Image

അയ്യപ്പദാസ് രക്തസാക്ഷി ദിനാചരണം: എം.എം. മണി പങ്കെടുത്തേക്കില്ല

Published on 30 May, 2012
അയ്യപ്പദാസ് രക്തസാക്ഷി ദിനാചരണം: എം.എം. മണി പങ്കെടുത്തേക്കില്ല
കുമളി: വണ്ടിപ്പെരിയാറ്റില്‍ ഇന്ന് നടക്കുന്ന ടി. അയ്യപ്പദാസ് രക്തസാക്ഷിത്വ ദിനാചരണത്തില്‍നിന്നും സിപിഎം ജില്ലാസെക്രട്ടറി എം.എം. മണി വിട്ടുനിന്നേക്കും. പട്ടിക തയാറാക്കി മൂന്നുപേരെ വെടിവച്ചും കുത്തിയും അടിച്ചും കൊലപ്പെടുത്തിയെന്ന മണിയുടെ പ്രസ്താവന ഏറെ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് ഇടയാക്കുകയും അദ്ദേഹത്തിന്റെ പേരില്‍ പോലീസ് കേസെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് അയ്യപ്പദാസ് അനുസ്മരണ ചടങ്ങില്‍നിന്ന് മണി വിട്ടുനില്‍ക്കുന്നത്. സംസ്ഥാനഘടകം തള്ളിപ്പറയുകയും പോളിറ്റ് ബ്യൂറോ നടപടിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തതോടെ മണിയുടെ നില ഏറെ പരിങ്ങലിലായിട്ടുണ്ട്. ജില്ലയിലെ സിപിഎമ്മിന്റെ കരുത്തനായ നേതാവാണെങ്കിലും മണിയുടെ പേരില്‍ നടപടിക്ക് പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിതമാകുകയായിരുന്നു. എല്ലാവര്‍ഷവും നടക്കുന്ന അനുസ്മരണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുന്നത് മണിയായിരുന്നു. ഇക്കുറി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്നതുതന്നെ മണിയുടെ അസാന്നിധ്യമാണ് സൂചിപ്പിക്കുന്നത്. റവലൂഷനറി പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ വധവും മണിയുടെ വിവാദ പ്രസ്താവനയുമടക്കമുള്ള കാര്യങ്ങളേപ്പറ്റി പാര്‍ട്ടയുടെ നിലപാട് വ്യക്തമാക്കാനാണ് മുതിര്‍ന്ന നേതാവിനെതന്നെ പാര്‍ട്ടി ജില്ലയിലെത്തിക്കുന്നത്. 2003 മേയ് 31-നാണ് സിപിഎം വണ്ടിപ്പെരിയാര്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന അയ്യപ്പദാസ് വധിക്കപ്പെട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക