Image

എയര്‍ ഇന്ത്യാ പൈലറ്റുമാരുടെ സമരം; മലയാളികളുടെ യാത്രാദുരിതമകറ്റാന്‍ മുഖ്യമന്ത്രി ഇടപെടുന്നു

ഷക്കീബ്‌ കൊളക്കാടന്‍ Published on 30 May, 2012
എയര്‍ ഇന്ത്യാ പൈലറ്റുമാരുടെ സമരം; മലയാളികളുടെ യാത്രാദുരിതമകറ്റാന്‍ മുഖ്യമന്ത്രി ഇടപെടുന്നു
റിയാദ്‌:  അനന്തമായി നീളുന്ന എയര്‍ ഇന്ത്യാ പൈലറ്റുമാരുടെ സമരം മൂലം ദുരിതത്തിലായ മലയാളി യാത്രക്കാരുടെ പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി ഇടപെടുന്നു. പൈലറ്റുമാരില്ലാത്തതിനാല്‍ നിന്നു പോയ കേരളത്തിലേക്കുള്ള ഗള്‍ഫ്‌ സെക്‌ടറിലെ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ അടിയന്തരമായി പകരം സംവിധാനമുപയോഗിച്ച്‌ പുനഃസ്‌ഥാപിക്കാന്‍ മുഖ്യമന്ത്രി വകുപ്പ്‌ മന്ത്രിയും സിവില്‍ എവിയേഷന്‍ ഡയറക്‌ടറുമായും ചര്‍ച്ച നടത്തി.

മേയ്‌ 10 മുതല്‍ കേരളത്തിലെ ഒരു വിമാനത്താവളങ്ങളിലേക്കും സൗദി അറേബ്യയില്‍ നിന്നും സാധാരണ സര്‍വീസ്‌ നടത്തുന്ന ഒരു എയര്‍ ഇന്ത്യാ വിമാനവും പറന്നിട്ടില്ലെന്ന കാര്യം നോര്‍ക്ക സൗദി കണ്‍സള്‍ട്ടന്‍റ്‌ ഷിഹാബ്‌ കൊട്ടുകാട്‌ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ്‌ ഉമ്മന്‍ചാണ്‌ടി ഉന്നതരുമായി ഇക്കാര്യം സംസാരിച്ചത്‌.

അവധിക്കാലം വരുന്നതോടെ മാസങ്ങള്‍ക്ക്‌ മുന്‍പ്‌ എയര്‍ ഇന്ത്യാ വിമാനത്തില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌ത്‌ കാത്തിരുന്നവര്‍ മറ്റ്‌ എയര്‍ലൈനുകളില്‍ ടിക്കറ്റിനായി പരക്കം പായുകയാണ്‌. പൈലറ്റുമാരും സര്‍ക്കാരും പിടിവാശിയില്‍ തന്നെ ആയതിനാല്‍ സമീപഭാവിയില്‍ സമരം ഒത്തുതീര്‍പ്പാകുമെന്ന പ്രതീക്ഷയും അസ്‌ഥാനത്താണ്‌. പകരം സംവിധാനം എയര്‍ ഇന്ത്യ സ്വീകരിച്ചില്ലെങ്കില്‍ കഷ്‌ടപ്പാടിലാകുന്നത്‌ ഗള്‍ഫ്‌ സെക്‌ടറ്ററില്‍ നിന്നും അവധിക്ക്‌ പോകാന്‍ തയാറെടുക്കുന്ന നൂറ്‌ കണക്കിന്‌ കുടുംബങ്ങളാണ്‌. സ്‌ട്രക്‌ചര്‍ യാത്രക്കാരായ ചില രോഗികളേയും നാട്ടിലയക്കാന്‍ എയര്‍ ഇന്ത്യാ സമരം തീരുന്നത്‌ കത്തിരിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരുണ്‌ട്‌.

അപകടത്തില്‍ പരിക്കേറ്റ്‌ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്‌സയില്‍ കഴിഞ്ഞിരുന്ന ഒരു കോട്ടയം സ്വദേശിയെ ഭീമമായ ആശുപത്രി ബില്‍ അടക്കാന്‍ കഴിയാതെ സൗകര്യം കുറഞ്ഞ ഒരു സര്‍ക്കാര്‍ ആശുപത്രിയിലേക്ക്‌ മാറ്റിയതായി ഷിഹാബ്‌ പറഞ്ഞു. കുറഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ രണ്‌ടര ലക്ഷത്തോളം ബില്‍ അടക്കേണ്‌ടി വന്നു. ഈ രോഗിയേയും എയര്‍ ഇന്ത്യാ വിമാനത്തില്‍ നാട്ടിലയക്കാനായി കാത്തിരിക്കുകയാണ്‌. കൊച്ചിയിലേക്ക്‌ നേരിട്ട്‌ സര്‍വീസ്‌ നടത്തുന്ന സൗദി എയര്‍ലൈന്‍സിലാണെങ്കില്‍ സീററ്‌ കിട്ടാനില്ല. വഴിയില്‍ പത്തും പതിനഞ്ചു മണിക്കൂര്‍ കാത്തിരിക്കേണ്‌ട മറ്റ്‌ വിമാന സര്‍വീസുകളില്‍ പോലും താങ്ങാനാവാത്ത ചാര്‍ജാണ്‌ ഈടാക്കുന്നത്‌.

സൗദി അറേബ്യയിലെ മലയാളി യാത്രക്കാരുടെ വിഷമം മനസിലാക്കിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി വ്യോമയാന മന്ത്രി അജിത്‌ സിംഗുമായി ടെലിഫോണില്‍ സംസാരിച്ചു. ഉടനെ നടപടിയെടുക്കാമെന്ന്‌ മന്ത്രി ഉറപ്പ്‌ നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. അതോടൊപ്പം സിവില്‍ എവിയേഷന്‍ ഡയറക്‌ടര്‍ ഭരത്‌ ഭൂഷണുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തതായും റിയാദിലേക്കും മറ്റ്‌ എയര്‍പോര്‍ട്ടുകളിലേക്കും കൊച്ചിയില്‍ നിന്ന്‌ ഉടന്‍ സര്‍വീസ്‌ നടത്തുമെന്ന്‌ അറിയിച്ചതായും മുഖ്യമന്ത്രി ഷിഹാബിനെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക