Image

എളമരം കരീമിനെതിരെ പോലീസ് കേസെടുത്തു

Published on 30 May, 2012
എളമരം കരീമിനെതിരെ പോലീസ് കേസെടുത്തു
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനു സിപിഎം മുന്‍മന്ത്രി എളമരം കരീമിനെതിരേ കേസെടുത്തു. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനേത്തുടര്‍ന്നാണ് നടപടി. ടി.പി. വധക്കേസ് അന്വേഷണ സംഘത്തിലെ കെ.വി. സന്തോഷ് കുമാറിനെ ഭീഷണിപ്പെടുത്തിയതിനാണ് കേസ് എടുത്തത്. വടകര എസ്.പി. ഓഫീസ് മാര്‍ച്ചിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ടി.പി. വധക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ സിപിഎം നേതാക്കളെ അന്യായമായി അറസ്റു ചെയ്യുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം വടകര എസ്.പി. ഓഫീസിലേയ്ക്കു സംഘടിപ്പിച്ച മാര്‍ച്ച് എളമരം കരീമാണ് ഉദ്ഘാടനം ചെയ്തത്. മാര്‍ച്ചിനിടെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു എളമരം നടത്തിയ വിവാദ പ്രസംഗമാണ് കേസിനു ആധാരം. എക്കാലവും കേരളം ഭരിക്കുന്നത് യുഡിഎഫ് ആയിരിക്കില്ലെന്നും ഇതിന്റെ ഭവിഷത്തുകള്‍ അന്വേഷണ സംഘം നേരിടേണ്ടി വരുമെന്നുമായിരുന്നു എളമരത്തിന്റെ ഭീഷണി. ടി.പി. വധക്കേസ് അന്വേഷിക്കുന്ന സംഘത്തെ ഭീഷണിപ്പെടുത്തിയ എളമരം കരീമിനെതിരെ കേസെടുക്കണമെന്ന് യുഡിഎഫ് നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു കേസ് അന്വേഷണത്തെ തടസപ്പെടുത്തുമെന്നു യുഡിഎഫ് ചൂണ്ടിക്കാട്ടി. കേസ് അന്വേഷിക്കുന്ന സംഘത്തിലെ എസ്ഐയെ നേരിട്ടും ഡിവൈഎസ്പിയെ പരസ്യമായും അദ്ദേഹം ഭീഷണിപ്പെടുത്തിയെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക