Image

ഇറ്റലിയിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് യാത്രയയപ്പു നല്‍കി

Published on 23 July, 2020
 ഇറ്റലിയിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് യാത്രയയപ്പു നല്‍കി

റോം: കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തിലേറെയായി ഇറ്റലിയിലെ ഇന്ത്യന്‍ അംബാസഡറായി സ്തുത്യര്‍ഹമായ സേവനം ചെയ്ത ശേഷം സ്ഥലം മാറി ഡല്‍ഹിയിലേയ്ക്കു പോവുന്ന അംബാസഡര്‍ റീനറ്റ് സന്ധുവിന് ഇറ്റലിയിലെ മലയാളി സംഘടനകളും എംബസിയിലെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഊഷ്മളമായ യാത്രയയപ്പു നല്‍കി.

മലയാളി ഐഎഫ്എസ് ഓഫീസര്‍ ശ്യാംചന്ദ് ചടങ്ങിനു നേതൃത്വം നല്‍കി. അംബാസഡര്‍ എന്ന നിലയില്‍ റീനറ്റ് സന്ധു ഇറ്റലിയിലെ ഇന്ത്യക്കാര്‍ക്ക് എന്നും ഒരു തുണയായിരുന്നുവെന്ന് വിവിധ മലയാളി സംഘടനാ ഭാരവാഹികള്‍ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.

പിഎംഎഫ് ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് ബിനോയ് കരവാളൂര്‍ അംബാസഡറിന് മൊമെന്റോയും സമ്മാനവും നല്‍കി ആദരിച്ചു. തുടര്‍ന്നു പങ്കെടുത്ത അലിക് സെക്രട്ടറി ബെന്നി വെട്ടിയാടന്‍, അലിക് കമ്മിറ്റിയംഗം ജോമോന്‍, സീറോ മലബാര്‍സഭയെ പ്രതിനിധീകരിച്ച് ഇറ്റലിയിലെ നാപ്പോളിയില്‍ നിന്നും ഫാ.ജോബി ചിറക്കോട്ട്, ഡബ്ല്യുഎംഎഫ് പ്രതിനിധി ശ്രീജ എന്നിവരും ഉപഹാരങ്ങള്‍ സമ്മാനിച്ചു.

എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ നീഹാരിക സിംഗ്, തോമസ്, വിന്‍സെന്റ് (സ്റ്റാഫ്)എന്നിവരും പങ്കെടുത്തു. സ്‌നേഹനിര്‍ഭരമായ യാത്രയയപ്പിന് അംബാസഡര്‍ റീനറ്റ് സന്ധു നന്ദി പറഞ്ഞു.

1989 ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ പ്രവേശിച്ച റീനത് സന്ധു മോസ്‌കോ, കീവ്, വാഷിംഗ്ടണ്‍ ഡിസി, കൊളംബോ, ന്യൂയോര്‍ക്ക്, ജനീവ എന്നിവടങ്ങളിലെ ഇന്ത്യന്‍ മിഷനുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്തും നിക്ഷേപവും വാണിജ്യ ഉന്നമന പ്രോജക്ടുകളില്‍ കിഴക്കന്‍ യൂറോപ്പ്, ശ്രീലങ്ക ഉള്‍പ്പടെ കൈകാര്യം ചെയ്തിട്ടുണ്ട്.

2011-14 കാലയളവില്‍ ജനീവയിലെ ലോകവ്യാപാര സംഘടനയില്‍ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥാനപതിയായിരുന്നു സന്ധു. ഇറ്റലിയിലേക്കുള്ള നിയമനത്തിന് മുന്പ് വാഷിംഗ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസിയില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആയിരുന്നു.

ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് സാന്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ് അംബാസഡര്‍ റീനറ്റ് സന്ധു. അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരഞ്ജിത് സിംഗ് സന്ധുവാണ് ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ട് മക്കള്‍.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക