Image

നീലച്ചിറകുള്ള മൂക്കുത്തികൾ -- 21 - സന റബ്സ്

Published on 11 July, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ -- 21 - സന റബ്സ്
റായ് വിദേതന്‍ദാസ്‌  ആ രാത്രിതന്നെ  മുറിയില്‍  വന്ന് ആദ്യം ചെയ്തത് സാമി  കൊടുത്ത പെന്‍ഡ്രൈവ് സസൂക്ഷ്മം പരിശോധിക്കുകയായിരുന്നു.  അറിഞ്ഞ  വിവരങ്ങളല്ലാതെ കൂടുതലായൊന്നും  കിട്ടാഞ്ഞത് അയാളെ അത്ഭുതപ്പെടുത്തി.  ലാപ്ടോപ് അടച്ച് ദാസ്‌ എഴുന്നേറ്റു. സമയം വൈകി. തന്റെയൊരു പഴയ ബിസിനസ് ക്ലയന്റിന്‍റെ താമസം ഈ ഹോട്ടലിലേക്ക് മാറ്റിയാല്‍ രാത്രിയോ രാവിലെയോ  കാണാന്‍ കൂടുതല്‍ സൌകര്യമായിരിക്കുമെന്ന് സാമിയോടു പറഞ്ഞത് അയാള്‍ ഓര്‍ത്തു.   എന്തായാലും ഇന്നിനിയൊന്നും നടക്കില്ല. മിലാന്‍ വരുമെന്ന് തോന്നുന്നും ഇല്ല.

ഫോണ്‍ ശബ്ദിച്ചു. “യെസ്, ഹിയര്‍..”

“സാബ്, നിരഞ്ജന്‍ സാര്‍ ഇവിടെയുണ്ട്. ഇപ്പോള്‍ ഫ്രീ ആണെങ്കില്‍ കാണാം. ഹി ഈസ്‌ ഫ്രീ നൌ.”

“ഓക്കേ, വരൂ, അല്ലെങ്കില്‍ ഞാന്‍ അങ്ങോട്ട്‌ വരാം.”

ദാസ്‌ എഴുന്നേല്‍ക്കും മുന്നേ വാതിലില്‍ തട്ടി സാമി അകത്തേക്ക് വന്നു. കൂടെ രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നു. സില്‍ക്ക് ധോത്തിയും ഫുള്‍ സ്ലീവ് കുര്‍ത്തയും ധരിച്ചു മുടി പറ്റെ പുറകിലേക്ക് ഉയര്‍ത്തി  ചീകിവെച്ച അതിഥി മുന്നോട്ടു വന്നു ദാസിന് ഷേക്ക്‌ഹാന്‍ഡ്‌ നല്‍കി. ഉറങ്ങാറായതോ ക്ഷീണിച്ചതോ ആയ ഭാവത്തില്‍ അല്ലായിരുന്നു അയാള്‍.

“ഇരിക്കൂ, പ്ലീസ്... “

“വേറെ എവിടെയെങ്കിലും സ്റ്റേ പറഞ്ഞിരുന്നോ? ഇങ്ങോട്ട് മാറാന്‍ ബുദ്ധിമുട്ടായോ?” ദാസ്‌ സൌഹാര്‍ദപൂര്‍വ്വം അനേഷിച്ചു.

“സത്യത്തില്‍ വളരെ ബുദ്ധിമുട്ടായിരുന്നു മിസ്റ്റര്‍ ദാസ്‌, നിങ്ങള്‍ നിങ്ങളുടെ സൗകര്യം മാത്രം നോക്കിയത് ശരിയായില്ല.” എടുത്തടിച്ചത്‌ പോലെ നിരഞ്ജന്‍ റെഡ്ഡി അങ്ങനെ പറഞ്ഞപ്പോള്‍  ദാസ്‌  വിളറിപ്പോയി.

“പിന്നീട് ഇപ്പോള്‍ ഈ രാത്രി തന്നെ ഒരു ബിസിനസ് ഡിസ്കഷന്‍ ! സത്യത്തില്‍ വലിയ ബിസിനസ് ടയ്ക്യൂണുകള്‍  സെല്‍ഫിഷ് ആന്‍ഡ്‌  പ്രൌഡ് ആണെന്ന് പറയുന്നത് ശരിയാണെന്ന് ഇപ്പോള്‍  മനസ്സിലാവുന്നു.” റെഡ്ഡിയുടെ മൂര്‍ച്ചയുള്ള വാക്കുകള്‍ വീണ്ടും!

ദാസ്‌ നിരന്ജനെ ഒന്നുകൂടി സൂക്ഷിച്ചുനോക്കി. കണ്ണുകളിലും ചുണ്ടിലും ഒളിച്ചുവെച്ചിരിക്കുന്ന ചിരിയോടെ ഇയാള്‍ തന്നെ അപമാനിക്കാന്‍ വന്നതാണോ ഈ പാത്രിരാത്രിയില്‍ ?  ഇയാളുമായുള്ള കൂടിക്കാഴ്ചതന്നെ ആദ്യമായാണ്. ബിസിനസ്സില്‍ ചേഞ്ചിങ്ങ് പാര്‍ട്ട്ണര്‍മാര്‍ ഉള്ളതിനാല്‍ പലപ്പോഴും പ്രധാനപ്പെട്ടവരുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചകളും  മീറ്റിങ്ങുകളും അപൂര്‍വമായേ നടത്തപ്പെടാറുള്ളൂ.

“നിങ്ങള്‍ ഈ വേഷം കണ്ടോ? അതിരാവിലെ ഇതിന്നുള്ളില്‍ കയറിയതാണ്. പുറത്തേക്കു കടക്കാന്‍ അടുത്ത ദിവസം തുടങ്ങാറായപ്പോള്‍ പോലും കഴിഞ്ഞില്ലെന്ന് വന്നാല്‍.... ഒരു ഹെക്ടിക് ആയ ദിവസത്തിന്റെ ബുദ്ധിമുട്ട് അറിയാമല്ലോ നിങ്ങള്‍ക്കും?”

ദാസ്‌ ഉടനെ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു. അയാള്‍ വാതിലിനരികിലേക്ക്‌ നടന്നു ഡോര്‍ തുറന്നു പുറത്തേക്ക് കൈകള്‍ ചൂണ്ടി. “പ്ലീസ്... പ്ലീസ് മിസ്റ്റര്‍ നിരഞ്ജന്‍.... യൂ കാന്‍ ഗോ നൌ... പ്ലീസ്... സോറി ഫോര്‍ ദി ഡിസ്റ്റര്‍ബന്‍സ്...” ദാസിന്‍റെ വാക്കുകള്‍ അമര്‍ഷം കൊണ്ടമര്‍ന്നിരുന്നു.

നിനച്ചിരിക്കാതെ പുറകില്‍ നിന്നൊരു പൊട്ടിച്ചിരി ഉയര്‍ന്നു. “അപ്പോള്‍ മുന്‍പേ ഞാന്‍ പറഞ്ഞത് ശരി തന്നെ.  അഹങ്കാരം മാത്രമല്ല മുന്‍കോപവും കൂടിയിരിക്കുന്നു. ഇപ്പോള്‍ എത്ര വയസ്സായി വിദേത്?”

ദാസ്‌ മനസ്സിലാകാത്തപോലെ ഒരു മാത്ര തറഞ്ഞു നിന്നു. സാമിയും ആകെ അന്ധാളിച്ചു നില്‍ക്കുകയായിരുന്നു.

നിരഞ്ജന്‍ മുന്നോട്ട് വന്നു. “എല്ലാവരും പറയുന്നത് എനിക്ക് വലിയ മാറ്റങ്ങളില്ല എന്നാണ്. എന്നിട്ടും തനിക്കെന്നെ മനസ്സിലായില്ല എന്നതിനാല്‍ ആ കോംപ്ലിമെന്റ്റ്‌ ഇവിടെ ഞാനുപേക്ഷിക്കുന്നു. ഓര്‍ക്കുന്നോ തന്‍റെ മെട്രിക്കുലേഷനും ഇന്‍റര്‍മീഡിയേറ്റ് സ്കൂളും... അന്നത്തെ പത്രവായനയും മത്സര...”

പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ദാസ് മുന്നോട്ട് വന്നു. “നിരഞ്ജന്‍.... താന്‍? എന്തൊരു എന്‍ട്രിയാണിത്‌? എനിക്ക് മനസ്സിലായേ ഇല്ലെടോ...” പറയും മുന്‍പേ രണ്ടുപേരും ആലിംഗനത്തില്‍ അമര്‍ന്നിരുന്നു.

“താന്‍ എങ്ങനെ ഇവിടെ? എന്താടോ വിളിക്കാഞ്ഞത്‌?” ദാസിന്‍റെ മുഖം ആഹ്ലാദം കൊണ്ട് വിടര്‍ന്നു ചുവന്നിരുന്നു. “തന്നെ ഞാന്‍ ഒരിക്കലുമിവിടെ  പ്രതീക്ഷിച്ചില്ല.”

കൂടെയുള്ളവര്‍ ചെറുചിരിയോടെ രംഗം വീക്ഷിക്കുന്നത് കണ്ട് അവര്‍ കൈകള്‍ വിടുവിച്ചു അല്പം മാറി നിന്നു. “സീ .., നിരഞ്ജന്‍ എന്‍റെ ബാല്യകാല സുഹൃത്താന്. ചെറുപ്പത്തില്‍ പിരിഞ്ഞുപോയത്തിനു ശേഷം ഒരിക്കലും കണ്ടില്ല. അന്ന് അച്ഛന്റെ വീട്ടിലായിരുന്നു എന്റെ വിദ്യാഭ്യാസമെല്ലാം. കൂടെ ഇവനുമുണ്ടായിരുന്നു.”

“ശരി സാബ്... ഞങ്ങള്‍ പുറത്തുണ്ട്.” സാമിയും കൂടെയുള്ള നിരഞ്ജന്റെ സ്റ്റാഫും പുറത്തേക്കിറങ്ങിയപ്പോള്‍ നിരഞ്ജന്‍ വീണ്ടും ദാസിനഭിമുഖമായി തിരിഞ്ഞു.

“എങ്കിലും താന്‍ ഒരിക്കലും എന്നെ ഓര്‍ത്തില്ല?” നിരഞ്ജന്‍ സംശയത്തോടെ ദാസിനെ നോക്കി.

“എന്നും ഓര്‍ത്തിരുന്നോ എന്ന് ചോദിച്ചാല്‍ ഇല്ല. പക്ഷെ പലയിടങ്ങളില്‍ പോകുമ്പോള്‍ അവിടത്തെ ന്യൂസ്‌പേപ്പര്‍ വായിക്കാന്‍ കയ്യിലെടുക്കുമ്പോള്‍ തന്നെ ഓര്‍ക്കുക പതിവായിരുന്നു. അതുപോലെ പുതിയ മാഗസിന്‍ കാണുമ്പോഴും  ഇന്റര്‍വ്യൂകള്‍ വായിക്കുമ്പോഴുമോക്കെ...”

നിരഞ്ജന്‍ ഓര്‍മ്മകളില്‍ ചിരിച്ചു. ദാസിന്‍റെ പിതാവ് ചിരന്‍ മിനഹറിന്‍റെയും നിരഞ്ജന്റെ പിതാവ് ആദിത്യറെഡ്ഡിയുടെയും ജ്വല്ലറികടകള്‍  കൊല്‍ക്കത്തയില്‍ ഒരേ സ്ട്രീറ്റിലായിരുന്നു.  വൈകുന്നേരങ്ങളില്‍ കുട്ടികളെ രണ്ടുപേരെയും അവിടത്തെ ലൈബ്രറിയില്‍ ആദിത് റെഡ്ഡി കൊണ്ടുവിടുമായിരുന്നു. ഒരു ദിവസം തന്നെ പറ്റാവുന്നത്ര ന്യൂസ്‌പേപ്പര്‍ വായിക്കാനും പ്രധാനപ്പെട്ട കാര്യങ്ങള്‍ നോട്ട് ചെയ്തു ബുക്കിലെഴുതി വെക്കാനും റെഡ്ഡി നിര്‍ദേശിക്കുമായിരുന്നു.

പിന്നീട് കുട്ടികളുടെ ഇടയില്‍ അതൊരു മത്സരമായി വളര്‍ന്നു. സ്കൂളില്‍ പബ്ലിക്‌ നോട്ടീസ് ബോര്‍ഡില്‍ ഒരാഴ്ചത്തെ ബുക്ക്‌ റിവ്യൂവോ പേപ്പര്‍ റിവ്യൂവോ പ്രദര്‍ശിപ്പിക്കുമ്പോള്‍ എപ്പോഴും  ദാസും നിരന്ജനും വേറിട്ട്‌ നിന്നു. സ്കൂള്‍ ക്വിസ് നടക്കുമ്പോള്‍ ഈ പുസ്തകങ്ങള്‍ അദ്ധ്യാപകരുടെ കൈപ്പുസ്തകമായി മാറി!  നിരന്ജന് അന്നുതന്നെ കൂര്‍മ്മബുദ്ധിശാലിയായിരുന്നു. ഇന്ത്യന്‍ സിവില്‍ സര്‍വീസ് എഴുതിയെടുക്കണമെന്ന ആഗ്രഹത്തോടെയാണ് ചെറുപ്പം മുതലേ ഫോക്കസ് ചെയ്തതും.

പിന്നീടു ദാസ് പല ഇന്റര്‍വ്യൂകളിലും പറഞ്ഞിട്ടുണ്ട് ചെറുപ്പത്തില്‍ താന്‍ ദിവസത്തില്‍ പത്തിലധികം ന്യൂസ്‌പേപ്പറുകള്‍ വായിക്കുമായിരുന്നു എന്ന്! അതിശയോക്തിയെന്ന് പലരും വ്യഖ്യാനിച്ച ആ പ്രസ്താവം സത്യം തന്നെയെന്ന് ആ വാഗ്ധോരണി കേട്ടവരെങ്കിലും മനസ്സിലാക്കിയിരിക്കും!

“താന്‍ യൂകെ യില്‍ ആണെ ന്ന് പണ്ടെങ്ങോ ഞാന്‍ വായിച്ചിരുന്നു. അവിടെയെല്ലാം പലപ്പോഴും വരുന്നതുമാണ്. പക്ഷെ വിളിക്കാനൊന്നും ശ്രമിച്ചില്ല. ശ്രമിച്ചിരുന്നെങ്കില്‍....” ദാസ്‌ പകുതിയില്‍ നിറുത്തി.

“ഞാന്‍ അറിയുന്നുണ്ടായിരുന്നു ചിലതെല്ലാം. തന്റെ മേനകയുമായുള്ള വിവാഹവും അറിഞ്ഞു. മേനകയുടെ വീട്ടില്‍ പോകുമ്പോള്‍ മുന്‍വശത്ത് മാത്രം നിന്ന് തന്‍റെ അമ്മയുണ്ടാക്കിയ പലഹാരം അവളുടെ കൈകളിലേക്ക് വിരലുകളില്‍ പോലും തൊടാതെ ഇട്ടുകൊടുക്കുന്ന ആ കുട്ടിയെ ഞാന്‍ ഓര്‍ത്തു അപ്പോള്‍.” നിരഞ്ജന്‍ ഓര്‍മ്മിപ്പിച്ചു.

“എങ്കിലും നിരഞ്ജന്‍, തനിക്കു എന്റെ നമ്പര്‍ കിട്ടാന്‍ ഒരു വിഷമവും ഇല്ലായിരുന്നു. എന്നിട്ടും താന്‍ ഇതുവരെ എന്നെയൊന്ന് വിളിച്ചില്ല.” പരിഭവത്തോടെ ദാസത് പറഞ്ഞപ്പോള്‍ നിരഞ്ജന്‍ പൊട്ടിച്ചിരിച്ചു.

“അപ്പൊള്‍  ഈ ചോദ്യം ഞാന്‍ തിരികെ ചോദിക്കേണ്ട അല്ലെ... ?  പലപ്പോഴും ഓര്‍ത്തിരുന്നു എന്നതാണ് സത്യം. പിന്നെ കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ലോകം കറങ്ങുകയാണ്. ഡെന്മാര്‍ക്ക്‌ ബേസ് ചെയ്ത കമ്പനിയുടെ സിഇഒ ആണ് ഞാനിപ്പോള്‍. അപ്പോഴാണ്‌ മിലാന്‍ പ്രണോതി കൊല്‍ക്കത്തയിലെ സോനാഗച്ചിയില്‍ ചില പ്രവര്‍ത്തങ്ങള്‍ നടത്താന്‍ താല്പര്യപ്പെടുന്നു എന്നതിന് കമ്പനിയിലേക്ക് മെയില്‍ അയച്ചത്. അത് നോക്കിയപ്പോള്‍ താന്‍ അതില്‍ ഇന്റരസ്ടട് ആണെന്നും കണ്ടു. അതില്‍ മാത്രമല്ല...” ദാസിന്‍റെ മുഖത്തേക്ക് പാളി നോക്കിയായിരുന്നു നിരഞ്ജന്‍ മിലാന്റെ പേര് പറഞ്ഞത്.

“ഓഹോ.... അപ്പൊ എന്നെ കാണാന്‍ വന്നതല്ല എന്ന് സ്പഷ്ടം..!”

“എങ്ങനെ കാണാതെ പോകും? പ്രത്യേകിച്ച് ഹോര്‍മോണ്‍ ഇമ്പാലന്‍സ് നടന്നുകൊണ്ടിരിക്കുന്ന എന്റെ ബാല്യകാല സുഹൃത്തിനെ...?”

“ഹോര്‍മോണ്‍ ഇമ്പാലന്‍സൊ....? എന്ന് വെച്ചാല്‍...? ആരാണ് ഞാന്‍ രോഗിയാണെന്ന ന്യൂസ്‌ തന്നത്?” ദാസിന്‍റെ സ്വരത്തില്‍ അത്ഭുതം കലര്‍ന്നിരുന്നു.

“അതെ, സ്ത്രീകളോട് മാത്രം തോന്നുന്ന ആ പ്രത്യേക  അസ്ക്യത....? കെട്ടിയതിനെ പൊട്ടിച്ചെറിയാനുള്ള വ്യഗ്രത..? പുതിയ പൂക്കളെത്തേടി പറന്നു ചെല്ലുന്ന ശലഭത്തിന്റെ ആവേശം...? ഇതെല്ലാം  ഏതു രാജ്യത്തിന്റെ ഫുഡില്‍ നിന്നാണ് തന്റെ രക്തത്തില്‍ കലര്‍ന്നത് എന്നറിയണ്ടേ?”

“യൂ....” തന്‍റെ നേര്‍ക്ക്‌ ആഞ്ഞ കൈകളെ പിടിച്ച് മാറ്റി നിരഞ്ജന്‍ പൊട്ടിച്ചിരിച്ചു. ദാസിനും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. “ഓഹോ... അപ്പൊ സിഇഒ സര്‍ ഒരുപാട് ഹോംവര്‍ക്ക് ചെയ്താണ് വന്നിരിക്കുന്നത് അല്ലെ. ആവട്ടെ ആവട്ടെ...”

അവരങ്ങനെ ഓര്‍മ്മകളില്‍ മുങ്ങി പലതും സംസാരിച്ചിരുന്നു.

“ കാര്യായിട്ടാണ് വിദേത്, എനിക്കിപ്പോഴും ആ സംശയം ഉണ്ട് . എങ്ങനെയാണ് പെണ്‍കുട്ടികളുടെ മുഖത്തേക്ക്  പോലും നേരെ നോക്കാതിരുന്ന ആ കുട്ടി ഇങ്ങനെ മാറിപ്പോയത്? തനിക്കോര്‍മ്മയുണ്ടോ നമ്മള്‍ കുട്ടികള്‍ പലരും കുളിക്കാന്‍  കുളത്തില്‍ ഇറങ്ങിയപ്പോള്‍ മേനകയുടെ ദുപ്പട്ട വെള്ളത്തില്‍ ഒലിച്ചുപോയത്? മേനക കൂസാതെ വെള്ളത്തില്‍ നിന്നും കയറിപ്പോയി. തനിക്കായിരുന്നു അവളെ നോക്കാന്‍ നാണം! ഞാന്‍ പിന്നീടു അതെല്ലാം ഓര്‍ത്തു അത്ഭുതപ്പെട്ടിടുണ്ട്.”

“ഓഹോ. അപ്പോള്‍ താനിപ്പോഴും  ഈ കാര്യത്തില്‍ വിര്‍ജിന്‍ ആണെന്നര്‍ഥം.  ആ കുളത്തിലെ വെള്ളവും വറ്റി ആ കുളവും നിരപ്പായി. താന്‍ ഇപ്പോഴും അവിടെത്തന്നെ നില്‍ക്കുവാണോ? സാരമില്ല, എന്തായാലും ഇവിടെ എത്തിപ്പെട്ടല്ലോ... ശരിയാക്കാം.”

“യ്യോ... വേണ്ട വേണ്ട, ഈ കാര്യത്തില്‍ എനിക്കീ ഭവാന്റെ  ശിഷ്യത്വം  വേണ്ട. ഒരു ചെറിയ കുടുംബം  തന്നെ നടത്താന്‍ പെടുന്ന പാട് എനിക്കെ അറിയാവൂ.” നിരഞ്ജന്‍ കൈകള്‍ കൂപ്പി.

“അല്ലെങ്കിലും ചില മനുഷ്യര്‍ ഭീരുക്കളാണ്. ആഗ്രഹത്തിനനുസരിച്ചു ജീവിക്കാന്‍ ഒരിക്കലും മെനെക്കെടില്ല. എന്നിട് ജീവിതത്തിന്റെ അവസാനം പൌലോ കൊയിലോ പറഞ്ഞത് പോലെ ‘ഞാന്‍ ഇങ്ങനെ ആവാനല്ലല്ലോ ആഗ്രഹിച്ചത് എന്ന നിരാശയോടെ ഒരു നെടുവീര്‍പ്പോടെ മരിച്ചുപോകും’.” ദാസ്‌ പൌലോ കൊയിലോയുടെ ഒരു വാക്യം ഉദ്ധരിച്ചു.

“ഒന്നില്‍ നിന്നൊന്നിലേക്ക് ഒഴുകുന്നതാണോ താന്‍ വിവക്ഷിക്കുന്ന ഫ്രീഡം? ചട്ടകൂടുകളില്‍ ഒതുങ്ങണം എന്ന് പറയുന്നില്ല. പക്ഷെ ഒരു ഡിസിപ്ലിന്‍ വേണ്ടേ? അച്ചടക്കത്തെ ഭീരുത്വമായി വ്യഖ്യാനിക്കരുത്.”

“ഡിസിപ്ലിന്‍ ഇല്ലാതെയൊഴുകണം എന്നല്ല, എങ്കിലും ചില ഇഷ്ടങ്ങളെ ത്യജിക്കേണ്ട ആവശ്യമില്ല. കൗതുകം മനുഷ്യസഹജമല്ലേ? നിരഞ്ജന്‍ ഉദേശിച്ച തരത്തില്‍ സ്ത്രീകളോട് മാത്രമാണോ എന്റെ അഭിനിവേശം? അല്ല എന്നാണ് ഞാന്‍ എന്നെത്തന്നെ വിലയിരുത്തിയിരിക്കുന്നത്. ചില രാജ്യങ്ങളോടും സംസ്കാരങ്ങളോടും ചില എഴുത്തുകാരുടെ കഥാപാത്രങ്ങളോടും വരെ എനിക്കഭിനിവേശമുണ്ട്.”

“അറിയാം, വിശാലമാണ് തന്‍റെ ഇഷ്ടങ്ങള്‍ എന്ന്...”

സംസാരിച്ചുകൊണ്ടിരിക്കെ വാതില്‍ തള്ളിത്തുറന്ന് ശബ്ദംകേട്ട് രണ്ടുപേരും തിരിഞ്ഞു നോക്കി.  പട്ടുസാരിയുടെ മുന്താണി മുന്നിലേക്ക്‌ ഒതുക്കിപ്പിടിച്ച് താരാദേവി കടന്നുവന്നു. അവരുടെ നെറ്റിയിലെ വലിയ വട്ടപ്പൊട്ട് തിളങ്ങി നിന്നിരുന്നു. 

“അമ്മ....” ദാസ്‌ എഴുന്നേറ്റു മുന്നോട്ടുവന്നു. അവരുടെ ആയയും സാമിയും ഡ്രൈവറും കൂടെവന്ന് ബാഗുകള്‍ മുറിയില്‍ വെച്ച് തിരികെപ്പോയി.

“വല്ലാത്ത ചൂട് തോന്നുന്നു വിദേത്. തണുത്തതെങ്കിലും  കൊണ്ടുവരാന്‍  വിളിച്ചു പറ.”  പറഞ്ഞിട്ട് വിദേതിനെയും നിരന്ജനേയും നോക്കി സോഫയിലേക്ക് ഇരിക്കാന്‍ തുടങ്ങിയ താരാദേവിയുടെ കണ്ണുകള്‍ അല്‍പനേരം നിരഞ്ജന്റെ മുഖത്ത്തന്നെ ഉടക്കി നിന്നു. “നീനു അല്ലെ ഇത്?  നമ്മുടെ നിരഞ്ജന്‍ കുട്ടി?” അവര്‍ അത്ഭുതത്തോടെ ദാസിനോട് ചോദിച്ചു. നിരഞ്ജന്‍ മുന്നോട്ടു വന്നു അവരുടെ കാലിലേക്ക് കുനിഞ്ഞു. അതിനനുവദിക്കാതെ താരാദേവി  അയാളെ കെട്ടിപ്പിടിച്ചു. “നിന്നെ എത്രകാലമായി കണ്ടിട്ട്? നീ ഇവനുമായി ബന്ധമുള്ളതൊന്നും ഇവന്‍ എന്നോട് പറഞ്ഞില്ല കുട്ട്യേ...” അവര്‍ ദേഷ്യത്തോടെ ദാസിനെ നോക്കി.

“അമ്മേ, അന്ന് പോയതില്‍ പിന്നെ ഞാനും ഇന്നാണ് വിദേതിനെ കാണുന്നത്. എന്തായാലും ഞാന്‍ ഡല്‍ഹിയില്‍ വന്നു അമ്മയെ കാണണം എന്ന് കരുതിയിരുന്നു. ഇപ്പോള്‍ എത്തിയെ ഉള്ളൂ ഇവിടെ....” നിരന്ജന്‍റെ മുഖത്ത് വാത്സല്യത്തോടെ താരാദേവി തഴുകി.

 “നന്നായി ...എന്തായാലും കണ്ടല്ലോ...” അവര്‍ സോഫയിലേക്കിരുന്നു. സംസാരിക്കുന്നതിനിടയില്‍ താരാദേവി ചുമയ്ക്കുന്നുണ്ടായിരുന്നു. നിരഞ്ജന്‍ അവരുടെയരികില്‍തന്നെയിരുന്നു.

“അമ്മയ്‌ക്ക് ചുമയുണ്ടോ? എങ്കില്‍ തണുത്തത്‌ കുടിക്കേണ്ട. ചൂടുള്ള എന്തെങ്കിലും എടുക്കാം.” ദാസ്‌ പറഞ്ഞപ്പോള്‍ അവര്‍ കയ്യുയര്‍ത്തി വിലക്കി.

“ഏയ്... യാത്രയിലെ ചൂടും മറ്റും കാരണം ഉണ്ടായ ചുമയാണ്. മാത്രല്ല എന്റെ വയറും ആകെ നാശമായ പോലെ ഉണ്ട്. തണുത്തത്‌ എന്തേലും മതി. എന്റെ റൂം എവിടെയാണ്. ഇവിടെ പറഞ്ഞിട്ടില്ലേ?”

“ഉണ്ട്. അമ്മ ഇപ്പൊ ഇവിടെ വിശ്രമിക്ക്. ഞാന്‍ അങ്ങോട്ട്‌ പൊയ്ക്കൊള്ളാം...” അയാള്‍ തിരിഞ്ഞു നിരന്ജനെ നോക്കി. “താന്‍ എന്തെങ്കിലും കഴിച്ചതാണോ? ചോദിക്കാന്‍ വിട്ടുപോയി.”

“കഴിച്ചു കഴിച്ചു. ഇനിയൊന്നും വേണ്ട. കിടക്കും മുന്നേ തന്നെ കണ്ടിട്ട് പോകാം എന്ന് കരുതിയാണ് ഇങ്ങോട്ട് കയറിയേ. നമുക്ക് വിശദമായി രാവിലെ കാണാം.  അമ്മ റെസ്റ്റെടുക്കട്ടെ. നാളെ സംസാരിക്കാം ബാക്കി.” അയാള്‍ എഴുന്നേറ്റു.

അപ്പോഴേക്കും തണുത്ത ജ്യൂസും സോഡയും എത്തിയിരുന്നു. താരാദേവി ദാസിനെ ഒരു ചെറുചിരിയോടെ  നോക്കി. “നിന്റെ കയ്യില്‍ ഒന്നുമില്ലേ ഇതിലൊഴിക്കാന്‍? ചുമയും വയറും നന്നാക്കാനുള്ള മരുന്ന് എന്റെ മോന്റെ അലമാരിയില്‍ ഉണ്ടാകണമല്ലോ?”  നിരഞ്ജന്‍ ദാസിനെ ഒരു കള്ളച്ചിരിയോടെ ഒളികണ്ണിട്ടു നോക്കാതെ നോക്കി.  അയാള്‍ ദാസിന്റെ ചെവിയില്‍ പറഞ്ഞു. “ബെസ്റ്റ് അമ്മ. പിന്നെ താനെങ്ങനെ തണുക്കും?”

ദാസ്‌ എഴുന്നേറ്റു വോഡ്കയുടെ ഒരു ബോട്ടിലെടുത്ത് അമ്മയുടെ മുന്നില്‍ വെച്ചു. അല്പം ഗ്ലാസ്സിലെക്കൊഴിച്ച് മൂന്നാല് ഐസ് ക്യൂബ് എടുത്തു വോഡ്കയിലേക്കിട്ടു. നുരയുന്ന ആ ഗ്ലാസ്സിലേക്ക്‌ സോഡാ ഒഴിക്കാന്‍ എടുത്തപ്പോള്‍ താരാദേവി തടഞ്ഞു. അവര്‍ മുറിച്ചു വെച്ചിരുന്ന ചെറുന്നാരങ്ങ കഷ്ണമെടുത്ത് ഗ്ലാസ്സിലേക്ക്‌ പിഴിഞ്ഞൊഴിച്ചു. ഗ്ലാസ് ചുണ്ടോട് അടുപ്പിക്കുമ്പോള്‍  അവര്‍ രണ്ട്പേരെയും നോക്കി ചിരിച്ചു.

“ഉം? ഞാന്‍ ഇങ്ങനെ എങ്കില്‍ എന്റെ മകന്‍ എങ്ങനെ എന്നല്ലേ നീനു ഇപ്പൊ ആലോചിക്കുന്നെ? ഇവനാണ് ഇതെന്നെ പഠിപ്പിച്ചത്. എന്നും നെയ്യ് മാത്രം ഉരുട്ടിത്തന്നാല്‍ പോരാ അമ്മെ എന്ന് ഒരിക്കിലിവന്‍ പറഞ്ഞു. അല്ലേടാ...” എസി ഉണ്ടായിട്ടും അവര്‍ സാരിയുടെ മുന്താണികൊണ്ട് വീശികൊണ്ടിരുന്നു.

“എന്നാല്‍ അമ്മ റെസ്റ്റ്‌ടുക്കൂ. ഞാന്‍ അപ്പുറത്തുണ്ട്. അമ്മയുടെ ആയയെ ഇങ്ങോട്ട് വിളിക്കണോ?” നിരഞ്ജന്‍ ചോദിച്ചു.

“ഏയ്‌... അമ്മയുടെ മുറിയില്‍ മറ്റാരും കിടക്കാറില്ല. ആയയ്ക്കു  വേറെ മുറിയുണ്ട്.” ദാസ്‌ പറഞ്ഞു.

ദാസിന്റെ ഫോണ്‍ റിംഗ് ചെയ്തു. മിലാന്‍ ആയിരുന്നു. അയാള്‍ ഉടനെ ഫോണ്‍ കാതോട് ചേര്‍ത്തു.“വിദേത്, ഞാന്‍ താഴെയുണ്ട്. അങ്ങോട്ട്‌ വരികയാണ്.”

മൌത്ത്പീസ്‌ അടച്ചുപിടിച്ച് അയാള്‍ അമ്മയുടെ നേരെ തിരിഞ്ഞു. “മിലാന്‍ ഇങ്ങോട്ട് വരുന്നു അമ്മെ, അവള്‍ താഴെ എത്തി. ഞാനിപ്പോള്‍ വരാം.”

പോകുമ്പോള്‍  ദാസ്‌ തിരിഞ്ഞു നിരന്ജനോട് പറഞ്ഞു. “ആ ബോട്ടിലെടുത്ത് ഉള്ളില്‍ വെക്കാന്‍ മറക്കേണ്ട.  ഗ്ളാസും...”

തന്‍റെ ഭര്‍ത്താവിന്‍റെ അമ്മയില്‍നിന്നും തനിക്ക്കിട്ടിയ വൈരമൂക്കുത്തി കൈമാറേണ്ട ആളെ കാണാനുള്ള  തയ്യാറെടുപ്പില്‍ താരാദേവി എഴുന്നേറ്റു വാതിലിനഭിമുഖമായി തിരിഞ്ഞിരുന്നു.

                                                (തുടരും)
നീലച്ചിറകുള്ള മൂക്കുത്തികൾ -- 21 - സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക