത്തെക്കുറിച്ച് കൂടുതലായി അറിയണം എന്നു തോന്നിയിട്ടുണ്ട്. സാങ്കേതിക വിദ്യ ഇത്രയധികം വളർന്ന ഇന്നത്തെ സാഹചര്യത്തിലാണ് ആ സിനിമ ഇറങ്ങിയിരുന്നതെങ്കിൽ വേറെ ലെവൽ ആകുമായിരുന്നല്ലോ എന്നും ഓർത്തിട്ടുണ്ട്. ഞാൻ ഉൾപ്പെടുന്ന തലമുറ ഇങ്ങനൊരു ചിത്രം തീയറ്ററിൽ ഇരുന്ന്‌ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ ആണെന്നാണ് വിശ്വാസവും. ഇതിലേക്കു വർഗീയത കടന്നുവന്ന വഴിയാണ് അജ്ഞാതം. 
             
         1921എന്ന സിനിമയിൽ തന്നെ മലബാറിലെ ഹിന്ദുക്കളും മുസ്ലീങ്ങളും എത്രത്തോളം സ്നേഹത്തോടെയാണ് കഴിഞ്ഞിരുന്നതെന്ന് ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദു - മുസ്ലിം മൈത്രി നിലനിൽക്കുന്നത് തങ്ങൾക്ക് ആപത്താണെന്ന ബോധ്യംകൊണ്ട് വെള്ളക്കാർ രൂപം കൊടുത്ത Divide and Rule പോളിസി ശിപ്പായി ലഹളയിലേതിന് സമാനമായി മാപ്പിള ലഹളയിലും ഭിന്നിപ്പ് സൃഷ്ടിച്ചതായി കാണിക്കുന്നുമുണ്ട്. സിനിമകണ്ട് മനസുമാറുന്നവരായിരുന്നെങ്കിൽ സ്വാർത്ഥമായ നേട്ടങ്ങൾക്ക് മതത്തെ കരുവാക്കിയ കാര്യം മൂന്ന് പതിറ്റാണ്ട് മുൻപ് ഇറങ്ങിയ ചിത്രത്തിൽ നിന്ന് പഠിക്കാമായിരുന്നു. ആ പാഠം ഉൾക്കൊള്ളാത്തവരാണ് ഇന്നും മതം ആയുധമാക്കി ആവിഷ്കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നത്.
വാരിയംകുന്നത്ത് അഹമ്മദ് ഹാജി സ്വാതന്ത്ര്യ സമരസേനാനി അല്ലെന്നും ഹിന്ദുത്വ വിരോധിയാണെന്നും ഉന്നയിച്ച് സംഘ പരിവാർ രംഗത്തുണ്ട്. ചിത്രവുമായി പൃഥ്വിരാജ് സഹകരിക്കരുത് എന്നതാണ് പ്രധാന ആവശ്യം. ഐ. വി. ശശി ചിത്രത്തിൽ ഹാജിയായി അഭിനയിച്ചിരിക്കുന്നത് ടി.ജി. രവിയാണ്. അന്ന് അദ്ദേഹത്തെ ആരെങ്കിലും എതിർത്തിരുന്നോ എന്നറിയില്ല. ഒരു പക്ഷേ രൂപസൗകുമാര്യം കൊണ്ട് പ്രേക്ഷകർക്ക് കൂടുതൽ പ്രിയമുള്ളൊരാൾ ആ കഥാപാത്രത്തെ അവതരിപ്പിച്ചാൽ ജനങ്ങൾക്കിടയിൽ ഹാജി വീരപുരുഷനായി മാറുമോ എന്നായിരിക്കും ആശങ്ക. അവർക്കറിയാത്ത സത്യമുണ്ട്. മലബാറിന്റെ മണ്ണിൽ ഒരു നൂറ്റാണ്ടിലേറെയായി കുഞ്ഞഹമ്മദ് ഹാജി വീരപുരുഷൻ തന്നെയാണ്. ഏറനാടിന്റെ സുൽത്താനെന്ന് ഉമ്മുമ്മമാരും അമ്മുമ്മമാരും പറഞ്ഞുകേട്ട കഥകളിലൂടെ അന്നത്തെ മലബാറും മാപ്പിള ലഹളയും അനുഭവിച്ചറിഞ്ഞവർക്ക് അദ്ദേഹം വിപ്ലവ നേതാവാണ്.

                                 മുഹമ്മദ് നബിയുടെ അനന്തരാവകാശിയായ തുർക്കിയിലെ ഖലീഫയ്ക്ക് ബ്രിട്ടീഷ് സമ്മർദ്ദത്തിന് വഴങ്ങി ഖിലാഫത്ത് പ്രസ്ഥാനം നിർത്തേണ്ടിവന്നപ്പോൾ ഗാന്ധിജി, ഷൗക്കത്ത് അലി എന്നിവർ 
 1920  ഓഗസ്ററ് 18 ന് അഖിലേന്ത്യാ പര്യടനത്തിന്റെ ഭാഗമായി കോഴിക്കോട് വന്നിറങ്ങിയതാണ് അഹമ്മദ് ഹാജിയുടെ ജീവിതം മാറ്റി മറിച്ചത്. എം. പി. നാരായണ മേനോൻ, കെ. പി. കേശവമേനോൻ, ഖാൻ ബഹാദൂർ മുത്തുക്കോയ തങ്ങൾ എന്നിവരുൾപ്പെടെ 25000 പേർ വിപുലമായ   പോലീസ് ബന്തവസ്സും തടസ്സങ്ങളും മറികടന്ന്        സമ്മേളനത്തിൽ പങ്കെടുത്തു. ഖിലാഫത്തെന്ന സായുധ സമരത്തിനോട് മമത തോന്നിയവർ ഹാജിയുടെ നേതൃത്വത്തിൽ ചന്ദ്രക്കലയുള്ള തൊപ്പിയും, പച്ച വസ്ത്രങ്ങളും, ബെൽറ്റും ധരിച്ചു വോളന്റിയർമാരായി. ബ്രിട്ടീഷുകാരെ നേരിടാൻ മടിക്കുത്തിൽ അവർ കത്തി കരുതി. കോൽക്കളിയിലും ദഫ് മുട്ടിലും നിപുണനായിരുന്ന ഹാജി നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു. നല്ലൊരു കഥാപ്രാസംഗികൻ കൂടി ആയിരുന്നതിനാൽ കഥകളിലൂടെ സ്വന്തം ആശയങ്ങൾ സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ എത്തിക്കാൻ അഹമ്മദ് ഹാജിക്ക് കഴിഞ്ഞു. ചെറുപ്പം മുതൽ സ്വായത്വമാക്കിയ ആയോധനകല, കൂടെയുള്ളവരെ പരിശീലിപ്പിച്ച് സ്വന്തമായൊരു സൈന്യം ഒരുക്കിയെടുത്തു. ഗൊറില്ല ട്രെയിനിങ് പോലും നേടിയ പടയായിരുന്നു ഹാജിയുടേത്. ബ്രിട്ടീഷ് സർക്കാരിന് സമാന്തരമായി ഒരു ഗവൺമെന്റും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപംകൊണ്ടു. മലബാർ വിട്ടുപോകുന്നതിന് പാസ്പോർട്ട് പോലുള്ള രേഖകളും അക്കാലയളവിൽ ഹാജി ഏർപ്പെടുത്തി. 

                             ഉറുദു സംസാരിച്ചിരുന്ന കൊണ്ടോട്ടി തങ്ങളും അനുയായികളും ബ്രിട്ടീഷ് സർക്കാരിനെ അനുകൂലിക്കുന്നവരും സാമ്പത്തികമായി മികച്ച നിലയിൽ കഴിഞ്ഞിരുന്നവരുമാണ്. ഹിന്ദുക്കളിലെ സവർണരോടൊപ്പം ചേർന്ന് ഇവർ ഖിലാഫത്ത് പ്രസ്ഥാനത്തെ എതിർത്തു. ജന്മികളുടെ പീഡനങ്ങൾക്ക് ഇരയാവുകയും മാറുമറയ്ക്കാൻ പോലും അവകാശം നിഷേധിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഹിന്ദുക്കളായ കുടിയാന്മാർ സ്വയരക്ഷയെ കരുതി മുസ്ലീങ്ങളായി പരിവർത്തനം ചെയ്തതല്ലാതെ നിർബന്ധിത പരിവർത്തനം  ഇക്കാലയളവിൽ      ഉണ്ടായിട്ടില്ലെന്നാണ് നിഷ്പക്ഷ ചരിത്രകാരന്മാർ പറയുന്നത്. ഈ വസ്തുത വളച്ചൊടിക്കുകയും മതമൈത്രി തകർക്കുകയും ചെയ്താണ് ബ്രിട്ടീഷുകാർ ഖിലാഫത്ത് പ്രസ്ഥാനം ഉന്മൂലനം ചെയ്തത്. കരുവാരക്കുണ്ട് പഞ്ചായത്തിലെ എസ്റ്റെയ്റ്റിലെ പാറക്കെട്ടുകൾക്കു പിന്നിൽ ഒളിവിൽ കഴിയുമ്പോൾ കൂടെ ഉണ്ടായിരുന്നവരിൽ ഒരാൾ ഒറ്റുകൊടുത്താണ് ഹാജി ബ്രിട്ടീഷ് പട്ടാളത്തിന്റെ പിടിയിലാകുന്നത്. മലപ്പുറം തുക്കിടിക്കച്ചേരിയിൽവച്ച് വെള്ളക്കാർ ഹാജിക്ക് വധശിക്ഷ വിധിച്ചു. 1922 ജനുവരി 20നു മലപ്പുറം കോട്ടക്കുന്നിലെ വടക്കേച്ചെരുവിൽ വച്ചാണ് അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കിയത്.

                 'എന്റെ കണ്ണുകൾ കെട്ടരുത് ചങ്ങലകൾ ഒഴിവാക്കി മുന്നിൽനിന്ന് വെടിവയ്ക്കണം. വെടിയുണ്ടകൾ എന്റെ നെഞ്ചിൽ തന്നെ പതിക്കട്ടെ. എനിക്കീ മണ്ണിൽ മുഖം ചേർത്ത് മരിക്കണം.' 
            - ഇതായിരുന്നു ഹാജിയുടെ അവസാനവാക്കുകൾ. ആ ഓർമകൾ അദ്ദേഹത്തോടൊപ്പം ഇല്ലാതാകാൻ ശരീരവും അവർ ചുട്ടുചാമ്പലാക്കി. എങ്കിലും ഏറനാടിന്റെ മണ്ണിൽ വാമൊഴിയായി ഹാജിയുടെ വീരകഥകൾ ഇന്നും തളിർത്തുനിൽപ്പുണ്ട്. ഈ കഥകൾ എല്ലാം സത്യമാണെന്നും ഇതായിരിക്കും അഭ്രപാളികളിൽ വരികയെന്നും ഒരു നിർബന്ധവുമില്ല. സിനിമയെ കലാരൂപമായി മാത്രം കാണുക. നൂറ് വർഷം മുൻപ് ജീവിച്ചിരുന്ന ഒരാളെ നായകനാക്കിയോ വില്ലനാക്കിയോ സിനിമ വരുമ്പോൾ മതവികാരം വ്രണപ്പെടുന്നത് എങ്ങനെയായിരിക്കും? 
വാണിജ്യ സിനിമയിൽ ആസ്വാദനത്തിനു വേണ്ടുന്ന ചേരുവകൾ നിർബന്ധമായും ഉണ്ടാകും. ഒരേ പ്രമേയത്തെ ആസ്പദമാക്കി ചിത്രങ്ങൾ ഒരേ ഭാഷയിൽ വരുമ്പോൾ അത്തരത്തിലൊരു പരീക്ഷണത്തിന് മുതിരുന്നവരെ അഭിനന്ദിക്കാം. തികച്ചും വ്യത്യസ്തമായി ഇത്തരത്തിൽ സിനിമ ഉണ്ടാക്കിയെടുക്കുന്നത് വെല്ലുവിളിയാണ്. ഈ പരീക്ഷണം വിജയിച്ചാൽ സിനിമാ വിദ്യാർത്ഥികൾക്ക് അതൊരു വലിയപാഠവും പ്രേക്ഷകർക്ക് വേറിട്ട അനുഭവവും ആയിരിക്കും. നാലു ചിത്രങ്ങൾക്കുമുള്ള ഒരുക്കങ്ങൾ തുടങ്ങിയതായുള്ള പ്രസ്താവനയിലെ സത്യം  ഉറപ്പില്ല. വിവാദമാകുന്നതിന്റെ മാർക്കറ്റ് വില കണ്ടും ഇറങ്ങിപ്പുറപ്പെടാം. ഉർവ്വശി ശാപം ഉപകാരം എന്നു പറയുന്നതു പോലെ 
Join WhatsApp News
RAJU THOMAS 2020-06-24 06:53:03
Meetttu, I love your article. You didn't just shower praises on a great historical figure; you portrayed him against the essential global and local backdrop of the times. It exudes the time spirit. I must give it up to you for keeping it all so rounded instead being blinded by the glory of the hero.
Some Facts 2020-06-24 09:07:20
യാതൊരു വിപ്ലവവും അതിന്റെ പൊതു ലക്ഷ്യത്തിൽ നിന്ന് ചെറിയ ചില വ്യതിചലനങ്ങൾ ( Aberrations) ക്ക് വിധേയമായിട്ടുണ്ടു്. ഉദാഹരണമായി ഫ്രഞ്ചു വിപ്ലവം . അത് വിപ്ലവത്തിന്റെ അവസാന ഘട്ടത്തിൽ അനേകായിരം പേരെ ഗില്ലറ്റിന് വിധേയമാക്കിയിട്ടുണ്ട്. എങ്കിലും ആ വിപ്ലവം അതിന് മുമ്പുണ്ടായിരുന്ന ലോകത്ത് നിന്നും തികച്ചും നൂതനമായ , വിപ്ലവകരമായ ഒരു പുതിയ ലോകത്തെയാണ് സൃഷ്ടിച്ചത്‌ . അതപോലെ തന്നെയാണ് റഷ്യയിലെ തൊഴിലാളി വർഗം ലെനിന്റെ നേതൃത്വത്തിൽ നടത്തിയ ഒക്ടോബർ വിപ്ലവത്തിന്റെയും സ്ഥിതി. സർ ചക്രവർത്തിയുടെ നിഷ്കളങ്കരായ പിഞ്ചു കുട്ടികൾ പോലും നിഷ്ഠൂരമായി വധിക്കപ്പെട്ടു. ജനങ്ങൾക്കിടയിൽ നിന്ന് ഇത്തരം നിഷ്ഠൂരതകൾ ഉണ്ടായെങ്കിൽ പോലും ആ വിപ്ലവം ജന്മം നൽകിയത് ചൂഷണരഹിതമായ ഒരു സോഷ്യലിസ്റ്റ് സമൂഹത്തെയാണ്. ഇനി നമുക്ക് നമ്മുടെ സ്വന്തം നാട്ടിൽ നടന്ന കലാപത്തിന്റെ വർഗപരമായ പ്രസക്തിയെ സംബന്ധിച്ച് ചിന്തിക്കാം. മലമ്പാറിലെ മാപ്പിളമാർ നടത്തിയ കലാപം .ഒരു ജനകീയ മുന്നേറ്റത്തിന്റെ പുരോഗമന സ്വഭാവം പരിശോധിക്കപ്പെടുന്നത് അതിന്റെ വർഗപരമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് . ഈ മാപ്പിളമാർ കൂടിയാൻമാർ ( കൃഷിക്കാർ ) ആയിരുന്നു. ഭൂമിയുടെ ഉടമസ്ഥരോ ഹിന്ദുക്കളായ ജന്മിമാരും. ഇതൊരു ജന്മി വിരുദ്ധ കർഷകകലാപമായിരുന്നു. അവിടെ ജന്മിയുടെ അല്ലെങ്കിൽ കൂടിയാന്റെ ജാതിക്ക് അല്ലെങ്കിൽ അവരുടെ മത വിശ്വാസങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല. കുടിയാൻമാരെ കടുത്ത ചൂഷണത്തിന് വിധേയമാക്കിയ ജമ്പിമാർക്ക് ബ്രിട്ടീഷ് കാരുടെ പൂർണ പിന്തുണയും . കോളനി വാഴ്ചയും ജന്മിത്വവും സംമൂഹ്യ മുന്നേറ്റത്തിലെ വലിയ തടസ്സങ്ങളായി രുന്നു. ബ്രിട്ടീഷ് ആധിപത്യം അവസാനിപ്പിക്കാതെ ജന്മിത്വത്തിന് അന്ത്യം കുറിക്കാതെ നമുക്കൊരു പുതിയ ജനാധിപത്യ ഇന്ത്യയെ സൃഷ്ടിക്കാനാവുമായിരുന്നില്ല. മാപ്പിള ലഹളയ്ക്ക് സമാനമായ അനേകം കർഷക കലാപങ്ങൾ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട് . അത്തരം കർഷക കലാപങ്ങളും ഫാക്ടറി തൊഴിലാളികളും ഒന്നിച്ചിരുന്നെങ്കിൽ നമുക്ക് മറ്റൊരു ഇന്ത്യയിൽ ജീവിക്കാമായിരുന്നു. ഇന്ത്യയിലെ ജനങ്ങൾ വിമോചനത്തിനായി നടത്തിയ എല്ലാ ശ്രമങ്ങളെയും താറടിച്ചു കാണിക്കാനാണ് ബ്രിട്ടിഷ് കാർ ശ്രമിച്ചിട്ടുള്ളത്‌ . അവരാണ് ഇതിനെ ഹിന്ദു വിരുദ്ധ കലാപമായി ചിത്രീകരിച്ചിട്ടുള്ളത്. അതാണ് സംഘികൾ ഇന്ന് ഏറ്റുച്ചൊല്ലുന്നത്. മാപ്പിള ലഹള ഉയർത്തുന്ന ഒരു മൂല്യ ബോധ മുണ്ടു്. അത് ജന്മിത്വ വിരുദ്ധ സാമ്രാജ്യത്വ വിരു ദ്ധ ജനാധിപത്യ ബോധമാണ് . അതിനെയാണ് സംഘികൾ ഭയക്കുന്നത്. ചരിത്ര സത്യത്തെ വളരെ കാലത്തോളം മൂടിവയ്ക്കാനാവി ല്ല . അതിനെ ആക്ഷേപിക്കാൻ ചാർത്തി കൊടുത്ത തെറ്റായ വ്യാഖ്യാനങ്ങളെ പുതിയൊരു ഭാവിക്കായി പൊരുതുന്ന , പുതിയ ആശയങ്ങൾ പേറുന്ന തലമുറ ചോദ്യം ചെയ്തു കൊള്ളും .- Chanakyan
Paths to Freedom 2020-06-24 09:32:23
മണ്ണിൽ പൊന്നു വിളയിച്ച 'അടിയാനും അടിയാട്ടിക്കും നിലത്തു കുഴിച്ച കുഴിയിൽ കഞ്ഞിവെള്ളവും അൽപ്പം വറ്റും കൊടുത്തു തിന്നു കൊഴുത്ത ജന്മികൾ ബ്രിടീഷ് കാരുടെ ചെരുപ്പ് നക്കികൾ ആയിരുന്നു. തീണ്ടലും തൊട്ടുകൂടായ്‌മ്മയും ഒക്കെ പ്രചരിപ്പിച്ച ജൻമികളിൽ നിന്നുള്ള മോചനം ആയിരുന്നു മത പരിവർത്തനം. അന്ന് ഇസ്ലാമിലേക്ക് ആയിരുന്നു മോചനത്തിൻ്റെ പാതകൾ, ഇന്ന് പെന്തക്കോസ്തിലേക്കും. വിലപിച്ചിട്ടു കാര്യം ഇല്ല. മറ്റു മനുഷരെ ഒരിക്കലും താണവർ ആയി കാണരുത്. -ആൻഡ്രു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക