Image

കൊച്ചി മെട്രോ: ഭൂമി ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്താന്‍ തീരുമാനം

Published on 01 June, 2012
കൊച്ചി മെട്രോ: ഭൂമി ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്താന്‍ തീരുമാനം
കൊച്ചി: കൊച്ചി മെട്രോ റെയിലിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്താന്‍ ഇന്നലെ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥ യോഗം തീരുമാനിച്ചു. സലിം രാജന്‍ റോഡ്, നോര്‍ത്ത് റെയില്‍വേ മേല്‍പ്പാലം, മേല്‍പ്പാലത്തിനു സമീപത്തെ നടപ്പാത എന്നിവയ്ക്കു സമീപത്തെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വില നിശ്ചയിക്കാന്‍ ജില്ലാ അവലോകന സമിതിയെ (ഡിഎല്‍പിസി) ചുമതലപ്പെടുത്താന്‍ കളക്ടര്‍ നിര്‍ദേശിച്ചു. സ്ഥലം വിട്ടുനല്‍കാന്‍ സമ്മതിച്ചവര്‍ക്ക് സ്ഥലവില നിശ്ചയിച്ച് നിര്‍ദേശം എത്രയും വേഗം റവന്യൂ പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് അയച്ചുകൊടുക്കണം. ശേഷിച്ച ഭൂമി ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം ഏറ്റെടുക്കാന്‍ നടപടി വേണം. ഇതിന്റെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി. ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിക്കുകയും അതു കോടതി വഴി സ്ഥലമുടമകള്‍ക്കു കൈമാറുകയുമാണു നടപടിക്രമം. വൈറ്റില-പേട്ട റോഡില്‍ ലഭ്യതയനുസരിച്ച് 26 മുതല്‍ 30 മീറ്റര്‍ വരെ വീതിയില്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി ഒരാഴ്ചക്കകം സ്വീകരിക്കും. നിര്‍ദിഷ്ട റെയില്‍വേയ്ക്കു സമീപമുള്ള പുറമ്പോക്കു ഭൂമിയുടെ വിശദാംശങ്ങള്‍ ശേഖരിച്ച് ഭൂമി കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനു കൈമാറുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ചീഫ് റവന്യൂ ഓഫീസറോട് ആവശ്യപ്പെട്ടു. മുട്ടം യാര്‍ഡിനു സമീപം സര്‍വേ നടത്തിയിട്ടുള്ള 18 ഏക്കര്‍ സ്ഥലം ഏറ്റെടുക്കല്‍ അനുമതിക്കായി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കു സമര്‍പ്പിക്കും. കലൂര്‍ സ്റേഡിയത്തിനു സമീപമുള്ള കെഎസ്എച്ച്ബിയുടെ സ്ഥലത്തിന്റെ മൂല്യം കണക്കാക്കാനും റിപ്പോര്‍ട്ട് പത്തു ദിവസത്തിനകം സമര്‍പ്പിക്കാനും ഡെപ്യൂട്ടി കളക്ടറോട് ആവശ്യപ്പെട്ടു. കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ എംഡി ടോം ജോസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ കെ.പി. മോഹന്‍ദാസ് പിള്ള, കൊച്ചി മെട്രോ ചീഫ് റവന്യൂ ഓഫീസര്‍ പി.ഇ. വിജയകുമാര്‍, കെഎംആര്‍എല്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എസ്. ചന്ദ്രബാബു, കൊച്ചി മെട്രോ ഡെപ്യൂട്ടി ചീഫ് റവന്യൂ ഓഫീസര്‍ എം.എസ്. മുഹമ്മദ് റാഫി, സ്പെഷല്‍ തഹസില്‍ദാര്‍മാരായ സി.ആര്‍. കൃഷ്ണകുമാരി, എസ്. സത്യശീലന്‍ ആചാരി എന്നിവരും സംബന്ധിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക