Image

കരസേനാ മേധാവി സ്ഥാനത്തു നിന്നും ജനറല്‍ വി.കെ. സിംഗ് വിരമിച്ചു

Published on 31 May, 2012
കരസേനാ മേധാവി സ്ഥാനത്തു നിന്നും ജനറല്‍ വി.കെ. സിംഗ് വിരമിച്ചു
ന്യൂഡല്‍ഹി: കരസേനാ മേധാവി സ്ഥാനത്തു നിന്നും ജനറല്‍ വി.കെ. സിംഗ് വിരമിച്ചു. രാവിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ച ജനറല്‍ വി.കെ. സിംഗ് ഇതിനുശേഷം സൈന്യം നല്‍കിയ ഫെയല്‍വെല്‍ ഗാര്‍ഡ് ഓഫ് ഓണറും സ്വീകരിച്ചു.

താന്‍ സൈനിക മേധാവിയായിരുന്ന 26 മാസക്കാലയളവില്‍ സൈന്യത്തിന്റെ ആഭ്യന്തര സാഹചര്യം മെച്ചപ്പെടുത്താനായെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിലും ഇത് മെച്ചപ്പെടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സൈന്യത്തിന്റെ പ്രശ്‌നങ്ങള്‍ കൃത്യമായ രീതിയില്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്താനായെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇതിന് പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ പിന്തുണയുണ്ടായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. സൈന്യത്തിനും രാജ്യത്തിനും പൊതുവേ അഭിമതനായിരുന്ന ജനറല്‍ വി.കെ. സിംഗ് പക്ഷെ വിവാദങ്ങളോടെയാണ് വിരമിക്കുന്നത്. പ്രായവിവാദവും ടാട്രാ ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട് തനിക്ക് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ കോഴ വാഗ്ദാനം ചെയ്‌തെന്ന ജനറല്‍ സിംഗിന്റെ വെളിപ്പെടുത്തലും വിവാദമായിരുന്നു.

ജനറല്‍ ബിക്രം സിംഗാണ് പുതിയ സൈനിക മേധാവി. അമ്പത്തിയാറുകാരനായ ബിക്രം സിംഗിന് രണ്ടു വര്‍ഷവും മൂന്ന് മാസവും കരസേനാ മേധാവിയായി തുടരാനാകും. കോല്‍ക്കത്ത ആസ്ഥാനമായുള്ള ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡിന്റെ കമാന്‍ഡിംഗ് ഓഫീസറായിരുന്നു ബിക്രം സിംഗ്. കരസേനയുടെ 25 -ാം തലവനാണ് ബിക്രം സിംഗ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക