Image

ജര്‍മന്‍ എംബസിയുടെ ആദ്യ പരിഗണന മുടങ്ങിക്കിടക്കുന്ന വീസ അപേക്ഷകള്‍ക്ക്

Published on 28 July, 2020
ജര്‍മന്‍ എംബസിയുടെ ആദ്യ പരിഗണന മുടങ്ങിക്കിടക്കുന്ന വീസ അപേക്ഷകള്‍ക്ക്


ബര്‍ലിന്‍: ഇന്ത്യയിലെ ജര്‍മന്‍ എംബസിയുടെ ആദ്യ പരിഗണന കൊറോണവൈറസ് ബാധയും ലോക്ക്ഡൗണും കാരണം മുടങ്ങിക്കിടക്കുന്ന വീസ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിനായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അംഗീകരിക്കപ്പെട്ട അപേക്ഷകളില്‍ വീസ അനുവദിക്കുന്ന നടപടി ആദ്യം പൂര്‍ത്തിയാക്കും. ലോക്ക്ഡൗണ്‍ സമയത്ത് കാലാവധി പിന്നിട്ട ഡി- വീസ അപേക്ഷകര്‍ക്ക് കാലാവധി നീട്ടിക്കൊടുക്കുന്ന പ്രക്രിയയാണ് അതിനു ശേഷം പൂര്‍ത്തിയാക്കുക.

പുതിയ അപേക്ഷകള്‍ ഓഗസ്റ്റ് ആദ്യ വാരം മുതല്‍ ചുരുങ്ങിയ തോതില്‍ പരിഗണിച്ചു തുടങ്ങാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. സര്‍വീസ് പ്രൊവൈഡറായ വിഎഫ്എസ് ഗ്ലോബല്‍ വഴി ആയിരിക്കും ഇതിനു തുടക്കം കുറിക്കുക. കൊച്ചി, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ വിഎഫ്എസ് വീസ അപേക്ഷാകേന്ദ്രങ്ങളിലായിരിക്കും പുതിയ അപേക്ഷകള്‍ സ്വീകരിക്കുക.

ലോക്ക് ഡൗണിനെത്തുടര്‍ന്ന് ബംഗളുരുവിലെ ജര്‍മന്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തനങ്ങള്‍ ജൂലൈ 23 മുതല്‍ പുനരാംഭിച്ചിട്ടുണ്ട്. പുതിയ വീസകള്‍ അപേക്ഷകള്‍ ഒന്നും തന്നെ ഇപ്പോള്‍ സ്വീകരിക്കുന്നില്ലെന്നും പുതിയ നടപടികള്‍ വെബ്‌സൈറ്റിലൂടെ അറിയിക്കുമെന്നും കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഔട്ട്‌സോഴ്‌സിംഗ് ഗ്രൂപ്പായ വി എഫ് എസുമായി അപേക്ഷകര്‍ ബന്ധപ്പെടണമെന്നും അറിയിപ്പില്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക