Image

സംഗീതത്തിന്റെ മേളപ്പൊലിമയില്‍ രാഗവര്‍ണങ്ങളുടെ മഴവില്ല് തീര്‍ക്കാന്‍ സ്റ്റോക്ക് ഓണ്‍ട്രെന്റില്‍ നിന്നും നാല് രജതനക്ഷത്രങ്ങള്‍

Published on 28 July, 2020
 സംഗീതത്തിന്റെ മേളപ്പൊലിമയില്‍ രാഗവര്‍ണങ്ങളുടെ മഴവില്ല് തീര്‍ക്കാന്‍ സ്റ്റോക്ക് ഓണ്‍ട്രെന്റില്‍ നിന്നും നാല് രജതനക്ഷത്രങ്ങള്‍


ലണ്ടന്‍: യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ്  ജൂലൈ 28 ചൊവ്വ അഞ്ചിന് സംഗീതത്തിന്റെ വാദ്യ വിസ്മയം തീര്‍ക്കാന്‍ എത്തുന്നത് സ്റ്റോക്കില്‍ നിന്നുള്ള സഹോദരങ്ങള്‍ തെരേസ മാത്തച്ചനും, ജോര്‍ജ്ജ് മാത്തച്ചനും, ലിസ് മരിയ മാത്തച്ചനും ഒപ്പം കൂട്ടുകാരി റോസ് മേരി ബെന്നിയും.

ലോകമെന്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നൊരുക്കാന്‍ എത്തുന്ന തെരേസ വയലിനിലും ജോര്‍ജ്ജ് പിയാനോയിലും ലിസ് മരിയ ചെല്ലോയിലും റോസ്‌മേരി ഫ്‌ളൂട്ടിലും പ്രേക്ഷകര്‍ക്ക് മുന്നില്‍ രാഗ മേള വിസ്മയം തീര്‍ക്കാന്‍ എത്തുകയാണ്.

വയലിന്‍ തന്ത്രികളില്‍ രാഗ വിസ്മയം തീര്‍ക്കുന്ന തെരേസ ഇതിനോടകം വയലിനില്‍ ഗ്രേഡ് 7 കരസ്ഥമാക്കി കഴിഞ്ഞു. കഴിഞ്ഞ 8 വര്‍ഷമായി വയലിനില്‍ പരിശീലനം തുടരുന്ന തെരേസ സ്റ്റോക്ക് സെന്റ്. ജോസഫ്‌സ് കോളേജില്‍ ഇയര്‍ 10 വിദ്യാര്‍ഥിനിയാണ്. സെന്റ് ജോസഫ്‌സ് സീനിയര്‍ ഓര്‍ക്കസ്ട്രയില്‍ അംഗമായ ഈ 15 വയസുകാരി ഇംഗ്ലീഷ്, സീറോ മലബാര്‍ ചര്‍ച്ച് കൊയറുകളിലും സജീവ സാന്നിധ്യമാണ്. ലോക്ക്ഡൗണ്‍ കാലത്ത് തങ്ങളുടെ അയല്‍വാസികള്‍ക്ക് വേണ്ടി സംഗീത പരിപാടികള്‍ സംഘടിപ്പിച്ച തെരേസ തന്റെ സഹോദരങ്ങള്‍ക്ക് വയലിനില്‍ പരിശീലനവും നല്‍കുന്നുണ്ട്.

പിയാനോയില്‍ രാഗ മുത്തുകള്‍ പൊഴിക്കുന്ന ജോര്‍ജ് സ്റ്റോക്ക് സെന്റ് ജോസഫ്‌സ് കോളേജില്‍ ഒന്‍പതാം വിദ്യാര്‍ഥിയാണ്. കഴിഞ്ഞ ഏഴുവര്‍ഷമായി പിയാനോ പരിശീലനം തുടരുന്ന ജോര്‍ജ്ജ് ഇപ്പോള്‍ ഗ്രേഡ് 7 പൂര്‍ത്തിയാക്കി കഴിഞ്ഞു. സെന്റ്. ജോസഫ്‌സ് സീനിയര്‍ ഓര്‍ക്കസ്ട്രയില്‍ അംഗമായ ഈ 14 വയസുകാരന്‍ ഇംഗ്ലീഷ്, സീറോ മലബാര്‍ ചര്‍ച്ച് കൊയറുകളിലും സജീവമാണ്. ലോക്ക്ഡൗണ്‍ സമയത്ത് അയല്‍വാസികള്‍ക്ക് വേണ്ടി തന്റെ കലാ വൈഭവം പ്രകടിപ്പിച്ച ജോര്‍ജ് തന്റെ സഹോദരങ്ങള്‍ക്ക് പിയാനോയില്‍ പരിശീലനവും നല്‍കുന്നു.

വയലിന്‍ കുടുംബത്തില്‍ പെട്ട ചെല്ലോ എന്ന സംഗീതോപകരണത്തില്‍ കഴിഞ്ഞ ആറുവര്‍ഷമായി പരിശീലനം തുടരുന്ന ലിസ് മരിയ തന്റെ മൂത്ത സഹോദരങ്ങള്‍ പഠിക്കുന്ന സ്റ്റോക്ക് സെന്റ്. ജോസഫ്‌സ് കോളേജില്‍ എട്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ്. ഗ്രേഡ് 6 ല്‍ പരിശീലനം തുടരുന്ന ഈ 13 വയസുകാരി സെന്റ് ജോസഫ്‌സ് സീനിയര്‍ ഓര്‍ക്കസ്ട്രയില്‍ അംഗമാണ്. ലോക്ക്ഡൗണ്‍ സമയത്ത് വൃദ്ധരായ അയല്‍വാസികള്‍ക്ക് വേണ്ടി തന്റെ സഹോദരങ്ങള്‍ക്കൊപ്പം സംഗീത പരിപാടികള്‍ സംഘടിപ്പിച്ച ലിസ് മരിയ ഇംഗ്ലീഷ്, സീറോ മലബാര്‍ ചര്‍ച്ച് കൊയറുകളിലും സജീവമാണ്. തന്റെ സഹോദരങ്ങള്‍ക്ക് പരിശീലനം നല്‍കുവാനും ലിസ് മരിയ ശ്രദ്ധിക്കുന്നുണ്ട്.

സ്റ്റോക്കിലെ മാത്യു ജോര്‍ജ്ജ് - മരിയ മാത്തച്ചന്‍ ദന്പതികളുടെ മക്കളായ ഈ സഹോദരങ്ങള്‍ തങ്ങളുടെ ഇളയ സഹോദരങ്ങള്‍ക്കും സംഗീതോപകരണങ്ങളില്‍ പരിശീലനം നല്‍കുന്നുണ്ട്. നിരവധി വേദികളില്‍ തങ്ങളുടെ പ്രതിഭ തെളിയിച്ച ഈ സഹോദരങ്ങള്‍ പഠനത്തിലും മുന്‍നിരയില്‍ തന്നെയാണ്.

ഫ്‌ളൂട്ടില്‍ സപ്തസ്വരങ്ങള്‍ തീര്‍ക്കുന്ന റോസ്‌മേരി കഴിഞ്ഞ നാലുവര്‍ഷമായി പരിശീലനം തുടരുകയാണ്. ന്യൂകാസില്‍ അണ്ടര്‍ ലൈം സെന്റ്. ജോണ്‍ ഫിഷര്‍ കോളേജില്‍ ഏഴാംവര്‍ഷ വിദ്യാര്‍ഥിനിയായ റോസ്‌മേരി, കോളേജ് വിന്‍ഡ് ബാന്‍ഡ് ടീം അംഗം കൂടിയാണ്. നിരവധി വേദികളില്‍ തന്റെ കലാമികവ് പ്രദര്‍ശിപ്പിച്ചിട്ടുള്ള റോസ്‌മേരി സ്‌കൗട്ടിലും അംഗമാണ്. പഠനത്തിലും സംഗീതത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഈ 12 വയസ്സ്‌കാരി കരാട്ടേയിലും പരിശീലനം തുടരുന്നു. സ്റ്റോക്കിലെ ബെന്നി ജേക്കബ് - സെല്ലി ബെന്നി ദന്പതികളുടെ മകളാണ് റോസ്‌മേരി.

പാട്ടഴകിന്റെ വര്‍ണ്ണ വിസ്മയം തീര്‍ക്കാന്‍ എത്തുന്ന ഈ കൗമാര പ്രതിഭകള്‍ക്ക് പിന്തുണയേകാന്‍ ലോകമെന്പാടുമുള്ള സംഗീതാസ്വാദകരെ യുക്മ സാംസ്‌കാരിക വേദിയുടെ 28/07/2020 വ്യാഴം 5ന് (ഇന്ത്യന്‍ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

എട്ടു വയസു മുതല്‍ 21 വയസു വരെ പ്രായമുള്ള യുകെയിലെ വൈവിധ്യമര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃതജ്ഞതയും അഭിവാദ്യവും അര്‍പ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുന്ന് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഹാസ്യാത്മകമായ പരിപാടികള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്നതും ആകര്‍ഷണങ്ങളുമായ മറ്റു കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്‌സ് ബാന്‍ഡ് യു കെ യുടെ റെക്്്‌സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന എട്ടു മുതല്‍ ഇരുപത്തിയൊന്ന് വയസ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകള്‍ അവതരിപ്പക്കുവാന്‍ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്‌സ്ആപ്പ് നന്പറില്‍ അയച്ചു തരേണ്ടതാണ് . ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികള്‍ അവതരിപ്പിക്കേണ്ടവരെ മുന്‍കൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെന്പാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്പന്നരായ കുട്ടികള്‍ അവതരിപ്പിക്കുന്ന ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍ാരായ ജയ്‌സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക