Image

ബീഹാറിലും പാന്‍മസാല നിരോധിച്ചു

Published on 30 May, 2012
ബീഹാറിലും പാന്‍മസാല നിരോധിച്ചു
ന്യൂഡല്‍ഹി: പുകയില ഉത്പന്നങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ബീഹാര്‍ സര്‍ക്കാര്‍ രംഗത്തെത്തി. സംസ്ഥാനത്ത് പാന്‍മസാല, ഗുഡ്ക, പുകയില തുടങ്ങിയ ഉത്പന്നങ്ങളുടെ വില്പന ഒരു വര്‍ഷത്തേയ്ക്ക് നിരോധിച്ചു. പുകയിലയും നിക്കോട്ടിനും അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വില്പനയാണു നിരോധിച്ചതെന്നു സര്‍ക്കാര്‍ അറിയിച്ചു.

ലോക പുകയില വിരുദ്ധദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനമുണ്ടായത്. മധ്യപ്രദേശിനും കേരളത്തിനും പിന്നാലെ പാന്‍മസാലയ്ക്കു നിരോധനമേര്‍പ്പെടുത്തുന്ന രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമായിരിക്കുകയാണ് ബീഹാര്‍. ബുധനാഴ്ച മുതല്‍ നിരോധനം പ്രാബല്യത്തില്‍വന്നതായി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ സഞ്ജയ് കുമാര്‍ അറിയിച്ചു. നിയമം ലംഘിച്ചാല്‍ മൂന്നു ലക്ഷം വരെ പിഴ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാന്‍മസാലയുടെ അമിത ഉപയോഗം മൂലം വദനാര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണു നിരോധനം ഏര്‍പ്പെടുത്തിയത്. ഇത്തരം ഉത്പന്നങ്ങള്‍ സംഭരിക്കുന്നതും വില്‍ക്കുന്നതും ഒരുപോലെ കുറ്റകരമാണ്. സംസ്ഥാനത്ത് ഇവ വില്‍ക്കുന്നതു തടയാന്‍ നടപടികള്‍ സ്വീകരിക്കും. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍ മാത്രമല്ല, സ്കൂള്‍- കോളജ് വിദ്യാര്‍ഥികളും ഇവ ഉപയോഗിക്കുന്നതായി വ്യക്തമായിട്ടുണ്ട്. നിക്കോട്ടിനും പുകയിലയും അടങ്ങിയ ശംഭു, തമ്പാക്ക് തുടങ്ങിയ നിരവധി പേരുകളിലുള്ളവ ബഹുവര്‍ണ കടലാസുകളില്‍ പൊതിഞ്ഞു സംസ്ഥാനത്തെ കടകളിലൂടെ വില്പ്പന നടത്തിവരുകയായിരുന്നു. ഏതാനും ആഴ്ചകള്‍ക്കു മുന്‍പു മധ്യപ്രദേശിലാണു രാജ്യത്ത് ആദ്യമായി പാന്‍മസാല നിരോധിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക