Image

ട്രാക്കില്‍ മിന്നല്‍പ്പിണരായി ബോള്‍ട്ട്

Published on 31 May, 2012
ട്രാക്കില്‍ മിന്നല്‍പ്പിണരായി ബോള്‍ട്ട്
റോം: ട്രാക്കില്‍ മിന്നല്‍പ്പിണരായി ഉസൈന്‍ ബോള്‍ട്ട് തിരിച്ചെത്തി. കഴിഞ്ഞയാഴ്ച ചെക്ക് റിപ്പബ്ളിക്കില്‍ കരിയറിലെ ഏറ്റവും മോശം പ്രകടനം പുറത്തെടുത്ത ബോള്‍ട്ട് ഇന്നലെ റോമില്‍ നടന്ന ഡയമണ്ട് ലീഗില്‍ നൂറു മീറ്ററില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമയമാണ് കുറിച്ചത്. 9.76 സെക്കന്റിലാണ് ബോള്‍ട്ട് റോമിലെ ട്രാക്കില്‍ നൂറു മീറ്റര്‍ ഓടിയെത്തിയത്. ഒളിമ്പിക്സിന് മുന്നോടിയായി മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു ലോകത്തിലെ ഏറ്റവും വേഗമേറിയ ഈ താരം. ചെക്ക് റിപ്പബ്ളിക്കിലെ ഒസ്ട്രാവയില്‍ നടന്ന മീറ്റില്‍ 100 മീറ്റര്‍ 10.04 സെക്കന്റ് കൊണ്ടാണ് ബോള്‍ട്ട് ഓടിയെത്തിയത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കിയിരുന്നു. 2009ലെ ടെറന്റോ മീറ്റിന് ശേഷമുള്ള ബോള്‍ട്ടിന്റെ ഏറ്റവുംമോശം പ്രകടനമായിരുന്നു ഇത്. ഡയമണ്ട് ലീഗില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന ആത്മവിശ്വാസവുമായാണ് ഉസൈന്‍ ബോള്‍ട്ട് ട്രാക്കിലെത്തിയത്. മുന്‍ ലോക റിക്കാര്‍ഡ് ജേതാവും നാട്ടുകാരനുമായ അസഫ പവല്‍ 9.91 സെക്കന്റില്‍ രണ്ടാമനായി ഫിനിഷ് ചെയ്തപ്പോള്‍ ഫ്രാന്‍സിന്റെ ക്രിസ്റ്റോഫേ ലമൈതര്‍ 10.04 സെക്കന്റില്‍ മൂന്നാമതായി ഓടിയെത്തി. 'യൂറോപ്പില്‍ എത്തിയതില്‍ പിന്നെ ശരിക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഒസ്ട്രാവയിലെ തിരിച്ചടിയ്ക്കു ശേഷം കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ട്. ഉറക്കവും ലഭിക്കുന്നു. പരിശീലനം തന്റെ ഫിറ്റ്നസ് മെച്ചപ്പെടുത്തി' ബോള്‍ട്ട് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക