നെടുമങ്ങാട്: മകളുടെ മുന്നില്‍ വച്ച് ബസ് കയറി അമ്മ ദാരുണമായി മരണമടഞ്ഞു. ഉഴമലയ്ക്കല്‍ ദീപാഭവനില്‍ നിര്‍മ്മല (53) യാണ് മകള്‍ ദീപയുടെ മുന്നില്‍ വച്ച് കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചത്. രാവിലെ ഒമ്പതിന് അഴിക്കോട് മരുതിനകത്ത് വച്ച് നിര്‍മ്മലയും ദീപയും സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറില്‍ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസിന്റെ പിന്‍വശം ഇടിച്ചാണ് അപകടം ഉണ്ടായത്. വളവില്‍ ബസ് തിരിയുന്നതിനിടയില് റോഡിന്റെ വശത്ത്കൂടി പോവുകയായിരുന്ന സ്കൂട്ടറില്‍ ബസ് ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ നിര്‍മ്മലയുടെ ശരീരത്തിലൂടെ ബസിന്റെ പിന്‍വശത്തെ ടയര്‍ കയറി ഇറങ്ങുകയായിരുന്നെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്ക് പറ്റിയ നിര്‍മ്മല തല്‍ക്ഷണം മരണമടഞ്ഞു. ദീപയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍മ്മലയുടെ മൃതദേഹം നെടുമങ്ങാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. തിരുവനന്തപുരം ആയുര്‍വേദ കോളജ് ആശുപത്രിയിലെ ജീവനക്കാരിയാണ് മരണമടഞ്ഞ നിര്‍മ്മല. കുടപ്പനക്കുന്ന് മുത്തൂറ്റിലാണ് ദീപ ജോലി ചെയ്യുന്നത്. ഇരുവരും രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അരുവിക്കര പോലീസ് കെഎസ്ആര്‍ടിസി ബസും ഡ്രൈവറേയും കസ്റ്റഡിയിലെടുത്തു.