Image

ഈജിപ്തില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

Published on 31 May, 2012
ഈജിപ്തില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു
കയ്റോ: മൂന്നു പതിറ്റാണ്ടിലധികം പിന്നിട്ട ഈജിപ്തിലെ അടിയന്തരാവസ്ഥയ്ക്കു അവസാനമായി. മുന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്തിന്റെ വധത്തിനുശേഷം 1981ലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 2010 മേയില്‍ ഹോസ്നി മുബാറക് ഭരണകൂടം രണ്ടുവര്‍ഷത്തേക്കു കൂടി അടിയന്തരാവസ്ഥ നീട്ടിയിരുന്നു. ഇന്നലെ കാലാവധി പൂര്‍ത്തിയായതോടെയാണ് 31 വര്‍ഷം നീണ്ട അടിയന്തരാവസ്ഥയ്ക്കു അന്ത്യമായത്. ഇനിയും അടിയന്തരാവസ്ഥ നീട്ടില്ലെന്ന് ഈജിപ്തിലെ സൈനിക ഭരണകൂടം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തരാവസ്ഥയുടെ കാര്യം ഇനിയില്ലെന്നും അവര്‍ വ്യക്തമാക്കി. യാതൊരു കുറ്റവും ചുമത്താതെ ആരേയും കസ്റഡിയിലെടുക്കാന്‍ പോലീസിനു അനുമതി നല്‍കുന്ന നിയമം, മുബാറക് ഭരണകൂടം എതിരാളികളെ അടിച്ചമര്‍ത്താനാണ് ഉപയോഗിച്ചിരുന്നത്. നിയമപ്രകാരം അറസ്റിലാവുന്നവരെ പ്രത്യേക കോടതിയിലായിരുന്നു വിചാരണചെയ്തിരുന്നത്. 2011 ല്‍ അധികാരം ഏറ്റെടുത്ത സൈന്യം പ്രകടനങ്ങള്‍ നടത്തുന്നതും സമരങ്ങളും അടിയന്തരാവസ്ഥാ നിയമപരിധിയില്‍ കൊണ്ടുവന്നു. അടിയന്തരാവസ്ഥാ നിയമം പ്രഖ്യാപിക്കാനുള്ള അവകാശം പാര്‍ലമെന്റില്‍ നിക്ഷിപ്തമാക്കുന്ന ഭരണഘടനാ പ്രഖ്യാപനത്തിന് മാര്‍ച്ചില്‍ നടന്ന ഹിതപരിശോധന അംഗീകാരം നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക