Image

നെയ്യാറ്റിന്‍കരയില്‍ കലാശക്കൊട്ടു കഴിഞ്ഞു; ഇനി നിശബ്ദ പ്രചാരണം

Published on 31 May, 2012
നെയ്യാറ്റിന്‍കരയില്‍ കലാശക്കൊട്ടു കഴിഞ്ഞു; ഇനി നിശബ്ദ പ്രചാരണം
നെയ്യാറ്റിന്‍കര: ആവേശം അണപ്പൊട്ടിയ കൊട്ടിക്കലാശത്തോടെ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. ഒരു മാസം നീണ്ടുനിന്ന ശക്തമായ പ്രചാരണപ്പോരാട്ടത്തിനാണ് വൈകിട്ട് അഞ്ചു മണിയോടെ നെയ്യാറ്റിന്‍കരയില്‍ വിരാമമായത്. ഒരു മാസം നീണ്ട പ്രചാരണത്തിനിടെ ഇരുമുന്നണികളും ശക്തമായ പ്രചാരണവുമായി രംഗം കൊഴുപ്പിച്ചപ്പോള്‍ മുതിര്‍ന്ന നേതാവ് ഒ.രാജഗോപാലിനെ സ്ഥാനാര്‍ഥിയാക്കി ബിജെപി ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതി ഉണര്‍ത്തി.

സകല അടവുകളും പയറ്റിയ കരയുദ്ധത്തിന്റെ ആഘോഷപൂര്‍വമായ കൊട്ടിക്കലാശത്തിനാണ് അവസാന മണിക്കൂറുകളില്‍ നെയ്യാറ്റിന്‍കര സാക്ഷ്യം വഹിച്ചത്. യുഡിഎഫും എല്‍ഡിഎഫും ബിജെപിയും കലാശക്കൊട്ട് ഗംഭീരമാക്കി. 

എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ പഴയകടയിലും ഉദയന്‍കുളങ്ങരയിലും നേരിയ സംഘര്‍ഷമുണ്ടായതൊഴിച്ചാല്‍ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ഉദയന്‍കുളങ്ങരയില്‍ ആംബുലന്‍സ് കടത്തിവിടുന്നതിനെച്ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. പോലീസ് ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു.

ഇനി നിശബ്ദ പ്രചാരണത്തിന്റെ ഒരു ദിവസം മാത്രമാണ് മുന്നണികള്‍ക്ക് മുന്നില്‍ അവശേഷിക്കുന്നത്. അതു കഴിഞ്ഞാല്‍ ശനിയാഴ്ച രാവിലെ ഏഴു മണിമുതല്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വിധിയെഴുതാന്‍ നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ പോളിംഗ് ബൂത്തിലെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക