Image

കെവിന്‍ പീറ്റേഴ്‌സണ്‍ ഏകദിന, ട്വന്റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Published on 31 May, 2012
കെവിന്‍ പീറ്റേഴ്‌സണ്‍ ഏകദിന, ട്വന്റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണ്‍ രാജ്യാന്തര ഏകദിന, ട്വന്റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2015ലെ ലോകകപ്പ് മുന്നില്‍ കണ്ട് കൂടുതല്‍ യുവകളിക്കാര്‍ക്ക് ടീമില്‍ അവസരം നല്‍കുന്നതിനായാണ് വിരമിക്കുന്നതെന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കുമെന്നും പീറ്റേഴ്‌സണ്‍ വ്യക്തമാക്കി. 

2004ല്‍ ഇംഗ്ലണ്ടിനായി ഏകദിനങ്ങളില്‍ അരങ്ങേറ്റംകുറിച്ച പീറ്റേഴ്‌സണ്‍ 127 ഏകദിനങ്ങളില്‍ നിന്ന് ഒമ്പത് സെഞ്ചുറിയും 23 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 4,184 റണ്‍സ് നേടിയിട്ടുണ്ട്. ഈ വര്‍ഷം പാക്കിസ്ഥാനെതിരെ നേടിയ 130 റണ്‍സാണ് മികച്ച സ്‌കോര്‍. ഏകദിനങ്ങളില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ആറാമത്തെ താരമാണ് പീറ്റേഴ്‌സണ്‍. 

36 ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് 1,176 റണ്‍സാണ് പീറ്റേഴ്‌സന്റെ സമ്പാദ്യം. ഇംഗ്ലണ്ടിനായി ട്വന്റി-20യില്‍ ആയിരം റണ്‍സ് നേടിയ ഏകതാരം കൂടിയാണ് പീറ്റേഴ്‌സണ്‍. 2010ല്‍ വെസ്റ്റിന്‍ഡീസില്‍ നടന്ന ട്വന്റി-20 ലോകകപ്പില്‍ ഇംഗ്ലണ്ട് കിരീടം നേടിയപ്പോള്‍ പീറ്റേഴ്‌സണായിരുന്നു ടൂര്‍ണമെന്റിലെ താരം. ഈ വര്‍ഷം സെപ്റ്റംബറില്‍ ശ്രീലങ്കയില്‍ ട്വന്റി-20 ലോകകപ്പ് നടക്കാനിരിക്കെയാണ് പീറ്റേഴ്‌സണ്‍ ട്വന്റി-20 ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്.

ദക്ഷിണാഫ്രിക്കന്‍ വംശജനായ പീറ്റേഴ്‌സന്റെ അമ്മ ഇംഗ്ലീഷുകാരിയാണ്. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ഇംഗ്ലീഷ് കൗണ്ടിയില്‍ പാഡണിഞ്ഞ പീറ്റേഴ്‌സണ്‍ പിന്നീട് ഇംഗ്ലീഷ് ടീമിലും ഇടംനേടുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക