Image

ജര്‍മനിയില്‍ വോട്ടവകാശം 16 വയസ് ആക്കുന്നത് പരിഗണനയില്‍

Published on 01 August, 2020
ജര്‍മനിയില്‍ വോട്ടവകാശം 16 വയസ് ആക്കുന്നത് പരിഗണനയില്‍

ബര്‍ലിന്‍: ജര്‍മനിയില്‍ വോട്ടവകാശം വോട്ടവകാശം 16 വയസ് ആക്കുന്നത് പരിഗണനയില്‍. നേരത്തെ ഇത് 21 ല്‍നിന്ന് 18 ആക്കി കുറച്ചിട്ട് അമ്പത് വര്‍ഷം പിന്നിട്ടു. ഇതാണ് ഇപ്പോള്‍ വീണ്ടും കുറച്ച് 16 വയസാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

പതിനാറു വയസുകാര്‍ക്ക് വോട്ടവകാശം ഉത്തരവാദിത്വത്തോടെ വിനിയോഗിക്കാന്‍ സാധിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നാണ് കുടുംബ ~ യുവജനകാര്യ മന്ത്രി ഫ്രാന്‍സിസ്‌ക ജിഫിയുടെ അഭിപ്രായം.

ജിഫി പ്രതിനിധീകരിക്കുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അധ്യക്ഷ സസ്‌കിയ എസ്‌കനും ഇതേ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. ഗ്രീന്‍ പാര്‍ട്ടി അധ്യക്ഷന്‍ റോബര്‍ട്ട് ഹാബെക്ക്, ഇടതുപക്ഷ ഡൈ ലിങ്കെയുടെ അധ്യക്ഷ കാത്യ കിപ്പിങ് എന്നിവരും ഈ നിര്‍ദേശത്തെ അനുകൂലിക്കുന്നവരാണ്.

ലോക്കല്‍, സ്റ്റേറ്റ്, ഫെഡറല്‍, യൂറോപ്യന്‍ തെരഞ്ഞെടുപ്പുകള്‍ക്കെല്ലാം വോട്ടവകാശം നല്‍കുന്നതിനുള്ള പ്രായം പതിനാറാക്കണമെന്നാണ് എസ്പിഡി നിലപാടെന്ന് എസ്‌കന്‍ വ്യക്തമാക്കുന്നു. ഭാവിയെ രൂപപ്പെടുത്തുന്നതിന് അവര്‍ക്കും അവസരം നല്‍കണമെന്നാണ് എസ്‌കന്‍ പറയുന്നത്.

ചെറുപ്പക്കാര്‍ വളരെ നേരത്തെ പക്വതയാര്‍ജിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. അതിനാല്‍ വോട്ടവകാശത്തിലും അതു പ്രതിഫലിക്കണമെന്ന് ഗ്രീന്‍ പാര്‍ട്ടിയുടെ ഹാബെക്ക് പറയുന്നു. പതിനെട്ടുകാരെക്കാള്‍ വിവേകം കുറഞ്ഞവരാണ് പതിനാറുകാരെന്നു കരുതാനാവില്ലെന്ന് കിപ്പിങ്ങും പറയുന്നു.

അതേസമയം, ഭരണ മുന്നണിക്കു നേതൃത്വം നല്‍കുന്ന സിഡിയു, സിഎസ് യു പാര്‍ട്ടികള്‍ക്ക് ഈ നിര്‍ദേശത്തോട് അനുഭാവം പുലര്‍ത്തുന്നില്ല. ക്രിമിനല്‍ ഉത്തരവാദിത്വം, ഡ്രൈവിംഗ് ലൈസന്‍സ് അവകാശം തുടങ്ങിയ നിയമപരമായ കാര്യങ്ങള്‍ക്കുള്ള പ്രായ പരിധി ഇപ്പോള്‍ പതിനെട്ടു വയസാണ്. വോട്ടവകാശവും ഇതുമായി ബന്ധപ്പെടുത്തി മുന്നോട്ടു പോകുന്നതായിരിക്കും നല്ലതെന്നാണ് സിഎസ് യു സെക്രട്ടറി ജനറല്‍ മാര്‍ക്കസ് ബ്‌ളൂം പറയുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക