Image

മണിയുടെ വിവാദപ്രസംഗം: സിപിഐയും സിപിഎമ്മും തമ്മില്‍ അകലുന്നു

Published on 01 June, 2012
മണിയുടെ വിവാദപ്രസംഗം: സിപിഐയും സിപിഎമ്മും തമ്മില്‍ അകലുന്നു
തൊടുപുഴ: മുന്നില്‍ കിട്ടുന്ന ശത്രുവിനെ വെറുതെ വിടാതെ വാക്കുകള്‍ കൊണ്ടു പരമാവധി കുത്തി ക്കീറുന്ന സിപിഎം ജില്ലാ സെക്രട്ടറി എം.എം.മണിയുടെ വിവാദപ്രസംഗം സിപിഎമ്മിനെയും സിപിഐയേയും അകറ്റുന്നു. മണക്കാട്ടും ചിന്നക്കനാലിലും എം.എം. മണി സിപിഐക്കെതിരേ നടത്തിയ പ്രസംഗമാണു ഇത്തരമൊരു അകല്‍ച്ച സൃഷ്ടിച്ചത്. ഇതുകൂടാതെ എം.എം.മണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വധഭീഷണി മുഴക്കുന്നുവെന്നു കാണിച്ചു സിപിഐ ചിന്നക്കനാല്‍ ലോക്കല്‍ സെക്രട്ടറി വേലുസ്വാമി ആഭ്യന്തരമന്ത്രിക്കു പരാതി നല്‍കി. മെയ് 25നു ചിന്നക്കനാലില്‍ പ്രസംഗിച്ച സിപിഎം നേതാക്കള്‍ വേലുസ്വാമിയുടെ കൈ മുറിച്ചുമാറ്റുമെന്നും ഭാര്യയെ സിപിഎമ്മിന്റെ കൊടിപിടിപ്പിക്കുമെന്നും മകനെ വകവരുത്തുമെന്നും പ്രസംഗിച്ചുവെന്നാണ് പരാതി.

മാര്‍ച്ച് 26നുപെരിയകനാല്‍ ബസ് സ്റാന്‍ഡിലേക്കു പോകുമ്പോള്‍ ഗുണ്ടകള്‍ വടിവാള്‍ ഉപയോഗിച്ചു ആക്രമിച്ചു. ഇവരെ ബൈസന്‍വാലി സിപിഎം ഓഫീസില്‍ സംരക്ഷിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. ഇതുമാത്രമല്ല, ചിന്നക്കനാലിലെ പ്രസംഗത്തിന്റെ കോപ്പി എടുത്തു മറ്റൊരു പരാതിയും പോലീസിനു നല്‍കിയിട്ടുണ്ട്.

ഇതിനിടയില്‍ കഴിഞ്ഞ ദിവസം നെടുങ്കണ്ടത്തു എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന വിലക്കയറ്റത്തിനെതിരേയുള്ള പൊതുയോഗത്തില്‍ നിന്നും സിപിഐ നേതാക്കള്‍ ഇറങ്ങി പോയി. സിപിഐ സംസ്ഥാന നേതാവ് കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനസമ്മേളനത്തിനുശേഷം പ്രസംഗിക്കാനെത്തിയ സിപിഎം നേതാക്കള്‍ ടി.പി. ചന്ദ്ര്രശേഖരന്‍ വധവും എം.എം.മണിയെ ന്യായികരിച്ചും പ്രസംഗം തുടങ്ങി. ഒരാള്‍ ഒന്നര മണിക്കൂറാണ് പ്രസംഗിച്ചത്. പിന്നീടുവന്ന സിപിഎംനേതാക്കള്‍ ഇത് ആവര്‍ത്തിച്ചു. ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎം നിരപരാധിയാണെന്നും എം.എം.മണിയുടെ പ്രസംഗത്തെ ന്യായികരിച്ചുമുള്ള പ്രസംഗത്തില്‍പ്രതിഷേധിച്ചു സിപിഐ നേതാക്കള്‍ ഒന്നാകെ ഇറങ്ങി പോയി.

 സിപിഎം ജില്ലാ സെക്രട്ടറി എം.എം.മണി കാടുകയറുമ്പോള്‍ മണിയെകെട്ടാനോ തളയ്ക്കാനോ ആര്‍ക്കുംസാധിക്കില്ലെന്നു തോന്നിക്കുംവിധമാണു ചിന്നക്കനാലിലും മണക്കാട്ടും സിപിഐക്കെതിരേ വിമര്‍ശനശരം എയ്തത്. മണക്കാട്ട് വിവാദപ്രസംഗം നടത്തുന്നതിനു തലേദിവസം ചിന്നക്കനാലില്‍ പൊതുയോഗത്തില്‍ 20 മിനിറ്റ്് കത്തിക്കയറിയ എം.എം.മണി ആഞ്ഞടിച്ചതു സിപിഐയ്ക്കതിരെയാണ്. എല്‍ഡിഎഫിലെ വെറുമൊരു ഘടകകക്ഷിയായതു കൊണ്ടു തല്ലാതെ വിടുകയാണെന്നു സിപിഐക്കാരോടു പറഞ്ഞത്. സിപിഐക്കാര്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിക്കുന്നതില്‍ പ്രതിഷേധിക്കാനാണു ചിന്നക്കനാലില്‍ സിപിഎം യോഗം വിളിച്ചത്. അഞ്ചുമിനിറ്റ്് നേരം മാത്രമാണു സിപിഐക്കു വേണ്ടി നീക്കി വച്ചതെങ്കിലും അതു ധാരാളമായിരുന്നു.

 സിപിഐ ഇവിടെ സിപിഎമ്മിനെ ഉപദ്രവിക്കുന്നു.എഐടിയുസിക്കാര്‍ സിഐടിയുവിനെ അംഗീകരിക്കുന്നില്ല.ഇവിടെ നമ്മള്‍ അടിനിര്‍ത്തിയിട്ടില്ല. അടിക്കാന്‍ തീരുമാനിച്ചാല്‍ നമ്മള്‍ അടിച്ചിരിക്കും. സിപിഐക്കാരെ തല്ലാത്തതു എല്‍ഡിഎഫുകാരാണെന്നു കരുതിയാണ്.ബിനോയ് വിശ്വവും കെ.പി.രാജേന്ദ്രനും ആല്‍വിനിട്ട് ഒലത്താന്‍ നോക്കി.അവന്‍ അവിടെ ജനിച്ചുവളര്‍ന്നവനാണ്.ആല്‍വിനു ഒന്നര ഏക്കര്‍ സ്ഥലമുണ്ട്.ഇവര്‍ പുറത്തുനിന്നു വന്നതാണെന്നും മണി ചുണ്ടികാട്ടി. മൊബൈലില്‍ പിടിച്ച ശബ്ദരേഖയായിട്ടാണു ഇത് പ്രചരിക്കുന്നത്.

 സിപിഐയുമായിട്ടുള്ള അങ്കം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നു ഇടുക്കിയിലെ പാര്‍ട്ടിക്കറിയാം. ഒരു മുന്നണിയില്‍ നില്‍ക്കുമ്പോള്‍ പോലും സിപിഎമ്മിനെ ഭയന്നു നില്‍ക്കേണ്ട ഗതികേടിലാണ് ഇവര്‍. തോട്ടം മേഖലകളില്‍ ഒന്നാം കക്ഷിയായി പ്രവര്‍ത്തിച്ചിരുന്ന സിപിഐ യുടെ തൊഴിലാളി വിഭാഗമായ എഐടിയുസി യൂണിയനെ പിന്തള്ളാന്‍ അക്രമങ്ങള്‍ അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സ്യഷ്ടിച്ചത് സിപിഎമ്മാണെന്നു നേരത്തെ പരാതിയുണ്ട്. തോട്ടംമേഖല പിടിച്ചെടുക്കുകയാണ് ലക്ഷ്യം.

1995-2005 ല്‍ അഴുത ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഐ നേതാവും ഇപ്പോഴത്തെ പീരുമേട് എംഎല്‍എ യുമായ ഇ.എസ് ബിജിമോളെ ബ്ളോക്ക് ഓഫിസില്‍ വച്ചു കസേരയില്‍ നിന്നും വലിച്ച് നിലത്തിട്ട് ചവിട്ടിയതും സിപിഎം അറിയാതെ അല്ലെന്നു സിപിഐ നേത്യത്വം ആരോപിച്ചിരുന്നു.ഗര്‍ഭണിയായിരുന്ന ബിജിമോളെ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.2008 ല്‍ വണ്ടിപ്പെരിയാറിലെ ആര്‍ബി ടി തോട്ടങ്ങള്‍ പോപ്സണ്‍ കമ്പനിക്കു വില്‍ക്കുന്നതിനെതിരായി സിപിഐ സംഘടിപ്പിച്ച ജാഥക്ക് നേത്യത്വം നല്‍കിയ എഐടിയുസി സംസ്ഥാന സെക്രട്ടറിയും വികലാംഗനുമായ വാഴൂര്‍ സോമനെ രാത്രി ഏഴിനു വൈദ്യുതി ബന്ധം തകരാറിലാക്കി വെട്ടിയിരുന്നു. 2008 ജൂണ്‍ 23നു നടന്ന ഈ അക്രമ സംഭവത്തില്‍ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഐ നേതാവുമായ സുസ്മിത ജോണിനും ഇ.എസ് ബിജിമോള്‍ക്കും പരിക്കേറ്റിരുന്നു.

 ഈ സംഭവത്തില്‍ യാഥാര്‍ഥ പ്രതികളെ ഒഴിവാക്കി പോലീസിനെ സ്വാധീനിച്ച് സ്ഥലത്തില്ലാത്തവരുടെ പേരില്‍ കേസെടുപ്പിച്ചതും സിപിഎം നേതൃത്വമാണ്. സിപിഎമ്മുകാര്‍ പ്രതികളായി പോലീസിന് നല്‍കിയ ലിസ്റിലെ ഒന്നാം പ്രതി സ്ഥലത്തു പോലുമില്ലാത്ത ആള്‍. ഇയാള്‍ വണ്ടിപ്പെരിയാര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കുളിന്റെ അറ്റകുറ്റപണികള്‍ നടത്തുകയായിരുന്നു.ഈ സമയത്താണ് വാഴൂര്‍ സോമന്‍ അക്രമിക്കപ്പെട്ടത്.വണ്ടിപ്പെരിയാര്‍ ആര്‍ബിടി കമ്പനിയുടെ മഞ്ചുമല ഡിവിഷന്റെ മസ്റര്‍ ഗ്രൌണ്ടില്‍ വച്ചാണു വാഴൂര്‍ സോമന്‍ അക്രമിക്കപ്പെട്ടത്.ഈ അക്രമത്തിന് നിര്‍ദേശം നല്‍കിയതും സിപിഎം നേതാക്കളുടെ വികാര പരമായ പ്രസംഗങ്ങളായിരുന്നു.

ഈയടുത്ത നാളില്‍ അറക്കുളം സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ നേതാക്കള്‍ക്കെതിരെ പൊതുസമ്മേളന വേദിയില്‍വച്ച് അസഭ്യ വര്‍ഷം ചൊരിഞ്ഞതും മണിയാശാനായിരുന്നു.ഉടുമ്പഞ്ചോല, ഇടുക്കി മണ്ഡലങ്ങളിലും സിപിഎമ്മിന്റെ അക്രമത്തിനിരയാകാത്ത ഘടക കക്ഷി പ്രവര്‍ത്തകരില്ല. ദേവികുളം നിയോജക മണ്ഡലത്തില്‍ സിപിഎമ്മിന്റെ ആക്രമം സിപിഐക്കു നേരിടേണ്ടി വന്നിട്ടുണ്ട്. സിപിഐ നേതാക്കള്‍ക്കു പോലും ഇവരുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇതില്‍ പ്രവര്‍ത്തകരും നേതാക്കളും ഉള്‍പ്പെടുന്നു. ഇപ്പോള്‍ മൈക്ക് കിട്ടിയാല്‍ ആക്രമിക്കുന്ന പ്രവണത തുടരുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക