Image

വിജയന്റെയും മോഹനയുടെയും ജീവിതയാത്രകൾ ( ദിനസരി-14: ഡോ സ്വപ്ന.സി.കോമ്പാത്ത്)

Published on 26 July, 2020
 വിജയന്റെയും മോഹനയുടെയും ജീവിതയാത്രകൾ ( ദിനസരി-14: ഡോ സ്വപ്ന.സി.കോമ്പാത്ത്)

Live with no excuses and travel with no regrets”  - Oscar Wilde

ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭവമേത് എന്ന ചോദ്യത്തിന് യാത്ര എന്നുത്തരം പറയുന്ന ദമ്പതികളുടെ ജീവിതത്തെ അവതരിപ്പിക്കുന്ന കൃതിയാണ്, ചായ വിറ്റ്  വിജയന്റെയും മോഹനയുടെയും ലോകസഞ്ചാരങ്ങൾ.  വിജയനും മോഹനയും ആരാണെന്ന്  അറിയാത്തവരുമുണ്ടാകും. എറണാകുളത്ത് ഗാന്ധി നഗറിൽ ശ്രീ ബാലാജി കോഫി ഫൗസ് നടത്തുന്ന യഥാക്രമം അറുപത്തൊമ്പതും അറുപത്തിയെട്ടും   വയസ്സ് പ്രായമുള്ള ദമ്പതികൾ .ഈ കാലം കൊണ്ട് അവർ കണ്ടറിഞ്ഞ ദേശങ്ങൾ ,അവരുടെ തന്നെ  പ്രയോഗം കടമെടുത്താൽ പഞ്ചേന്ദ്രിയങ്ങൾ കൊണ്ടവർ അനുഭവിച്ചറിഞ്ഞ രാജ്യങ്ങളുടെ എണ്ണം ഇരുപത്തിയഞ്ച്

വീസിബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം തയ്യാറാക്കിയിരുക്കുന്നത്. ജിന്റോ കെ ജോണാണ്. After Speaking with them for about 30 minutes I was awe their inspiring life story എന്ന് ആമുഖത്തിൽ അത്ഭുതം കൂറിയിരിക്കുന്നത്, ലോകപ്രശസ്തനായ ഒരു യാത്രക്കാരനാണ്.  28 വയസ്സിനുള്ളിൽ 189 രാജ്യങ്ങൾ സന്ദർശിച്ച ഡ്രൂവിൻസ്കിയാണ് പുസ്തകത്തിന് ആമുഖമെഴുതിയിരിക്കുന്നത്. ഡ്രൂവിൻസ്കി ഇവരെക്കുറിച്ചൊരു ഡോക്യുമെന്ററിയും  ചെയ്തിട്ടുണ്ട്. 17 അധ്യായങ്ങളിലായി വിജയന്റെയും മോഹനയുടെയും ജീവിതം വിവരിക്കുന്ന ഈ പുസ്തകം ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലെ നായകനെപോലെ ഉത്തരവാദിത്തബോധമില്ലാത്ത ഒരു  വിജയനിൽ നിന്ന്  , "യാത്ര"  എന്ന ഒരൊറ്റ ലക്ഷ്യത്തിലേക്ക്  ജീവിതത്തെ കേന്ദ്രീകരിച്ച മറ്റൊരു വിജയനെയും സഹയാത്രികയായി മാറിയ മോഹനയെയുമാണ്  കാണിച്ചുതരുന്നത്.

മനസ്സാണ് എറ്റവും പ്രധാനമെന്ന് വിശ്വസിക്കുന്ന വിജയന്റെയും മോഹനയുടെ ജീവിതം പിന്നിട്ട കാഴ്ചകൾ യാത്രയെക്കുറിച്ചുള്ള ഒട്ടനവധി സങ്കല്പങ്ങളെ പുനർനിർവചിക്കുന്നുണ്ട്. സാധാരണക്കാർക്കും ലോകരാജ്യങ്ങൾ കാണാൻ സാധിക്കുമെന്ന , ഏതു രാജ്യത്തും നമ്മുടെ നാടിന്റെ വേഷമണിഞ്ഞു പോകാമെന്ന, യാത്ര ചെയ്യുന്നത് ഷോപ്പിങ്ങിനല്ലെന്ന് ഓർമിപ്പിക്കുന്ന ഒരു നവസൂത്രവാക്യത്തിലൂടെ വിജയനും മോഹനയും  ഉലകം സുട്രും ജോടിയായി മാറി. സൂപ്പർ താരങ്ങളടക്കം വലിയ വലിയ സിനിമാതാരങ്ങളുടെ വരെ ആതിഥ്യം അവർക്ക് സ്വീകരിക്കാനായി.വിവിധമാധ്യമങ്ങളിലൂടെയാണ് ഇവരുടെ യാത്രാകൗതുകം ലോകമറിഞ്ഞത്.  എങ്ങനെ സ്വപ്നങ്ങളെ കീഴടക്കാം എന്ന ചിന്തക്ക് മാതൃകയായി  വിജയനെയും മോഹനയെയും ചൂണ്ടിക്കാണിക്കുന്ന ഹരിതജോണിന്റെ ഒരു കുറിപ്പും പുസ്തകത്തിൽ  അനുബന്ധമായി ചേർത്തിരിക്കുന്നു

വിജയന്റെയും മോഹനയുടെയും ജീവിതത്തിലേക്കുള്ള തുറന്ന വാതിൽ മാത്രമാണീ പുസ്തകം. യാത്രയ്ക്കൊരുങ്ങാൻ വായനക്കാരോടുള്ള ജിന്റോ കെ  ജോണിന്റെ ആഹ്വാനമായി നമുക്കീ പുസ്തകത്തെ കരുതാം. യാത്ര ജ്വലിപ്പിച്ചെടുത്ത രസകരമായ ചില വിജയൻ-മോഹന ചിന്തകളിലേക്ക്  ഒന്ന് കണ്ണോടിക്കാം.

1. വിശപ്പുള്ളവന് വിശപ്പു മാത്രമാണ് പ്രശ്നം. വിശപ്പു മാറിക്കഴിയുമ്പോഴാണ് പുതിയ പ്രശ്നങ്ങളുണ്ടാകുന്നത്. അപ്പോൾ യാത്ര ചെയ്യണമെന്നും കാഴ്ച കാണണമെന്നുമൊക്കെ തോന്നും.

2 .ഞാൻ അമേരിക്കയിലൂടെ മുണ്ടുടുത്തു നടന്നു. ഞങ്ങളുടെ സംഘത്തിലെ ചിലർക്ക് ഇത് ഉൾക്കൊള്ളാനായില്ല. അവിടത്തുകാർ എന്തു വിചാരിക്കുമെന്നായിരുന്നു അവരുടെ വേവലാതി. എന്നാൽ അമേരിക്കക്കാർ എന്നെ ശ്രദ്ധിച്ചതേയില്ല. ഒരിടത്തും ഒരു പ്രത്യേക നോട്ടം പോലും ഞാൻ നേരിട്ടിട്ടില്ല. സത്യത്തിൽ നമ്മളാണവരെ നോക്കുന്നത്. മറ്റുള്ളവർ എന്തു ധരിക്കുന്നു. എന്തു ചെയ്യുന്നു എന്നൊന്നും അമേരിക്കക്കാരും യൂറോപ്പുകാരും നോക്കി നടക്കാറില്ലന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

3. എത്ര വികസിത നഗരങ്ങളിലാണ് ജീവിക്കുന്നതെങ്കിലും നമുക്ക് ഗ്രാമങ്ങളിലേക്ക് ചേക്കേറാനൊരു പ്രവണതയുണ്ട്.

4. യാത്രയെ സ്നേഹിക്കുന്നവർക്ക് ജനിക്കാൻ ഏറ്റവും നല്ല രാജ്യം ഇന്ത്യയാണെന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. എന്തെല്ലാം കാഴ്ചകളാണിവിടെ. മരുഭൂമിയും മഞ്ഞുമലയും ഇവിടെയുണ്ട്. കാടും കടലും കായലും മലകളും പുഴകളുമെല്ലാം ഈ നാട്ടിൽ തന്നെയുണ്ട്. ക്ഷേത്രങ്ങളും പള്ളികളും കൊട്ടാരങ്ങളും കോട്ടയും എന്നു വേണ്ട ഇവിടുത്തെ കാഴ്ചകൾ ഒരു ജന്മം കൊണ്ട് നമുക്ക് കണ്ടു തീർക്കാനാവില്ല.

5.യാത്രകൾ ഇഷ്ടമാണെങ്കിൽ പോകാൻ തീരുമാനിക്കുക. പോകാൻ തീരുമാനിച്ചാൽ മടിച്ചു നിൽക്കാതെ പുറപ്പെടുക .ഓർമകളുമായി  മടങ്ങി വരിക.

യാത്രകൾ ഞങ്ങളെ അപ്പാടെ മാറ്റിയെന്നു പറയുന്ന, സ്വന്തം ജീവിതം മറ്റാരുടെയും സഹായമില്ലാതെ കെട്ടിപ്പൊക്കിയതാണെന്നഭിമാനിക്കുന്ന, അദ്ധ്വാനിച്ചാൽ സമ്പത്തുണ്ടാകുമെന്ന വിശ്വസിക്കുന്ന, കാഴ്ചകൾ നമ്മുടെ കാഴ്ചപ്പാട് മാറ്റുമെന്ന് വിശ്വസിക്കുന്ന വിജയന്റെയും മോഹനയുടെയും ജീവചരിത്രം പുസ്തകത്തിന്റെ ലഹരിയായല്ല, തീർച്ചയായും പ്രചോദനമേകുന്ന  രണ്ടു വ്യക്തികളെ സ്നേഹപൂർവ്വം പരിചയപ്പെടുത്തുന്നു.

 വിജയന്റെയും മോഹനയുടെയും ജീവിതയാത്രകൾ ( ദിനസരി-14: ഡോ സ്വപ്ന.സി.കോമ്പാത്ത്) വിജയന്റെയും മോഹനയുടെയും ജീവിതയാത്രകൾ ( ദിനസരി-14: ഡോ സ്വപ്ന.സി.കോമ്പാത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക