Image

ആപ്പ് നിരോധനമൊന്നും ചൈനയെ ആപ്പിലാക്കില്ല... ആവേശകുമാരന്മാരെ ത്രുപ്തിപ്പെടുത്താന്‍ കേന്ദ്രം തീരുമാനം എടുക്കരുത് (വെള്ളാശേരി ജോസഫ്)

Published on 30 June, 2020
ആപ്പ് നിരോധനമൊന്നും ചൈനയെ ആപ്പിലാക്കില്ല... ആവേശകുമാരന്മാരെ ത്രുപ്തിപ്പെടുത്താന്‍ കേന്ദ്രം തീരുമാനം എടുക്കരുത് (വെള്ളാശേരി ജോസഫ്)
ആവേശകുമാരന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടി കേന്ദ്ര സർക്കാർ തീരുമാനങ്ങൾ എടുക്കരുത്; ആവേശകുമാരന്മാർക്ക് യാഥാർഥ്യ ബോധമില്ലാ; കുറെ മൊബൈൽ ആപ്പുകൾ നിരോധിച്ചാലൊന്നും ചൈനയെ കീഴ്പ്പെടുത്താൻ ആവില്ലാ

സാമ്പത്തികമായി അമേരിക്കയെ വെല്ലുവിളിക്കാനുള്ള ശേഷി ഇന്ന് ചൈനക്കുണ്ട്. ഇന്ന് അമേരിക്ക ഉണ്ടാക്കുന്ന പ്രോഡക്റ്റുകൾക്ക് നൂറു ചൈനീസ് ബദലുകൾ ആയിക്കഴിഞ്ഞു. ആപ്പിളിൻറ്റെ സ്മാർട്ട്ഫോൺ തന്നെ ഉദാഹരണം. സാംസങ് ഫോണുകൾ ഇന്ന് ആപ്പിളിന് ബദലായി ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. സാംസങ് സ്മാർട്ട്ഫോൺ ദക്ഷിണ കൊറിയൻ ഉൽപന്നം ആണ്. പക്ഷെ ചൈനീസ് കമ്പനികൾ ബഡ്ജറ്റ് ഫോണുകൾ ഉണ്ടാക്കി സാംസങ്ങിൻറ്റെ മാർക്കറ്റും പിടിച്ചടക്കികഴിഞ്ഞു. ഷവോമി പോലെയുള്ള ചൈനീസ് കമ്പനികൾ ബഡ്ജറ്റ് ഫോണുകൾ ഉണ്ടാക്കുമ്പോൾ തന്നെ 'വൺ പ്ലസ് വൺ' ക്വാളിറ്റിയിൽ മുൻപന്തിയിലാണ്. ലെനോവോ, ഹയ്യർ - തുടങ്ങിയ കമ്പനികളും ക്വാളിറ്റിയിൽ മുൻപന്തിയിൽ തന്നെ. ഗൂഗിളിനും ഫെയ്‌സ്ബുക്കിനും ഇന്ന് ചൈനീസ് ബദലുകൾ ഉണ്ട്. ഓൺലൈൻ വ്യാപാരത്തിന് ചൈനയിൽ 'ആലിബാബ' ഉണ്ട്. ജി.പി.എസ്സും, മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റവും ചൈന വികസിപ്പിച്ചു കഴിഞ്ഞു. 10-20 വർഷം മുമ്പ് ചൈനീസ് കമ്പനികൾക്ക് വലിയ ക്വാളിറ്റി ഒന്നും അവകാശപ്പെടാനില്ലായില്ലായിരുന്നു. പക്ഷെ 'റിസേർച് ആൻഡ് ഡെവലപ്പ്മെൻറ്റിന്' ചൈന പിന്നീട് പ്രാമുഖ്യം കൊടുത്തതുകൊണ്ട് ഇന്ന് ചൈനീസ് കമ്പനികൾ ക്വാളിറ്റിയിലും അറിയപ്പെടുന്നു. ഇതിൽ നിന്നെല്ലാം ഇന്ത്യ പഠിക്കേണ്ട പാഠം എന്താണെന്നുവെച്ചാൽ ടെക്‌നോളജി, ഇൻഫ്രാസ്ട്രക്ച്ചർ, ഉൽപ്പാദനം, ക്വാളിറ്റി - ഇവക്ക് പകരം വെക്കാൻ മറ്റൊന്നില്ലാ എന്നുതന്നെയാണ്. ആ കാര്യം മനസിലാക്കാതെ ആവേശകുമാരന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടി കേന്ദ്ര സർക്കാർ തീരുമാനങ്ങൾ എടുക്കരുത്. ആവേശകുമാരന്മാർക്ക് യാഥാർഥ്യ ബോധമില്ലാ. കുറെ മൊബൈൽ ആപ്പുകൾ നിരോധിച്ചാലൊന്നും ചൈനയെ കീഴ്പ്പെടുത്താൻ ആവില്ലാ. 2018-ലെ കണക്കനുസരിച്ച് ഇന്ത്യയുമായുള്ള ചൈനീസ് വ്യാപാരം മൊത്തം ചൈനീസ് വ്യാപാരത്തിൻറ്റെ 2.1 ശതമാനം മാത്രമേ ഉള്ളൂ. കേവലം 2.1 ശതമാനം മാത്രമുള്ള വ്യാപാരം നഷ്ടപ്പെട്ടതുകൊണ്ട് ചൈനീസ് സമ്പദ്‌വ്യവസ്ഥക്ക് വലിയ കോട്ടമൊന്നും സംഭവിക്കാൻ പോകുന്നില്ലാ. ഇതൊക്കെ   ആവേശകുമാരന്മാരെ പറഞ്ഞു ബോധ്യപ്പെടുത്താനായിരുന്നു മൊബൈൽ ആപ്പുകൾ നിരോധിക്കുന്നതിനു പകരം കേന്ദ്രസർക്കാർ ശ്രമിക്കേണ്ടിയിരുന്നത്.

കൊറോണ മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇന്ത്യ ചൈനയുമായി വെറുതെ കൊമ്പുകോർക്കാൻ പോകരുതെന്ന് ഇതിനോടകം തന്നെ പല സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടുകഴിഞ്ഞു. ഇപ്പോൾ തന്നെ മൊബൈൽ ആപ്പ്ളിക്കേഷനുകൾ നിരോധിച്ചത് വഴി ചൈനക്ക് ഭീമമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ലാ. ഇന്ത്യയിൽ തൊഴിലില്ലാത്തവർ കൂടി എന്ന ദോഷം മാത്രമേ കേന്ദ്ര സർക്കാറിൻറ്റെ ആ നടപടി കൊണ്ട് ഉണ്ടായിട്ടുള്ളൂ. ചൈനയെ നേരിടണമെങ്കിൽ ഏറ്റവും അത്യാവശ്യമായി നമ്മൾ ചെയ്യേണ്ടത് ടെക്‌നോളജി, ഇൻഫ്രാസ്ട്രക്ച്ചർ, ഉൽപ്പാദനം - ഇവയൊക്കെ മെച്ചപ്പെടുത്താനുള്ള ദീർഘകാല പദ്ധതി ആവിഷ്കരിക്കലാണ്. ലോകത്ത് ഏറ്റവും കൂടുതൽ എൻജിനീയർമാരെ സൃഷ്ടിക്കുന്ന നമ്മുടെ രാജ്യത്തിന് അത് എളുപ്പത്തിൽ ചെയ്യാവുന്നതേയുള്ളൂ. മതവും, ജാതിയും, പ്രാദേശികതയും, സ്ത്രീ വിരുദ്ധതയും ഒക്കെ പറഞ്ഞുകൊണ്ടിരുന്ന നമ്മൾ യഥാർഥ ശത്രുവായ ചൈനയുടെ ഭീഷണി കണ്ടാലെങ്കിലും സങ്കുചിതമായ മൂല്യങ്ങൾ മാറ്റിനിർത്തി ഇനി വിശാലവീക്ഷണം ഉൾക്കൊള്ളണം.

ചൈനയെ നേരിടണമെങ്കിൽ ചൈനയുമായി അതിർത്തി തർക്കങ്ങളുള്ള രാജ്യങ്ങളുടെ കൂടെ ഇന്ത്യ കൂട്ടുകൂടുകയാണ് വേണ്ടത്. ചുറ്റുമുള്ള ദക്ഷിണ കൊറിയ, ന്യൂസിലൻഡ്, വിയറ്റ്‌നാം, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, മലേഷ്യ - ഈ രാജ്യങ്ങളെല്ലാമായി ചൈനക്ക് അതിർത്തി തർക്കങ്ങളുണ്ട്. ഇതെഴുതുന്നയാളുടെ ഓർമ ശരിയാണെങ്കിൽ, ക്രൂഷ്‌ചേവിൻറ്റെ കാലത്ത് ചൈന റഷ്യയുമായി സൈനികമായി ഇടഞ്ഞിട്ടുണ്ട്. 'യൂറി റിവർ ക്ലാഷ്' എന്നറിയപ്പെട്ട ആ സൈനിക സംഘർഷത്തിൽ 36 റഷ്യൻ പട്ടാളക്കാർ കൊല്ലപ്പെടുകയാണ് ഉണ്ടായത്. അതുകൊണ്ട് ഇപ്പോൾ ചൈനയുമായി ചങ്ങാത്തം ഉള്ള റഷ്യ പോലും ഒരു പരിധിക്കപ്പുറം ചൈനയെ പിന്തുണയ്ക്കുമെന്ന് തോന്നുന്നില്ല. തങ്ങൾക്ക് ചുറ്റുമുള്ള ഒരു രാജ്യവുമായും ചൈനക്ക് അതിർത്തി പ്രശ്നങ്ങൾ ഇല്ലാതില്ല. അതുകൂടാതെയാണ് ഷിൻജിയാങ്, ടിബറ്റ് - പോലുള്ള പ്രദേശങ്ങളിൽ നിന്ന് ചൈനക്കുള്ള ആഭ്യന്തര പ്രശ്നങ്ങൾ. ഇതിനെയൊക്കെ പാശ്ചാത്യ സഹായത്തോടെ തന്ത്രപൂർവം ചൂഷണം ചെയ്യാൻ ഇന്ത്യക്ക് ആവണം. ഒപ്പം ചൈനയിലെ ജനാധിഅപത്യത്തിൻറ്റെ അഭാവവും, സ്വാതന്ത്ര്യമില്ലായ്മയും അന്താരാഷ്‌ട്ര തലങ്ങളിൽ ഒരു വിഷയമാക്കാൻ ഇന്ത്യക്ക് സാധിക്കണം. ടിബറ്റൻ സ്വാതന്ത്ര്യമോഹത്തെ നമ്മൾ പരസ്യമായി തന്നെ പിന്തുണയ്‌ക്കേണ്ടതുണ്ട്. പണ്ടത്തെ പോലെ ഇനിയുള്ള നാളുകളിൽ പാശ്ചാത്യചേരി ചൈനയെ പിന്തുണയ്ക്കില്ല.

ചൈനയുടെ അടിസ്ഥാന പ്രശ്നം ചൈനയെ അടക്കിഭരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയും, ആ പാർട്ടിക്ക് പിന്തുണ കൊടുക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമിയും ആണ്. കമ്യൂണിസം ഒക്കെ പേരിൽ മാത്രമേ ഇന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളൂ. ടെക്‌നോക്രാറ്റുകളും, ലക്ഷാധിപതികളും, കോടീശ്വരന്മാരും ആണിന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ഉള്ളത്. ഒരു വലിയ കോർപ്പറേറ്റ് കമ്പനിയുടെ ഡയറക്റ്റർ ബോർഡ് പോലെയാണിന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി. പീപ്പിൾസ് ലിബറേഷൻ ആർമി ആ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് പിന്തുണ കൊടുക്കുമ്പോൾ ചൈനീസ് വിദേശ നയം ആക്രമണോത്സുകമായില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

എല്ലാ രാഷ്ട്ര മീമാംസാ വിദ്യാർഥികളും പഠിക്കുന്ന ഒന്നാണ് സിവിൽ-മിലിട്ടറി ബന്ധം. ഇന്ത്യയിൽ സിവിലിയൻ സർക്കാരിന് കീഴിൽ സൈന്യം പ്രവർത്തിക്കുമ്പോൾ, ചൈനയിലാകട്ടെ നിർണായക തീരുമാനങ്ങളിൽ സൈന്യത്തിന് പ്രധാനപ്പെട്ട പങ്കുണ്ട്. അവിടെയാണ് കുഴപ്പം മുഴുവനും. മാവോ സേ തുങ് സാംസ്കാരിക വിപ്ലവത്തെ തുടർന്ന് അരാജകത്വം ചൈനയിൽ അരങ്ങേറിയപ്പോൾ അതിനെ ഒതുക്കാൻ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സഹായം തേടി. ഡെങ് സിയാവോ പിങ്ങിൻറ്റെ ഭരണസമയത്ത് ടിയാനെൻമെൻ സ്‌കൊയർ പ്രക്ഷോഭം ഒതുക്കാനും പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സഹായം തേടി. ഇതുകൊണ്ടെക്കെ പീപ്പിൾസ് ലിബറേഷൻ ആർമിക്ക് ചൈനയുടെ വിദേശനയ രൂപീകരണത്തിൽ നിർണായകമായ പങ്കുണ്ട്.  

ഈ ചൈനീസ് സൈന്യത്താൽ രൂപീകരിക്കപ്പെട്ട ആക്രമണോത്സുകമായ വിദേശനയത്തെ ചെറുക്കാൻ ഇന്ത്യയിൽ 'അമേരിക്കൻ ബെയ്‌സ്' തുടങ്ങണമെന്ന് ചിലർ പറയുന്നൂ. സത്യത്തിൽ  'അമേരിക്കൻ ബെയ്‌സ്' എന്ന ആശയം നല്ലതുതന്നെയാണ്; കാരണം ഇന്ന് ചൈനയോട് എതിരിടാനുള്ള ശേഷി ലോകത്തിൽ അമേരിക്കക്ക് മാത്രമേയുള്ളൂ. പക്ഷെ കാശ്മീരിലോ, ലഡാക്കിലോ 'അമേരിക്കൻ ബെയ്‌സ്' നമ്മുടെ 'ലാസ്റ്റ് ഓപ്‌ഷൻ' ആയിരിക്കണം. ശീതയുദ്ധത്തിൻറ്റെ നാളുകൾ കഴിഞ്ഞു; അമേരിക്കയല്ല ലോകത്തിലെ ഏതു രാജ്യവും അവരുടെ സ്വാർത്ഥ താല്പര്യം മുൻനിർത്തിയേ ഇനിയുള്ള നാളുകളിൽ അന്താരാഷ്‌ട്ര പ്രശ്‍നങ്ങളിൽ ഇടപെടുകയുള്ളൂ. അന്താരാഷ്‌ട്ര ചാനലുകൾ കണ്ടാൽ ഇപ്പോഴുള്ള ലഡാക്കിലെ സംഘർഷം ഇൻഡ്യാ-ചൈനാ അതിർത്തി തർക്കമായേ പല രാജ്യങ്ങളും കാണുന്നുള്ളൂ എന്നത് വ്യക്തമാണ്. അതുകൊണ്ട് ഇപ്പോൾ വേണ്ടത് ചർച്ചയാണ്; ഒപ്പം അങ്ങേയറ്റം തന്ത്രപരമായി ചൈനയെ നേരിടാനുള്ള ദീർഘകാല പദ്ധതി ആവിഷ്കരിക്കലുമാണ്.

ചൈനയെ നേരിടാൻ ഏറ്റവും  അത്യാവശ്യമായി നമ്മൾ ചെയ്യേണ്ടത് ടെക്‌നോളജി, ഇൻഫ്രാസ്ട്രക്ച്ചർ, ഉൽപ്പാദനം, ക്വാളിറ്റി - ഇവയൊക്കെ മെച്ചപ്പെടുത്താനുള്ള ദീർഘകാല പദ്ധതി ആവിഷ്കരിക്കലാണ്. ലോകത്ത് പല പ്രമുഖമായ കമ്പനികളിലും പ്രവർത്തിക്കുന്ന മികച്ച ടെക്നിക്കൽ പ്രൊഫഷണലുകൾ ഉള്ള നമ്മുടെ രാജ്യത്തിന് അതൊക്കെ ശ്രമിച്ചാൽ സാധിക്കാവുന്നതേയുള്ളൂ. ഇൻഡ്യാക്കാരാണ് ലോകത്തിലെ പല പ്രമുഖ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്നത്. അവരെ രാഷ്ട്രനിർമാണ പ്രക്രിയക്കുവേണ്ടി മടക്കിക്കൊണ്ടുവരാൻ നമുക്ക് സാധിക്കണം. ഒപ്പം വർഗീയതയും, ജാതിബോധവും, പ്രാദേശിക സങ്കുചിത ബോധവും സ്ത്രീ വിരുദ്ധതയും ഒക്കെ നമ്മൾ ഉപേക്ഷിക്കേണ്ടതുണ്ട്. യഥാർഥ ശത്രുവായ ചൈനയുടെ ഭീഷണി കണ്ടാലെങ്കിലും സങ്കുചിതമായ മൂല്യങ്ങൾ മാറ്റിനിർത്തി വിശാലവീക്ഷണം നാം ഉൾക്കൊള്ളണം. ടെക്‌നോളജി, ഇൻഫ്രാസ്ട്രക്ച്ചർ, ഉൽപ്പാദനം - ഇവയൊക്കെ മെച്ചപ്പെടുത്താതെ വൻശക്തിയായ ചൈനയോട് അമേരിക്കൻ സഹായത്തോടെ കേറി മുട്ടാം എന്ന് വിചാരിക്കുന്നത് മലർപൊടിക്കാരൻറ്റെ സ്വപ്നം പോലെയാണ്; യാഥാർഥ്യ ബോധത്തിൻറ്റെ അഭാവമാണ് അത് കാണിക്കുന്നത്. നമ്മൾ നമ്മുടെ ശക്തി വീണ്ടെടുക്കാതെ ഒരു ഗ്യാരൻറ്റിയും ഇല്ലാത്ത അന്യൻറ്റെ ശക്തിയിലല്ലാ പ്രബലമായ ഒരു അയൽ രാജ്യവുമായി ഏറ്റുമുട്ടാൻ ആലോചിക്കേണ്ടത്.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)
Join WhatsApp News
Vayanakkaran 2020-06-30 13:18:29
ജാതിയും മതവും വിട്ടുള്ള ഒരു കളിയും ഞങ്ങൾക്കു വേണ്ട. ഏതുപ്രശ്നവും പരിഹരിക്കാൻ ഇതിലും നല്ല മാർഗം സ്വപ്നത്തിൽ മാത്രം. ഞങ്ങൾ അധികാരത്തിൽ വന്നതു തന്നെ ഈ തുറുപ്പു ചീട്ട് ഇറക്കിയിട്ടാണ്. അതു ഞങ്ങളുടെ വജ്രായുധമാണ്. ടെക്നോളജിയും ക്വാളിറ്റിയും വളർത്തിയാൽ അധികാരത്തിൽ തുടരാമെന്നു യാതൊരു ഗ്യാരന്റിയുമില്ല. എന്നാൽ ജാതിയും മതവും പൊക്കി വഴിയിലേക്കിട്ടാൽ പിന്നെ തിരിഞ്ഞുനോക്കേണ്ട ആശ്യമില്ല. എല്ലാം കൂടി അതിൽ കടിച്ചുവലിച്ചു ബിസി ആയിക്കോളും!
Ninan Mathulla 2020-07-01 21:41:08
It is better to keep good relations with your neighbor for you to sleep in peace. Sp there is no reason to consider China as an enemy, especially when the neighbor is your brother also. When Aryans settled in India around BC 1500, another brother of Aryans settled in China. So Indians and Chinese are brothers, and there is thousands of years of mutual cooperation between them. The ‘Panchaseelam’ agreement between India and China, I don’t know how many of our readers remember proclaim, “India- China, Bhai Bhai”. Yes, India and China are brothers, although thousands of years later some ask proof for ir written in stone.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക