Image

സിറിയന്‍ കലാപം: റഷ്യക്കെതിരെ ഹില്ലരി

Published on 31 May, 2012
സിറിയന്‍ കലാപം: റഷ്യക്കെതിരെ ഹില്ലരി
കോപന്‍ഹേഗന്‍: സിറിയയെ ആഭ്യന്തരയുദ്ധത്തിലേയ്ക്കു തള്ളിവിടുന്നതായണ് റഷ്യന്‍ നയങ്ങളെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ളിന്റണ്‍. സിറിയയില്‍ സൈനിക ഇടപെടല്‍ നടത്തണമെന്ന ലോകരാജ്യങ്ങളുടെ ആവശ്യം ശക്തമാകുകയാണെന്നും ഹില്ലരി ഡെന്‍മാര്‍ക്കില്‍ പറഞ്ഞു. സിറിയയിലെ പ്രശ്നം അവരുടെ ആഭ്യന്തരകാര്യമാണെന്നും സൈനിക ഇടപെടല്‍ നടത്തുന്നതിനെ എതിര്‍ക്കുമെന്ന് റഷ്യയും ചൈനയും വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെയാണ് ഹില്ലരിയുടെ പ്രതികരണം. സിറിയയില്‍ സൈനിക ഇടപെടലുണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും ആഭ്യന്തരയുദ്ധം ഭീകരമാകുമെന്നുമാണ് റഷ്യയുടെ വാദം. എന്നാല്‍ ഒന്നുംചെയ്യാതെ കാഴ്ചക്കാരായി നില്‍ക്കുന്നതാണ് സ്ഥിതിഗതികള്‍ വഷളാക്കുന്നതെന്ന് ഹില്ലരി കുറ്റപ്പെടുത്തി. അതേസമയം, ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ധങ്ങള്‍ക്കു വഴങ്ങി സിറിയന്‍ വിഷയത്തില്‍ നിലപാട് മാറ്റില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വക്താവ് അറിയിച്ചു. ഇതിനിടെ, സിറിയ ആഭ്യന്തരയുദ്ധത്തിലേയ്ക്കു നീങ്ങുകയാണെന്ന് യുഎന്‍ മേധാവി ബാന്‍കി മൂണ്‍ മുന്നറിയിപ്പ് നല്‍കി. രാജ്യാന്തരസമൂഹത്തിന്റെ അപേക്ഷ നിഷ്കരുണം തഴഞ്ഞ് നിരപരാധികളെ കൊന്നൊടുക്കുന്നതിനു ദൃക്സാക്ഷികളാവാനല്ല യുഎന്‍ നിരീക്ഷകരെ അയച്ചതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അതേസമയം, സൈന്യത്തെ തിരിച്ചുവിളിക്കണമെന്നും യുഎന്‍ മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ ലംഘിക്കരുതെന്നും വിതമര്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. സൈന്യത്തെ തിരിച്ചുവിളിച്ചില്ലെങ്കില്‍ തിരിച്ചടിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനു 48 മണിക്കൂര്‍ സമയമാണ് അവര്‍ ഇന്നലെ അസാദ് ഭരണകൂടത്തിനു അനുവദിച്ചിരിക്കുന്നത്. വരുംദിവസങ്ങളില്‍ സിറിയയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക