Image

യു.എസ്‌ ഇസ്ലാമിക്‌ വേള്‍ഡ്‌ ഫോറത്തിന്‌ ഉജ്വല തുടക്കം

Published on 30 May, 2012
യു.എസ്‌ ഇസ്ലാമിക്‌ വേള്‍ഡ്‌ ഫോറത്തിന്‌ ഉജ്വല തുടക്കം
ദോഹ: ഒമ്പതാമത്‌ യു.എസ്‌ ഇസ്ലാമിക്‌ വേള്‍ഡ്‌ ഫോറത്തിന്‌ ദോഹയില്‍ തുടക്കമായി. റിറ്റ്‌സ്‌ കാള്‍ടണ്‍ ഹോട്ടലില്‍ നടക്കുന്ന സമ്മേളനം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്‌ ഹമദ്‌ ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി ഉദ്‌ഘാടനം ചെയ്‌തു. സെപ്‌തംബര്‍ 11ലെ ആക്രമണവും ഫലസ്‌തീന്‍ പ്രശ്‌നവും അമേരിക്കയും ഇസ്ലാമിക ലോകവും തമ്മില്‍ ഏറെ അകല്‍ച്ചക്ക്‌ കാരണമായതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫലസ്‌തീന്‍ പ്രശ്‌നത്തോട്‌ പല അറബ്‌ ഭരണാധികാരികളും കൈക്കൊണ്ട നിലപാടുകളും ആ രാജ്യങ്ങളില്‍ വിപ്‌ളവത്തിന്‍െറ ജ്വാല ആളിക്കത്തിക്കുന്നതില്‍ ഗണ്യമായ പങ്ക്‌ വഹിച്ചിട്ടുണ്ടെന്ന്‌ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അറബ്‌അമേരിക്കന്‍ അകല്‍ച്ചക്ക്‌ ഇരു വിഭാഗങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്‌. ഇസ്രായേലിനും അറബ്‌ രാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥന്‍െറ റോള്‍ വഹിക്കാന്‍ അമേരിക്കക്ക്‌ സാധിക്കും. എന്നാല്‍ ലോകത്തെ വന്‍ ശക്തി എന്ന നിലയില്‍ ന്യായത്തിനെയും നീതിയുടെയും ഭാഗത്ത്‌ നില്‍ക്കുകയാണ്‌ അമേരിക്ക ചെയ്യേണ്ടത്‌. ഭീകരതക്കും തീവ്രതക്കുമെതിരെ സമരം പ്രഖ്യാപിക്കുന്നവര്‍ ആ വാക്കുകളുടെ അര്‍ഥമെന്തെന്ന്‌ വ്യാഖ്യാനിക്കേണ്ടതുണ്ട്‌. സ്വന്തം അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതുന്നവരെ ഭീകരരെന്ന്‌ വിശേഷിപ്പിക്കാന്‍ പറ്റില്ല. വര്‍ഷങ്ങള്‍ക്കപ്പുറം ഖത്തറില്‍ ഇസ്രായേലിന്‍െറ ഓഫിസ്‌ തുറക്കാന്‍ അനുവദിച്ചത്‌ അനേകം അറബ്‌ രാഷ്ട്രങ്ങളുടെ നിശിത വിമര്‍ശനത്തിന്‌ ഇടവരുത്തിയിരുന്നു. എന്നാല്‍ ഇസ്രായേലിന്‍െറയും ഫലസ്‌തീന്‍െറയും ആവശ്യങ്ങളും വാദഗതികളും മനസ്സിലാക്കാനാണ്‌ തങ്ങള്‍ ശ്രമിച്ചത്‌. യുവാക്കള്‍ക്കിടയില്‍ വ്യാപകമായി വന്ന തൊഴിലില്ലായ്‌മയും നീതിയും സുതാര്യതയുമില്ലാത്ത ഭരണ വ്യവസ്ഥയുമാണ്‌ `അറബ്‌ വസന്തം' എന്ന വിപ്‌ളവത്തിലേക്ക്‌ നയിച്ചത്‌. പല രാഷ്ട്രങ്ങളിലെയും പ്രസിഡന്‍റുമാര്‍ മക്കള്‍ക്ക്‌ അധികാരം കൈമാറാനും ശ്രമം നടത്തി.

സ്വന്തം ജനതയുടെ വികാരങ്ങള്‍ അവഗണിക്കാന്‍ ഒരു ഭരണകൂടവും ശ്രമിക്കരുതെന്ന പാഠമാണ്‌ തുനീഷ്യ തൊട്ട്‌ സിറിയ വരെ പഠിപ്പിക്കുന്നത്‌. സിറിയയില്‍ നടക്കുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ അറബ്‌ ഇസ്ലാമിക രാഷ്ട്രങ്ങളോടൊപ്പം അമേരിക്കയും മറ്റ്‌ പശ്ചാത്യ രാജ്യങ്ങളും പ്രവര്‍ത്തിക്കണമെന്നും ശൈഖ്‌ ഹമദ്‌ ആവശ്യപ്പെട്ടു. ബംഗ്‌ളാദേശ്‌ പ്രധാനമന്ത്രി ശൈഖ്‌ ഹസീന, ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഇക്‌മലുദ്ദീന്‍ ഇഹ്‌സാന്‍ ഇഗ്‌ജൂം എന്നിവര്‍ സംസാരിച്ചു. യു.എസ്‌ ബ്രൂക്കിങ്‌സ്‌ ഡയറക്ടര്‍ മാര്‍ടിന്‍ ഇന്‍സിക്‌ പരിപാടി നിയന്ത്രിച്ചു. വില്ലേജിയോ ദുരന്തത്തില്‍ മരിച്ച കുഞ്ഞുങ്ങളടക്കമുള്ളവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ്‌ പ്രധാനമന്ത്രി അടക്കമുള്ളവര്‍ പ്രസംഗം അവസാനിപ്പിച്ചത്‌. സമ്മേളനം 31ന്‌ സമാപിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക