Image

എളമരം കരീമിനെതിരെ വീണ്ടും കേസ്

Published on 01 June, 2012
എളമരം കരീമിനെതിരെ വീണ്ടും കേസ്
വടകര: പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എം.എല്‍എ യുമായ എളമരം കരീമിനെതിരെ വീണ്ടും കേസ്. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ എഎസ്‌ഐ മേമുണ്ട സ്വദേശി കെ.രാമചന്ദ്രന്റെ പരാതിപ്രകാരമാണ് വടകര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ടി.പി.ചന്ദ്രശേഖരന്‍ വധം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. സന്തോഷ്‌കുമാറിനെ ഭീഷണിപ്പെടുത്തിയതിന് എളമരം കരീമിനെതിരെ വടകര പോലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പുറമെയാണ് രാമചന്ദ്രന്റെ പരാതിപ്രകാരമുള്ള കേസ്.

കഴിഞ്ഞ ദിവസങ്ങളില്‍ വടകര, തിരുവള്ളൂര്‍, വില്യാപ്പള്ളി എന്നിവിടങ്ങളില്‍ നടന്ന പൊതുയോഗങ്ങളില്‍ എളമരം കരീം രാമചന്ദ്രനെ പേരെടുത്ത് ഭീഷണിപ്പെടുത്തിയിരുന്നു. ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ സിജിതിന്റെ കൈയില്‍ പച്ച കുത്തിയ അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റെ ചിത്രം മാധ്യമങ്ങളില്‍ വന്നതിനു പിന്നില്‍ രാമചന്ദ്രനാണെന്നായിരുന്നു കരീമിന്റെ പ്രസംഗം. ലക്ഷ്ണയുടെയും പുലിക്കോടന്റെയും അനുഭവം മറക്കരുതെന്നും അനുഭവിക്കേണ്ടിവരുമെന്നും കരിം പ്രസംഗിച്ചു. ഇതിന്റെ തുടര്‍ച്ചയായി രാമചന്ദ്രന്റെ നാട്ടില്‍ പോസ്റ്റര്‍ പതിക്കുകയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു.

ഭീഷണിപ്പെടുത്തി മനോവീര്യം തകര്‍ത്ത് ജോലിയില്‍ നിന്നു പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് രാമചന്ദ്രന്‍ പരാതി നല്‍കിയിരിക്കുന്നത്. പോലീസ് ആക്ട് 117-ാം വകുപ്പ് പ്രകാരമാണ് കരീമിനെതിരെ കേസെടുത്തിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക